
വത്തിക്കാൻ : സെപ്റ്റംബർ 14 തിങ്കളാഴ്ച ലിയോ പതിനാലാമൻ പാപ്പാ തന്റെ 71-ാം ജന്മദിനം ആഘോഷിക്കുമ്പോൾ, പാപ്പാ ലോകമെമ്പാടുമുള്ള ജനതയ്ക്ക് വേണ്ടി നടത്തിയ സമാധാനത്തിനായുള്ള അഭ്യർത്ഥനകൾ, അതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ, മാതൃകകൾ എല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട്, വിവിധ രാഷ്ട്ര- സമൂഹ- മത തലവന്മാർ ആശംസകൾ അറിയിച്ചുകൊണ്ട് സന്ദേശങ്ങൾ അയച്ചു.
സഭാ ജീവിതത്തിന്റെ അടിസ്ഥാന മുൻഗണനയായി സുവിശേഷത്തിനും, ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച എന്ന നിലയിൽ വിശ്വാസത്തിനും എപ്പോഴും മുൻതുക്കം നൽകിയ പിതാവായിരുന്നു ലിയോ പതിനാലാമൻ പാപ്പായെന്നു ആശംസയിൽ, ഇറ്റാലിയൻ മെത്രാൻ സമിതി എടുത്തു പറഞ്ഞു. സമാധാനത്തിനായുള്ള പാപ്പായുടെ ആഹ്വാനവും സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരു വർഷമായി പാപ്പായുടെ സന്ദേശങ്ങളിൽ ഏറ്റവും കൂടുതൽ ആവർത്തിച്ചുവരുന്ന വിഷയങ്ങളിലൊന്നാണ് സമാധാനം. തന്റെ സ്ഥാനാരോഹണത്തിന്റെ ആദ്യ വർഷത്തിൽ,സമാധാനം, അനുരഞ്ജനം എന്നിങ്ങനെ രണ്ടു വിഷയങ്ങളെക്കുറിച്ചു 400-ലധികം തവണ പാപ്പാ പരാമർശിച്ചിട്ടുണ്ട്. അതുപോലെ, ഐക്യം, സംവാദം, പ്രത്യാശ, മാനുഷിക അന്തസ്സ് എന്നിവയെക്കുറിച്ചും പാപ്പാ നിരവധി തവണ എടുത്തുപറഞ്ഞിട്ടുണ്ട്.
പ്രായമായവർക്കൊപ്പം പാപ്പാ
പ്രായമായവർക്കൊപ്പം പാപ്പാ (ANSA)
"ക്ഷീണത്തിന്റെയും നിരാശയുടെയും ജ്വാലകൾ ആളിക്കത്തിക്കുന്നവർ മാത്രമല്ല ; സ്വപ്നങ്ങളെയും ദർശനങ്ങളെയും വീണ്ടും ജ്വലിപ്പിക്കുന്നവരും ഉണ്ടാകട്ടെ" എന്ന പാപ്പായുടെ വാക്കുകൾ എടുത്തുപറഞ്ഞുകൊണ്ടാണ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോണി, പാപ്പായ്ക്ക് ആശംസകൾ നേർന്നത്. പാപ്പായുടെ ഈ പ്രസ്താവനകൾ ഇന്നത്തെ ലോകത്തിനു "ശക്തമായ പ്രചോദനം" നൽകുന്നുവെന്നും പ്രധാനമന്ത്രി അടിവരയിട്ടു.
റോമൻരൂപതയും തങ്ങളുടെ അധ്യക്ഷന് ജന്മദിന ആശംസകൾ നേർന്നു. രൂപതയുടെ കൂട്ടായ്മക്ക് വേണ്ടിയുള്ള പാപ്പായുടെ ആഗ്രഹം ഏറെ പ്രധാനപ്പെട്ടതാണെന്നു രൂപതയുടെ ആശംസയിൽ എടുത്തു പറയുന്നു.