
ന്യൂയോർക്ക്: ന്യൂയോർക്കിലെ മൂന്നാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ടോം സോസിയുടെ റീ-ഇലക്ഷൻ പ്രചാരണത്തിന് മിനിയോളയിൽ ആവേശകരമായ തുടക്കം. സെപ്റ്റംബർ 8-ന് മിനിയോളയിലെ 520 ജെറിക്കോ ടേൺപൈക്കിൽ നടന്ന കിക്കോഫ് പരിപാടിയിൽ, 5 റിപബ്ലിക്കൻ മേയർമാരും , 7 ഡെമോക്രാറ്റിക് മേയർമാരും, 5 സ്വതന്ത്ര മേയർമാരും, വിവിധ തൊഴിലാളി യൂണിയനുകളും സോസിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.

താൻ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടിയല്ല, മറിച്ച് ജനങ്ങൾക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി "പാർട്ടിയല്ല, ജനങ്ങളാണ് പ്രധാനം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് സോസി വോട്ടഭ്യർഥിക്കുന്നത്.
സാധാരണക്കാരായ കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 'അമേരിക്കൻ അഫോർഡബിലിറ്റി പ്ലാൻ' എന്ന അഞ്ചിന പദ്ധതിയും ചടങ്ങിൽ സോസി പ്രഖ്യാപിച്ചു.

പദ്ധതിയിലെ പ്രധാന നിർദേശങ്ങൾ:
തൊഴിൽ സുരക്ഷ: അശാസ്ത്രീയമായ ഇറക്കുമതി തീരുവകൾ ഒഴിവാക്കി അമേരിക്കയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുക.
നയതന്ത്ര മുൻഗണന: ഇറാൻ യുദ്ധം ഘട്ടംഘട്ടമായി അവസാനിപ്പിച്ച് ശക്തമായ നയതന്ത്ര ബന്ധങ്ങൾക്കും സഖ്യങ്ങൾക്കും മുൻഗണന നൽകുക.
സാമ്പത്തിക ഭദ്രത: ദേശീയ കടം കുറച്ചുകൊണ്ട് പലിശനിരക്കുകൾ താഴേക്ക് കൊണ്ടുവരിക.


* അനിയന്ത്രിതമായ തീരുവകൾ, യുദ്ധച്ചെലവുകൾ, വർധിച്ചുവരുന്ന ദേശീയ കടം, ഉയർന്ന ഊർജ-ആരോഗ്യ ഇൻഷുറൻസ് ചെലവുകൾ എന്നിവയാണ് ഇന്നു അമേരിക്കൻ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന നവംബർ 3-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജന പിന്തുണ തനിക്കുണ്ടാകുമെന്നും സോസി പ്രത്യാശ പ്രകടിപ്പിച്ചു.സാമൂഹിക പ്രവർത്തകൻ കളത്തിൽ വർഗീസിന്റെ നേതൃത്വത്തിൽ അമേരിക്കൻ മലയാളികൾക്കിടയിലെ സോസിക്കു വേണ്ടി ശക്തമായ പ്രചാരണം തുടങ്ങിയിട്ടുണ്ട്.