
ഡാലസ്: 2001 സെപ്റ്റംബർ 11 ന്റെ ഓർമ്മകൾ ഇപ്പോഴും ഒരു ദുഃസ്വപ്നം പോലെ നമ്മെ വേട്ടയാടുകയാണ്. വിമാന ആക്രമണം ഉണ്ടായി എന്ന വിവരം അന്നത്തെ യു എസ് പ്രസിഡണ്ട് ജോർജ് ബുഷ് ജൂനിയറിന്റെ ചെവിയിൽ മന്ത്രിച്ച അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രൂ കാർഡ് ഇപ്പോൾ അമേരിക്ക ഒട്ടാകെ ഒരു ദൗത്യം നടത്തുകയാണ്. അന്നേദിവസം വരെ അധികം ആർക്കും അറിയില്ലായിരുന്നു ആരാണ് കാർഡ് എന്ന്. ബുഷ് ജൂനിയറിന്റെ ചെവിയിൽ മന്ത്രിക്കുന്ന ചിത്രം ലോകം എമ്പാടും ശ്രദ്ധിക്കപ്പെട്ടതിനു ശേഷം കാർഡ് പ്രസിദ്ധയിലേക്കു ഉയർന്നു.
ബോംബ് ആക്രമണങ്ങളും അതെ തുടർന്നുണ്ടായ ദുരന്തങ്ങളും ഹൃദയ ഭേദകമായ ചിത്രങ്ങളും വിവരണങ്ങളും കാർഡിന്റെ മനസിനെ വല്ലാതെ ഉലച്ചു. 'ഞാൻ ഒരിക്കലും മറക്കില്ല' എന്ന പ്രസിഡന്റിന്റെ വാചകം ഒരു ദൗത്യമായി ഏറ്റെടുക്കുവാൻ കാർഡ് തീരുമാനിച്ചു. 9-11 ന്റെ കൂടുതൽ ചിത്രങ്ങളും റീലുകളും ദിവസങ്ങൾക്കുള്ളിൽ പുറത്തു വന്നു. ഇത് ഈ ദൗത്യത്തിന്റെ പ്രചാരണത്തിന് കൂടുതൽ കരുത്തേകി. അമേരിക്ക മുഴുവൻ തന്റെ ദൗത്യത്തിന്റെ പ്രചാരണം നടത്തുവാനും എല്ലാ തലമുറയിലും പെട്ട, എല്ലാ രാഷ്ട്രീയ പാർട്ടികളിലും വിശ്വസിക്കുന്ന ജനങ്ങൾക്കിടയിലും ഇത് പ്രചരിപ്പിക്കുവാൻ കാർഡ് ഇപ്പോൾ സന്ദർശനങ്ങളും മാധ്യമങ്ങളുമായി കൂടികാഴ്ചകളും നടത്തുന്നു. 9-11 ന്റെ ആനിവേഴ്സറിയിൽ അദ്ദേഹം ഡാലസിലും വടക്കൻ ടെക്സസിലും സന്ദർശനം നടത്തി.
25 വർഷങ്ങൾ ഒരു നീണ്ട കാലയളവാണ്. അന്ന് രണ്ടാം തരത്തിൽ പഠിച്ചിരുന്ന, ആറോ, ഏഴോ വയസുള്ള കുട്ടികൾക്ക് ടെററിസം എന്ന് പറഞ്ഞാൽ എന്താണെന്നു പോലും അറിയില്ലായിരുന്നു എന്ന് കാർഡ് പറയുന്നു.
'ഏതാണ്ട് എല്ലാ അമേരിക്കക്കാരും 9-11 നു എന്താണ് സംഭവിച്ചത് എന്ന് ഒരിക്കലും മറക്കുകയില്ല എന്ന് പ്രതിജ്ഞ എടുക്കുവാൻ മുന്നോട്ടു വന്നു. എന്നാൽ വർഷങ്ങൾ കടന്നു പോയപ്പോൾ അതെ വികാരത്തോടെ ഇന്നും അവർ ഈ സംഭവത്തെ കാണണമെന്നില്ല. അന്ന് സെക്കൻഡ് ഗ്രേഡിൽ ഉണ്ടായിരുന്ന കുട്ടികൾ ഇന്ന് 33, 34, 35, 36 വയസു പ്രായമുള്ളവരാണ്. ഇപ്പോൾ അവരുടെ കുട്ടികൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നുണ്ടാവും. അപ്പോൾ ചർച്ചാവിഷയമാവുക എന്താണ് തീവ്രവാദം (ടെററിസം ) എന്നാണ്. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കണം അവർ ഈ വാക്ക് കേൾക്കുന്നത് പോലും.
'2001 ൽ ആ ടീച്ചറിന് അമേരിക്കൻ പ്രസിഡണ്ട് തന്റെ ക്ലാസ്സിൽ എത്തിയത് അഭിമാനമുള്ള കാര്യമായിരിന്നിരിക്കണം . ഫ്ലോറിഡയിലെ സരസോട്ടയിലെ എമ്മ ഇ ബുക്കർ എലിമെന്ററി സ്കൂൾ തങ്ങളുടെ ഗ്രേഡ് മെച്ചപ്പെടുത്തുവാൻ ഉള്ള പരിശ്രമത്തിലായിരുന്നു. 'പ്രസിഡണ്ട് കുട്ടികളോട് പാഠഭാഗങ്ങൾ വായിച്ചു കേൾപ്പിക്കുവാനും കഥ പറയുവാനും ഉള്ള തയാറെടുപ്പിലായിരുന്നു. ഞാൻ പ്രസിഡന്റിനടുത്തെത്തി അദ്ദേഹത്തിന്റെ ചെവിയിൽ ആ നടുക്കുന്ന വിവരം മന്ത്രിച്ചു കഴിഞ്ഞതോടെ എല്ലാം കീഴ്‌മേൽ മറിഞ്ഞു.', കാർഡ് ആ സംഭവം വിവരിച്ചത് ഇങ്ങനെയാണ്.
'വി ഡോൺ'ട് ഫോർഗെറ്റ് വാട്ട് ഹാപ്പെൻഡ്' എന്ന് എല്ലാവരെയും വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുവാന് ഞാൻ മറക്കാറില്ല. കാരണം സംഭവിച്ചത് ഒരു മഹാദുരന്തമായിരുന്നു. എനിക്ക് വേൾഡ് ട്രേഡ് സെന്ററിൽ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അയാളുടെ വീട് മസ്സാച്ചുസെറ്റ്സിലുള്ള ഹോൽബറൂക്കിലെ എന്റെ വീട്ടിനടുത്തായിരുന്നു. സംഭവദിവസം രാവി ലെ അയാൾ പതിവു പോലെ ജോലിക്കു പോയി. തീ പടർന്നു പിടിച്ചപ്പോൾ കെട്ടിടത്തിൽ നിന്ന് പലരും താഴേക്ക് ചാടി. കുറെ നേരം അയാളുടെ ഫോണിൽ നിന്ന് തീ പടരുന്നതിന് കുറിച്ചും മറ്റും ഉള്ള വിവരങ്ങൾ അയാൾ അറിയിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് അയാളുടെ ശബ്‍ദം നിന്നു. കത്തി പടരുന്ന തീയിൽ നിന്ന് രക്ഷപെടാൻ അയാളും താഴേക്കു ചാടി മരിച്ചു. ഞാൻ എങ്ങനെയാണു ഈ സംഭവം മറക്കുക?', കാർഡ് ചോദിച്ചു.
'ദുരന്തത്തിന് ശേഷം നാറ്റോ വലിയ സേവനം ആണ് ചെയ്തത്. നാറ്റോയ്ക്ക് ഞാൻ നന്ദി പറയുന്നു. ക്യാനഡയോടും എനിക്ക് നന്ദിയുണ്ട്. ആ ദിവസം കാനഡ ഒരുപാടു ഫ്‌ളൈറ്റുകൾ സ്വീകരിച്ചു.
'രണ്ടാമതൊരു പ്ലേനും വേൾഡ് ട്രേഡ് സെന്ററിന്റെ രണ്ടാമത്തെ ടവറിനെ ഇടിച്ചു തകർത്തു എന്ന വിവരം ഞാൻ പ്രസിഡന്റിന്റെ ചെവിയിൽ മന്ത്രിച്ചതിനു ശേഷം പ്രസിഡണ്ട് ഉടനെ തന്നെ തന്റെ അടിയന്തിര കടമകൾ ഏറ്റെടുത്തു. തന്റെ ഉദ്‌ഘാടന ചടങ്ങിൽ പറഞ്ഞതിനുപരിയായി അധികാരമേറ്റപ്പോൾ പറഞ്ഞ വാക്കുകൾക്കു പ്രസിഡണ്ട് പ്രാധാന്യം നൽകി. ഇത് തന്റെ മാത്രം അജണ്ട അല്ല, രാജ്യത്തിൻറെ മുഴുവൻ അജണ്ടയാണ് എന്നദ്ദേഹം തിരിച്ചറിഞ്ഞു.
'സൈബ്‌റിടങ്ങളിൽ പലതരം കഥകൾ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും ഇപ്പോഴും തുടരുന്നു. ചിലർ ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നു 'കണ്ടെത്തി'. 'ഗവണ്മെന്റ് ഇത് പ്ലാൻ ചെയ്തു, നടപ്പാക്കി' എന്ന് പോലും ചിലർ വിശേഷിപ്പിച്ചു. ഇത് കേൾക്കുമ്പോൾ എനിക്ക് അരിശം വരാറുണ്ട്. പ്രസിഡന്റിന്റെ വിവേകമുള്ള ഉപദേശകനായി പ്രവർത്തിച്ചതിനു ടോണി ബ്ലയേറിനോട് ഞാൻ നന്ദി പറയുന്നു.
'ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ അവസാനിപ്പിക്കാം. രാഷ്ട്രീയം ഒരു മലിന വാക്കായി കരുതാത്ത ഒരു കുടുംബത്തിലാണ് ഞാൻ വളർന്നത്. എന്റെ മുത്തശ്ശി (എന്റെ അച്ഛന്റെ അമ്മ)ക്ക് നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്നു. അവർ കോളേജിലും പോയിരുന്നു. 1894 ലാണ് അവർ ജനിച്ചത്. ടൈറ്റിൽ ഉണ്ടായില്ലെങ്കിലും അവർ ഒരു കോളേജ് പ്രൊഫസർ ആയിരുന്നു. വോട്ടവകാശത്തിനു വേണ്ടി പോരാടിയ ഒരു ധീര വനിതായിരുന്നു അവർ. ഞങ്ങളുടെ വീടിനു എതിർ വശത്തായിരുന്നു അവരുടെ വീട്. ഊണ് മേശയിൽ ഞങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്തിരുന്നു. വക്കാണങ്ങളും പതിവായിരുന്നു. 'നമ്മൾ, ജനങ്ങൾ എന്ത് പറയും? എന്ന ചോദ്യത്തോടെ മുത്തശ്ശി ചർച്ചകൾ അവസാനിപ്പിക്കുമായിരുന്നു. അവരുടെ ഭർത്താവ് ഒന്നാം ലോക മഹായുദ്ധത്തിൽ കെമിസ്റ്റായി സേവനം അനുഷ്ടിച്ചു. മൂത്ത മകൻ രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ചു. ഓഗസ്റ്റ് 1920 വരെ എനിക്ക് കോൺസ്റ്റിടിയൂഷനിലെ പ്രീ ആമ്പിളിലെ 'വി' അംഗീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോൾ എനിക്കറിയാം ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട വാക്ക് വി ആണെന്ന്. ഇപ്പോൾ ഞാൻ വി യുടെ ഭാഗമാകുന്നതിൽ അഭിമാനം കൊള്ളുന്നു. നിങ്ങൾ എല്ലാവരും വി യുടെ ഭാഗമാവുകയും പ്രവർത്തിക്കുകയും വേണം,' കാർഡ് പറഞ്ഞു.
കാർഡ് ജനപ്രതിനിധി സഭാംഗമായിരുന്നു. സെക്രട്ടറി ഓഫ് ട്രാൻസ്‌പോർട്ടേഷൻ, പ്രസിഡണ്ട് ജോർജ് ബുഷ് ജൂനിയറിന്റെ ചീഫ് ഓഫ് സ്റ്റാഫ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.