Image

പി.വി. ആല്‍ബി -ബാല്യകാലം: കൂവള്ളൂര്‍ കുന്നിലെ മൃഗയാ വിനോദം (ഗുരു കൂവള്ളൂര്‍ -നീതിയുടെ ജ്വാല (ഭാഗം 12)

Published on 14 September, 2026
 പി.വി. ആല്‍ബി -ബാല്യകാലം: കൂവള്ളൂര്‍ കുന്നിലെ മൃഗയാ വിനോദം (ഗുരു കൂവള്ളൂര്‍ -നീതിയുടെ ജ്വാല (ഭാഗം 12)

കുന്നിന്നങ്ങേപ്പുറമടവിയാണായതില്‍ പോയ തന്ത്രം
കുന്നിച്ചീടും കുതുകമൊടു കൂട്ടി നായാട്ടുകാരെ..
എ.ആര്‍. രാജരാജവര്‍മ്മ - നളചരിതം

ജി.കെ.യുടെ ബാല്യകാലത്തെ വിനോദങ്ങള്‍ ഏതാണെന്ന എന്റെ ചോദ്യത്തിന് മേലുദ്ധരിച്ച കാവ്യം ഒരടിതെറ്റാതെ ഈണത്തില്‍ പാടിക്കേട്ടപ്പോള്‍ ഒരു എഴുത്തുകാരനായ ഞാന്‍ അതിശയിച്ചുപോയി. ജി.കെ.യുടെ ചെറുപ്പത്തില്‍ കൂവള്ളൂര്‍ തറവാട്ടില്‍ സാധാരണ ഒരു ഡസനിലധികം ആണ്‍കുട്ടികള്‍, പ്രത്യേകിച്ച് അവധി ദിവസങ്ങളില്‍ സമ്മേളിക്കാറുണ്ടായിരുന്നു. ജി.കെ.യും അദ്ദേഹത്തിന്റെ നേരെ താഴെയുള്ള അനുജന്‍ ജോസ്, പിതാവിന്റെ ജ്യേഷ്ഠ സഹോദരങ്ങളുടെ മക്കള്‍ ഔസേപ്പച്ചന്‍, കുഞ്ഞ്, അവറാച്ചന്‍, അപ്പച്ചന്‍, രാജൂ, ബാബു, പിതൃസഹോദരിമാരുടെ മക്കള്‍ കുട്ടപ്പന്‍, ഓടയ്ക്കല്‍ ജോയി, ടോമി. ഇവരൊക്കെയായിരുന്നു പ്രധാന നായാട്ടുകാര്‍. കാട്ടുമുയല്‍, അണ്ണാന്‍ എന്നിവയെ 20 ഏക്കറിലധികം വിശാലമായിക്കിടന്നിരുന്ന കൂവള്ളൂര്‍ പുരയിടത്തില്‍ നിന്നും ഓടിച്ചിട്ടു പിടിക്കുക ഏറ്റവും രസമുള്ള വിനോദമായിരുന്നു. പറമ്പിന്റെ നാലുവശത്തും ഈരണ്ടുപേര്‍ നില്‍ക്കും. പ്രധാന ഓട്ടക്കാര്‍ ഇരയുടെ പുറകെ ഓടിത്തുടങ്ങും. മുയല്‍ കുറെ ഓടിക്കഴിയുമ്പോള്‍ കിതയ്ക്കും. അപ്പോള്‍ ഓട്ടത്തിനു തയ്യാറായി നില്‍ക്കുന്നവര്‍ ഇരയുടെ മേല്‍ചാടി വീഴും.

ജി.കെ.യുടെ പിതാവിനും, പിതാവിന്റെ മാതൃസഹോദരപുത്രനായിരുന്ന പുതുപ്പള്ളിയേല്‍ കുഞ്ഞേട്ടന്‍ എന്നയാള്‍ക്കും നാടന്‍ തോക്കുകള്‍ അക്കാലത്ത് ഉണ്ടായിരുന്നതിനാല്‍ രാത്രികാലങ്ങളില്‍ അവരോടൊത്ത് മൃഗവേട്ടയ്ക്ക് ജി.കെ. പോകാറുണ്ടായിരുന്ന കാര്യവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍പ്പെടുന്നു. രാത്രികാലങ്ങളില്‍ ചിലപ്പോള്‍ കാട്ടുപന്നികളെയും കുറുനരികളെയും വെടിവച്ചുകൊന്നിട്ടുള്ള ചരിത്രവും ജി.കെ. വിവരിച്ചപ്പോള്‍ ഇന്നാണെങ്കില്‍ വെടിവെച്ചവരും, അതിനുകൂട്ടായി പോയവരും ജയില്‍ ശിക്ഷയ്ക്ക് വിധേയരാകുമെന്നു പറഞ്ഞപ്പോള്‍ അക്കാലത്ത്, അതായത് 1950- 1960 കളില്‍ കേരളത്തില്‍ നിയമമില്ലാതിരുന്ന ഒരുകാലഘട്ടത്തെപ്പറ്റി ജി.കെ. ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിനിടെ ജി.കെ.യ്ക്ക് വെടിവയ്ക്കാനറിയാമോ എന്ന എന്റെ ചോദ്യത്തിന് തോക്കു കൈയില്‍ കിട്ടിയാല്‍ വെടിവയ്ക്കണമെങ്കില്‍ വെടിവയ്ക്കാമെന്നും, അമേരിക്കയിലേക്ക് കുടിയേറിയതിനുശേഷം പലപ്പോഴും നായാട്ടുകാരുടെ കൂടെ മാന്‍വേട്ടയ്ക്ക് പോയിട്ടുള്ളകാര്യവും, ജി.കെ. പറയുകയുണ്ടായി. ന്യൂയോര്‍ക്കില്‍ സാധാരണ നവംബര്‍മാസം നായാട്ടുകാര്‍ക്ക് മാനുകളെ വെടിവയ്ക്കാനുള്ള പ്രത്യേക അനുവാദം ഗവണ്‍മെന്റുതന്നെ കൊടുത്തിട്ടുണ്ട്. നിയമം പാലിക്കണം എന്നുമാത്രം. നിയമം ഓരോ രാജ്യത്തും വ്യത്യസ്തപ്പെട്ടിരിക്കും എന്ന കാര്യവും ജി.കെ. പറയുകയുണ്ടായി.

കൂവള്ളൂര്‍ കുന്ന് മീന്‍പിടുത്തക്കാരുടെ കേന്ദ്രം

കൂവള്ളൂര്‍ കുന്ന് മീന്‍പിടുത്തക്കാരുടെ കേന്ദ്രം എന്നു കേട്ടാല്‍ വിശ്വാസിക്കാന്‍ വിഷമം തോന്നും. തന്റെ പിതാവ് വലകെട്ടാനുള്ള നൂല്‍പിരിക്കുന്ന കലയും, വിവിധയിനം വലകള്‍ നിര്‍മ്മിക്കാന്‍ അറിവുള്ള ആളും ആയിരുന്നു എന്നകാര്യം ജി.കെ. ഒരിക്കല്‍ക്കൂടി ഓര്‍മ്മപുതുക്കി. തന്റെ പിതാവില്‍നിന്നും ജി.കെ.യുടെ സമപ്രായക്കാരനും ആത്മസുഹൃത്തുമായ വെട്ടിക്കക്കുഴി ജോയി പലവിധത്തിലുള്ള കലകള്‍ അഭ്യസിച്ചതായി ജോയി രേഖപ്പെടുത്തുന്നു. അവയിലൊന്ന് മീന്‍പിടിക്കുന്ന വലയുടെ നൂല്‍ പിരിക്കുന്നതും, വല കെട്ടുന്നതുമാണ്. ജി.കെ.യുടെ മാതാവിന്റെ സ്വന്തക്കാരന്‍ ആയതിനാല്‍ ജോയിയെ തന്റെ പിതാവ് വളരെയധികം പരിഗണിച്ചിരുന്നുവത്രേ. ജി.കെ.യുടെ പിതാവിനെ കുഞ്ഞിപ്പാപ്പന്‍ എന്നാണ് ജോയി വിളിച്ചിരുന്നത്.

അക്കാലത്ത്, അതായത് 1950 കളിലും 1960കളിലും ഗ്രാമങ്ങളില്‍ തുണിനെയ്ത്തു ശാലകളും, നൂല്‍ നൂല്‍ക്കുന്ന ചര്‍ക്കകളും സുലഭമായിരുന്നു. നെയ്ത്തുശാലകളില്‍ നിന്നുമാണ് വലകെട്ടാനുള്ള നൂല്‍ വാങ്ങുന്നത്. നൂലിന് നമ്പരുകള്‍ ഉണ്ട്. ഏറ്റവും നേര്‍മ്മയേറിയ നൂല്‍ 120-ാം നമ്പരാണ്. പിന്നെ 100, 80,60,40 എന്നീ നമ്പരുകളിലുള്ള നൂലും ഉണ്ടായിരുന്നു. സാധാരണ വലകെട്ടാന്‍ ഉപയോഗിച്ചിരുന്നത് 90-ാം നമ്പര്‍ ആയിരുന്നു. ഈ നൂല് കഴി ആയിട്ട് (അതായത് ഒരു അടുക്ക്) ആണ് ലഭിച്ചിരുന്നത്. ഒരുവലകെട്ടാന്‍ രണ്ടുകഴി നൂലു വേണം. വലയുടെ വലുപ്പചെറുപ്പമനുസരിച്ച് അളവ് വ്യത്യാസപ്പെട്ടിരിക്കും. ഈ നൂല്‍ ഒരു പ്രത്യേക രീതിയില്‍ മുളകൊണ്ട് (ഇല്ലിമുള) നിര്‍മ്മിച്ച ചക്രത്തില്‍ വച്ച് കറക്കിയാണ് ഓരോ ഇഴകള്‍ വേര്‍തിരിച്ച് എടുക്കുന്നത്. നൂല് പൊട്ടാതെയും കൂട്ടിപ്പിണയാതെയും എടുക്കേണ്ടത് ഒരു വിദഗ്ധമായ പണിയാണ്. നല്ല ക്ഷമവേണം. ഈ നൂല് ഉണ്ടകളായി ചുറ്റിയെടുത്ത് ഒരുദിവസം വെള്ളത്തിലിടും. നൂലിന്റെ പുളിപ്പ് പോകാനാണിത്. അതിനുശേഷം കമുകിന്റെ അലകും കുടപ്പനയുടെ മടലും ഉപയോഗിച്ച് നൂല്‍ വലിച്ച് ഇല്ലികൊണ്ടുണ്ടാക്കിയ പമ്പരം കൊണ്ട് കറക്കിയാണ് നൂല്‍ പിരിക്കുന്നത്.

ഓരോ വലയ്ക്കും പലവണ്ണത്തിലുള്ള നൂല് ഉപയോഗിക്കുന്നു. ചെറിയ മീനുകള്‍ പിടിക്കാനുള്ള വലയ്ക്ക് 'കച്ചാവല' യ്ക്ക് സാധാരണ 5 ഇഴ നൂലാണ് പിരിച്ചെടുക്കുന്നത്. വലിയ മീന്‍ പിടിക്കാനുള്ള വലയ്ക്ക് 'ഇടിച്ചന്‍' വല എന്നും ആ വലയ്ക്ക് 8 ഇഴനൂലുമാണ് പിരിക്കുന്നത്. കച്ചാവലയുടെ നീളം 5 മുതല്‍ 6 മുഴം വരെയാണ്. ഇടിച്ചന്‍ വലയ്ക്ക് 7 മുതല്‍ 8 മുഴം വരെ നീളവും.

നൂല്‍ ഒരു ചാണ്‍ നീളമുള്ള കോലില്‍ ചുറ്റി ഓരോവലയുടെയും കണ്ണി വലുപ്പം അനുസരിച്ചുള്ള പടി (അളവുകോല്‍) ഉപയോഗിച്ചാണ് വല കെട്ടുന്നത്. അക്കാലത്ത് പലരും വലകെട്ട് പരിശീലിച്ചിരുന്നു. പ്രധാന കാരണം അക്കാലത്ത് പുഴകളിലും, ആറുകളിലും മത്സ്യം സുലഭമായിരുന്നു. ഒരു ഉത്സവംപോലെ ആയിരുന്നു മഴക്കാലം മീന്‍പിടുത്തക്കാര്‍ക്ക് - പ്രത്യേകിച്ച് കൂവള്ളൂര്‍ കുന്നിലും പരിസരത്തുമുള്ള മീന്‍പിടുത്തക്കാര്‍ക്ക്.

വലകെട്ടിത്തീര്‍ന്നു കഴിയുമ്പോള്‍ വലയില്‍ കറപിടിപ്പിക്കും. മരുത്, പേഴ്, കലയം, കശുമാവ് എന്നീ മരങ്ങളുടെ ഇലയും തൊലിയും വെള്ളത്തില്‍ തിളപ്പിച്ച് കറയുണ്ടാക്കുന്നു. ഈ ലായനിയില്‍ കുറേ മണിക്കൂറുകള്‍ വലകെട്ടിയ നൂല് മുക്കിവെച്ചശേഷം വെയിലത്തുവച്ച് നന്നായി ഉണക്കും. അതിനുശേഷം മുളങ്കമ്പ് ''റ'' പോലെ വളച്ചുകെട്ടി അതില്‍ വല ഫിറ്റുചെയ്യും. വല 'കൊടുകലില്‍' കയറ്റുക എന്നാണ് പറയുന്നത്. ഈ മുളംകമ്പ് വളച്ചുകെട്ടുന്നത് തീ കൂട്ടി അതില്‍ ചൂടാക്കിയശേഷമാണ്. അല്ലെങ്കില്‍ വളയ്ക്കുമ്പോള്‍ പൊട്ടിപ്പോകും. അക്കാലത്ത് പ്ലാസ്റ്റിക് കയറുകള്‍ നിലവില്‍ ഉണ്ടായിരുന്നില്ല. കയറുപയോഗിച്ചാല്‍ നനഞ്ഞു വേഗം കേടുവരും. അതിനാല്‍ ഒരുനാടന്‍ നൂല് അക്കാലത്ത് കണ്ടുപിടിച്ചിരുന്നു. കൈതയുടെ മൂത്തപോള മുറിച്ചെടുത്ത് ഒരുപലക കഷണത്തില്‍ വെച്ച് ചിരട്ട തവികൊണ്ടു പുറത്തെ മാംസളമായ ഭാഗം ചീകിമാറ്റി അതിനുള്ളിലെ ചെറിയ നാരുകള്‍ എടുക്കും. ഈ നാര് വെയിലില്‍ ഉണക്കിയശേഷം ചെറിയ കയര്‍ പോലെ പിരിച്ചെടുക്കും. ഇത് സാധാരണ ഗതിക്ക് കേടുവരുകയില്ല. പൊട്ടുകയുമില്ല. സാധാരണഗതിക്ക് ഒരു വലയുടെ ആയുസ്സ് മുന്നോ നാലോ വര്‍ഷമാണ്. അത്രയും കാലം ഈ കയറും ഉപയോഗിക്കാം. ഇത്രയുമൊക്കെയാണ് വലയുടെ വിശേഷങ്ങള്‍. എന്നാല്‍ 1970 കളോടെ നൈലോണ്‍ നൂല് വിപണിയില്‍ ഇറങ്ങിയതോടെ വലകെട്ട് എളുപ്പമായി. നൂല്‍ പിരിക്കേണ്ട ആവശ്യമില്ല. വലയ്ക്ക് 5- 6 വര്‍ഷത്തോളം ആയുസ്സും കിട്ടും.

വി.ജെ. ജോയി ജി.കെ.യുടെ പിതാവിനെ തന്റെ ഗുരുനാഥനായി ഇന്നും കരുതുന്നുവത്രേ. ജി.കെ. ആവശ്യപ്പെട്ടതനുസരിച്ച് വി.ജെ. ജോയി വെട്ടിക്കക്കുഴി എന്ന കേരളത്തിലെ അറിയപ്പെടുന്ന ഗ്രാമീണ മേഖലയില്‍നിന്നുമുള്ള, പ്രത്യേകിച്ച് കടപ്ലാമറ്റം, മീനച്ചില്‍ താലൂക്കിന്റെ ഓമനപ്പുത്രന്‍ എന്നു വിശേഷിപ്പിക്കാവുന്ന ആള്‍ തന്റെ സ്വന്തം കൈകൊണ്ട് എഴുതിയ കുറിപ്പിന്റെ ഒരു ഭാഗമാണ് കൈകൊണ്ടുള്ള വല കെട്ടിനെപ്പറ്റിയുള്ള വിശദീകരണം.


V. J. Joy Vettickakuzhy , Close Friend of G. K.

മീനച്ചിലാറു കരകവിയുമ്പോഴുള്ള മീന്‍പിടുത്തത്തിന്റെ ഓര്‍മ്മകള്‍

വി.ജെ. ജോയി വെട്ടിക്കക്കുഴി തന്റെ ഗുരുനാഥനായ കെ.റ്റി. ജോസഫ് കൂവള്ളൂരിന്റെ നേതൃത്വത്തില്‍ പലപ്പോഴും മീനച്ചിലാറ് കരകവിയുന്ന അവസരങ്ങളില്‍ മീന്‍പിടിക്കാന്‍ പോയിട്ടുള്ള ചരിത്രം അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ഇവിടെ രേഖപ്പെടുത്തുന്നു:

അക്കാലത്ത് കൂവള്ളൂര്‍ കുന്നില്‍നിന്നും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള മീന്‍ പിടുത്തക്കാര്‍ വലിയ സംഘങ്ങളായിട്ടാണ് മീന്‍പിടിക്കാന്‍ പോയിരുന്നത്. പാളത്തൊപ്പിയും, കുടപ്പനയുടെ ഓലകൊണ്ടുണ്ടാക്കുന്ന 'കോട്ടാന്‍' ഓലയും തലയില്‍ ഇട്ടാണ് മീന്‍പിടിക്കാനുള്ള പോക്ക്. കോട്ടാന്‍ ഓല തലയില്‍ വച്ചാല്‍ കാറ്റും മഴയും ഒരു പ്രശ്‌നമല്ല. ചിലരൊക്കെ ഓലക്കുടയും കൊണ്ടുപോയിരുന്നു. ഇന്നുള്ളവര്‍ക്ക് ഓലകുടയെപ്പറ്റി അറിയാമെന്നു തോന്നുന്നില്ല.

മീനച്ചിലാറ് കരകവിഞ്ഞൊഴുകുമ്പോള്‍ വെള്ളം തോടുകളിലേയ്ക്കും, പാടങ്ങളിലേക്കും തിരിഞ്ഞൊഴുകാന്‍ തുടങ്ങും. ആ സമയത്താണ് ഊത്തപിടുത്തം. അന്നൊക്കെ രാത്രി മുഴുവനും കലക്കവെള്ളത്തില്‍ നിന്ന്, കാറ്റും മഴയും കൊണ്ടാലും ആര്‍ക്കും പനിയോ ചുമയോ ഉണ്ടാകാറില്ലായിരുന്നു. പ്രകൃതിയുമായി ജനങ്ങള്‍ ഇണങ്ങിക്കഴിഞ്ഞിരുന്നതിനാല്‍ ജനങ്ങള്‍ക്ക് പൊതുവെ നല്ല പ്രതിരോധശക്തി ഉണ്ടായിരുന്നു. പനിയോ ചുമയോ ഉണ്ടായാല്‍ത്തന്നെ ചുക്കും കുരുമുളകും വെന്തുകുടിച്ചാല്‍ മാറുമായിരുന്നു. ചുക്കുപൊടിച്ച് തുണയില്‍ കെട്ടി മൂക്കില്‍ വലിച്ചാല്‍ മൂക്കടപ്പു വരെ മാറിയിരുന്നകാലം. അതേസമയം ഇന്നെന്താണ് കേരളത്തില്‍ നടക്കുന്നത്. ചെറിയൊരു ജലദോഷം വന്നാല്‍ നേരെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേയ്ക്ക് ഓടും. അവിടെ ചെല്ലുമ്പോള്‍ പരീക്ഷണത്തിന്റെ റിസല്‍ട്ടു വന്നു കഴിയുമ്പോള്‍ ഒന്നുകില്‍ കോവിഡ്, അല്ലെങ്കില്‍ നിപ്പാപ്പനി എന്നു പേരുവരും. അതോടെ രോഗി അല്ലാത്തവന്റെ പോലും ചങ്ക് ഇടിക്കും. കാലത്തിന്റെ പോക്ക് മാറിനിന്നു നോക്കുന്നവര്‍ക്ക് തമാശയായി തോന്നും.

അന്നത്തെക്കാലത്ത് കൂടുതല്‍ മീന്‍കിട്ടിയാല്‍ അയല്‍പക്കംക്കാര്‍ക്കൊക്കെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. അന്ന് മത്സ്യം സൂക്ഷിച്ചുവയ്ക്കാന്‍ ഫ്രിഡ്‌ജോ, ഫ്രീസറോ ഒന്നും ഉണ്ടായിരുന്നില്ല. അക്കാലത്ത് അയല്‍പക്കംകാരുമായി കൂടുതല്‍ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. മഴക്കാലത്തിനുശേഷം അന്തരീക്ഷം കുറച്ചുനാള്‍ തെളിയുമ്പോള്‍ പുഴയില്‍ നിന്നും കയറിയവെള്ളമെല്ലാം ഇറങ്ങാന്‍ തുടങ്ങും. അപ്പോള്‍ താഴ്ച പിടിക്കാനും ഞങ്ങള്‍ കൂവള്ളൂര്‍ കുന്നിന്റെയും സമീപപ്രദേശങ്ങളിലുള്ളവരും സംഘങ്ങളായി പോയിരുന്നു. അപ്പോഴും ധാരാളം മീന്‍ കിട്ടും.

വെള്ളപ്പൊക്കം ഉള്ള അവസരങ്ങളില്‍ പുഴയിലെ ഏറ്റവും വലിയ മത്സ്യം വാള ആയിരുന്നു. 6- 7 കിലോ വരെ വലുപ്പമുണ്ടാവും അവയ്ക്ക്. അവ വലയില്‍ കയറിയാല്‍ പിടിക്കണമെങ്കില്‍ പ്രായമായവരുടെ സഹായം വേണ്ടി വരും. കുഞ്ഞിപ്പാപ്പന്‍ പലപ്പോഴും അത്തരം സന്ദര്‍ഭങ്ങളില്‍ ചെറുപ്പക്കാരായ മീന്‍ പിടുത്തക്കാരെ സഹായിച്ചിരുന്ന കാര്യവും ജോയി തന്റെ അനുഭവകുറിപ്പില്‍ രേഖപ്പെടുത്തുന്നു. വാളയെക്കാള്‍ വലുപ്പം കുറഞ്ഞവ ആയിരുന്നു പുല്ലന്‍ എന്ന മത്സ്യം. അവയ്ക്ക് ഒന്നരകിലോ വരെ ഭാരം ഉണ്ടാവും. പിന്നെ വലുപ്പം കുറഞ്ഞതാണ് കുറുവാ എന്ന മീന്‍. അവയ്ക്ക് ഒരുകിലോ വരെ തൂക്കം വരും. ഇവയോടൊപ്പം കാരി, മൂഷി, ചില്ലാന്‍, അറഞ്ഞില്‍, വരാല്‍, പള്ളത്തി, ആരോന്‍, പരല്‍, എന്നിവയെല്ലാം വലയില്‍ കയറും. തുലാവര്‍ഷക്കാലത്ത് ധാരാളം മഞ്ഞകൂരിയും ലഭിക്കാറുണ്ടായിരുന്നു.

അന്നത്തെ മത്സ്യത്തിന്റെ രുചി ഇന്നത്തെ മത്സ്യങ്ങള്‍ക്കില്ല എന്ന് ജോയി സാക്ഷ്യപ്പെടുത്തുന്നു. അന്ന് കേരളത്തില്‍, പ്രത്യേകിച്ച് മീനച്ചില്‍ താലൂക്കില്‍ വിഷം ഇറങ്ങാത്തകാലം. അക്കാലത്ത് പാടങ്ങളോടു ചേര്‍ന്നുള്ള തോടുകളിലും ധാരാളം മത്സ്യങ്ങള്‍ ഉണ്ടായിരുന്നതായി ജോയി രേഖപ്പെടുത്തുന്നു.

വേനല്‍ക്കാലത്ത്, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കിടങ്ങൂരിന് സമീപമുള്ള കട്ടച്ചിറതോട്ടില്‍ 'മീന്‍കൊല' എന്നൊരു ചടങ്ങ് ഉണ്ടായിരുന്നതായി വി.ജെ. ജോയി രേഖപ്പെടുത്തുന്നു. ആണ്ടില്‍ രണ്ടുതവണയാണ് 'മീന്‍ കൊല'. ഒന്ന് കിടങ്ങൂര്‍ ആറാട്ടിന്റെ പിറ്റേ ദിവസം. പിന്നെ ദുഃഖശനിയാഴ്ച. പണ്ടുകാലം മുതല്‍ നിശ്ചയിച്ചിരുന്ന ദിവസങ്ങളാണിത്. എന്തെങ്കിലും സാങ്കേതിക കാരണങ്ങള്‍ ഉണ്ടായാല്‍ ഈ ദിവസങ്ങള്‍ മാറ്റിവയ്ക്കും. മൈക്കിലൂടെ അനൗണ്‍സും ചെയ്യുമായിരുന്നു.

മീന്‍കൊല എന്നു പറഞ്ഞാല്‍ നൂറുകണക്കിന് ആളുകള്‍. ആണ്‍- പെണ്‍- കുട്ടികള്‍- എന്നീ വ്യത്യാസമില്ലാതെ ഒന്നിച്ച് തോട്ടിലേയ്ക്ക് ഇറങ്ങും. രാവിലെ 7 മണിക്ക് തുടങ്ങിയാല്‍ 12 മണിവരെ നീണ്ടുനില്‍ക്കും. കട്ടച്ചിറ പാലത്തിന്റെ അടിയില്‍ നിന്നും തുടങ്ങി മീനച്ചില്‍ ആറുവരെ രണ്ടുകിലോമീറ്ററോളം നീണ്ട ഒരു പ്രക്രിയയാണിത്. എല്ലാവരും കൂടി തോട്ടിലേക്കിറങ്ങി തോടുകലക്കും. വടി ഉപയോഗിച്ച് തോടിന്റെ അരികിലൊക്കെ കുത്തി ഇളക്കി മീനിനെ പ്രകോപിപ്പിക്കും. രണ്ടുപേര്‍കൂടി വലവലിക്കും. വലയില്‍ പലയിനം മീനുകള്‍ ഉണ്ടാകും. ശരാശരി 10 മുതല്‍ 20 കിലോവരെ മീനുകള്‍ ഒരുവലക്കാരന് ലഭിക്കാറുണ്ട്. എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കണമെന്നില്ല. 'കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക' എന്ന് പറയുന്നത് ഇതാണ്. കലക്കവെള്ളത്തില്‍ ഓക്‌സിജന്‍ കിട്ടാതെ തലപൊക്കി നടക്കുന്ന മീനുകളെ കൊട്ടയുപയോഗിച്ച് സ്ത്രീകളും കുട്ടികളുമൊക്കെ പിടിക്കും ഇതാണ് മീന്‍കൊല.

അക്കാലത്ത് കുടല്ലൂര്‍ പുഞ്ചപ്പാടത്ത് മഴക്കാലത്ത് മീന്‍പിടിക്കാന്‍ (ഊത്ത എന്നുപറയും) പല സ്ഥലങ്ങളില്‍ നിന്നും 200 മുതല്‍ 300 വരെ ആളുകള്‍ എത്തിയിരുന്നു. വീശുവല, കുത്തുവല, മീന്‍കൂട്, ഒറ്റാലുകൊണ്ടുള്ള ഒറ്റിപ്പിടിക്കല്‍, വാളുകൊണ്ടുള്ള വെട്ടിപ്പിടിക്കല്‍ എന്നിങ്ങനെ പലതരത്തിലുള്ള മീന്‍പിടുത്തക്കാരുണ്ടാകും. ശരിക്കുപറഞ്ഞാല്‍ ഒരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു. കൂവലും, വിളിക്കലുമൊക്കെ ആയി അന്തരീക്ഷം ശബ്ദമുഖരിതമായിരിക്കും. കാറ്റത്ത് കെടാത്ത റാന്തല്‍വിളക്കുകള്‍ മിക്കവരുടെയും കൈയില്‍ ഉണ്ടാവും. വെളിച്ചം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്ന റാന്തല്‍വിളക്കുകള്‍ പുഞ്ചപ്പാടത്ത് അധികവും കിട്ടുന്നത് പലതരത്തിലുള്ള കൂരികള്‍ - എട്ടക്കൂരി, മഞ്ഞക്കൂരി, ആയിരുന്നു. ചിലപ്പോള്‍ പത്തും ഇരുപതും കിലോ ഓരോരുത്തര്‍ക്കും കിട്ടിയിരുന്നതായി വി.ജെ. ജോയി വെട്ടിക്കക്കുഴി രേഖപ്പെടുത്തുന്നു.

ഇത്തരത്തില്‍ മീന്‍ പിടിച്ചിട്ടുള്ളവര്‍ ഇന്നു നമ്മുടെ നാട്ടില്‍ ഉണ്ടോ എന്നറിയില്ല. വി.ജെ. ജോയി വെട്ടിക്കക്കുഴി തന്റെ മനസ്സില്‍ ഇവയെല്ലാം ഇപ്പോഴും മായാതെ സൂക്ഷിക്കുന്നു. എന്നുതന്നെയല്ല വലകെട്ടാനുള്ള ഉപകരണങ്ങളൊക്കെ ഇന്നും അദ്ദേഹം ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. വലകെട്ട് ഇന്നും അദ്ദേഹം മറന്നിട്ടില്ല. പക്ഷേ പണ്ടത്തെപ്പോലെ കൈവിരലുകള്‍ ഇപ്പോള്‍ വഴങ്ങുന്നില്ല.

അദ്ദേഹത്തിന്റെ കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പ്രവൃത്തി പരിചയമേളയ്ക്ക് ചെറിയൊരു വലകെട്ടി ജോയി കൊടുത്തുവിട്ടപ്പോള്‍ ടീച്ചര്‍മാര്‍ അതൊരു അത്ഭുതകാഴ്ചയായി കരുതിയകാര്യം അദ്ദേഹം ഓര്‍മ്മപ്പെടുത്തി - കാരണം ഇന്നത്തെ തലമുറയ്ക്ക് എല്ലാം യന്ത്രങ്ങള്‍ ഉപയോഗിച്ചു മാത്രമേ അറിഞ്ഞുകൂടൂ. കൈകൊണ്ടുള്ള കരവേലകള്‍ അന്യം നിന്നുകൊണ്ടിരിക്കുന്നു.

കൂവള്ളൂര്‍ കുന്നിലെ കളരിയില്‍ പഠിച്ച ജോയി ഗുരു കൂവള്ളൂരിന്റെ പിതാവില്‍നിന്നും നിരവധി കരവേലകള്‍ സ്വയാത്തമാക്കി എന്നുതന്നെയല്ല നല്ലൊരു കൃഷിക്കാരനായി മാറി. പാലക്കാട് കടമ്പഴിപ്പുറം എന്ന ഗ്രാമത്തില്‍ തന്റെ ചെറിയ സാമ്രാജ്യം സൃഷ്ടിച്ച് ഒരു മാതൃകാകൃഷിക്കാരനായി ജീവിതം നയിക്കുന്നു. അദ്ദേഹത്തിന് രണ്ടുകുട്ടികള്‍. മോള്‍ വിവാഹിതയായി മെഡിക്കല്‍ ഫീഡില്‍ ജോലി ചെയ്യുന്നു. മോന്‍ നന്നെ ചെറുപ്പത്തില്‍ തന്നെ സ്വന്തമായി വൈദ്യുതബള്‍ബുകള്‍ ഉണ്ടാക്കിയ ഒരു എഞ്ചനീയര്‍ ആണ്. പിതാവിനോടൊപ്പം കൃഷിപ്പണികളിലും വ്യാപൃതനാണ്. വി.ജെ. ജോയിയെ കടപ്ലാമറ്റംകാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയുകയില്ല. കടപ്ലാമറ്റം ഹോസ്പിറ്റലിനടുത്തുള്ള 'രൂപരേഖ' എന്ന ക്ലബിന്റെ ശില്‍പികൂടിയാണദ്ദേഹം. കടപ്ലാമറ്റത്തുനിന്നും പാലക്കാടിന് 1989 ല്‍ കുടിയേറിപ്പോയപ്പോള്‍ ഒരുസംഘം കടപ്ലാമറ്റത്തുകാര്‍ അദ്ദേഹത്തെ പാലക്കാടുവരെ കൊണ്ടുപോയി വിട്ടു എന്നത് അദ്ദേഹത്തോടുള്ള ബഹുമാനസൂചനകമാണ്. കടപ്ലാമറ്റത്തെ ചരിത്രം അറിയാവുന്ന വി.ജെ. ജോയി വെട്ടിക്കക്കുഴി ചരിത്രത്തിന്റെ ഭാഗമായി മാറിയതില്‍ മറ്റാരെയുംകാള്‍ ജി.കെ. അഭിമാനിക്കുന്നു. വിദ്യാഭ്യാസത്തിന് കോളജുകള്‍ കയറി ഇറങ്ങേണ്ട ആവശ്യമില്ല എന്ന മഹത്തായ പാഠമാണ് വി.ജെ. ജോയിയുടെ ജീവിതകഥ. എഴുപതുവര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വി.ജെ. ജോയിയും ജി.കെ.യും തങ്ങളുടെ കുട്ടിക്കാലത്തെ ബന്ധം ഇന്നും കെടാതെ സൂക്ഷിക്കുന്നു. ഇത്തരത്തിലുള്ള മിത്രങ്ങള്‍ക്കുള്ള പേരാണ് ''ആത്മമിത്രം'' എന്നു പറയുന്നത്. ഭൂമിയില്‍ ആത്മമിത്രങ്ങളുള്ള വരെ ഭാഗ്യവാന്മാര്‍ എന്നു വിളിക്കാന്‍ കഴിയും. ഇന്നത്തെ ലോകത്ത് ആത്മമിത്രങ്ങളുള്ളവര്‍ വളരെ കുറവാണെന്നു പറയേണ്ടിയിരിക്കുന്നു. ഭൂമിയില്‍ അങ്ങിനെ ഒരുകാലം ഉണ്ടാവട്ടെ എന്നു നമുക്കു പ്രത്യാശിക്കാം.

തുടരും...
Read More: https://www.emalayalee.com/writer/114

 

Join WhatsApp News
Alby 2026-09-14 13:59:27
Very informative
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക