
താലിയും മോതിരവും
കമ്മലും വളകളും ഉരുക്കിയപ്പോൾ
പരിശുദ്ധസ്വർണ്ണം കിട്ടി;
അവളെ ഉരുക്കിയപ്പോൾ
വില മതിക്കാനാവാത്ത
നിത്യവിശുദ്ധസ്നേഹവും!
സ്നേഹത്തിനും സ്വർണ്ണത്തിനും
തുല്യമായി പങ്കിട്ടുകൊടുത്ത എന്നെ വിഴുങ്ങിയത് ശൂന്യതയുടെ മുതല.
അസാന്നിദ്ധ്യം അവളുടെ സാന്നിദ്ധ്യത്തിന്റെ മൂല്യം
വെളിപ്പെടുത്തിക്കൊണ്ടേയിരുന്നു.
ശൂന്യമായ മുറികളിൽ
എന്റെ അഭാവത്തിലും
ഒരു സാന്നിദ്ധ്യത്തിന്റെ
ദിവ്യസുഗന്ധസഞ്ചാരമുണ്ടായിരുന്നു.
ആരുടെയൊ ശമിക്കാത്ത ദാഹത്തിനായി
ഞാനൊരു ചില്ലുചഷകം.
എന്റെ അടങ്ങാത്ത ദാഹത്തിനായി
അവളുമൊരു ചില്ലുചഷകം.
ചില്ലുചഷകങ്ങൾ വീണുടഞ്ഞിട്ടും
മുറികളിൽ പ്രണയത്തിന്റെ വീഞ്ഞ്
ഒഴുകിക്കൊണ്ടേയിരുന്നു!