
കെ എ ബീനയുടെ സർഗാത്മക നിയോഗങ്ങളിലൊന്നാണ് സഞ്ചാരം.നന്നെ ചെറുപ്പത്തിലെ യാത്ര തുടങ്ങി.അതോടൊപ്പം എഴുത്തും.വിവിധ ദേശങ്ങളിലെ സാമൂഹിക ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങൾ അവതരിപ്പിച്ചു. സംസ്ക്കാരത്തിന്റെ അസാധാരണ അടരുകൾ കണ്ടെത്തി. ജനപദങ്ങളുടെ അതിജീവനങ്ങൾ പകർത്തി.ഒരു ജനത അഭിമൂഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധികൾ ആ വീഷ്ക്കരിച്ചു.യാത്രകളെ രാഷ്ടീയാന്വേഷണത്തിന്റെ സാധ്യതയാക്കി മാറ്റി.ഓരോ സഞ്ചാര കൃതിയും അനുഭവ സഞ്ചയങ്ങളാണ്. ഒരു കഥ എഴുത്തുകാരിയുടെ ഭാവനയും സഞ്ചാരിയുടെ കാഴ്ചാപഥങ്ങളും ചേർന്നതാണ് കൃതികൾ. ബീന യാത്ര തുടരുകയാണ് കെ.എ ബീന യുമായി പ്രദീപ് പനങ്ങാട് സംസാരിക്കുന്നു

ദീർഘമായ എഴുത്തു ജീവിതം താങ്കൾക്കുണ്ട് ?ആ ജീവിതം എങ്ങനെ അടയാളപ്പെടുത്തുന്നു ?
കുട്ടിക്കാലത്ത് എല്ലാവരും എഴുതുന്നത് പോലെ കവിതകളും ചെറിയ കഥകളും ഒക്കെ ബാലപ്രസിദ്ധീകരണങ്ങളിൽ എഴുതി എഴുത്തിന്റെ മേഖലയിൽ ചെറിയ രീതിയിലുള്ള സാന്നിധ്യം ഉണ്ടാക്കിയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “ ബീന കണ്ട റഷ്യ” യാത്രാപരമ്പരയായി പ്രസിദ്ധീകരിക്കുന്നത് പത്താം ക്ലാസിൽ (1978 ) പഠിക്കുമ്പോഴാണ്. സ്ക്കൂൾ ജീവിത കാലത്ത് തന്നെ മാതൃഭൂമിയുടെ വാരാന്തപ്പതിപ്പിനും ഗൃഹലക്ഷ്മി മാസികക്കും വേണ്ടി എഴുതാൻ അവസരം കിട്ടിത്തുടങ്ങി. കോളേജ് പഠനകാലത്ത് വിവിധ മാസികകളിൽ നിരന്തരമായി എഴുതിയിരുന്നു . ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തരബിരുദവും എടുത്ത് കേരള കൗമുദി /കലാകൗമുദി പ്രസിദ്ധീകരണങ്ങളിൽ ചേർന്നു. രണ്ട് വർഷത്തിന് ശേഷം മാതൃഭൂമി പബ്ലിക്കേഷൻസിലേക്ക് മാറി. 1991 ൽ കേന്ദ്ര ഗവണ്മെന്റ് സർവ്വീസായ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ചേർന്നു. ഡയറക്ടറേറ്റ് ഓഫ് അഡ്വൈർടൈസിംഗ് ആന്റ് വിഷ്വൽ പബ്ലിസിറ്റി, പ്രസ് ഇൻഫർമേഷൻ ബ്യൂറോ, ആകാശവാണി, ദൂരദർശൻ , സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തുടങ്ങി കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള നിരവധി മാധ്യമ സ്ഥാപനങ്ങളിൽ ജോലിയെടുത്തതിന് ശേഷം 2023 റിട്ടയർ ചെയ്തു.

1981 ലാണ് ഡിസി ബുക്സ് “ബീന കണ്ട റഷ്യ” പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത് . പിന്നീട് ഏതാണ്ട് 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2005 ൽ “കൗമാരം കടന്നുവരുന്നത് “ എന്ന കഥാസമാഹാരവുമായിട്ടാണ് എഴുത്തിലേക്ക് മടങ്ങിയെത്തിയത്. ഔദ്യോഗികമായും കുടുംബപരമായും ഉള്ള തിരക്കുകളും ബാധ്യതകളും എഴുത്തിനെ പ്രതികൂലമായി ബാധിച്ചിരുന്നു .നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുമ്പോൾ എഴുത്തിന്റെ ലോകം മാറിപ്പോയിരുന്നു . മലയാളത്തിൽ പുസ്തക പ്രസിദ്ധീകരണ രംഗം സജീവമായ കാലം.എഴുതുന്നതിനപ്പുറം അത് മാർക്കറ്റ് ചെയ്യുന്ന ഉത്തരവാദിത്തം കൂടി എഴുതുന്നവർ ഏറ്റെടുക്കുന്ന സാഹചര്യം വന്നു തുടങ്ങി. എഴുത്ത് എന്നതിനപ്പുറം എഴുത്തുകാർ ആഘോഷിക്കപ്പെടുന്ന രീതിയും ആരംഭിച്ചു. ഞാനും സജീവമായി എഴുതാൻ തുടങ്ങി. ബ്രഹ്മപുത്രയിലെ വീട്, ചുവടുകൾ, നദി തിന്നുന്ന ദ്വീപ്, ആ കസേര ആരുടേതാണ് ? തുടങ്ങിയ യാത്രാവിവരണങ്ങൾ, കൗമാരം കടന്നുവരുന്നത്, ശീതനിദ്ര, കഥകൾ, മാനി ക്വിൻ തുടങ്ങിയ ചെറുകഥാ സമാഹാരങ്ങൾ, അമ്മക്കുട്ടിയുടെ ലോകം, അമ്മക്കുട്ടിയുടെ സ്കൂൾ , അമ്മക്കുട്ടിയുടെ അത്ഭുതങ്ങൾ ,മിലിയുടെ ആകാശം ,റോസും കൂട്ടുകാരും , റിപ്പോർട്ടർ, കുട്ടിക്കാലം ,മാധ്യമങ്ങൾക്ക് പറയാനുള്ളത് , വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് , ഓ മിഹ്റിൻ തുടങ്ങി കുട്ടികൾക്കായുള്ള പുസ്തകങ്ങൾ, പെരുമഴയത്ത് ,അതിർത്തിയുടെ അതിര് , കടന്നൽ , ഭൂതക്കണ്ണാടി, അമ്മമാർ അറിയാത്തത് ,സാനിറ്ററി പാഡിന്റെ അന്തിമ രഹസ്യം, ഉന്മാദിയുടെ മുന്നിലെ ആലീസ് തുടങ്ങിയ ലേഖന സമാഹാരങ്ങൾ, പത്ര ജീവിതങ്ങൾ, ഡേറ്റ് ലൈൻ, റേഡിയോ കഥയും കലയും , റേഡിയോ തുടങ്ങി മാധ്യമ പഠന പുസ്തകങ്ങൾ, നിരവധി വിവർത്തന പുസ്തകങ്ങൾ, വൈക്കം മുഹമ്മദ് ബഷീറുമായുള്ള ആത്മസൗഹൃദത്തെക്കുറിച്ച് ബഷീർ എന്ന അനുഗ്രഹം ,ബഷീറിന്റെ കത്തുകൾ -അങ്ങനെ പല മേഖലകളിലായി ഏതാണ്ട് 40 ഓളം പുസ്തകങ്ങൾ ഇതിനിടെ എഴുതാൻ കഴിഞ്ഞു. കഴിഞ്ഞ 45 വർഷമായി “ബീന കണ്ട റഷ്യ” പ്രസിദ്ധീകരിക്കപ്പെടുന്നു.എഴുതാൻ ആഗ്രഹിച്ചത് ഇനിയും ബാക്കിയാണ് . ഫിക്ഷൻ ആവശ്യപ്പെടുന്ന സമയവും ഏകാന്തതയും ഇനിയും കൈവന്നിട്ടില്ലാത്തതിനാൽ വലിയ എഴുത്തു സ്വപ്നങ്ങൾ ബാക്കിയാണ് .

നിരന്തര യാത്രകൾ നടത്തുന്നുണ്ടല്ലോ?അതിന്റെ പ്രേരണകൾ എന്താണ്?
കുട്ടിക്കാലം മുതലേ ഈ വലിയ ലോകം എന്റെ വീട്ടിലേക്ക് വന്നിരുന്നു. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അച്ഛൻ നിരന്തര യാത്രികൻ ആയിരുന്നു . ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് അച്ഛൻ അയച്ചിരുന്ന കത്തുകളാണ് എന്റെ ആദ്യകാല വായനയിൽ ഉണ്ടായിരുന്നത്. പിന്നീടാണ് പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത് .പത്രപ്രവർത്തകനായിരുന്ന അച്ഛൻ “മാതൃക “ എന്ന മാസിക നടത്തി കടം കയറി നാടുവിട്ട് ബോംബെയിലെത്തി മർച്ചന്റ് നേവിയിൽ ചേരുകയായിരുന്നു .
1950 കളുടെ അവസാന കാലമായിരുന്നു അച്ഛൻ യാത്ര തുടങ്ങിയത് . അച്ഛന്റെ കത്തുകളിലൂടെ ആഫ്രിക്കയും ഫ്രാൻസും ചൈനയും സിംഗപ്പൂരും ഒക്കെ എന്റെ സ്വന്തം സ്ഥലങ്ങളായി മാറി . വിവിധ രാജ്യങ്ങളിലെ ഫോട്ടോകൾ, ചിത്രങ്ങൾ ,മാസികകൾ, സ്റ്റാമ്പുകൾ, നാണയങ്ങൾ ,വ്യൂ മാസ്റ്ററിലെ ചിത്രങ്ങൾ - ലോകം ഞങ്ങളുടെ വീട്ടിലേക്ക് വന്നുകൊണ്ടിരുന്ന കാലം. യാത്ര സ്വാഭാവികമായ ജീവിത രീതിയായി മാറുന്നതിന് മറ്റൊരു കാരണം ആവശ്യമില്ലായിരുന്നു. ഓരോ അവധിക്കാലത്തും അച്ഛൻ ഓരോ സ്ഥലങ്ങളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയിരുന്നു. ഫോട്ടോഗ്രഫിയിൽ കമ്പം ഉണ്ടായിരുന്ന അച്ഛന് എക്കാലത്തും നല്ല നല്ല ക്യാമറകൾ ഉണ്ടായിരുന്നു. ഓരോ യാത്രയുടെയും ചിത്രങ്ങൾ വിദേശത്ത് കൊണ്ടുപോയി ഡെവലപ്പ് ചെയ്തു ആൽബങ്ങളിൽ നിറച്ച് അച്ഛൻ ഞങ്ങൾക്ക് കൊണ്ട് തരുമായിരുന്നു . അങ്ങനെ കുട്ടിക്കാലത്ത് തന്നെ യാത്രകൾ ജീവിതത്തിന്റെ ഭാഗമായി മാറി.

പത്തു വയസ്സുള്ളപ്പോഴാണ് തിരുവനന്തപുരത്ത് ബാലവേദി എന്ന കുട്ടികളുടെ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലും കേരളത്തിൽ എങ്ങും ബാലവേദി യൂണിറ്റുകൾ സംഘടിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ ജീവിതകാലത്ത് തന്നെ ഒറ്റക്കും കൂട്ടായും ധാരാളം യാത്രകൾ ചെയ്യാൻ കഴിഞ്ഞു . പതിമൂന്നാം വയസ്സിലെ റഷ്യൻ യാത്രയും കൂടിയായപ്പോൾ ലോകം എന്റെ കാൽപാദങ്ങൾക്ക് എത്തിച്ചേരാൻ കഴിയുന്ന ഒന്നാണെന്ന ചിന്ത ഉറപ്പായി. കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ചേർന്നതോടെ ഔദ്യോഗികമായി തന്നെ നിരന്തരം യാത്ര ചെയ്യാനുള്ള അവസരം കിട്ടി. അതിനൊപ്പം കിട്ടാവുന്ന അവസരങ്ങളിൽ ഒക്കെ ഞാൻ യാത്ര ചെയ്തുകൊണ്ടേയിരുന്നു. ആദ്യകാലത്ത് ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ വിമർശനാത്മകമായി എന്റെ യാത്രകളെ പരിഹസിച്ചിട്ടുണ്ട് ,വിമർശിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് അസാന്മാർഗികമാണ് എന്ന ചിന്തകളും പങ്കുവെച്ചിട്ടുണ്ട്. എന്നിട്ടും ഞാൻ യാത്ര ചെയ്തുകൊണ്ടേയിരുന്നു .എനിക്ക് കാണാവുന്ന സ്ഥലങ്ങൾ, എന്റെ ബജറ്റിൽ ഒതുങ്ങുന്ന യാത്രകൾ, കിട്ടിയിരുന്ന ഒഴിവുസമയങ്ങളിലൊക്കെ ഞാൻ ബാഗും തൂക്കി എങ്ങോട്ടേക്കൊക്കെയോ പൊയ്ക്കൊണ്ടേയിരുന്നു.
യാത്രകളുടെ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം എന്താണ് ?
ആദ്യകാലത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രധാന കാഴ്ച കേന്ദ്രങ്ങളും ഒക്കെ കണ്ടിരുന്നു. കൂടുതലായും ഇന്ത്യയാണ് അക്കാലത്ത് കണ്ടിരുന്നത്. കേന്ദ്ര ഗവൺമെന്റിലെ ഉദ്യോഗം വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് പലപ്പോഴും തടസ്സമായി . ഡൽഹിയിലെ വിവിധ മന്ത്രാലയങ്ങളിൽ നിന്ന് യാത്രാനുമതി കിട്ടാൻ വൈകിയത് കൊണ്ട് മാറ്റിവെച്ച നിരവധി വിദേശയാത്രകൾ ഉണ്ട് .ഇന്ത്യയ്ക്കകത്തുള്ള യാത്രകളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളും ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് യഥാർത്ഥ ഇന്ത്യ കാണണമെന്ന് തോന്നി . ഇന്ത്യയിലെ മനുഷ്യരെ അടുത്തറിയണമെന്ന് തോന്നി. അങ്ങനെയാണ് “ആ കസേര ആരുടേതാണ് ?”എന്ന പുസ്തകത്തിന് വേണ്ടി ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തത്. ഏതാണ്ട് 10 വർഷക്കാലം ആറോളം സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേക്ക് അവിടുത്തെ പഞ്ചായത്ത് മെമ്പർമാരെയും പഞ്ചായത്ത് പ്രസിഡന്റ് മാരെയുമൊക്കെ കാണാനായി നിരന്തരം യാത്ര ചെയ്തു പലപ്പോഴും അവരോടൊത്ത് ആ ഗ്രാമങ്ങളിൽ താമസിച്ചു. ഒരിക്കൽ കണ്ട മനുഷ്യരെ പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും പോയി കണ്ടു. അങ്ങനെയാണ് ഞാൻ ഇന്ത്യയെ അടുത്തറിഞ്ഞത്. ഓരോ പഞ്ചായത്തും ഇന്ത്യയുടെ മിടിക്കുന്ന ഹൃദയമായി എനിക്ക് അനുഭവപ്പെട്ടു .വിമാനത്തിലോ കാറിലോ സഞ്ചരിച്ച് ഒന്നോ രണ്ടോ മണിക്കൂറുകൾ ചിലവഴിച്ച് മടങ്ങുന്ന യാത്രകൾക്ക് അപ്പുറത്ത് ലോക്കൽ ബസ്സിലും ട്രെയിനിലും കയറിയിറങ്ങി നടന്നു കണ്ട ഇന്ത്യ- അതൊരു അനുഭവമായിരുന്നു. രാഷ്ട്രീയ അധികാരം നമ്മുടെ രാജ്യത്ത് ദളിതർക്കും സ്ത്രീകൾക്കും ഏതുതരത്തിലുള്ള അനുഭവമാണ് നൽകിയത് എന്ന് ബോധ്യം ഉണ്ടാക്കിയ യാത്രകൾ ആയിരുന്നു അവ.
ഏറ്റവും അവസാന യാത്ര ചെയ്തത് ചൈനയിലേക്ക് ആയിരുന്നു . തികച്ചും അത്ഭുതകരമായ ഒരു നാട് ,നാട്ടുകാർ. ചൈനയിലേയ്ക്കുള്ള യാത്രകൾ തുടരേണ്ടി വരുമെന്ന് തോന്നുന്നു.

യാത്രകളെ എഴുത്തിലേക്ക് സംക്രമിപ്പിക്കുമ്പോൾ നേരിടുന്ന പ്രതിസന്ധി എന്താണ്?
വെറുതെ യാത്ര ചെയ്യുന്നതും എഴുതണം എന്ന് കരുതി യാത്ര ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു ഫോട്ടോ എടുക്കുന്നത് അല്ലെങ്കിൽ ഒരു വീഡിയോ എടുക്കുന്നത് പോലും യാത്രയുടെ അനുഭവത്തെ മറ്റൊന്നാക്കും. പലപ്പോഴും ഫോട്ടോയും വീഡിയോയും ഒക്കെ എടുത്തു കഴിഞ്ഞ് ശൂന്യമായ കൈകളോടെ, മനസ്സോടെ, അത്ഭുതം നിറഞ്ഞ കണ്ണുകളോടെ ഞാൻ ഓരോ സ്ഥലത്തെയും കാണാൻ ശ്രമിക്കാറുണ്ട്. ഉള്ളിലേക്ക് ആവാഹിക്കാൻ ശ്രമിക്കാറുണ്ട്.
എഴുതാൻ വേണ്ടി ചെയ്യുന്ന യാത്രകൾ വലിയ സംഘർഷം തന്നെ ഉണ്ടാക്കും. യാത്ര ചെയ്യുന്നതിന് മുമ്പ് തന്നെ ആ സ്ഥലത്തെക്കുറിച്ച് നല്ല ധാരണ ഉണ്ടാക്കേണ്ടി വരും. യാത്ര ചെയ്യുമ്പോൾ എഴുതാനായിട്ടുള്ള വിഭവങ്ങൾ ശേഖരിക്കുക എന്നത് തന്നെ ഒരു ഉത്തരവാദിത്വമായി തന്നെ മാറും . ഞാൻ അവിടെ പോയി , ഞാൻ ഇവിടെ പോയി എന്ന് എഴുതിയാൽ യാത്രാവിവരണം വായനാക്ഷമമാവില്ല. അതുകൊണ്ടുതന്നെ പ്രത്യേകതയുള്ള മനുഷ്യരെ കാണാൻ , പ്രത്യേക കഥകൾ കണ്ടെത്താൻ ശ്രമിക്കേണ്ടി വരും. ഇത് യാത്രയുടെ രസ ചരട് പലപ്പോഴും പൊട്ടിച്ചു കളയും . യാത്ര പുഴ പോലെ ഒഴുകലാണ്. ഏതു ശ്രമവും ആ ഒഴുക്കിന് തടസ്സമാവും.
യാത്രാ വിവരണം എഴുതുന്നത് പല തരത്തിലും പ്രയാസകരമാണ്. വസ്തുനിഷ്ഠമായി സത്യസന്ധതയോടെ കാര്യങ്ങൾ കണ്ടെത്തുകയും എഴുതുകയും വേണമല്ലോ. ഒരു ഫിക്ഷൻ റൈറ്ററുടെ സ്വാതന്ത്ര്യം യാത്രാവിവരണം എഴുതുന്ന ആൾക്ക് ഇല്ല. അതുകൊണ്ടുതന്നെ എനിക്ക് ഏറ്റവും വലിയ വെല്ലുവിളി യാത്രാവിവരണം എഴുത്താണ് .

താങ്കൾ ഒരു ഫിക്ഷൻറൈറ്റർ കൂടിയാണല്ലോ ?ആ പശ്ചാത്തലം യാത്രയെഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു ?
യാത്രകളിൽ എന്നിലെ സർഗ്ഗാത്മക വ്യക്തി ഉണർന്ന് മറ്റൊരാളായി പകർന്നാട്ടം നടത്തുന്നത് എനിക്ക് മാത്രം അറിയുന്ന ഒരു രഹസ്യമാണ്. ഓരോ നാടും എന്നിലെ കഥയെഴുത്തുകാരിക്ക് ഒരുപാട് സാധ്യതകൾ തുറന്നിട്ടു തരുന്നു .വഴിയരികിലെ കച്ചവടക്കാരും നിരത്തുകളിലൂടെ തിരക്കിട്ട് പോകുന്ന മനുഷ്യരും, എല്ലാവരും തന്നെ ഭാവനയ്ക്ക് അതിരില്ലാതാക്കുന്നു.
പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് ഞാൻ ചെയ്ത യാത്രകൾ എന്റെ കഥകളിലേക്ക് യഥാർത്ഥത്തിൽ സംക്രമിപ്പിച്ചിട്ടുണ്ടോ എന്ന് . കുറവാണ്. യാത്ര എഴുത്തിന്റെ സാധ്യതകൾ കഥയെഴുത്തിന്റെ സങ്കേതങ്ങളുമായി യോജിപ്പിച്ച് എഴുതാൻ ശ്രമിച്ച പുസ്തകമാണ് “ബ്രഹ്മപുത്രയിലെ വീട്” . അതിലെ എഴുത്ത് രീതി ഒരു കഥാകൃത്തിന്റെ എഴുത്തു രീതിയാണ്. എന്നാൽ സംഭവങ്ങൾ ഒക്കെ യാത്രയുടെ അനുഭവങ്ങളും .
പിന്നീട് “ആ കസേര ആരുടേതാണ് ? “എഴുതുമ്പോഴും ഞാൻ കണ്ട അത്ഭുതകരമായ ജീവിതങ്ങൾ കഥകൾ പോലെയാണ് എഴുതിയത്. അറിയാതെ സംഭവിച്ചതാണത്.

കാഴ്ചകളിലും അനുഭവങ്ങളിലും സ്ത്രീ വീക്ഷണം പുലർത്താറുണ്ടോ ?
സ്ത്രീയായി ജീവിക്കുമ്പോൾ കാഴ്ചകളിലും അനുഭവങ്ങളിലും സ്ത്രീവീക്ഷണം വരുന്നത് സ്വാഭാവികമാണ്.യാത്രയിൽ പ്രത്യേകിച്ചും .ഏറ്റവും ഒടുവിലത്തെ യാത്രയിൽ ചൈനയിൽ കണ്ട ഓരോ സ്ത്രീ മുഖത്തിലും ഞാൻ ഓരോ സ്ത്രീ അനുഭവം കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്. സുരക്ഷയും പൊതു ഗതാഗത സംവിധാനങ്ങളിലെ സ്ത്രീകൾക്കുള്ള സംവിധാനങ്ങളും എന്നു വേണ്ട ചെറിയ പെൺകുട്ടികൾക്ക് മുതിർന്നവർ നൽകുന്ന പ്രാധാന്യമൊക്കെ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
ഏതു യാത്രയിലും ഇതൊക്കെ അങ്ങനെ തന്നെയാണ്. യാത്രയിലാണ് സ്ത്രീ എന്ന അനുഭവം ഏറ്റവും ആഴത്തിൽ സ്വാധീനിക്കാറുള്ളത്. നമ്മുടെ ട്രെയിനുകളിലും ബസുകളിലും വിവിധ പ്രായങ്ങളിൽ അനുഭവിച്ച അപമാനങ്ങൾ, അസ്വസ്ഥതകൾ അതൊക്കെ മറ്റു നാടുകളിലെ കാഴ്ചകളെ സ്ത്രീപക്ഷത്തിലൂടെ വിലയിരുത്താൻ പ്രേരണ നൽകുന്നത് സ്വാഭാവികമല്ലേ ?
സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ മനസ്സിലാക്കാൻ പുരുഷമാർക്ക് പ്രയാസമാണ്. ഓരോ അശ്ലീല വാക്കും , നോട്ടവും സ്പർശവും എത്ര ആഴത്തിലാണ് മുറിവുണ്ടാക്കുന്നതെന്ന് പറഞ്ഞു മനസ്സിലാക്കാൻ പ്രയാസമാണ്.
പാർശ്വവൽക്കരിക്കപ്പെട്ടവർക്കിടയിലൂടെ, ജാതി കേന്ദ്രീകൃത സമൂഹങ്ങൾക്കിടയിലൂടെ യാത്ര ചെയ്യുമ്പോൾ നേരിടുന്ന രാഷ്ടീയാനുഭവങ്ങൾ എന്താണ്?
രാഷ്ട്രീയ അധികാരത്തിന്റെ ഗുണഭോക്താക്കളായ സ്ത്രീകളെയും ദളിതരെയും ആദിവാസികളെയും കാണാനായി നടത്തിയ യാത്രകൾ എന്നെ പലപ്പോഴും നൊമ്പരപ്പെടുത്തിയിട്ടുണ്ട് . സ്വാതന്ത്ര്യം കിട്ടി ഏതാണ്ട് എട്ട് ദശാബ്ദത്തോളമാകുമ്പോഴും നമ്മൾ എവിടെയും എത്തിയില്ല എന്ന അറിവ് വേദനയുണ്ടാക്കും. തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ ഇങ്ങനെ ഒട്ടല്ലഹോ ജാതി കോമരങ്ങൾ എന്ന കവിവചനം പലയിടത്തും ഇപ്പോഴും യാഥാർത്ഥ്യമാണ്. ജാതിയും ലിംഗവും എത്ര വിഷമകരമായ സാഹചര്യങ്ങളാണ് നമ്മുടെ നാട്ടിൽ സൃഷ്ടിക്കുന്നത് എന്ന് നേരിട്ട് കണ്ടപ്പോൾ അമ്പരപ്പ് തോന്നിപ്പോയി. ജാതിയുടെ , ലിംഗ ബോധത്തിന്റെ നിരവധി അടരുകൾ നമ്മുടെ സമൂഹത്തെ ഇന്നും നൂറ്റാണ്ടുകൾക്ക് പിന്നിൽ തളച്ചിടുക തന്നെയാണ്. എന്തുകൊണ്ടാണ് നമ്മുടെ നാട് വികസനത്തിന്റെ ശരിയായ ദിശ കൈവരിക്കാത്തത് എന്നു ചിന്തിക്കുമ്പോൾ പല തട്ടുകളിൽ മനുഷ്യരെ പ്രതിഷ്ഠിച്ചിരിക്കുന്നത് പ്രധാന കാരണമാണെന്ന് എനിക്ക് തോന്നുന്നു. പിന്നെ രാഷ്ട്രീയം അധികാരത്തിന്റെ കൂടെ നിൽക്കുന്ന ഒരു സംവിധാനമാണ്. ഒരിക്കൽ കിട്ടിയ അധികാരം വേണ്ടെന്നു വയ്ക്കാൻ തയ്യാറാകുന്നവർ വളരെ കുറവാണ് . നൂറ്റാണ്ടുകളായി സഹനജീവനം നടത്തിക്കൊണ്ടിരുന്ന സ്ത്രീകളെയും ദളിതരെയും കസേരകളിൽ ഇരുത്തുവാൻ അത്ര എളുപ്പമൊന്നുമല്ല. പലർക്കും രാഷ്ട്രീയം നാടിന്റെയോ നാട്ടുകാരുടെയോ നന്മ ലക്ഷ്യമാക്കിയുള്ളതല്ലല്ലോ . പല രാഷ്ട്രീയക്കാരും അവർക്കും അവരുടെ പാർട്ടിക്കും മാത്രം ഗുണം കാംക്ഷിക്കുന്നവരാണ് .ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വലിയൊരു ശതമാനത്തെ കുറിച്ച് ആർക്കാണ് ചിന്തയുള്ളത് ?
നമ്മുടെ പ്രധാന എഴുത്തുകാരൊക്കെ യാത്രികർ കൂടിയാണ്.അത്തരം എഴുത്തുകാരുടെ സഞ്ചാരവഴികൾ പ്രചോദനമായിട്ടുണ്ടോ ?
യാത്രയും എഴുത്തും തമ്മിലുള്ള മനോഹരമായ സംയോജനം ഏറ്റവും കൂടുതൽ പ്രതിഫലിച്ചിട്ടുള്ളത് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലാണ്. അദ്ദേഹം കണ്ട ജീവിതം , അനുഭവിച്ച ജീവിതം വളരെ തന്മയത്വത്തോടെ, സ്വാഭാവികമായി അവതരിപ്പിച്ചപ്പോൾ ഉജ്ജ്വലമായ സാഹിത്യമായി മാറി. നമുക്ക് പരിചിതമായ ജീവിത പരിസരങ്ങൾക്കപ്പുറത്ത് വ്യത്യസ്തമായ ഭൂമികകളെയും മനുഷ്യരെയും കാണാനാണ് നമ്മൾ യാത്ര ചെയ്യുന്നത്. വായനയിലൂടെ ഇത്തരമൊരു തേടൽ നടക്കുന്നുണ്ട്. അത് മനസ്സിന്റെ ഉള്ളിലേയ്ക്കാണെങ്കിലും മറ്റു സ്ഥലങ്ങളിലേക്കുള്ള വഴികളിലൂടെയാണെങ്കിലും നമുക്ക് ഇഷ്ടമാണ്. ബംഗാളി സാഹിത്യവും സോവിയറ്റ് സാഹിത്യവും വായിച്ചു വളർന്നവരാണ് നമ്മൾ . കൊൽക്കൊത്തയിൽ ചെന്നിറങ്ങുമ്പോൾ കാളിഘാട്ടിൽ പോകണമെന്നും മോസ്കോയിൽ ചെന്നാൽ ലെനിനെ കാണണമെന്നും റഷ്യൻ യാത്രകളിൽ മഞ്ഞുപെയ്യുന്നത് മനസ്സിലേക്ക് ആവാഹിക്കണം എന്നും ഒക്കെ നമ്മളെ ശീലിപ്പിച്ചത് പുസ്തകങ്ങളാണ്. അങ്ങനെ നോക്കുമ്പോൾ സഞ്ചാര വഴികൾ എഴുത്തുമായി ഒരുമിപ്പിക്കുന്നത് തീർത്തും സഹജമാണെന്ന് തോന്നുന്നു.
-
വരാനിരിക്കുന്ന യാത്രകളെ എങ്ങനെ വിഭാവനം ചെയ്യുന്നു ?
50 വർഷം മുമ്പാണ് മോസ്കോയിലേക്ക് ആദ്യ യാത്ര നടത്തിയത് . ഒരിക്കൽ കൂടി ആ കാഴ്ചകളിലേക്ക് മടങ്ങിച്ചെന്ന് “ബീന കണ്ട റഷ്യ”യിലെ പതിമൂന്നുകാരി പെൺകുട്ടി കണ്ട കാഴ്ചകൾ ഇപ്പോൾ എങ്ങനെയാണെന്നും മുതിർന്ന സ്ത്രീയായ ഞാൻ ഇപ്പോൾ എങ്ങനെയാണ് ആ കാഴ്ചകൾ കാണുന്നതെന്നും അറിയണമെന്നുണ്ട് .അതൊരു പ്രതീക്ഷ തന്നെയാണ്.
ഞാൻ പരിശീലിക്കുന്ന ധ്യാനവഴിയുടെ ആസ്ഥാനമായ ജപ്പാനിലെ ക്യോട്ടോ ബക്കറ്റ് ലിസ്റ്റിലുള്ള മറ്റൊരു സ്ഥലമാണ്.
ഈ പ്രപഞ്ചം മുഴുവൻ എന്റേതാണെന്ന ബോധമാണ് യാത്രകൾ എന്നിൽ നിറയ്ക്കുന്നത്. യാത്ര ചെയ്യണം , യാത്ര ചെയ്തു കൊണ്ടേയിരിക്കണം .
ഇനിയുള്ള യാത്രകൾ എഴുതാനുള്ള യാത്രകൾ ആകരുത് എന്നുള്ളതാണ് സ്വാർത്ഥമായ ചിന്ത .(പക്ഷേ ഓരോ യാത്രയും കഴിഞ്ഞു വരുമ്പോൾ യാത്രയെക്കുറിച്ച് എഴുതാൻ ആവശ്യപ്പെടുന്ന എഴുത്തുസാഹചര്യങ്ങൾ പലപ്പോഴും ആഗ്രഹത്തിന് എതിരാകുന്നതാണ് അനുഭവം. )
ഒന്നിനും ഒന്നിനും അല്ലാതെ ലോകം മുഴുവൻ ഉള്ള കാഴ്ചകൾ കണ്ടുകൊണ്ടേയിരിക്കണം. അച്ഛൻ നടന്ന വഴികളിലൂടെ നടന്നു കൊണ്ടേയിരിക്കണം. സ്വപ്നമാണ്.
സ്വപ്നങ്ങളാണല്ലോ ജീവിതത്തെ സമ്പന്നമാക്കുന്നത്