Image

റവ.വി. വി. ബഹനാന്‍ കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി

Published on 15 September, 2026
 റവ.വി. വി. ബഹനാന്‍ കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി

കൊച്ചി / കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ സീനിയര്‍ വൈദീകന്‍ കുന്നക്കുരുടി നാരകത്ത് റവ. വി. വി. ബഹനാന്‍ കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. മലങ്കരസഭയുടെ നിരവധി നിര്‍ണായഘട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സഭയുടെ അങ്കമാലി, കണ്ടനാട്, കോട്ടയം സെന്‍ട്രല്‍ എന്നീ ഭദ്രാസനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭൗതിക ശരീരം ഇന്ന് ( 15:09:2026  ചൊവ്വാ 12:00 PM ) കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന്  വിലാപയാത്രയായി തെക്കേ ഐരാപുരം കുരിശുപള്ളി, ചെറു നെല്ലാട് കുരിശുപള്ളി, നെല്ലാട് കുന്നത്തോളി കുരിശുപള്ളി എന്നിവിടങ്ങളില്‍  നഗരികാണിക്കല്‍ ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം 22 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന കുറുപ്പുംപടി സെന്റ് തോമസ്  ഓര്‍ത്തഡോക്‌സ് കാതോലിക്കേറ്റ് സെന്ററില്‍ എത്തിക്കും. ഇവിടെ സംസ്‌ക്കാരശുശ്രൂഷയുടെ രണ്ടാം ഘട്ടം നടക്കും. വൈകീട്ട്  5 മണി മുതല്‍ ഭവനത്തില്‍ പൊതുദര്‍ശനം. ബുധന്‍ രാവിലെ കുന്നക്കുരുടി സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദേവാലയത്തില്‍ വി. കുര്‍ബാന. 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് കുന്നക്കുരുടി സെന്റ്.ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവലയത്തില്‍ സമാപന ശുശ്രൂഷ. തുടര്‍ന്ന് അനുശോചന സമ്മേളനം. സംസ്‌ക്കാര ശുശ്രൂഷയ്ക്ക് മലങ്കരസഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. സഭയിലെ മെത്രാപ്പോലീത്താമാര്‍ സഹകാര്‍മ്മികരാകും.

ജീവചരിത്രം

റവ വി. വി. ബഹനാന്‍ കോര്‍- എപ്പിസ്‌കോപ്പാ

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ സീനിയര്‍ വൈദീകന്‍. പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു.മലങ്കര സഭയിലെ വിവിധ ഇടവകകളില്‍ വികാരിയായും സഭാ സ്ഥാപനങ്ങളില്‍  പ്രധാന ചുമതലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അങ്കമാലി ഭദ്രാസനത്തിലെ കുന്നക്കുരുടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയിലും, കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തിലെ നട്ടാശ്ശേരി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലുമായി ഒരേ സമയം 40 വര്‍ഷത്തോളം പൗരോഹിത്യ സേവനമനുഷ്ഠിച്ചു. 2004 മുതല്‍ കുറുപ്പുംപടി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ വികാരിയായി സേവനം അനുഷ്ഠിച്ച് വരുന്നു. കുറുപ്പംപടി സെന്റ് തോമസ് കാതോലിക്കേറ്റ് സെന്റര്‍, കിഴുമുറി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി, മുണ്ടക്കയം പാറത്തോട് സെന്റ് ജോര്‍ജ് ഗ്രേസി മെമ്മോറിയല്‍  പള്ളി, കോയമ്പത്തൂര്‍ തടാകം ആശ്രമം, ഐരാപുരം ഗാര്‍ഡിയന്‍ ഏഞ്ചല്‍ ചാപ്പല്‍ എന്നിവിടങ്ങളിലും  പൗരോഹിത്യ ശുശ്രൂഷ  നിര്‍വ്വഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ രംഗത്തെ സേവനം:-

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂള്‍, മുണ്ടക്കയം പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

ആരോഗ്യ-സാമൂഹിക മേഖലകളിലെ സേവനം :-

സഭാ - വിദ്യാഭ്യാസ- ആരോഗ്യ സ്ഥാപനങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവയില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗം, കോലഞ്ചേരി MOSC മെഡിക്കല്‍ കോളേജ് ഗവേണിംഗ് ബോര്‍ഡ് അംഗം,  എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം,  SHADE ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്, ക്രെഡിറ്റ് യൂണിയന്‍ പ്രസിഡന്റ്, MOSC മെഡിക്കല്‍ കമ്മ്യൂണിറ്റി മെഡിസിന്‍, അങ്കമാലി ആദം പബ്ലിക് സ്‌കൂള്‍ വൈസ് പ്രസിഡന്റ്, അങ്കമാലി ഭദ്രാസന കൗണ്‍സില്‍ അംഗം, വരിക്ലായില്‍ കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുടുംബം 
പിതാവ്: പരേതനായ മത്തായി വര്‍ഗീസ്
മാതാവ്: പരേതയായ മറിയാമ്മ വര്‍ഗീസ്
ഭാര്യ: പരേതയായ മേരിക്കുട്ടി ബെഹനാന്‍ ( മൂവാറ്റുപുഴ പൊറ്റാസ് കുടുംബാംഗം )

മക്കള്‍ :- 
സന്തോഷ് ബെഹനാന്‍, സബി സന്തോഷ്, പരേതയായ ശാന്ത ബെഹനാന്‍.

കൊച്ചുമക്കള്‍

ഡോ. ബെഹനാന്‍ സന്തോഷ്, 
മേരി ലിസ ഐസക്,
ജോഷ്വാ ബെഹനാന്‍,
സുസൈന്‍ ബെഹനാന്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക