Image

പവർകട്ട്: കേരളത്തെ രക്ഷിക്കാൻ ഒരേ ഒരു ഗ്രാമം-പെരിഞ്ഞനം ; കുര്യൻ പാമ്പാടി

Published on 13 September, 2026
പവർകട്ട്: കേരളത്തെ രക്ഷിക്കാൻ ഒരേ ഒരു ഗ്രാമം-പെരിഞ്ഞനം ; കുര്യൻ പാമ്പാടി

 തൃശൂരിലെ പെരിഞ്ഞനം കടലോര ഗ്രാമവും മുൻ പഞ്ചായത്തു പ്രസിഡന്റ്  കെ.കെ. സച്ചിത്തും
മാറിമാറി വരുന്ന ഭരണകൂടങ്ങൾക്കു തലവേദന സൃഷ്ട്ടിക്കുന്ന പവർകട്ടിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ഒരെളുപ്പമാർഗം കാട്ടിത്തരുന്നു തൃശൂർ  ജില്ലയിലെ സസ്യ ശ്യാമള  കോമള കടലോര ഗ്രാമം പെരിഞ്ഞനം.

കേരളത്തിലെ 941  പഞ്ചായത്തുകളിൽ ഒരെണ്ണം മാത്രമാണ് പെരിഞ്ഞനം. പക്ഷെ ഗ്രാമത്തിലെ നാലായിരം വീടുകളിൽ ആയിരം വീടുകൾക്കു മുകളിൽ സൗരോർജ  പാനലുകൾ  സ്ഥാപിച്ചു കൊണ്ടു ഇന്ത്യയിലെ ആദ്യത്തെ  സൗരോർജ പഞ്ചായത്ത് എന്നു പേരെടുത്തു  പെരിഞ്ഞനം.

                    സച്ചിത്തിന്റെ ഗ്രാമത്തിൽ  ആയിരം വീടുകൾക്ക് പുറപ്പുര പാനലുകൾ

കേരളത്തിനു മുഴുവൻ വഴികാട്ടിയാണ്‌ പെരിഞ്ഞനമെന്നു പദ്ധതിക്ക് ചുക്കാൻ പിടിച്ച മുൻ പഞ്ചായത്ത്  പ്രസിഡന്റ് കെ.കെ.  സച്ചിത്ത് പറയുന്നു.  സ്വന്തം വീടിനു മുകളിൽ സ്ഥാപിച്ച സോളാർ പാനലിന്റെ ചിത്രം അയച്ചു തന്ന ശേഷം മുൻ  പ്രവാസികൂടിയായ  സച്ചിത്ത്  എന്നോട് ചില കാര്യങ്ങൾ തുറന്നു  പറഞ്ഞു.

"രണ്ടു കാര്യങ്ങളെ ഇനിയുംനടപ്പാകാതെയുള്ളു. ഒന്ന്, പകൽ ഉൽപ്പാദിപ്പിച്ച്കെസിഇബിക്കു  കൊടുക്കുന്ന വൈദ്യുതി  സ്റ്റോർ ചെയ്തു പവ്വർ ഏറ്റവും കൂടുതൽ ആവശ്യമുള്ള രാത്രി കാലത്തു റീലിസ് ചെയ്യാൻ ബാറ്ററി സിസ്റ്റം വേണം. രണ്ട്, കേരളത്തിലെ എല്ലാപഞ്ചായത്തിലും ഇത് നടപ്പാക്കണം".

കേരളത്തിനെന്നല്ല ഇന്ത്യക്കു പോലും പെരിഞ്ഞനം മാതൃകയാണെന്ന് പദ്ധതി നടപ്പാക്കാൻ എല്ലാ പിന്തുണയും നൽകിയ നാട്ടുകാരനും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെയും തുടർന്ന് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെയും അദ്ധ്യക്ഷനുമായിരുന്ന ടിഎം മനോഹരൻ പറയുന്നു. സെൻട്രൽ ഫോറസ്ററ് സർവീസിൽ  പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ആയിരുന്ന ടി എം മനോഹരൻ  1976 ബാച്ചിലെ ഉദ്യോഗസ്ഥൻ ആയിരുന്നു. 2024ൽ അന്തരിച്ചു.

പകൽ വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷം പുറത്തേക്കു വിടുന്ന വെള്ളം പമ്പ് ചെയ്തു  ഡാമിൽ എത്തിച്ച് വീണ്ടും വൈദ്യതി ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ അടിയന്തിരമായി പരിഗണിക്കണമെന്നു വൈദ്യുതി ബോർഡിലും മനോഹരനോടൊപ്പം റെഗുലേറ്ററി കമ്മീഷനിലും സേവനം  ചെയ്ത  കേന്ദ്ര സിവിൽ സർവീസ് ഉദ്യോഗസ്ഥൻ മാത്യു ജോർജ്  പറയുന്നു.

 


  ടി.എം. മനോഹരനും മസൂറി അക്കാദമിയിൽ ഒന്നിച്ചുണ്ടായിരുന്ന മാത്യു ജോര്ജും

സൗരോർജത്തിൽ നിന്ന് പകൽ ഉൽപ്പാദിപ്പിക്കുന്ന  വൈദ്യുതിയിൽ മിച്ചമുള്ളതു  ബാറ്ററികളിൽ ശേഖരിച്ച് രാത്രികളിൽ പുറത്തേക്കു വിടുന്ന മാർഗമാണ് രണ്ടാമത്തേത്. അതാണ് പെരിഞ്ഞനത്തെ പരീക്ഷണത്തിന്റെ പ്രസക്തിഎന്ന് മാത്യു ജോർജ് ഓർമ്മിപ്പിക്കുന്നു.

മനോഹരനോടൊപ്പം 1976-77ൽ മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ പരിശീലനം നേടിയ  ആളാണ് മാത്യു ജോർജ്.

പെരിഞ്ഞനോർജ്ജം പദ്ധതിക്കു തുടക്കം കുറിച്ചത് 2016-18ൽ 500 കിലോവാട്ട്ശേഷിയിലാണ്. ഉത്പാദന ശേഷി ഇപ്പോൾ 3.15 മെഗാവാട്ടിൽ എത്തിയിട്ടുണ്ട്. പ്രതി മാസ ഉപഭോഗം 2 മെഗാവാട്ട്. മിച്ചമുള്ളതു കെഎസ്ഇബിക്ക് കൈമാറുന്നു.

പാനലുകൾ സ്ഥാപിക്കാൻ ഇതു  വരെ ചെലവായത് 26.25 കോടി രൂപ. പാനലിനു  ഒരു കിലോവാട്ടിന് 65,000 മുതൽ 75,000 വരെ രൂപയാണ് ചെലവ്. ഇതിൽ 19,500 മുതൽ 25,000 രൂപ വരെ സബ്‌സിഡി ലഭിക്കും. സോളാർ എനർജി കോർപറേഷന്റെ 30 ശതമാനം സബ്‌സിഡിയും ലഭിച്ചു.

രാജ്യത്തെ ആദ്യത്തെ  ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം  (BES) ആണ് ഇനി നടപ്പാക്കാനുള്ളത്. 20 കണ്ടൈനർ ഉൾപ്പെടുന്ന സ്റ്റോറേജ് സിസ്റ്റത്തിന് രണ്ടു കോടി രൂപ ചെലവ് വരും. കഴിഞ്ഞ ഗവർമെന്റ് ബജറ്റിൽ അത് വകയിരുത്തിയിരുന്നെങ്കിലും ലഭിച്ചില്ല. ഇപ്പോഴത്തെ ഗവർമെന്റിന്റെ ആദ്യ ബജറ്റിലും ആ തുക പ്രഖ്യാപിച്ചു.

പക്ഷെ എൽഡിഎഫ് ഭരിക്കുന്ന പെരിഞ്ഞനം പഞ്ചായത്തിൽ  തുക ഇനിയും എത്തിയിട്ടില്ലെന്ന് സച്ചിത്ത് ഖേദപൂർവ്വം പറയുന്നു. ബാറ്ററി സിസ്റ്റം മേഖലയിൽ ടാറ്റയ്ക്കാണ് അധീശത്തം. അവരെ ഒഴിവാക്കി അദാനിക്ക് ചുമതല നൽകാൻ നീക്കമുണ്ടോയെന്നു  സച്ചിത്ത് സംശയിക്കുന്നു.


            പെരിഞ്ഞനം പഞ്ചായത്ത്  ഓഫീസ്

വൈദ്യുതി ബോർഡ് 2014ൽ സ്വകാര്യ കമ്പനികളുമായി ഒപ്പുവെച്ച രണ്ട് വൈദ്യുതി വാങ്ങൽ കരാറുകൾ നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നതിനാൽ റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകിയില്ലെന്നു മാത്യു ജോർജ് ഓർമ്മിപ്പിക്കുന്നു. ജാബുവ പവർ കമ്പനിയിൽ നിന്ന്  150 മെഗാവാട്ട് വീതം രണ്ടു കരാറുകളും  ജിൻഡാൽ പവർ കമ്പനിയിൽ നിന്ന് 100 മെഗാവാട്ടിന്റെ ഒരു കരാറുമായിരുന്നു ഇവ.  

ഈ കരാറുകൾ 25 വർഷത്തേക്കുള്ളവയായിരുന്നു. യൂണിറ്റിന് ₹4.26–₹4.29 നിരക്കിൽ. റെഗുലേറ്ററി  കമ്മീഷൻ അംഗീകാരം നൽകിയില്ലെങ്കിലും കെ എസ് ഇ ബി കരാറനുസരിച്ചുള്ള വൈദ്യുതി 2023  വരെ വാങ്ങിയിരുന്നു. പിന്നീട് റെഗുലേറ്ററി കമ്മീഷൻ നടത്തിയ പരിശോധനയിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ്  കരാറുകൾ ഒപ്പുവെച്ചതെന്നും ഉപഭോക്താക്കൾക്ക് ദീർഘകാലത്ത് ₹5,926 കോടി അധികഭാരം വരുമെന്നും കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ കേരള സർക്കാർ ഒരു വിദഗ്ധ കമ്മിറ്റിയെ നിയോഗിക്കുകയും കരാർ റദ്ദാക്കാൻ തീരുമാനിക്കുകയുമാണുണ്ടായത്.
 

              പഞ്ചായത്തിലെ  സൗരോർജ   ഗുണഭോക്താക്കൾ

ഈ അവസരത്തിൽ മുൻ  മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി 2014-ലെ കെ എസ് ഇ ബി വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കുന്നതിനെതിരെ സർക്കാർ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. കരാറുകൾ റദ്ദാക്കിയാൽ സംസ്ഥാനത്തിന് ₹1000 കോടി വരെ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും കൂടാതെ ഭാവിയിലെ വൈദ്യുതി ആവശ്യങ്ങൾക്കു പ്രതിസന്ധി ഉണ്ടാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.  

അതിനാൽ റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കാൻ കെ എസ് ഇ ബി അപ്പീൽ ട്രൈബ്യൂണലിൽ പോയി. എന്നാൽ ട്രൈബ്യൂണൽ കമ്മീഷൻ തീരുമാനം നിലനിർത്തി, കരാറുകൾ നിയമലംഘനമാണെന്നും ഉപഭോക്താക്കൾക്ക് ദീർഘകാലത്തേക്കു വലിയ സാമ്പത്തിക ബാധ്യത വരുമെന്നും വ്യക്തമാക്കി. അതായത്, അപ്പീൽ തള്ളിക്കളഞ്ഞു, കരാറുകൾ റദ്ദാക്കിയ നിലയിൽ തന്നെ തുടരുന്നു. കെ എസ് ഇ ബി പിന്നീട് സുപ്രീം കോടതിയിൽ പോകാനുള്ള സാധ്യത പരിശോധിച്ചു. പക്ഷെ  പോയതായി അറിവില്ല.

                        സൗരോർജ പദ്ധതി തുടങ്ങിയ കാലത്തു പാനലുകൾ പരിശോധിക്കുന്ന മാത്യു ജോർജ്

കേരളത്തിലെ ഇന്നത്തെ വൈദ്യുതി പ്രതിസന്ധിയുടെ കാരണങ്ങൾ താപനില ഉയർന്നതും, മഴക്കുറവ് മൂലം ജല വൈദ്യുതി കുറഞ്ഞതും, കൽക്കരി ക്ഷാമം മൂലം താപവൈദ്യുതി ലഭ്യത കുറഞ്ഞതും, പുതിയ ഉപഭോഗ രീതികൾ (AC, EV Charging, Induction Cooking) വ്യാപകമായതുമാണ്. ഇത് താൽക്കാലികമായിരിക്കും. നല്ല രണ്ടു മഴ ലഭിച്ചാൽ ഡിമാൻഡ് കുത്തനെ താഴും , തീവില കൊടുത്ത് വൈദ്യുതി വാങ്ങാനുള്ള കരാറുകളിൽ ഇപ്പോൾ ഏർപ്പെട്ടാൽ അത് വിഡ്ഢിത്തരമായിപ്പോകും.

കേരളത്തിലെ ഇന്നത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ, തൽക്കാലം പവർ  എക്സ്ചേഞ്ച്  വഴി വാങ്ങൽ, ലോഡ് മാനേജ്‌മന്റ് , എനർജി  എഫിഷ്യൻസി നടപടികൾ എന്നിവ തുടരണം. ഇക്കാര്യത്തിൽ കെ എസ് ഇ ബി ശരിയായ നടപടികൾ തന്നെയാണ് കൈക്കൊള്ളുന്നതിന്നു മാത്യു ജോർജ് സമ്മതിക്കുന്നു. ദീർഘ കാലപരിഹാരങ്ങളായി സ്മാൾ ഹൈഡൽ പ്രോജെക്ടസ്, പംപ്ഡ് സ്റ്റോറേജ്,  സോളാർ , വിൻഡ് , ഗ്യാസ് , ബാറ്ററി സ്റ്റോറേജ് , സ്മാർട്ട് ഗ്രിഡ്, എന്നിവയാണ് പരിഗണിക്കേണ്ടത്.

സൗരോർജ പദ്ധതിക്കു  വിജയകരമായ തുടക്കം കുറിച്ച   സിറ്റിയാണ് തിരുവനന്തപുരം. പക്ഷെ സ്റ്റോറേജ്‌ സൗകര്യം ഇല്ലാത്തതിനാൽ പുതിയ അപേക്ഷകൾ പരിഗണിക്കുന്നത് വൈദ്യുതി ബോർഡ്  നിർത്തി വച്ചിരിക്കുകയാണ്.

അമ്പത്തൊമ്പതു വർഷം  മുമ്പ് ലോകതൊഴിലാളി ദിനത്തിൽ ജനിച്ച  കെ.കെ. സച്ചിത്ത് മെക്കാനിക്കൽ ആൻഡ്  മോട്ടോർവെഹിക്കിൾ ട്രേഡിൽ ഐടിഐ പാസ്സായ ആളാണ്‌ കൊച്ചി ഷിപ്‌യാർഡിലും  ദുബൈ  യിലും  സേവനം ചെയ്ത ശേഷം അമേരിക്കയിൽ പോയി ആറു വർഷം പന്ത്രണ്ടു സംസ്ഥാനങ്ങളിലെ പോർട്ടുകളിൽ മെക്കാനിക്കൽ ജോലിചെയ്തു മടങ്ങി. ഇനിയിപ്പോൾ രാഷ്ട്രീയത്തിലേക്കില്ല. എങ്കിലും തന്റെ ഗ്രാമത്തിലെ പുതിയ തലമുറയ്ക്ക് പ്രയോജനകരമായ ചില സ്പോർട്സ് പ്രൊജക്ടുകളിൽ  സജീവ ശ്രദ്ധാലുവാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക