Image

സംഭവാമി യുഗേ യുഗേ (ഓണ സന്ദേശം: നൈനാൻ മാത്തുള്ള)

Published on 14 September, 2026
സംഭവാമി യുഗേ യുഗേ (ഓണ സന്ദേശം: നൈനാൻ മാത്തുള്ള)

സഹൃദയരായ എല്ലാ മലയാളി സുഹൃത്തുക്കൾക്കും 2026 ന്റെ ഓണാശംസകൾ!

ഓണം! ആ പേര് തന്നെ ഗൃഹാതുരത്വം വിളിച്ചുവരുത്തുന്നതാണ്. കുട്ടിക്കാലത്തെ ഓണത്തെപ്പറ്റിയുള്ള പച്ചപിടിച്ച ഓർമ്മകൾ-പപ്പടം, ഉപ്പേരി, ഊഞ്ഞാൽ, പായസം, ഓണക്കാല അവധി- ഒരു ഉത്സവം തന്നെ!

ഉത്സവത്തെപ്പറ്റി പറയുമ്പോൾ എന്റെ മനസ്സിൽ വരുന്നത് ഓണവും, ക്രിസ്തുമസ്സും, പള്ളിയിലെ പെരുന്നാളും മല്ലപ്പള്ളി പൂവനകടവിലെ സമ്മേളനവുമാണ്.

കുട്ടികൾക്ക് സന്തോഷത്തിന്റേതായ ദിവസങ്ങൾ. എല്ലാ ജാതികളിലും ഭാഷകളിലും ഇതുപോലുള്ള ഉത്സവങ്ങൾ കാണാൻ സാധിക്കും. ഓരോ ഉത്സവത്തിന്റെയും പുറകിൽ അതിന്റേതായ പാരമ്പര്യങ്ങളോ ഐതിഹ്യങ്ങളോ കാണാം. ഇതിന്റെയെല്ലാം പുറകിൽ അദൃശ്യങ്ങളായ കരങ്ങളെയും കാണാം- ചിലർക്കെങ്കിലും.
മനുഷ്യർ എപ്പോഴും സന്തോഷിക്കണമെന്നാണ് ഈശ്വരൻ ആഗ്രഹിക്കുന്നത്. ഓരോ ജാതിക്കും, വംശത്തിനും ഉത്സവങ്ങൾ കൊടുത്തിരിക്കുന്നത് ജനങ്ങൾക്ക് കൂടിവരുന്നതിനും സന്തോഷിക്കുന്നതിനുമാണ്. പഴയനിയമം യിസ്രായേലിൽ ഈ ഉദ്ദേശത്തോടുകൂടി പല പെരുന്നാളുകളും ദൈവം ക്രമീകരിച്ചിരിക്കുന്നു (ആവർത്തപുസ്തകം 14:26-29)

ഓണത്തെപ്പറ്റിയാണല്ലോ പറഞ്ഞുവരുന്നത് 'മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ'' എന്ന വരികളാണ് ആദ്യം ഓർമ്മയിൽ വരിക. എന്തിനാണ് മനുഷ്യരെല്ലാവരും ഒന്നുപോലെയാകുന്നത്? പലരും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണ് എന്ന് കാണിക്കാൻ, മുഴച്ചുനിൽക്കാൻ ചെയ്യുന്നതായ പൊടിക്കൈകൾ ഓർമ്മയിൽ വരുന്നു. എഴുതിയിരിക്കുന്ന വരികൾ കവിയുടെ ഭാവന എന്നതിൽ കവിഞ്ഞ് അതിൽ യാഥാർത്ഥ്യമൊന്നുമില്ല. എല്ലാക്കാലത്തും മനുഷ്യരിൽ നല്ല വാസനകളും ദുഷ്ടവാസനകളും കാണുമല്ലോ? പിടിച്ചുപറിയും, കവർച്ചയും, കൊലപാതകവും അതിന്റെ ഭാഗം തന്നെ. അതുകൊണ്ട് മനുഷ്യരെല്ലാവരും ഒന്നുപോലെയായിരുന്നു എന്നത് അടുത്ത കാലത്ത് ഏതോ കവിയുടെ ഭാവന എന്നതിൽ കവിഞ്ഞ് അതിന് യാഥാർത്ഥ്യവുമായി ബന്ധമൊന്നുമില്ല. ഇതു തന്നെയല്ല; മറ്റു വൈരുദ്ധ്യങ്ങളുമുണ്ട്.

കേരളത്തിൽ ഓണം മഹാബലിയെ എതിരേല്ക്കാനാണ് ആഘോഷിക്കുതെങ്കിൽ ഗുജറാത്തിൽ അത് വാമനജയന്തിയായിട്ടാണ്- അതായത് വാമനന്റെ അധർമ്മം അഥവ തിന്മയിന്മേലുള്ള ജയം.
വൈഷ്ണവ അവതാരമായ വാമനൻ അസുര ചക്രവർത്തിയായ മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തി എന്നും, വർഷത്തിൽ ഒരിക്കൽ തന്റെ ജനങ്ങളെ കാണുന്നതിന് ഒരു അവസരം ചോദിച്ചതായും വാമനൻ അത് നൽകിയതായുമാണ് കഥ.

കഥ ഇതാണെങ്കിലും അതിന്റെ പുറകിലുള്ള ചരിത്രം എന്താണ്? ചരിത്രം എന്നു പറയുമ്പോൾ പൊതുവെ യുദ്ധത്തിന്റെയും ജയത്തിന്റെയും തോൽവിയുടെയും ചരിത്രമാണ്. യുദ്ധത്തിൽ ജയിച്ച പക്ഷത്തിനാണ് ചരിത്രം എഴുതാനുള്ള അധികാരം ലഭിക്കുന്നത്. യുദ്ധത്തിൽ തോറ്റ കക്ഷിക്ക് ചരിത്രം എഴുതാനുള്ള അവസരമില്ല. അവരുടെ പുസ്തകങ്ങൾ നശിപ്പിക്കപ്പെടുന്നു. അവർ അവരുടെ കഥ ഐതിഹ്യങ്ങളായോ, പുരാണകഥകളായോ പ്രചരിപ്പിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്‌ലർ വിജയിച്ചിരുന്നു എങ്കിൽ ലോകചരിത്രം ഇന്നു നാം അറിയുന്നപോലെ ആയിരിക്കുകയില്ല. ഈ കഥകളിൽ ചരിത്രം ഉറങ്ങി കിടപ്പുണ്ട്. അതിനെ ഒ്ന്നു ചാരം മാറ്റി അല്ലെങ്കിൽ ചികഞ്ഞ് പുറത്തെടുക്കാൻ ഒരു ശ്രമം നടത്തുന്നതിൽ തെറ്റില്ല. മഹാബലി അസുര ചക്രവർത്തി ആയിരുന്നുവല്ലോ? ആരാണ് ഈ അസുരന്മാർ? 

നമുക്ക് ക്രിസ്തുവിന് 2000 വർഷം പുറകോട്ട് ഒന്നു യാത്ര ചെയ്യാം. അതു നമ്മെ കൊണ്ടെത്തിക്കുന്നത് അസ്സിരിയൻ (Assyrian) സാമ്രാജ്യത്തിലേക്കും അവരുടെ പിതാമഹനിലേക്കുമായിരിക്കും. ബാബിലോണിയൻ സാമ്രാജ്യത്തിന് മുമ്പ് മദ്ധ്യപൂർവേഷ്യയിൽ നിലനിന്നിരുന്ന സാമ്രാജ്യമായിരുന്നു അസ്സിറിയൻ സാമ്രാജ്യം. അവരുമായിട്ടുള്ള കുടിപകയും പീഢനവും സഹിക്കാഞ്ഞിട്ടാണ് അവരുടെ സഹോദരവർഗ്ഗമായ ആര്യന്മാർ അവിടെനിന്നും പുറപ്പെട്ട് പേർഷ്യയിലും അതിൽ ഒരു ശാഖ ഇന്ത്യയിലും കുടിയേറിയത്. ആര്യന്മാർ തങ്ങളെത്തന്നെ ദേവവർഗ്ഗമായിട്ടും അവരുടെ ഭാഷയായ സംസ്‌കൃതം ദേവഭാഷയായും കരുതിയിരുന്നു. അവരൊഴികയുള്ള എല്ലാവരെയും അവർ അസുരന്മാർ എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ടാണ് അവർ വരുമ്പോൾ ഇന്ത്യയിലുണ്ടായിരുന്ന കറുത്ത വർഗ്ഗക്കാരായ ദ്രാവിഡിയൻസിനെ അവർ അസുരന്മാർ എന്ന് വിളിച്ചത്. യഹൂദന്മാരും ഇസ്രയേലും അവരല്ലാത്തവരെയെല്ലാം ജാതികൾ (Gentiles) എന്നാണ് വിളിച്ചിരുന്നത്. ഗ്രീക്കുകാർ അവർ ഒഴികെയുള്ളവരെയെല്ലാം ബാർബേറിയൻസ് (Barbarians) എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ടാണ് ആര്യന്മാർ രാവണനെയും അസുരൻ എന്നു വിളിച്ചിരുന്നത്.
പല ചരിത്ര പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്; ഇന്ത്യൻ പുരാണങ്ങളിലെ അസുരന്മാർ മദ്ധ്യപൂർവ്വേഷ്യയിലെ അസ്സീറിയൻ തന്നെയാണ് എന്ന് സ്ഥാപിക്കാൻ. അതിൽ ചിലത് ഇന്ത്യൻ പുരാണങ്ങളെ ആശ്രയിച്ചിട്ടുള്ളതാണ്. ഈ അസ്സീറിയൻസ് ബൈബിളിലെ അസ്സൂറിം (Assurim) നിന്നും ഉത്ഭവിച്ചിട്ടുള്ളവരാണ്. അവർ ആര്യന്മാരുടെ പിതാമഹനായ ഏഫർ ന്റെ സഹോദരവർഗ്ഗമായിരുന്നു എന്നത് ബൈബിളിൽ നിന്നും മനസ്സിലാക്കാവുതാണ്. ഏഫറിൽ നിന്നാണ് പാർത്ഥിയൻസ് (Parthians) എന്ന് പേരുണ്ടായത്. അതുപോലെ തന്നെ പാർത്ഥൻ, ഭരതൻ, ഭാരതം എന്നീ പേരുകൾ ഏഫറിൽ നിന്നാണ്. ഇതെല്ലാം ആര്യൻ പേരുകളാണല്ലോ. പേർഷ്യൻ എന്ന പേരും അവർ കുടിയിരുന്നതായ ഫർ (Far) പ്രവിശ്യയിൽ നിന്നുമാണ്. 

ഓണത്തിന്റെ പുറകിലുള്ള ചരിത്രമാണല്ലോ നമ്മുടെ വിഷയം. ഇന്ത്യയിൽ കുടിയേറിയ ആര്യന്മാർ ഇന്ത്യയിലെ ആദിമനിവാസികളായ ദ്രാവിഡരെ തെക്കോട്ടു തള്ളുകയും, ആന്ധ്ര, കർണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ പ്രദേശങ്ങൾ പിന്നീട് നാലു ഭാഷകളും വർഗ്ഗങ്ങളുമായി പിരിഞ്ഞു- ദ്രാവിഢ സംസ്‌ക്കാരം. കാലക്രമേണ ആര്യന്മാർ വീണ്ടും തെക്കോട്ട് അതിക്രമിച്ച് കയറുകയും കേരളത്തിൽ ഉത്തരേന്ത്യൻ സംസ്‌ക്കാരമായ ബ്രാഹ്മണ സംസ്‌ക്കാരം ആധിപത്യം സ്ഥാപിച്ചതിന്റെ ദ്രാവിഡ ഐതിഹ്യമാണ് വാമന-മഹാബലി കഥയുടെ പുറകിലുള്ളത്. തങ്ങളെ തന്നെ ബ്രാഹ്മണ സംസ്‌ക്കാരത്തിന്റെ പിൻതുടർച്ചയായി കാണുന്ന BJP/ Rടട അനുകൂലികൾ ഇപ്പോൾ ആ കഥയെ അല്പം മാറ്റം വരുത്തിയിട്ട് വാമനനെ ചവുട്ടി താഴ്ത്തുക അല്ലായിരുന്നു എന്നും മുകളിലോട്ട് പറഞ്ഞയക്കുകയായിരുന്നു എന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. അവരുടെ ദൈവങ്ങൾക്ക് മറ്റു മനുഷ്യരെപ്പോലെ അസൂയ ഉണ്ടായിരുന്നു എന്നു സമ്മതിക്കുന്നതിന് ജാള്യത ഉണ്ടെ്ന്നു തോന്നന്നു.

മുമ്പ് സൂചിപ്പിച്ചതുപോലെ 'മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരും ഒന്നുപോലെ'' എന്നുള്ളത് ദ്രാവിഡ സംസ്‌ക്കാരത്തെ അനുകൂലിക്കുന്ന ഏതോ കവി കുറിച്ചതാകാം. അതിന് യാഥാർത്ഥ്യവുമായി ബന്ധമുണ്ടായിരിക്കണമെന്നില്ല. കാരണം മനുഷ്യരിൽ എല്ലാക്കാലത്തും നല്ല വാസനകളും ദുഷ്ടവാസനകും ഉണ്ടല്ലോ? എന്നാൽ, ഇന്ത്യൻ മത തത്വശാസ്ത്രം (Religious Philosophy) പറയുന്നത് ധർമ്മം സംരക്ഷിക്കാൻ ഈശ്വരൻ ഇടയ്ക്കിടെ അവതാരങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട് എന്നാണ്-സംഭവാമി യുഗേ യുഗേ. അവരുടെ വാദമനുസരിച്ച് പത്ത് അവതാരങ്ങളാണ് ഈശ്വരന് ഭൂമിയിലുള്ളത്- ഒൻപതെണ്ണം കഴിഞ്ഞു. ഇനിയും ഒരെണ്ണം വരാനിരിക്കുന്നു.
ധർമ്മം-അധർമ്മം എന്നു പറയുമ്പോൾ സനാതനധർമ്മം ആണ് ഓർമ്മയിൽ വരുന്നത്. സനാതനം എന്നതിന് അർത്ഥം സ്ഥായിയായ അഥവ നിത്യമായ (Eternal) എന്ന അർത്ഥത്തിലാണ്. ധർമ്മം എന്നത് നീതി അഥവ Justice എന്ന് കരുതിയാൽ മതി. വാമനൻ അവതരിച്ചത് നീതി സ്ഥാപിക്കാനായിരുന്നു എന്നാണ് വാമനജയന്തി ആഘോഷിക്കുന്നവർ പുറയുന്നത്. ബ്രാഹ്മണർ ആധിപത്യം സ്ഥാപിക്കുന്നതിനു മുൻപുള്ള കാലത്തെപ്പറ്റി നമുക്ക് വ്യക്തമായ ചരിത്ര രേഖകൾ ഉള്ളതായി അറിയില്ല. എങ്കിലും നരബലിയും, അടിമത്വവും മറ്റു സമൂഹങ്ങളിലുണ്ടായിരുന്നതുപോലെ കേരളത്തിലും ഉണ്ടായിരുന്നിരിക്കാം. ബ്രാഹ്മണ ആധിപത്യത്തിന്റെ നല്ല വശങ്ങൾ പറയുകയാണെങ്കിൽ മലയാള ഭാഷയ്ക്ക് ദ്രാവിഡ സംസ്‌കൃത ബാന്ധവം വളരെയധികം ഗുണം ചെയ്തു എന്നു കാണാവുന്നതാണ്. മലയാള ഭാഷയിലെ 50 ശതമാനത്തിലധികം വാക്കുകൾ സംസ്‌കൃതത്തിൽ നിന്നുമുള്ളതാണ്. നമ്മുടെ അഭിമാനമായ ചങ്ങമ്പുഴയുടെ 'കാവ്യനർത്തകി' മറ്റു കവിതകളും ഈ ദ്രാവിഢ-സംസ്‌കൃത ബാന്ധവത്തിൽ നിന്നും ഉളവായതാണ്.

ചരിത്രം പരിശോധിച്ചാൽ സാധാരണയായി ഈശ്വരൻ 400 വർഷമാണ് ചരിത്രത്തിൽ ഒരു ജാതിക്ക് അനുവദിച്ചിരിക്കുന്ന സമയം. അതായത് ഒരു ജാതി വളർന്ന് ഉന്നതിയിലെത്തുകയും മറ്റുജാതികളെ തോല്പിച്ച് ആധിപത്യം സ്ഥാപിക്കുകയും ക്രമേണ അവരുടെ തന്നെ അനീതി അഥവ അധർമ്മം വർദ്ധിക്കുന്നതു കാരണം ഈശ്വരൻ അവരെ നീക്കിയിട്ട് മറ്റൊരു ജാതിക്ക് ഭരിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്യുന്നു. 'സംഭവാമി യുഗേ യുഗേ' എന്നത് ഇതിൽക്കൂടി അന്വർത്ഥമാകുന്നു. ഇപ്പോൾ മനസ്സിലേക്കു വരുന്നത് 'അവൻ ദരിദ്രനെ കുപ്പയിൽ നിന്ന് ഉയർത്തുകയും പ്രഭുക്കന്മാരോടു കൂടി, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടു കൂടി ഇരുത്തുന്നു'' എന്ന ബൈബിൾ വാക്യമാണ്. എളിയ ചുറ്റുപാടുകളിൽ നിന്ന് ഒരു വ്യക്തിയെ ഉയർത്തി വർദ്ധിപ്പിച്ച് വലിയ ജാതിയാക്കി ഭരണകർത്താക്കളുടെ പദവിയിലേക്ക് ഉയർത്തിക്കഴിയുമ്പോൾ ക്രമേണ അഹങ്കാരം കൊണ്ട് മത്തുപിടിക്കയും ജനക്ഷേമത്തിനു പകരം ജനങ്ങളെ പീഢിപ്പിക്കുകയും ദേശത്തുള്ള മറ്റു വർഗ്ഗങ്ങളെ അടിച്ചമർത്തുകയും ചെയ്യാൻ ആരംഭിക്കുന്നു. ഒരു ജാതിയുടെ വീഴ്ചയുടെ തുടക്കം ഇവിടെ ആരംഭിക്കുന്നു. അത് വ്യക്തികൾക്കും സമൂഹത്തിനും രാജ്യങ്ങൾക്കും ബാധകമാണ്. മല്ലപ്പള്ളിയിൽ കൊല്ലും കൊലയുമായി വാണിരുന്ന പൂവനപണിക്കർ ഇന്ന് നാമാവശേഷമായി.

കേരളത്തിൽ ബ്രാഹ്മണ ആധിപത്യം ക്രമേണ മറ്റുള്ളവരെ പീഡിപ്പിക്കുന്നതിലേക്കും ചൂഷണം ചെയ്യുന്നതിലേക്കും തിരിഞ്ഞു. തീണ്ടൽ തൊടീലും മുതൽ വഴിനടക്കാൻ വയ്യ, മാറുമറയ്ക്കാൻ വയ്യ, വിദ്യാഭ്യാസം ചെയ്യാൻ വയ്യ; അധിക നികുതിഭാരം; ദുഷിച്ചതായ ദേവദാസി സമ്പ്രദായം അഥവ ക്ഷേത്രങ്ങളോടു ചേർന്ന് വേശ്യാവൃത്തി എല്ലാം ഇതിന്റെ ഭാഗമായിരുന്നു. ജനങ്ങൾ ഒരു രക്ഷകനുവേണ്ടി ഈശ്വരനോട് കരയാൻ തുടങ്ങി. അധർമ്മം പെരുകുമ്പോൾ ഈശ്വരൻ അവതരിക്കുക പതിവാണല്ലോ. സംഭവാമി യുഗേ യുഗേ!

ബ്രിട്ടീഷുകാരുടെ വരവ് ഈശ്വരന്റെ ജനങ്ങളുടെ മുറവിളിക്കുള്ള മറുപടിയായിരുന്നു എന്നു പറയാം. സമൂഹത്തിലെ പല അനീതികളും തോക്കിന്റെ മുനയിൽ നിർത്തലാക്കി. സതി നിർത്തൽ ചെയ്തു. വിദ്യാഭ്യാസം സാർവ്വത്രികമായി. ജനങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചു. മിഷനറിമാരുടെ വരവോടുകൂടി എവിടെയും വെളിച്ചം വ്യാപിച്ചു. നാനൂറു വർഷങ്ങൾ ഏകദേശം ഒരു ജാതിക്ക് അനുവദിച്ചിട്ടുള്ള സമയം. യൂറോപ്യൻസ് നാനൂറു വർഷം ഇന്ത്യ ഭരിച്ചു. എങ്കിലും നീതി ജാതിയെ ഉയർത്തുന്ന എന്നതിനാൽ സത്യവും ന്യായവും നീതി ധർമ്മവും നടത്തിക്കൊടുത്താൽ ആ ജാതിയുടെ ഭരണം നീണ്ടുനിൽക്കും. ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണാധികാരികൾ സ്വജനപക്ഷപാദവും അതിക്രമവും കാണിക്കുമ്പോൾ അവരുടെ വീഴ്ചയുടെ സമയമായി എന്നു ചിന്തിക്കാം. ധർമ്മവും അധർമ്മവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാതവണ്ണം അവരുടെ കണ്ണ് കുരുടായിരിക്കുന്നു.

അടുത്ത അവതാരത്തിനായി കാത്തിരിക്കാം. അത് താമസിക്കയില്ല. കാരണം ദൈവ സിംഹാസനത്തിന്റെ അടിസ്ഥാനം സത്യവും നീതിയും ന്യായവും ധർമ്മവുമാണ് (സനാതനധർമ്മം). ജീവിതത്തിൽ ഉയർച്ച ഉണ്ടാകുവാൻ നാം എപ്പോഴും സത്യത്തിന്റെയും ധർമ്മത്തിന്റെയും വശയത്തായിരിക്കണം കാരണമില്ലാതെ കാര്യം ഉണ്ടാവുകയില്ല. ഒരു ജാതിയെ അല്ലെങ്കിൽ ഭരണത്തെ നീക്കുന്നതിന് കാരണം ഉണ്ടാവണമല്ലോ?
ദൈവം അബ്രഹാമിനോട് കനാൻ അവകാശമായി കൊടുക്കും എന്നു പറഞ്ഞപ്പോൾ അതിനായി കാത്തിരിക്കേണ്ടി വന്നു. കാരണം അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല.

അമേരിക്കൻ പ്രസിഡന്റ് ട്രംമ്പ് അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കും എന്നു പറയുമ്പോൾ, അത് വിശ്വസിച്ച് അദ്ദേഹത്തിന് വോട്ട് ചെയ്തവർ സ്വപ്‌നലോകത്തിലാണ് ജീവിക്കുന്നത്. രാഷ്ട്രീയക്കാരുടെ വാക്കുകൾ അതുപോലെ വിശ്വസിക്കാമോ? അഞ്ചു വർഷം ഭരിക്കാൻ, ഇവിടം സ്വർഗ്ഗം ആക്കിക്കളയും എന്നു പറയും. അഞ്ചുവർഷം കൊണ്ട് കൈയ്യിട്ടു വാരാവുന്നതെല്ലാം വാരിയെടുക്കും. മിക്കവാറും രാഷ്ട്രീയക്കാർ ഈ തരത്തിലുള്ളവരാണ്, വ്യത്യസ്തരായവരും ഉണ്ട്. അമേരിക്ക ഇപ്പോൾ തന്നെ ഗ്രേറ്റ്. ഇപ്പോൾ തന്നെ ലഭ്യമായിട്ടുള്ള ലോക വിഭവങ്ങളുടെ അർഹിക്കുന്നതിലും അധികം അമേരിക്ക അകത്താക്കുന്നുണ്ട്. ഇത് മറ്റുള്ളവരുടെ വിയർപ്പിന്റെ ഫലമാണെന്നോർക്കണം. ഇനിയും ഗ്രേറ്റ് ആവുകയാണെങ്കിൽ അത് മറ്റുള്ളവരുടെസ മറ്റു രാജ്യങ്ങളുടെ പിച്ചചട്ടിയിൽ കൈയ്യിട്ടിട്ടായിരിക്കും - ഇറാനിയൻ എണ്ണ, വെനിസ്വലൻ എണ്ണ, മറ്റു വിഭവങ്ങൾ. ആ രാജ്യങ്ങളിലുള്ള ജനങ്ങൾ കണ്ണീരൊഴുക്കിയാൽ ദൈവം നീതി സ്ഥാപിക്കാൻ ധർമ്മം സ്ഥാപിക്കാൻ ഒരു അവതാരത്തെ അയയ്ക്കുകയില്ലേ?
അതുപോലെ തന്നെ മോദി ഇന്ത്യയെ സ്വർഗ്ഗമാക്കി കളയും, ചരിത്രം മാറ്റിയെഴുതും എന്നൊക്കെ പറയുമ്പോൾ അതിൽ വിശ്വസിച്ച് മോദി ചെയ്യുന്ന അധർമ്മത്തിന് കുട പിടിച്ചാൽ ജനങ്ങളുടെ നിലവിളി ദൈവം കേൾക്കുകയില്ലേ? ഈശ്വരൻ പുതിയ ഒരു അവതാരത്തെ അയയ്ക്കുകയില്ലേ? ട്രംമ്പിനേയോ മോദിയേയോ അധർമ്മം അനുഭവിക്കുന്ന ജനങ്ങൾ ശപിച്ചാൽ ആ ശാപത്തിന്റെ ഒരു ശതമാനമെങ്കിലും അധർമ്മത്തിന് കുട പിടിയ്ക്കുന്നവരുടെ തലയിൽ വീഴുകയില്ലേ?

ചരിത്രം മാറ്റിയെഴുതും എന്നൊക്കെ വീമ്പിളക്കുമ്പോൾ, അതിൽ വിശ്വസിക്കുമ്പോൾ ഓർക്കണം ദൈവത്തിന്റെ വിരലുകളാണ് ചരിത്രം എഴുതുന്നത്; ദൈവത്തിന്റെ വെളിപ്പെടുത്തിയ മാസ്റ്റർപ്ലാൻ അനുസരിച്ചയിരുന്നു ഇതുവരെയുള്ള ലോകചരിത്രം. ഹിറ്റ്‌ലറിനും ജർമ്മനിക്കും സംഭവിച്ചത് തന്നെയായിരിക്കും ഇവർക്കും സംഭവിക്കുന്നത്. ചിലപ്പോൾ താൽക്കാലിക ജയം ഉണ്ടായി എന്നു വരാം. സോളമൻ എഴുതി സർവ്വവും മായ! മുനിമാർ പാടി : വാഴ്‌മേ മായ! മൺമയമാമീയുലകിൽ കാൺമതു മായ. ചരിത്രം മാറ്റിയെഴുതും എന്ന് വിശ്വസിക്കുന്നവർ ഒരു തൂറ്റപ്പനിയ്ക്കില്ല. ഇന്നു കണ്ടു നാളെ വാടും പൂക്കൾ മാത്രം. അതോടുകൂടി അവരുടെ നിരൂപണങ്ങൾ നശിക്കും.
അതെ, സംഭവാമി യുഗേ യുഗേ! അതു വരും താമസിക്കയില്ല. അതിനായി കാത്തിരിക്കാം അതിനായി ചെറുവിരലെങ്കിലും അനക്കാം. നീതിക്കായി, ധർമ്മത്തിനായി ശബ്ദം ഉയർത്താം! നീതിക്കായി വിശന്നു ദാഹിക്കുന്നവരായിരിക്കാം! (ഗിരിപ്രഭാഷണം)

ശുഭം.

Read More: https://www.emalayalee.com/writer/116


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക