
“ഈ മേരിയമ്മയെക്കൊണ്ട് മടുത്തു”.
ഈർഷ്യയോടെ സായി പറഞ്ഞു. ഞാൻ ഒന്നും പറഞ്ഞില്ല. കാരണം മഞ്ഞൾപ്പൊടിയും ഉപ്പും മാത്രമിട്ട് പുഴുങ്ങിയെടുത്ത അമരയ്ക്ക തോരൻ എങ്ങനെ അകത്താക്കാം എന്ന ഗവേഷണത്തിലായിരുന്നു ഞാനപ്പോൾ.
“ഇങ്ങനെ എത്ര നാൾ” വീണ്ടും സായി പിറുപിറുത്തു. അപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല. കാരണം അത് ഒരു ആത്മഗതമായി ഞാൻ വരവു വെച്ചു. പക്ഷേ അവൻ എന്നിൽ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു. അതിനു കാരണമുണ്ട്. അത് ന്യായവുമാണ്.
“നിനക്കൊന്നും പറയാനില്ലേ.” പെട്ടെന്ന് സായി ദേഷ്യത്തോടെ എന്നോടു ചോദിച്ചു.
“ഞാൻ എന്തു പറയാൻ. നീ കഴിക്കുന്നത് തന്നെയല്ലേ ഞാനും കഴിക്കുന്നത്”
ഞാൻ ന്യായം കണ്ടെത്തി.
“എന്നോടല്ല അച്ഛനോട്.”
“നിനക്കെന്താ പറഞ്ഞാല്”
ഞാൻ ശുണ്ഠിയെടുത്തു.

“ഓ. അത് ശരി. ഇപ്പോ അങ്ങനെയായി കാര്യങ്ങൾ. വല്യ കുഴപ്പമില്ലാതെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എന്നെ നല്ല ഭക്ഷണമാണ് മേടയിലെ എന്നൊക്കെപ്പറഞ്ഞ് ഈ കുടുക്കിൽ ചാടിച്ചത് നീയല്ലേ”
സത്യമാണ്. എനിക്ക് ഉത്തരം മുട്ടി.
അപ്പോൾ ഫാദർ പുനക്കുളത്തിനെ എനിക്കു കിട്ടിയിരുന്നു എങ്കിൽ ഞാനാ മനുഷ്യനെ കൊന്നേനെ.
ഫാദർ പുനക്കുളം ഞങ്ങളുടെ പ്രിൻസിപ്പലായിരുന്നു. സുന്ദരൻ സുമുഖൻ പിന്നെ ലക്ഷണമൊത്ത ഒരു നന്മമരം. അവിടെയാണെനിക്ക് തെറ്റു പറ്റിയത്.
എല്ലാ ദുരന്തത്തിന്റെയും തുടക്കം സ്നേഹബന്ധത്തിൽ നിന്നാണല്ലോ. എനിക്കും അതങ്ങനെതന്നെയായിരുന്നു.
ഒരു ദിവസം പ്ലസ് ടുവിന് ക്ലാസ് എടുത്തിട്ടു വരുന്ന എന്നോട് ഫാദർ പുനക്കുളം സ്നേഹപൂർവ്വം ചോദിച്ചു.

“സാറെന്തിനാണ് പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നത്. നമുക്കിവിടെ മേടയിൽ നിന്നാകാം ഭക്ഷണം. ഇപ്പോൾ ഞങ്ങൾ രണ്ടു പേരല്ലേയുള്ളൂ. രണ്ടു പേരു കൂടെ കൂടിയാൽ നമുക്ക് ഒരു മെസ്സ് പോലെ തുടങ്ങാം. ഡിവിഡന്റ് സിസ്റ്റം. എല്ലാവർക്കും ലാഭമായിരിക്കുമത്. നമ്മൾ ഭക്ഷണച്ചിലവ് മാത്രം നോക്കിയാൽ മതി. കുക്കിന്റെ ശമ്പളം പള്ളിക്കൽ നിന്നും കൊടുത്തു കൊള്ളും.“
ആലോചിച്ചപ്പോൾ എനിക്കും അത് നല്ലതാണെന്നു തോന്നി. ഹോട്ടലിൽ ചിലവാകുന്നതിന്റെ പകുതി ചിലവ് വരില്ല. മാത്രമല്ല നല്ല രുചികരമായ ഭക്ഷണവും കഴിക്കാം.
മെസ്സിൽ ആളു കൂടിയാൽ ചിലവ് കുറയും. അതാണ് ഡിവിഡന്റ് സിസ്റ്റത്തിന്റെ മെച്ചം.
അതുകൊണ്ടാണ് ഞാൻ സായിയെക്കൂടെ മെസ്സിലേക്ക് കൂട്ടിയത്.
ഞങ്ങൾ മെസ്സ് തുടങ്ങിയതിന്റെ ഐശ്വര്യം കൊണ്ടാകാം അതുവരെ അടുക്കളയിൽ ഉണ്ടായിരുന്ന സ്കറിയ ചേട്ടൻ ആയൂർവേദ ട്രീറ്റ്മെൻടിലായി. പാചകം വിട്ടു. പിന്നെ ഏതാനും ദിവസം ഞങ്ങളിൽ ആരെങ്കിലും ഒക്കെക്കേറി പാചകം ചെയ്യും. ഒരാഴ്ച കഴിഞ്ഞപ്പോൾ പുതിയ ഒരാൾ പാചകത്തിനെത്തി.
അതായിരുന്നു മേരിയമ്മ.
പള്ളിയുടെ ഖജാൻജി വർഗ്ഗീസ് പുളിങ്കുന്നിൽ കൊണ്ടുവന്ന കുക്കാണ് മേരിയമ്മ.
ആദ്യ ദിനം തന്നെ മേരിയമ്മ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.
തെങ്ങിന്റെ ഇളം കൂമ്പ് അരിഞ്ഞ് തേങ്ങ കൊത്തിട്ട് കുടമ്പുളി ചേർത്തൊരു പെരട്ട്. നല്ല മീൻ കറിയുടെ ടേസ്റ്റ്. മീൻ ഇല്ലാത്ത മീൻ കറി. ആ കറി എല്ലാവരുടേയും മനസ്സ് കീഴടക്കി.
ഫെറോന പള്ളി വികാരിയും സ്കൂൾ മാനേജരുമായ ഫാദർ തോമസ് വട്ടക്കുന്നിലെന്ന ശുദ്ധ സസ്യഭുക്കും അതിൽ വീണു. അദ്ദേഹത്തിനും പെരട്ട് നന്നേ ബോധിച്ചു.
അങ്ങനെ മേരിയമ്മ ഞങ്ങളുടെ ആസ്ഥാന കുക്കായി അവരോധിക്കപ്പെട്ടു.
പെരട്ടിൽ നിന്നും ഊർജ്ജമുൾക്കൊണ്ട വട്ടക്കുന്നിൽ ‘ഒരു മെനു തയ്യാറാക്കി മേരിയമ്മയ്ക്ക് കൊടുക്കണം’ എന്ന് എന്നോടു പറഞ്ഞു.
“ഉടൻ വേണം. താമസിക്കരുത്.” അച്ഛൻ കർക്കശമായി താക്കീത് ചെയ്തു. കൂടാതെ ഒരു കാര്യം അച്ഛൻ എടുത്തു പറഞ്ഞു.

“എല്ലാ തിങ്കളാഴ്ചയും നൂലപ്പവും കിഴങ്ങുകറിയും ഉണ്ടാവണം.”
ഇതിനോടകം മേരിയമ്മയുടെ പാചകവൈഭവം തിരിച്ചറിഞ്ഞ ഞങ്ങൾ മേരിയമ്മയ്ക്ക് നൂറിൽ നൂറു മാർക്കും കൊടുത്തു. ഒട്ടും പിശുക്കിയില്ല. ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള നല്ല കറികളുടെ സ്മരണ മുൻനിർത്തിയാണ് ഞങ്ങൾ അങ്ങനെ ചെയ്തത്. പക്ഷേ ഞങ്ങൾക്ക് തെറ്റി.
പ്രണയ കാലത്ത് തേനൊലിപ്പിച്ചു നടന്നവൻ വിവാഹം കഴിയുമ്പോൾ കാണിക്കുന്ന തനിനിറം പോലെ മേരിയമ്മ തനിനിറം കാണിച്ചു. അതും ഒറ്റ ദിവസം കൊണ്ട്.
മെനു തയ്യാറാക്കി ആദ്യദിനം വൈകിട്ട് ഞാനതുമായി മെസ്സിലേക്ക് പോയി. വൈകിട്ട് വിവഭസമൃദ്ധമായ അത്താഴം പ്രതീക്ഷിച്ച എനിക്ക് പക്ഷേ നിരാശപ്പെടുത്തുന്ന വിവഭമായിരുന്നു കിട്ടിയത്. ഓട്ടടയും പഞ്ചസാരയും. കൂടെ ജീരക വെള്ളവും.
ഓട്ടടയും ജീരകവെള്ളവും. ആ ഒരു കോമ്പിനേഷന്റെ യുക്തി എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല.
ദേഷ്യം തോന്നിയെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. എന്തായാലും നാളെ മുതൽ ഇതാവില്ല അവസ്ഥ എന്നു മാത്രം ഞാൻ മനസ്സിൽ കരുതി. കാരണം അതിനു പറ്റിയ മെനുവായിരുന്നു എന്റെ കൈവശം ഉണ്ടായിരുന്നത്. അല്ലെങ്കിൽ ഞാനുണ്ടാക്കിയിരുന്നത്.
ഭക്ഷണം കഴിക്കുമ്പോൾ മേരിയമ്മ എന്റെ അരുകിൽ വന്ന് ലോഹ്യം പറഞ്ഞു തുടങ്ങി. അല്പ സമയത്തിനുള്ളിൽ അവർ അവരുടെ ജീവചരിത്രത്തിന്റെ ഭാണ്ഡകെട്ടഴിച്ചു.
1960കളിൽ കുട്ടനാട്ടിൽ നിന്നും ഇടുക്കി മലനിരകളിൽ വന്ന് കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്തു ജീവിതം തുടങ്ങിയ വ്യക്തിയാണ് മേരിയമ്മ. ഒരു ഒന്നൊന്നര പുരുഷന് തുല്യമായ ശക്തിയുള്ള വ്യക്തി. ശരീര വലിപ്പവും അങ്ങനെ തന്നെ.
അന്ന് കാടു വെട്ടിത്തെളിച്ചു വളച്ചുകെട്ടി എട്ടേക്കറ് സ്ഥലം മേരിയമ്മ സ്വന്തമാക്കി. അതിനു പട്ടയവും കിട്ടി. എങ്കിലും ദരിദ്രമായിരുന്നു അവരുടെ ജീവിതം. അസുഖം മൂലം അവരുടെ ആറ് മക്കളിൽ നാലും മരിച്ചു പോയി.
പല ആവശ്യത്തിനായി പലപ്പോഴായി വസ്തുവിന്റെ നല്ല ഭാഗവും വിറ്റൊഴിഞ്ഞു. അവസാനം ഇപ്പോൾ കൈവശമുള്ളത് അവരുടെ ഒരു ചെറിയ വീടിരിക്കുന്ന പതിനഞ്ചു സെന്റ് സ്ഥലം മാത്രം. ഇപ്പോൾ ഒരു കൃഷിയുമില്ല. അതിനുള്ള സ്ഥലമില്ല.
“അതിയാനെക്കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിരുന്നില്ല. കുടി തന്നെ കുടി”.
കെട്ടിയോനെപ്പറ്റിയാണ് മേരിയമ്മ പറയുന്നത്.
മേരിയമ്മ ഒരു നിമിഷം മൌനം പൂണ്ടു. പിന്നെ പതുക്കെപ്പറഞ്ഞു.
“അതിയാനെ അറുപത് തികയ്ക്കുന്നതിന് മുൻപ് ദൈവം കൈക്കൊണ്ടു”.
മേരിയമ്മ മൌനത്തിലായി.
“എന്തായിരുന്നു. അസുഖം വല്ലതും”.
പോക്കറ്റിലിരുന്ന മെനു പേപ്പർ എടുക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.

“ഓ. അങ്ങനൊന്നുമില്ല. ഒരു ദിവസം ഞാൻ അമ്മിക്കല്ലിൽ തേങ്ങ അരച്ചുകൊണ്ടിരിക്കുമ്പോൾ മുറ്റത്തു നിന്നു പല്ലുതേച്ചു കൊണ്ടിരുന്ന അതിയാൻ എനിക്കു പിടിക്കരുതാഴ്ക എന്തോ ഒന്ന് പറഞ്ഞു. ഞാനപ്പോൾ അരച്ചുകൊണ്ടിരുന്ന അരകല്ലിന്റെ കൊഴവി എടുത്ത് ഒരേറു വെച്ചു കൊടുത്തു. അതു നെഞ്ചിൽ കൊണ്ട് അതിയാൻ വീണു. അങ്ങനെ രണ്ടു ദിവസം കിടന്നു. എന്തു പറയാനാ സാറേ. മൂന്നാം പക്കം അതിയാനങ്ങ് പോയി.”
ഒരു ദീർഘനിശ്വാസത്തോടെ മേരിയമ്മ പറഞ്ഞു നിർത്തി.
ഞാനൊന്ന് ഞെട്ടി. കെട്ടിയോനെ അമ്മിക്കല്ലുകൊണ്ടെറിഞ്ഞു കൊന്ന പാർട്ടിയാണ് മുന്നിൽ നിൽക്കുന്നത്.
നമ്മളോട് വല്ല പിടിക്കരുതാഴ്കയും തോന്നിയാൽ ആഹാരത്തിൽ വിഷം ചേർത്തു തരാൻ മടിക്കാത്തത്ര കരളുറപ്പുള്ള ഒരു കഥാപാത്രമാണ് പാചകം ചെയ്യുന്നത്. അവരോട് ആഹാരം ഇന്നത് ഉണ്ടാക്കണം എന്നു പറയുന്നത് ബുദ്ധിശൂന്യതയാണ്.
ഞാൻ പുറത്തെടുത്ത മെനുപേപ്പർ പതുക്കെ പോക്കറ്റിനുള്ളിലേക്ക് തിരുകി. മേരിയമ്മ കാണാതെ.
“മെനു കൊടുത്തില്ലേ?”
അടുത്ത ദിനം മെനുവിലെ വിഭവം കാണാത്തതുകൊണ്ട് വല്യച്ഛൻ ഫാദർ തോമസ് വട്ടക്കുന്നിൽ എന്നോട് അന്വേഷിച്ചു.
“ഇല്ല”
“അതെന്താ”
“എനിക്ക് അല്പനാളുകൂടി ജീവിച്ചിരിക്കാൻ താല്പര്യമുണ്ട്”
അച്ഛൻ എന്നെ രൂക്ഷമായി നോക്കി.
ഞാൻ മേരിയമ്മ ചരിതം ചുരുക്കി അച്ഛനെ ധരിപ്പിച്ചു. പിന്നെ ഭരതവാക്യം പറഞ്ഞു നിർത്തി.
“അമ്മിക്കല്ലുകൊണ്ട് ഏറുവാങ്ങി ചാവാൻ എനിക്കു താല്പര്യമില്ലച്ചോ അതുകൊണ്ടാ”
ഒരു നിമിഷം. അച്ഛൻ പൊട്ടിച്ചിരിച്ചു.
“ഈ ഒഴിയാബാധ ഒഴിഞ്ഞു പോകാൻ വല്ല നൊവേനയും നോക്കേണ്ടി വരും എന്നാണ് എനിക്കു തോന്നുന്നത്.” ഞാൻ പറഞ്ഞു.
അച്ഛൻ ചിരിച്ചു കൊണ്ട് കൈ കഴുകാൻ എണീറ്റു.
ഒരാഴ്ചയ്ക്കുള്ളിൽ ഞങ്ങളുടെ ക്ഷമയെ പരീക്ഷിച്ചുകൊണ്ട് മേരിയമ്മ ആ കലാപരിപാടി തുടങ്ങി. അമരയ്ക്ക തോരൻ പരീക്ഷണം.
അമരയ്ക്ക അരിഞ്ഞ് ഉപ്പും മഞ്ഞൾ പൊടിയുമിട്ട് പുഴുങ്ങി എടുക്കുന്ന വിഭവം. അതുമാത്രം. എന്നും.
ഈ കലാപരിപാടി സഹിച്ച് രണ്ടു മാസം കഴിഞ്ഞപ്പോൾ ഒരു ദിനം സായി പൊട്ടിത്തെറിച്ചു.
ഇതിനോടകം വല്യച്ഛൻ ചോറിനോട് വിട പറഞ്ഞു കഴിഞ്ഞിരുന്നു. ആഹാരം നാലു പീസ് ബിസ്കറ്റിലൊതുക്കി. നാലു പീസ് ബിസ്കറ്റിൽ അദ്ദേഹം തന്റെ സ്വർഗ്ഗരാജ്യം തീർത്തു. പക്ഷേ ഞങ്ങൾക്കത് പറ്റുമായിരുന്നില്ല.
സഹികെട്ടപ്പോഴാണ് സായി എന്നോടു പൊട്ടിത്തെറിച്ചത്.
സായിയെ തൃപ്തിപ്പെടുത്താൻ അച്ഛന്റെ മുറിയിൽ പരാതിയുമായി ഞാൻ ചെന്നപ്പോൾ അച്ഛൻ രണ്ടു പീസ് ബിസ്ക്കറ്റ് സ്നേഹപൂർവ്വം എനിക്ക് എടുത്തു നീട്ടി.
“പിണ്ണാക്ക് ഞാൻ കഴിക്കാറില്ല”.
ഒട്ടും മയമില്ലാതെ വളരെ പരുഷമായി അച്ഛനോട് അങ്ങനെ പറഞ്ഞിട്ട് ഞാൻ പുറത്തേക്ക് നടന്നു. ആ മറുപടിയിൽ മേരിയമ്മയോടുള്ള എന്റെ പ്രതിഷേധം തിളച്ചുനിന്നു.
മേടയിലെ ഭക്ഷണം സാമാന്യ ജനം കരുതുന്നത് പോലെ അത്ര മികച്ചതായിരുന്നില്ല. കാരണം അച്ഛന്മാരിൽ ചിലരെങ്കിലും രുചിരഹിത ഭക്ഷണം എന്ന ആശയത്തോട് ചേർന്നു നിൽക്കുന്നവരായിരുന്നു.
മേടയിൽ പൊതുവേ ആണുങ്ങളാണ് പാചകത്തിനായി വരാറുള്ളത്. അല്ലെങ്കിൽ നിയമിക്കാറുള്ളത്. പാചകക്കാർക്ക് മിക്കവാറും തുച്ഛമായ ശമ്പളവും ആയിരിക്കും. അതുകൊണ്ട് തന്നെ നല്ല പാചകക്കാരാരും മേടയിൽ പാചകത്തിന് വരില്ല.
ആ സാഹചര്യത്തിൽ എത്തപ്പെട്ട വ്യക്തിയാണ് മേരിയമ്മ.
അന്ന് കുശലപ്രശ്നത്തിന് ശേഷം മേരിയമ്മ എന്നോടു ചോദിച്ചു.
“സാർ എങ്ങനെയുണ്ടായിരുന്നു ഉച്ചഭക്ഷണം”
“ഗംഭീരം” ഞാൻ പറഞ്ഞു.
മേരിയമ്മയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഞാൻ ഒട്ടും പിശുക്ക് കാട്ടിയില്ല.
“എന്നാലേ ഇനി ഇതുപോലെ ഞാൻ വെച്ചുതരില്ല”
ഉടൻ വന്നു മേരിയമ്മയുടെ മറുപടി. കൂടെ ഒരു വിശദീകരണവും. “നല്ല ഭക്ഷണം വെച്ചുതന്നാലേ നിങ്ങൾ എന്നും അതുപോലെ വേണമെന്ന് പറയും. അതുകൊണ്ട് വെച്ചു തരത്തില്ല.”
ഞാൻ ആശങ്കയോടെ അവരെ നോക്കി. പക്ഷേ അവരുടെ മുഖത്ത് യാതൊരു കൂസലും ഉണ്ടായിരുന്നില്ല.
‘പാചകക്കാരിയെ നിയമിക്കുന്നതിന്റെ ഉദ്ദേശ്യംതന്നെ നല്ല ഭക്ഷണം ഉണ്ടാക്കലല്ലേ’.
എനിക്ക് അങ്ങനെ ന്യായമായ ഒരു സംശയം തോന്നി. പക്ഷേ ഞാനാ സംശയം മേരിയമ്മയോട് പറഞ്ഞില്ല.
എങ്കിലും ഒരു സ്ത്രീ എന്ന നിലയിൽ അവരിൽ നിന്നും ഒരു ഉദാരത ഞാൻ പ്രതീക്ഷിച്ചു.
പക്ഷേ എന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി അവർ പറഞ്ഞ വാക്കുപാലിച്ചു. ഉപ്പും മഞ്ഞൾ പൊടിയുമിട്ട് പുഴുങ്ങിയ അമരയ്ക്ക തോരനായി പിന്നെ സ്ഥിരം. കൂടെ രസം എന്ന പേരിൽ ഒരു പുളിവെള്ളവും കൊണ്ടൊഴിക്കും.
ഒരു ദിവസം ഞാൻ മേടയിൽ ഭക്ഷണത്തിന് ചെല്ലുമ്പോൾ അടുക്കള പൂട്ടിയിട്ടിരിക്കുന്നു.
സമീപമുള്ള മേരിയമ്മയുടെ കിടപ്പുമുറിയിലേക്ക് നോക്കിയപ്പോൾ മേരിയമ്മ നല്ല ഫോമിലായിരുന്നു.
ആരോ കൊണ്ടുക്കൊടുത്ത ഏലക്കയിട്ട് വാറ്റിയെടുത്ത നാടൻ ചാരായം അടിച്ചു കിന്റാ യിട്ടിരിക്കുകയായിരുന്നു മേരിയമ്മ. കൂട്ടത്തിൽ നന്നായി പാടുന്നുമുണ്ട്.
പ്രാർഥന കേൾക്കണമേ....
കർത്താവേ എൻ യാചന കേൾക്കണമേ.....
എന്നെ കണ്ടപ്പോൾ മേരിയമ്മ പാട്ട് നിർത്തി. പിന്നെ വഴുതിപ്പോയ വാക്കുകൾ പെറു ക്കിയെടുത്ത് പറഞ്ഞു.
“അല്പമദ്യം ബോധത്തെ ഉണർത്തും എന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ട്.”
‘ബൈബിളിൽ പറഞ്ഞപോലൊക്കെത്തന്നെയാണോ നിങ്ങളുടെ ജീവിതം’ എന്നു തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല. ആരോടു ചോദിക്കാൻ. അപ്പോൾ മേരി യമ്മ തൃശങ്കു സ്വർഗ്ഗത്തിലായിരുന്നു.
“ഇങ്ങനെ എത്ര നാളാണച്ചോ പുഴുങ്ങിയ അമരയ്ക്ക മാത്രം തിന്നുന്നത്.”
ഒരു ദിവസം സായി അച്ഛനോട് പൊട്ടിത്തെറിച്ചു.
മേരിയമ്മയെ മേടയിൽ നിന്നും പറഞ്ഞു വിടാൻ അധികാരമുള്ളത് അദ്ദേഹത്തിനു മാത്രം. അതുകൊണ്ടാണ് സായി അച്ഛനോട് പൊട്ടിത്തെറിച്ചത്.
അച്ഛൻ ദയനീമായി സായിയെ നോക്കി. പിന്നെ സാവകാശം പറഞ്ഞു.
“അവരെ അങ്ങനെ പറഞ്ഞു വിടാൻ കഴിയില്ല”.
ആ പറച്ചിലിൽ ഒരു നിസ്സഹായത ഉണ്ടായിരുന്നു. കാരണം അവരെ കൊണ്ടുവന്നത് പ്രബലനായ ഒരു കൈക്കാരനായിരുന്നു.
ഒരിക്കൽ ഒരു സ്വകാര്യ സംഭാഷണത്തിനിടയിൽ അദ്ദേഹം എന്നോടു പറഞ്ഞത് അപ്പോൾ ഞാൻ ഓർത്തു.
“കണ്ണീരും കൈയ്യുമായേ ഈ ഇടവകയിൽ നിന്നും എല്ലാ പുരോഹിതരും പോയിട്ടുളളു. അതാണ് ഇവിടുത്തെ കൈക്കാരന്മാരുടെ കൈയ്യിലിരിപ്പ്. എനിക്കു മുൻപ് ഇവിടെ ഉണ്ടായിരുന്ന അച്ഛന്റെ കഴുത്തിൽ കത്തിവെച്ച് കുർബാന നടത്തിയിട്ടുള്ളവരാണ് ഇവിടുത്തെ കേമന്മാർ”.
പള്ളിയുടെ കൈക്കാരന്മാരെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്.
“പിതാവിന് വരെ ഇവരെ പേടിയാ. നല്ല പണമുള്ള ടീംസല്ലേ. എന്തു ചെയ്യാൻ”.
‘പണത്തിന് മീതെ പരുന്തും പറക്കില്ല’ എന്ന പഴമൊഴി അപ്പോൾ ഞാനോർത്തു.
പണത്തിന് മീതെ പരുന്ത് മാത്രമല്ല പള്ളിയുമില്ല പട്ടക്കാരുമില്ല.
“പള്ളിക്കാര്യത്തിന് കൂടുന്ന എല്ലാ മീറ്റിങ്ങുകളും കലഹിച്ചാണ് പിരിയുന്നത്. ഒരു ദിവസം പോലും എനിക്കു വേദന ഇല്ലാത്തതായി ഇല്ല. ഒന്നുമില്ലെങ്കിൽ പുറത്തേക്കിറങ്ങുമ്പോൾ ഉമ്മറപ്പടിയിൽ കാലു തട്ടും. എന്നും വേദന തന്നെ. മറ്റേ അച്ഛനെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് ഇവർ. ആ അച്ഛൻ ഒരു പാവമായിരുന്നു. അതിന്റെ ശാപമാകാം. അതിന്റെ ഒരു പങ്ക് എനിക്കും കിട്ടുന്നു”.
പകുതി ആത്മഗതം എന്ന നിലയിൽ അദ്ദേഹം പറഞ്ഞു നിർത്തി.
സാഹചര്യം എന്തുതന്നെയായാലും മേരിയമ്മയെ എങ്ങനെ എങ്കിലും മേടയിൽ നിന്നും ഒഴിവാക്കണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു.
അല്പം കഴിഞ്ഞ് എന്റെ മനസ്സ് വായിച്ചിട്ടെന്നപോലെ അച്ഛൻ പറഞ്ഞു.
“ഞാൻ മനസ്സിൽ കരുതാം.”
പ്രാർഥനാ വേളകളിൽ മേരിയമ്മ ഒഴിഞ്ഞുപോകാൻ ഞാൻ പ്രാർഥിക്കാം എന്നർഥം.
എനിക്ക് ആവക പ്രാർഥനകളിൽ വലിയ വിശ്വാസമുണ്ടായിരുന്നില്ല.
ഒരു അടിയുണ്ടാക്കി എങ്ങനെ മേരിയമ്മയെ ഒഴിവാക്കാം എന്നായി എന്റ ചിന്ത. ഒരു അദ്ധ്യാപകനായതുകൊണ്ടും സ്കൂൾ പള്ളിയങ്കണത്തിൽ ആയിരുന്നതുകൊണ്ടും മേരി യമ്മയുടെ അടുത്ത് ഒരു കവലച്ചട്ടമ്പി കളിക്കാൻ എനിക്ക് പറ്റുമായിരുന്നുമില്ല.
എന്റെ മുഖഭാവം കണ്ടിട്ടാകണം അച്ഛൻ എന്നെ സമാധാനിപ്പിക്കുന്നപോലെ വീണ്ടും പറഞ്ഞു.
“ഞാൻ മനസ്സിൽ കരുതാം. ഞാൻ മനസ്സിൽ കരുതാം”
പിന്നീടദ്ദേഹം ആൾത്താരയിലേക്ക് പോയി.
ഒരു ഞായറാഴ്ച ദിവസം ഉച്ചയ്ക്ക് ഞാൻ കുട്ടികളുടെ പേപ്പർ വാല്യു ചെയ്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് രാജീവ് സാർ എൻറെ മുറിയിലേക്ക് ഓടി വന്നു. രാജീവ് മാത്തൻ സ്കൂളിലെ മാത്തമാറ്റിക്സ് അധ്യാപകനും പള്ളിയുടെ കണക്കപ്പിളളയുമായിരുന്നു.
അദ്ദേഹം വളരെ പരിഭ്രമത്തോടെ എന്നോടു പറഞ്ഞു.
“സർ പെട്ടെന്ന് ഒന്നു വന്നേ. മേരിയമ്മയ്ക്ക് എന്തോ വലിയ പ്രശ്നമുണ്ട്. അവര് നെഞ്ചു തിരുമ്മിക്കൊണ്ട് വിളിച്ചു കൂവുന്നു. അവരെ ഉടൻ ഹോസ്പിറ്റലിൽ എത്തിക്കണം.”
പെട്ടെന്ന് ഞാൻ മേടയിലേക്ക് ചെന്നു. അപ്പോൾ ഞാൻ കാണുന്ന കാഴ്ച, മേരിയമ്മ നെഞ്ച് പൊത്തിപ്പിടിച്ചിരുന്നു കരയുന്നു.
ഉടൻ തന്നെ ഞാൻ ഒരു ഓട്ടോ വരുത്തി അവരെ സമീപത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു.
പിന്നീടുള്ള രണ്ടു ദിവസം അവധി ആയിരുന്നതുകൊണ്ട് ഞാൻ നാട്ടിലേക്ക് പോന്നു. മേരിയമ്മയെ ഹോസ്പിറ്റലിൽ എത്തിച്ച സ്ഥിതിക്ക് ഇനി അവർ സുരക്ഷിതയായിരുക്കുമെന്ന് എനിക്കറിയാമായിരുന്നു.
അടുത്ത ദിവസം വൈകിട്ട് വീടിനടുത്തുള്ള പൊതുകുളത്തിൽ നീരാടി മറിഞ്ഞിട്ട് അല്പം വൈകി വീട്ടിലെത്തുമ്പോൾ എന്നെ കാത്ത് ഒരു വിശേഷമുണ്ടായിരുന്നു.
“ഒരു സായി നിന്റെ സ്കൂളിൽ നിന്ന് വിളിച്ചിരുന്നു. മേരിയമ്മ പോയി എന്നു പറയാൻ പറഞ്ഞു.” അമ്മ പറഞ്ഞു.
“ഹോ. കർത്താവിന് സ്തുതി. അവസാനം അവർ പോയി. അച്ഛന്റെ പ്രാർത്ഥന ഫലിച്ചു. അവർ മാറിപ്പോയല്ലോ. അവർക്കങ്ങനെ സ്വയം തോന്നിയല്ലോ. അങ്ങനെ അവരെ തോന്നിപ്പിച്ച കർത്താവിന് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് ഞാൻ സായിയെ തിരിച്ചു വിളിച്ചു.
അവൻ ഫോൺ എടുത്ത പാടേ ഞാൻ ആവേശത്തോടെ ചോദിച്ചു.
“അവര് എപ്പോൾ പോയി. പോവുംനേരം പള്ളിക്കൽ വന്നിരുന്നോ. അച്ഛനോട് യാത്ര പറയാൻ”.
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അവൻ യന്ത്രികമായി പറഞ്ഞു.
“അവർ ഉച്ചയായപ്പോൾ പോയി. ഹോസ്പിറ്റലിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു സിവിയർ ഹാർട്ട് അറ്റാക്ക് വന്നു. ഡോക്ടർമാർക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.”
അതു കേട്ട് ഞാൻ സ്തംഭിച്ചു പോയി.
അല്പം കഴിഞ്ഞ് അവൻ പതുക്കെപ്പറഞ്ഞു.
“നാളെ രാവിലെ പതിനൊന്നു മണിക്ക് അവരുടെ അടക്കാണ്”
മേരിയമ്മയുടെ അടക്കിന് സെമിത്തേരിയിൽ വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നില്ല. മേരിയമ്മയ്ക്ക് അധികം ബന്ധുക്കളില്ല. ഒരു മകൾ മാത്രം. പിന്നെ വീടിനടുത്ത് ഒരുപാട് അയൽക്കാരുമില്ല. കല്ലറയ്ക്ക് സമീപം അച്ഛനൊപ്പം എല്ലാ ശവമടക്കിനും പങ്കെടുക്കുന്ന ഏതാനും കൈക്കാരന്മാർ മാത്രം.
ഞാൻ സെമിത്തേരിയുടെ കവാടത്തിൽ കാത്തു നിന്നു. അച്ഛൻ വരുന്നതും നോക്കി.
ചടങ്ങുകൾ കഴിഞ്ഞ് കഴുത്തിൽ നിന്നും ഉറാറ എടുത്തു കൈയ്യിലിട്ടു കൊണ്ട് ഫാദർ തോമസ് വട്ടക്കുന്നിൽ പുറത്തേക്ക് വന്നു.
എനിക്ക് ഒരുപാട് കാര്യങ്ങൾ അച്ഛനോട് ചോദിച്ചറിയണമായിരുന്നു. പക്ഷേ അദ്ദേഹത്തിനൊപ്പം കൈകാരന്മാർ ഉണ്ട്.
ഞാൻ അല്പം മാറി നിന്നു. അദ്ദേഹം അടുത്തു വന്നപ്പോൾ. ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് ഉറ്റു നോക്കി. നിസ്സംഗമായിരുന്നു അദ്ദേഹത്തിന്റെ മുഖം.
അദ്ദേഹം എന്നെ കണ്ടു. എന്റെ സമീപത്തു കൂടെ നടന്നു പോകുമ്പോൾ ഫാദർ എനിക്കു കേൾക്കാൻ മാത്രം പാകത്തിൽ മന്ത്രിച്ചു.
“ഞാൻ ഒന്നും മനസ്സിൽ കരുതിയില്ല. സത്യം. ഞാനൊന്നും മനസ്സിൽ കരുതിയില്ല.”
ഞാൻ മേരിയമ്മയുടെ കല്ലറയിലേക്ക് നോക്കി. പിന്നെ മനസ്സിൽ പറഞ്ഞു.
‘ഫാദർ മനസ്സിൽ ഒന്നും കരുതിയിട്ടുണ്ടാവില്ല. പക്ഷേ ദൈവം മനസ്സിൽ കരുതിയിട്ടുണ്ടാവണം. കാര്യങ്ങൾ അറിഞ്ഞവൻ പ്രവർത്തിക്കുന്നു.’
ഞാൻ മേരിയമ്മയുടെ കല്ലറയ്ക്ക് മുന്നിൽ അല്പ നേരം നിന്നു.
‘കൊണ്ടു നടക്കുന്നതും നീ. കൊണ്ടു പോകുന്നതും നീ. എല്ലാം നിന്റെ തീരുമാനം.'
ഞാൻ ഒരുപിടി മണ്ണൂ വാരി മേരിയമ്മയുടെ ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ എന്നു മനസ്സിൽ കരുതി അത് കല്ലറയ്ക്ക് മുകളിൽ വിതറി. പിന്നെ തിരിഞ്ഞു നടന്നു.
പക മരണം വരയേ പാടുളളു. മരണത്തോടൊപ്പം പക അലിഞ്ഞു തീരണം.