Image

കോഴിക്കോട്ടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ സി.പി.എമ്മിന് 'മേക്കോവര്‍' ഉണ്ടാകുമോ..? (എ.എസ് ശ്രീകുമാര്‍)

Published on 13 September, 2026
കോഴിക്കോട്ടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ സി.പി.എമ്മിന് 'മേക്കോവര്‍' ഉണ്ടാകുമോ..? (എ.എസ് ശ്രീകുമാര്‍)

നിയമസഭാ തിഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം കോഴിക്കോട് വിളിച്ചുചേര്‍ത്ത മൂന്ന് ദിവസത്തെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഒരു പതിവ് സംഘടനാ യോഗത്തിനപ്പുറം, പാര്‍ട്ടിയുടെ ഭാവിദിശ നിര്‍ണയിക്കുന്ന നിര്‍ണായക വേദിയായി മാറുകയാണ്. തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി തിരുത്തലിലേക്ക് കടക്കുക എന്ന ലക്ഷ്യത്തോടെ ബ്രാഞ്ച് തലത്തില്‍ നിന്നാരംഭിച്ച പരിശോധനയുടെ തുടര്‍ച്ചയാണ് ഈ യോഗം. എന്നാല്‍, തിരുത്തലിന്റെ ആഴം എത്രത്തോളം പോകും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

പാര്‍ട്ടിയുടെ സംഘടനാ രേഖയില്‍ തന്നെ പിണറായി കേന്ദ്രീകൃത നേതൃത്വത്തിന്റെ വീഴ്ചകള്‍, ജനങ്ങളുമായുള്ള അകലം, പ്രവര്‍ത്തകരുടെ നിഷ്‌ക്രിയത്വം, വര്‍ഗ-ബഹുജന സംഘടനകളുടെ ദൗര്‍ബല്യം, യുവാക്കളെ ആകര്‍ഷിക്കുന്നതിലെ പരാജയം തുടങ്ങിയവ ചൂണ്ടിക്കാണിക്കുന്നുണ്ട്. നേതാക്കള്‍ വിനയത്തോടെ പെരുമാറണമെന്നും ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്നും രേഖ നിര്‍ദേശിക്കുന്നു. അതായത്, പരാജയത്തിന്റെ കാരണം എതിരാളികളില്‍ മാത്രം കാണാതെ പാര്‍ട്ടിയുടെ അകത്തളങ്ങളിലേക്ക് നോക്കാനുള്ള ശ്രമം ഇത്തവണ സി.പി.എം നടത്തുന്നുണ്ട്.

എന്നാല്‍ ഇവിടെ തന്നെ വലിയൊരു വൈരുധ്യവും ഉയര്‍ന്നുവരുന്നു. വിമര്‍ശനവും സ്വയംവിമര്‍ശനവും സ്വതന്ത്രമായും നിര്‍ഭയമായും നടത്തണമെന്ന് ജനറല്‍ സെക്രട്ടറി എം.എ ബേബി ആഹ്വാനം ചെയ്യുമ്പോള്‍, റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ നിന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളെ മാറ്റിനിര്‍ത്തിയ നടപടി പാര്‍ട്ടിക്കുള്ളില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പിണറായി വിജയനും എം.വി ഗോവിന്ദനും ഉള്‍പ്പെടെയുള്ള നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ഈ നിയന്ത്രണമെന്ന വിമര്‍ശനവും ശക്തമാണ്.

സി.പി.എമ്മിന്റെ സംഘടനാ രീതിയില്‍ ഒരിക്കല്‍ അംഗീകരിച്ച റിപ്പോര്‍ട്ട് അതേ ഘടകത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യാറില്ലെന്ന വിശദീകരണമാണ് നേതൃത്വത്തിനുള്ളത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടായതിനാല്‍ അവര്‍ക്ക് വീണ്ടും ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന വാദത്തിനും സംഘടനാപരമായ അടിത്തറയുണ്ട്. പക്ഷേ, ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നിന് ശേഷം നടക്കുന്ന അസാധാരണമായ തിരുത്തല്‍ പ്രക്രിയയില്‍ സംഘടനാ നടപടിക്രമം മാത്രം മതിയോ എന്നതാണ് പ്രസക്തമായ ചോദ്യം.

എം.എ ബേബിയുടെ ഉദ്ഘാടന പ്രസംഗത്തിലും ഇതിന്റെ രാഷ്ട്രീയ സൂചനകളുണ്ട്. കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് ഓര്‍മിപ്പിച്ച അദ്ദേഹം, തെറ്റുകള്‍ സംഭവിച്ചാല്‍ അവ തിരുത്തി മുന്നോട്ടുപോകുമെന്ന നിലപാടാണ് വ്യക്തമാക്കിയത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാട്ടി തിരിച്ചുവരാമെന്ന പ്രതീക്ഷ വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്വന്തം തെറ്റുകള്‍ തിരുത്തിയാണ് തിരിച്ചുവരേണ്ടത് എന്ന സന്ദേശം പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നു.

സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സംഘടനയുടെ ദൗര്‍ബല്യങ്ങള്‍ അംഗീകരിക്കുന്ന നിലപാടിലാണ്. പ്രാദേശികതലത്തില്‍ വരെ ഇടപെട്ട് പരാതികള്‍ പരിഹരിക്കാനും പാര്‍ട്ടി അംഗങ്ങളുടെ നിലവാരം ഉയര്‍ത്താനും തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. ബി.ജെപ.ിയുടെ വളര്‍ച്ചയും വലതുപക്ഷത്തിന്റെ മേല്‍ക്കൈ ശ്രമവും ചൂണ്ടിക്കാട്ടുന്നതിനൊപ്പം മുസ്ലിം ലീഗിനെതിരായ വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തി. അതേസമയം, പുറത്തെ രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിന് മുമ്പ് അകത്തെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കേണ്ടിവരും എന്നതാണ് യോഗത്തിന്റെ പ്രധാന വെല്ലുവിളി.

മാസപ്പടി കേസിലെ ഇ.ഡി നീക്കത്തിനെതിരെ പാര്‍ട്ടി നേതൃത്വം ഒറ്റക്കെട്ടായി നില്‍ക്കുന്നതും ശ്രദ്ധേയമാണ്. അന്വേഷണ ഏജന്‍സികളുടെ നീക്കത്തെ രാഷ്ട്രീയ ഗൂഢാലോചനയായി കാണുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ രാഷ്ട്രീയ പ്രതിരോധവും സ്വന്തം സംഘടനയിലെ വീഴ്ചകളെക്കുറിച്ചുള്ള ആത്മപരിശോധനയും ഒരേസമയം മുന്നോട്ടുകൊണ്ടുപോകേണ്ട സാഹചര്യമാണിപ്പോള്‍ പാര്‍ട്ടിക്കുള്ളത്.

യഥാര്‍ഥ പരീക്ഷണം യോഗം കഴിഞ്ഞാണ്. രേഖകളില്‍ സ്വയംവിമര്‍ശനം എഴുതിവയ്ക്കുന്നതും നേതാക്കള്‍ പ്രസംഗങ്ങളില്‍ തിരുത്തലിനെക്കുറിച്ച് പറയുന്നതും മാത്രം മതിയാകില്ല. ജനങ്ങളിലേക്ക് തിരിച്ചുപോകാനും പ്രവര്‍ത്തകരെ സജീവമാക്കാനും പുതിയ തലമുറയെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനും നേതൃത്വത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്താനും സി.പി.എമ്മിന് കഴിയുമോ എന്നതാണ് നിര്‍ണായകം.

കോഴിക്കോട് യോഗം അതുകൊണ്ടുതന്നെ ഒരു സംഘടനാ അവലോകനം മാത്രമല്ല; സി.പി.എമ്മിന് ഒരു 'മേക്കോവര്‍' ഉണ്ടാകുമോ..? എന്ന രാഷ്ട്രീയ ചോദ്യത്തിനുള്ള ആദ്യ മറുപടിയുമാണ്. തിരുത്തല്‍ താഴെത്തട്ടിലെ പ്രവര്‍ത്തകരില്‍ മാത്രം ഒതുങ്ങുമോ, അതോ നേതൃത്വത്തിന്റെ പ്രവര്‍ത്തന ശൈലിയിലേക്കും ഉത്തരവാദിത്വത്തിലേക്കും എത്തുമോ എന്നതിലാണ് പാര്‍ട്ടിയുടെ തിരിച്ചുവരവിന്റെ സാധ്യത. കോഴിക്കോട് കടപ്പുറത്തെ സമാപന റാലിയില്‍ ഉയരുന്ന മുദ്രാവാക്യങ്ങളേക്കാള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി ഘടകങ്ങളിലേക്ക് എത്തുന്ന തീരുമാനങ്ങളായിരിക്കും ഈ മേക്കോവര്‍' യാഥാര്‍ഥ്യമാണോ എന്നതിന് മറുപടി നല്‍കുക.

എന്നാല്‍ ഏറ്റവും ആദ്യം തിരുത്തേണ്ടത് സംഘടനാ രേഖകളിലെ വരികളല്ല, നേതൃത്വത്തിന്റെ മനോഭാവമാണ്. പാര്‍ട്ടിക്കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച പരാജയത്തെക്കുറിച്ച് പോലും നേതാക്കള്‍ക്കും പാര്‍ട്ടിക്കും മുന്നണിക്കും പിഴവ് പറ്റിയതല്ല, ജനങ്ങള്‍ക്കാണ് തെറ്റുപറ്റിയതെന്ന പിണറായി വിജയന്റെ സമീപനം ഒരു ഭീരുവിന്റെ ഒളിച്ചോട്ടമായേ കാണാനാവൂ. ജനവിധിയെ അംഗീകരിക്കുന്നതിന് പകരം അതിനെ തന്നെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയ അഹങ്കാരം, അധികാരത്തിന്റെ ധാര്‍ഷ്ട്യം, എതിര്‍ശബ്ദങ്ങളോടുള്ള പുച്ഛം, തീരുമാനങ്ങളിലെ ഏകാധിപത്യ പ്രവണത, വിമര്‍ശനങ്ങളോടുള്ള ധിക്കാരം, മാധ്യമങ്ങളോടുള്ള അസഹിഷ്ണുതയും മോശം പെരുമാറ്റവും, പലപ്പോഴും പരിധിവിട്ട വാക്കുകളും ഇവയെല്ലാം ചേര്‍ന്നാണ് ജനങ്ങളില്‍നിന്ന് പാര്‍ട്ടിക്കുണ്ടായ അകലം കൂടുതല്‍ ആഴപ്പെട്ടതെന്ന വിമര്‍ശനം ശക്തമാണ്.

ജനങ്ങളെ തിരുത്താന്‍ ശ്രമിക്കുന്ന നേതൃത്വത്തിന് ജനവിധി തിരുത്തിക്കൊടുക്കുന്ന ജനാധിപത്യത്തില്‍ അധികനാള്‍ നിലനില്‍ക്കാനാവില്ല. അതുകൊണ്ട് കോഴിക്കോട് നടക്കുന്ന ആത്മപരിശോധന യഥാര്‍ഥമാകണമെങ്കില്‍, 'ജനങ്ങള്‍ക്ക് തെറ്റുപറ്റി' എന്ന മനോഭാവത്തില്‍നിന്ന് 'ഞങ്ങള്‍ക്ക് എവിടെയാണ് പിഴച്ചുപോയത്...' എന്ന ആത്മാര്‍ഥമായ ചോദ്യത്തിലേക്കാണ് സി.പി.എം ആദ്യം തിരിയേണ്ടത്. അല്ലാത്തപക്ഷം കോഴിക്കോട് ചര്‍ച്ച ചെയ്യുന്ന 'തിരുത്തല്‍' മറ്റൊരു രേഖയായി മാത്രം അവശേഷിക്കും; പാര്‍ട്ടിക്ക് ആവശ്യമുള്ള മേക്കോവര്‍ പിണറായിയുടെ കാലത്തോളം ദൂരെയായിരിക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക