
മനുഷ്യജീവിതത്തിൻ്റെ പച്ചയായ യാഥാർത്ഥ്യങ്ങളെയും വൈകാരികമായ ആഴങ്ങളെയും ലളിതമായ ഭാഷയിൽ ആവിഷകരിച്ചിരിക്കുന്ന മികച്ചൊരു കൃതിയാണിത്. ഭാവനയുടെ അതിപ്രസരമില്ലാതെ, ചുറ്റുമുള്ള ലോകത്തെ ആർദ്രതയോടെ നോക്കിക്കാണുന്ന ഒരു കവിയുടെ ഹൃദയസ്പർശിയായ വരികളാണ് ഈ പുസ്തകത്തിൻ്റെ ജീവൻ.
നസ്രേത്തിൽ ജോസ് വർഗ്ഗീസിന്റെ ആദ്യ കവിതാസമാഹാരമാണിത്. ഈ പുസ്തകം 2026 ജൂലൈയിൽ അമേരിക്കയിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. ആത്മാവിൽ കവിത സൂക്ഷിക്കുന്ന മനുഷ്യരുടെ അടയാളപ്പെടുത്തലുകൾ ഈ സമാഹാരത്തിൽ കാണാം. ഓർമ്മപ്പെടുത്തലുകളും പച്ചയായ ജീവിത സത്യങ്ങളും നിറഞ്ഞ സീതാചക്രം വായിച്ചു കഴിയുമ്പോൾ വായനക്കാരൻ്റെ ഉള്ളിൽ ഒരു നേരറിവിൻ്റെ വെളിച്ചമുണ്ടാകുമെന്നുറപ്പ്.
ഇംഗ്ളീഷിൽ 'Magic Squares' എന്നു വിളിക്കപ്പെടുന്ന ‘സീതാചക്രം’ എന്ന രാശിപ്പലക പോലെയുള്ള മാന്ത്രികസമചതുരം വളരെ പ്രസിദ്ധമാണ്. ഗണിത ശാസ്ത്രത്തിലെ വെറുമൊരു മാന്ത്രിക സമചതുരം മാത്രമായിട്ടല്ല അത് അറിയപ്പെടുന്നത്. അതിന് തികച്ചും ഒരു മാന്ത്രിക പരിവേഷം ഉണ്ട്. കുട്ടികൾക്കിടയിൽ മാത്രമല്ല മുതിർന്നവർക്കിടയിലും വളരെ പ്രചാരം നേടിയ ഒരു ഗണിത വിനോദമാണിത്. ജ്യോതിഷത്തിലും വാസ്തുവിദ്യയിലും ഭാവി പ്രവചിക്കനായി ഇത് ഉപയോഗിക്കുന്നു. ഇതിനെ ഉയർച്ച താഴ്ചകളുടെ ജീവിതചക്രമായി കാണാം.
ഒമ്പതു ഖണ്ഡങ്ങളുള്ള ഒരു മാന്ത്രിക ചക്രമാണ് സീതാചക്രം. ഓരോ വരിയിലുമുള്ള അക്കങ്ങൾ കൂട്ടിയാൽ 15 വരും. കുളിച്ച് ശുദ്ധമായി ഭക്തിയോടെ കണ്ണുകളടച്ച് കളത്തിൽ എതെങ്കിലുമൊന്നിൽ തൊടുക. അല്ലെങ്കിൽ ഒരു പൂവോ അക്ഷതമോ എറിയുക. 1 എന്ന അക്കമെങ്കിൽ ധനലാഭം. 2. നാശം 3. സ്നേഹം 4. പീഡ 5. ക്ഷേമം 6. കലഹം 7. ധനം 8. മരണം 9. സന്തോഷം. ഇത് രസകരമായ ഒരു വിശ്വാസം മാത്രമാണ്. ചിലോർക്ക് ശരിയാകും ചിലോർക്ക് ശരിയാകില്ല. ശരിയാകുന്നവരുടെ വിശ്വാസം കൂടും. തെറ്റിപ്പോകുന്നവർ ആരോടും പറയില്ലെന്നു മാത്രമല്ല അവർ പോലും മറന്നു പോവുകയും ചെയ്യും. മനുഷ്യജീവിതം, വിശ്വാസം, പ്രകൃതി, കാലം, പ്രത്യാശ, പ്രണയം, വിരഹം, വാർദ്ധക്യം, കുടുംബബന്ധങ്ങളിലെ ഉലച്ചിലുകൾ, സാമൂഹിക തിന്മകൾ എന്നിവയിലൂടെയെല്ലാം ഈ കവിതകൾ കടന്നു പോകുന്നുണ്ട്.
പിതൃത്വത്തിൻ്റെ മൗനമായ വേദനകളെയും കുടുംബത്തിനുവേണ്ടി അയാൾ നടത്തുന്ന ആത്മത്യാഗത്തെയും വരച്ചുകാട്ടുന്ന ഹൃദയസ്പർശിയായ കവിതയാണ് 'കല്ല് '. ഉറക്കത്തിൽ പോലും അപ്പനെ അലട്ടുന്ന കഠിനമായ വേദനയെക്കുറിച്ചാണ് കവിത സംസാരിക്കുന്നത്. ആ വേദനയ്ക്ക് മെഡിക്കൽ ലോകം 'കിഡ്ണിയിലെ കല്ല് ' എന്ന് പേരിട്ട് സർജറി നിർദ്ദേശിക്കുമ്പോൾ, ജീവിത യാഥാർത്ഥ്യങ്ങൾ നന്നായറിയാവുന്ന അമ്മ അതിനെ നെഞ്ചിലെ കല്ല് അഥവാ കുടുംബഭാരമെന്ന് വിശേഷിപ്പിക്കുന്നു. മൂന്ന് ഓപ്പറേഷനുകൾ കഴിഞ്ഞിട്ടും മാറാത്ത വേദന, നാലാമത്തെ മകൾ വിവാഹപ്പന്തലിൽ അപ്പനെ കെട്ടിപ്പിടിച്ചു കരയുന്നതോടെ സ്വയം അലിഞ്ഞ് ഇല്ലാതാവുകയാണ് ചെയ്യുന്നത്. അപ്പനിപ്പോൾ കല്ല് കിഡ്ണിയിലില്ല നെഞ്ചിലുമില്ല മറിച്ച് കരളിൽ നാലായി പൊടിഞ്ഞു കിടക്കുകയാണെന്ന് കവി എഴുതുന്നു.

ബൈബിളിലെ ഒറ്റുകാരനായ യൂദാസിൻ്റെ ഉള്ളിലെ ആത്മസങ്കർഷങ്ങളെയും പശ്ചാത്താപത്തെയും തിരയുന്ന മനോഹരമായ കവിതയാണ് 'യൂദാ ഇസ്‌കരിയോത്താവ് ' മുപ്പത് വെള്ളിക്കാശിൻ്റെ തിളക്കത്തിൽ കണ്ണ് മഞ്ഞളിച്ചു പോയ യൂദാസ്, ഒടുവിൽ താൻ ഒറ്റിക്കൊടുത്തത് സാക്ഷാൽ വെളിച്ചത്തെയും സത്യത്തെയുമായിരുന്നു എന്ന് തിരിച്ചറിയുന്ന നിമിഷമാണ് ഇതിൻ്റെ കേന്ദ്രബിന്ദു.
'ഞാനറിഞ്ഞിരുന്നില്ലവൻ ക്രിസ്തുവായിരുന്നെന്ന്
ഞാനറിഞ്ഞിരുന്നില്ലവൻ വെളിച്ചമായിരുന്നെന്ന്
ഞാനറിഞ്ഞിരുന്നില്ലവൻ സത്യമായിരുന്നെന്ന്
ഞാനറിഞ്ഞിരുന്നില്ല ഞാനറിഞ്ഞിരുന്നതേയില്ല'
എന്ന് യൂദാസ് താൻ ചെയ്ത തെറ്റിൻ്റെ ആഴം മനസ്സിലാക്കി ആവർത്തിച്ചു വിലപിക്കുമ്പോൾ അത് മനുഷ്യൻ്റെ തിരിച്ചറിവില്ലായ്മയുടെ പ്രതീകമായി മാറുന്നു.
ഈ സമാഹാരത്തിൻ്റെ ഏറ്റവും ദീർഘവും നാടകീയവുമായ കവിതയാണ് 'ശ്യാമള'. നാല് ഭാഗങ്ങളിലായി ഒരു ദമ്പതികളുടെ ജീവിതത്തിൻ്റെ വസന്തകാലം മുതൽ ശരത്കാലം വരെയുള്ള പ്രയാണമാണ് ഇതിൽ സങ്കടത്തോടെ വിവരിക്കുന്നത്. പരസ്പരം സ്നേഹിച്ചും, മക്കളെ ചോരനീരാക്കിയും വളർത്തി വലിയ നിലകളിൽ എത്തിച്ച് ഒടുവിൽ വൃദ്ധസദനത്തിലേക്ക് യാത്രയാകാൻ നിർബന്ധിതമാകുന്നതാണ് ഇതിവൃത്തം.
'വീടിൻ്റെ മുറ്റത്തടക്കല്ലേ അമ്മയെ
വീട് വിൽക്കാനുള്ളതാ, വിറ്റുപോകില്ല
കൂട്ടത്തിലാരോ പറയുന്നതു കേട്ടു'
എന്ന വിദേശത്തുള്ള മകൻ്റെ വാക്കുകളിലാണ് കവിത അവസാനിക്കുന്നത്. ഇത് വായനക്കാരെ ഞെട്ടിക്കുകയും ദിവസങ്ങളോളം കൊത്തി വലിക്കുകയും ചെയ്യും. മാതൃത്വത്തെയും പിതൃത്വത്തെയും വിപണിമൂല്യത്തോടെ മാത്രം കാണുന്ന തലമുറയുടെ സ്വാർത്ഥതയ്‌ക്കെതിരെയുള്ള ശക്തമായ സാമുഹിക വിരൽചൂണ്ടലാണ് ഈ കവിത.
'ഇതുവരെ എഴുതാത്ത
പദങ്ങളെഴുതി ഞാൻ
ഇതുവരെ പാടാത്ത
പാട്ടുകൾ പാടി ഞാൻ
ഇതുവരെയണിയാത്ത
ചമയങ്ങളണിഞ്ഞു ഞാൻ
ഇതുവരെ ആടാത്ത
കഥകളാടാം തോഴി
ഇതുവരെ ആടാത്ത കഥകളാടാം തോഴി'
എന്ന് താളത്തിൽ പാടി 'ചുംബിച്ചുറക്കുവോൾ' എന്ന കവിതയിൽ തുളസിത്തറയിൽ കൂടുകൂട്ടി തോഴിക്കായ് കവി കാത്തിരിക്കുന്നത് കാണാം. വളരെ സൂക്ഷ്മതയോടെ തപസ്സിരുന്നാണ് കവിതകളിലെ ഓരോ വാക്കുകളും തിരഞ്ഞെടുത്തിരിക്കുന്നത്.
'അണി അണി ചേരുക കർഷകരെ
നമ്മൾ വിതച്ച വയലുകളിൽ
അടിമകളായിനി പണിയില്ല
അടിമച്ചങ്ങല ബന്ധിപ്പിച്ചാൽ
പൊട്ടിച്ചെറിയും നമ്മളിനി'
എന്ന് കർഷകരോടൊത്ത് ചേർന്ന് 'കൊയ്ത്തുപാട്ട് ' പാടി അവരോടൊപ്പം മരണം വരെയും പൊരുതുന്ന കവിയെ നമുക്ക് കാണാൻ സാധിക്കും.
ഏദന്തോട്ടത്തിലെ ആദ്യമാതാവായ ഹവ്വയെ മുൻനിർത്തി പ്രണയത്തിൻ്റെ പരസ്പര പൂരകങ്ങളായ ഭാവത്തെ അടയാളപ്പെടുത്തുന്ന കവിതയാണ് 'ഹവ്വാ'. ജീവിതത്തിലെ സുഖങ്ങളും സ്വപ്നങ്ങളും മാത്രമല്ല, ദുഃഖങ്ങളും വീഴ്ചകളും ഒരു പോലെ പങ്കിടുന്നതാണ് യഥാർത്ഥ പ്രണയമെന്ന് കവിത വ്യക്തമാക്കുന്നു. പുരുഷൻ്റെ ജീവിതത്തിന് പൂർണ്ണത നൽകുന്നതും, പ്രതിസന്ധികളിൽ തണലായി നിൽക്കുന്നതുമായ സ്ത്രീത്വത്തിൻ്റെ മഹത്വത്തെയാണ് കവി ഇതിലൂടെ ആവിഷകരിക്കുന്നത്.
'ഒരായിരം ജന്മങ്ങൾ പുഷ്പിതമാകുമ്പോൾ
പൂവിൻ്റെ നിറമായ് നീ വരുമോ?
ഒരായിരം പുലരിയിൽ പുളകിതമാകുമ്പോൾ
പൂവിൻ മണമായ് നീ വരുമോ?'
എന്ന് കവി ഹവ്വായോട് അഭ്യർത്ഥിക്കുന്നത് പ്രണയത്തിൻ്റെ നിത്യതയെ ഓർമ്മിപ്പിക്കുന്നു.
'എൻ്റെ വടുക്കൾ ഞാൻ ധരിക്കും,
എൻ്റെ പേരു ഞാൻ സ്വീകരിക്കും,
ധൈര്യത്തോടിരുട്ടിലൂടെ പൂക്കും'
എന്ന് 'ഡാണ്ടിലിയോൺ' എന്ന കവിതയിൽ കാണുന്നു. കൊള്ളരുതാത്തതെന്നു പറഞ്ഞ് എല്ലാവരും നശിപ്പിക്കുന്ന മഞ്ഞപൂക്കളുള്ള ഡാണ്ടിലിയിയോൺ എന്ന കളയുടെ ജന്മത്തിൽ അഭിമാനം കൊള്ളുന്നു. പണ്ടൊരിക്കൽ വിളകളെല്ലാം കളകളായിരുന്നെന്ന് കവി നിരീക്ഷിക്കുന്നു. നമ്മുടെ നിത്യജീവിതത്തിൽ നാം കാണാറുള്ളതും എന്നാൽ ശ്രദ്ധിക്കാതെ പോകുന്നതുമായ പല ബിംബങ്ങളെയും കവിതയിലേക്ക് ആവാഹിക്കുന്നതിൽ കവി വിജയിച്ചിരിക്കുന്നു. ജീവിതത്തോട് അത്രമേൽ ചേർന്നു നിൽക്കുന്ന ഇത്തരം കാഴ്ചകൾ വായനക്കാരിൽ കവിത വായിച്ചു കഴിഞ്ഞും ദീർഘകാലം പ്രകാശം പരത്തി നിലനിൽക്കുന്ന ഒരു അനുഭൂതി പകരും.
പണത്തിനു പിന്നാലെയുള്ള നെട്ടോട്ടത്തിൽ നഷ്ടപ്പെട്ടു പോകുന്ന മനുഷ്യത്വത്തെയും സ്നേഹത്തെയും തിരികെ പിടിക്കാനാണ് കവി കവിതകളിലൂടെ ആവശ്യപ്പെടുന്നത്. നന്മയുടെ വലിയ സന്ദേശം കൈമാറുന്ന ഈ കവിതകൾ ഗൗരവതരമായ വായനയും ആഴത്തിലുള്ള ചർച്ചകളും അർഹിക്കുന്നു.
ഈ കവിതാസമാഹരത്തിൽ ജീവിതത്തിൻ്റെ കയറ്റിറക്കത്തിൻ്റെ ശേഷിപ്പുകൾ വായിച്ചെടുക്കുവാൻ സാധിക്കും. കവിതയ്ക്കൊഴികെ മറ്റെല്ലാത്തിനും അതിരുകൾ ഉണ്ടെന്നും കവിതമാത്രം നിർവ്വചനങ്ങളിൽ ഒതുങ്ങാതെ ചിന്തകളുടെ ഒരറ്റത്ത് ജീവിക്കുന്നു എന്നും ഈ കവിതകളിൽ വെളിവാക്കുന്നുണ്ട് എന്ന് പ്രസാധകക്കുറിപ്പിൽ മുഖം ബുക്സിൻ്റെ എഡിറ്റർ അഭിപ്രായപ്പെട്ടിരിക്കുന്നു.
'സീതാചക്രം ജീവിതയാഥാർത്ഥ്യങ്ങളുടെ കാവ്യസഞ്ചാരം' എന്ന പേരിൽ മാധ്യമപ്രവർത്തകൻ അനിൽ പെണ്ണൂക്കരയാണ് അവതാരിക എഴുതിയിരിക്കുന്നത്. ആനുകാലികങ്ങളിലും ഓൺലൈൻ മാഗസിനിലുകളുമായി മുപ്പത്തി ഏഴ് ഇടങ്ങളിൽ ആദ്യമായി വെളിച്ചം കണ്ട കവിതകളാണ് ഈ സമാഹാരത്തിൽ ചേർത്തിരിക്കുന്നത്. 54 കവിതകളുടെ ഈ സമാഹാരം മലപ്പുറത്തുള്ള മുഖം ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 104 പേജുകളുള്ള ഈ പുസ്തകത്തിൻ്റെ വില 10 ഡോളറാണ്.

നസ്രേത്തിൽ ജോസ് വർഗ്ഗീസ്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര കല്ലുമല നസ്രേത്തിൽ കൊച്ചുകുഞ്ഞു വർഗ്ഗീസിൻ്റെയും പെണ്ണമ്മ വർഗ്ഗീസിൻ്റെയും മകൻ. 1992 മെയ് മുതൽ 2023 നവംബർ വരെ മുപ്പത്തിയൊന്ന് വർഷം മുത്തുകളുടെയും പവിഴങ്ങളുടെയും തീരമായ ബഹ്റൈനിൽ പ്രവാസിയായിരുന്നു. ഇപ്പോൾ അമേരിക്കയിലെ പെൻസിൽവാനിയയിലെ ഫിലഡൽഫിയയിൽ കുടുംബസമേതം താമസിക്കുന്നു.
മുൻപ് ബഹ്റൈനിൽ ആയിരുന്നപ്പോൾ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകളിലൊക്കെ സജീവമായിരുന്നു. ഇപ്പോൾ അമേരിക്കയിൽ എത്തിയ നാൾമുതൽ തൻ്റെ ഇഷ്ടക്കാരെ കണ്ടെത്താനുള്ള ശ്രമിത്തിലാണ്. ആനുകാലികങ്ങളിൽ തുടർച്ചയായി കവിതകൾ എഴുതുന്നു.
സീതാചക്രം ആദ്യ കവിതാ സമാഹാരമാണ്. കോളേജിൽ പഠിക്കുമ്പോൾ മൂന്നു വർഷം തുടർച്ചയായി കവിതാരചന മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. നിരവധി ആൽബങ്ങളിൾക്ക് ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
ഭാര്യ :- ഷീബ ജോസ്
മക്കൾ :- സെലിസ്റ്റ്, ക്രിസ്റ്റബെൽ, സെലിൻ.
email :- nazrethiljosevarghese@gmail.com