
1982 ലെ സെപ്റ്റംബർ 11. അഷ്ടമി രോഹിണിയുടെ പിറ്റേന്നായിരുന്നു വിവാഹദിനം.
2019 സെപ്റ്റംബർ 11 നു പിറവം പുഴത്തീരം പാർക്കിൽ പോയിരുന്ന നേരത്ത് അദ്ദേഹം Fb യിലേക്ക് ഒരു വഴി തുറന്നത് ഞാൻ പുറം ലോകവുമായി ബന്ധമുള്ളവളാകാൻ വേണ്ടിയാകും എന്ന് തോന്നാറുണ്ട്. ജീവിതമല്ലേ ചില വാതിലുകൾ അടയുമ്പോൾ മറ്റ് ചില വാതിലുകൾ തുറക്കപ്പെടും എന്നാണല്ലോ. ജീവിതത്തിലെ നിർണ്ണായകമായ സമയത്തായിരുന്നു പ്രണയത്തിലേക്കുള്ള വഴിത്തിരിവ്. അങ്ങനെ സംഭവിച്ചില്ല എങ്കിൽ ഏതെങ്കിലും സ്കൂളിൽ അല്ലെങ്കിൽ കോളേജിൽ അധ്യാപികയായി ജോലിയിൽ കയറുമായിരുന്നു. പഠന നിലവാരം ഒട്ടും മോശമായിരുന്നില്ല. നിർബന്ധപൂർവ്വം ഒരു ജോലിക്ക് പോകണം എന്ന് തോന്നിയുമില്ല. അങ്ങനെ 19 വയസ്സ് മുതൽ കുടുംബിനിയായ ഭാര്യയായി തുടർന്നു. കുട്ടികളുടെ പഠനം നല്ല രീതിയിൽ കൊണ്ട് പോകാൻ കഴിഞ്ഞു. അവർ അവരുടെ ആകാശങ്ങൾ കീഴടക്കി തുടരുന്നു. ഞാൻ എന്റെ ഇത്തിരിയാകാശം അക്ഷരങ്ങളെ നക്ഷത്രങ്ങളാക്കി അലങ്കരിക്കുന്നു. ഓർമ്മകൾ കൊണ്ട് കൂടാരം കെട്ടുന്നു.
ജീവിതമല്ലേ ഏത് നിമിഷവും ഒരാൾ ഒറ്റപ്പെടാം എന്ന ചിന്ത മനസ്സിൽ ഉണ്ടാകുന്നത് നല്ലത്. അത്യാവശ്യം ഒരു ചെറിയ ബാങ്ക് ബാലൻസ് എങ്കിലും അപ്പോൾ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ജീവിതം തീർത്തും അരക്ഷിതാവസ്ഥയിൽ ആയിപ്പോകും. പിന്നെ വയസ്സുകാലത്ത് ഒന്ന് മിണ്ടിപ്പറയാനും വയ്യാതെ വന്നാൽ ഒരു ഗ്ലാസ്സ് വെള്ളം കിട്ടാനും ഒക്കെ മോഹിച്ചു വെറുതെ പോയി പടുകു ഴികളിൽ വീഴാതിരിക്കുക. അത്ര നന്നായി ഒരാളെ മനസ്സിലാക്കിയാൽ മാത്രം അയാളെ കൂടെ കൂട്ടുക.
ഏകാന്തത ഒരു സുഖമാണ്. എപ്പോൾ വേണമെങ്കിലും ഉറങ്ങാം ഉണരാം. ഉത്തരവാദിത്വങ്ങൾ ഏറെയില്ല. തനിച്ചായി എന്ന് ചിന്തിക്കാതിരിക്കുക . ഒരു നല്ല പാട്ട് കേട്ടാൽ, ഒരു നല്ല പുസ്തകം ഒരു നല്ല കഥ ഒക്കെ വായിച്ചാൽ തീരാവുന്നതേ ഉള്ളു എനിക്ക് ഈ ഏകാന്തത. തനിച്ചുള്ളവർ ആരും ആർക്കും വെറുതെ പ്രതീക്ഷകൾ നൽകാതിരിക്കുക. ആരെയും അത്രയ്ക്ക് വിശ്വാസവും വേണ്ട. നാം തനിച്ചാണ് ഭൂമിയിലേക്ക് വന്നത് പോകുന്നതും തനിച്ചാണ്. അപ്പോൾ കൂടെ വരാനുള്ളത് സ്വന്തം ശരീരം മാത്രമാണ്. അത് കൊണ്ട് ആദ്യം സ്വയം സ്നേഹിക്കാൻ പഠിക്കുക. ഒരു സൗഹൃദവും സുസ്ഥിരമല്ല. ദൈവദൂതരെ പോലെ വേണ്ടുന്ന സമയങ്ങളിൽ ചിലർ കടന്ന് വരും. കൈ പിടിച്ചുയർത്തും. ജീവിപ്പിക്കും തണലും തുണയുമാകും. എങ്കിലും ആരും കൂടെ ഇല്ലാതെ വരുന്ന ഒരു കാലത്തെ ഉൾക്കൊള്ളാൻ ഇന്നേ ശീലിക്കുക. ഏത് ആൾക്കൂട്ടത്തിലും തനിച്ചാകാൻ കൂടി പഠിക്കുക. മറുപാതി ശൂന്യമായാലും മനസ്സിൽ ഒരു മായാജാലകം തുറന്നിടുക. അവിടേക്ക് ഓർമ്മകളുടെ നീലശലഭങ്ങൾ പറന്നു വരും.
ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല കൊയ്യുന്നുമില്ല. നാളേക്ക് കരുതി വെയ്ക്കുന്നുമില്ല എന്ന് പറഞ്ഞു അന്യർക്കു വേണ്ടി ജീവിച്ചു കടന്ന് പോയ ഒരാൾ തന്ന ആത്മധൈര്യം മാത്രമേ ഇപ്പോൾ കൂട്ടായിട്ടുള്ളൂ. മിന്നലും ഇടിയും ഇല്ലെങ്കിൽ, പാമ്പുകൾ ഇല്ലെങ്കിൽ, അമിതവേഗത്തിൽ എതിരെ വണ്ടികൾ വരാതിരുന്നെങ്കിൽ ഭൂമിയിൽ മറ്റെന്തുണ്ട് പേടിക്കാൻ എന്ന് ചിന്തിക്കുന്നവളാണ് ഞാൻ. മറ്റൊന്നിനെയും ഭയമില്ല. ജീവിതം ചിലപ്പോൾ പരീക്ഷയും മറ്റ് ചിലപ്പോൾ പരീക്ഷണവും, പാഠവും പാഠശാലയുമാകുന്നു...ഇതൊന്നും ഞാൻ പറഞ്ഞതല്ല കേട്ടോ. ആരോ പറയിപ്പിച്ചതാണ്. താഴെ കാണുന്ന ചിത്രത്തിൽ നോക്കിയാൽ ആളെ 80 ട്രെൻഡിൽ കാണാം. .
(ചിത്രത്തിന് അദ്ദേഹത്തിന്റെ ചേട്ടന്റെ മകൻ സന്ദീപിനോട് സ്നേഹം നന്ദി കടപ്പാട് )
