
പല്ലു മാലാഖ രാതിയിൽ വന്ന് തലയിണക്കടിയിൽനിന്നും കുട്ടികൾ ബാർട്ടർ സമ്പ്രദായത്തിനായി വെച്ചിരിക്കുന്ന പല്ലെടുത്ത് പകരം ആ സ്ഥാനത്ത് സ്വർണ്ണപ്പണം വെക്കുമെന്ന് പെപ്പാ പിഗിൽ ഡാഡി പിഗ് പറഞ്ഞുകൊടുത്തു. ആ രാത്രി പെപ്പായുടെ കൊഴിഞ്ഞുപോയ പാൽപല്ല് അവൾ തലയിണക്കടിയിൽ വെച്ച് പല്ലു മാലാഖയെ കാത്തിരുന്നു. അവൾ എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ തലയിണക്കടിയിൽ നോക്കിയപ്പോൾ അതാ സ്വർണ്ണപ്പണം. പക്ഷേ അവൾക്ക് മാലാഖയെ കാണാൻ കഴിഞ്ഞില്ല.
ഈ കഥകണ്ട് ചെറിയ കുഞ്ഞായി മാറിയ എന്നോട് എന്റെ മകൻ പറഞ്ഞു, ഇങ്ങനെയൊന്നുമില്ല ഞാൻ 2023ൽ വെച്ചു നോക്കിയതാ.
2023 ലോ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ...
എനിക്ക് ഓർമ്മയുണ്ട് ഞാൻ വെച്ചതാ...
ചിലപ്പോൾ ഇപ്പൊ വന്നാലോ, ഞാൻ ചോദിച്ചു.
അവൻ അവന്റെ ഈയിടെ കൊഴിഞ്ഞുപോയ പല്ലിലെ വിടവിൽ തൊട്ടു. മമ്മാടെ കൈയിൽ എന്റെ ഈ പല്ലുണ്ടോ? ലേറ്റസ്റ്റ്.
ഉം ഉണ്ട്. നമുക്ക് അതുവെച്ചുനോക്കാം.
ഞങ്ങൾ ആ പല്ലുകൊണ്ടുവന്ന് അവന്റെ തലയിണക്കടിയിൽ വെച്ചു. തലയിണ വെച്ചല്ല അവൻ ഉറങ്ങുന്നത്. എന്നാൽ പല്ലു മാലാഖയുമായി വ്യാപാരം നടത്താനായി അവൻ അന്ന് തലയിണവെച്ച് കിടന്നു.
അവൻ എഴുനേൽക്കുന്നതിലും മുൻപ് ഞാൻ എഴുന്നേൽക്കും എന്നുള്ളതുകൊണ്ട് നടക്കാനിരിക്കുന്ന വ്യാപാരത്തിന്റെ കാര്യത്തിൽ എനിക്ക് ആകുലതയുണ്ടായിരുന്നില്ല. പല്ലു മാലാഖയായി വന്ന് രാത്രിയുടെ ഏതെങ്കിലുമൊരു യാമത്തിൽ അവന്റെ പല്ല് അടിച്ചുമാറ്റി പകരം ക്യാഷ് വെക്കാൻ ഞാൻ ഓർക്കണേ എന്നുമാത്രം എന്നെ ഓർമിപ്പിച്ചു.
വെളുപ്പിന് രണ്ടുമണിക്ക് ഞാൻ എഴുന്നേറ്റു. പതിയെ പല്ല് അടിച്ചുമാറ്റി. പകരം പത്തു ദിർഹം തലയിണക്കടിയിൽ തിരുകി വെച്ചു. ഒന്നുമറിയാത്തപോലെ കിടന്നു. കുറച്ചു കഴിഞ്ഞ് അവനും എഴുന്നേറ്റു. മമ്മായെന്ന് എന്നെ കുലുക്കി വിളിച്ചു. അവൻ വിളിച്ചപ്പോൾ ഞാൻ ഉറക്കമെണീക്കുമ്പോലെ അഭിനയിച്ചു. അവൻ എന്നോട് സമയം ചോദിച്ചു. ഞാൻ സമയം പറഞ്ഞു; ഇനിയും ധാരാളം സമയമുണ്ട് നേരംവെളുക്കാൻ ഉറങ്ങിക്കോ. അവൻ വീണ്ടും ഉറങ്ങി. പല്ലു മാലാഖയുടെ കാര്യം അവൻ അപ്പോൾ ഓർത്തില്ല.
നേരം ആറുമണിയായി. അവനെ സ്കൂളിൽ പോകാൻ ഞാൻ താഴെനിന്ന് വിളിച്ചു. എഴുന്നേറ്റു മമ്മായെന്ന് പറഞ്ഞ് അവൻ ചാടി എഴുന്നേറ്റു. അവൻ എന്തൊക്കെയോ പപ്പയോട് പറയുന്നതായി എനിക്ക് താഴെനിന്ന് കേൾക്കാമായിരുന്നു.
അവൻ സ്റ്റെപ്സ് ഇറങ്ങിവന്നു. കൈയിൽ പത്തു ദിർഹംസ് ഉണ്ട്.
മമ്മാ പല്ലു മാലാഖ വെച്ചതാ. തലയിണക്കടിയിൽ.
എന്ത്...! അപ്പോൾ ഇത് സത്യമായിരുന്നെന്നോ! പല്ല് അവിടെയുണ്ടോ?
പല്ല് കാണുന്നില്ല...
എന്റെ ദൈവമേ...അപ്പോൾ ഇതൊക്കെ സത്യമായിരുന്നോ! എന്റെ കുഞ്ഞിലേ ഇതറിഞ്ഞിരുന്നെകിൽ പല്ലുകൾ മേൽക്കൂരക്ക് മുകളിലേക്ക് എറിഞ്ഞു കളയില്ലായിരുന്നു.
അവൻ ദിർഹംസ് എന്നെ ഏൽപ്പിച്ചു.
മമ്മാ എന്റെ മുഴുവൻ പല്ലും പറിച്ചു വെച്ചാലോ?
ഞങ്ങൾ രണ്ടും ഊറി ചിരിച്ചു.
നേരം കഴിയുന്തോറും അവന്റെ സംശയങ്ങളും കൂടിവന്നു.
മമ്മാ വെച്ചതാണോ ഇത് സത്യം പറ.
നീ എന്തുവാടാ ഈ പറയുന്നത്.! ഞാനൊന്നുമല്ല വെച്ചത്.
പല്ലു മാലാഖയുടെ കൈയിൽ എങ്ങനെ ദിർഹംസ് വന്നു?
മാലാഖയല്ലേ... മാലാഖയുടെ കൈയിൽ എന്താ ഇല്ലാത്തത്..!
പല്ലു മാലാഖ എങ്ങനെ ദിർഹംസ് എടുത്തുകൊണ്ട് പറക്കും? മാലാഖ ചെറുതല്ലേ!
ഏയ്യ് എടുത്തുകൊണ്ടു പറക്കേണ്ടുന്ന കാര്യമില്ലല്ലോ. ഒരു മാജിക് സ്റ്റിക്ക് ഇല്ലേ കൈയിൽ...അതുകൊണ്ട് വീശിയാൽപ്പോരേ ക്യാഷ് വരില്ലേ...
ഉം...അവൻ ദിർഹംസ് നിവർത്തി വെച്ചു തിരിച്ചും മറിച്ചു നോക്കി. അവന്റെ കണ്ണിൽ സ്നേഹം നിറഞ്ഞു. ദിർഹംസിന് ഉമ്മ കൊടുത്തു.
പക്ഷേ ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞാൽ അവർ വിശ്വസിക്കില്ല.
ശ്ശോ...ഞാൻ അതേപ്പറ്റി ചിന്തിച്ചിരുന്നില്ല. ഇപ്പോഴത്തെ പിള്ളേർ കാര്യമായി ബുള്ളി ചെയ്യുമായിരിക്കും. കോഴിക്കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിക്കുന്നത് പാല് കൊടുക്കാനാണെന്ന് ഞാൻ കോളേജിൽ ചെന്ന് പറഞ്ഞത്...! നീ തമാശ വല്ലതും പറയുവാണോ എന്നവർ ചോദിച്ചപ്പോൾ, അല്ല സത്യമായും പാല് കുടിക്കാനാണ് എന്നും, എന്റെ മമ്മി പറഞ്ഞുതന്നതാണ് എന്നും പറഞ്ഞതിന് അവർ എന്നെ നോക്കി പൊട്ടിച്ചിരിക്കുകയായിരുന്നു. കാര്യം മനസിലാകാതെ ഞാനും അപ്പോൾ ചിരിച്ചു.
ഉള്ളതങ്ങു പറഞ്ഞേക്കാം അല്ലെങ്കിൽ അവനും എന്നെപ്പോലെ അപമാനിതനാകും. വയസ് ഒൻപതായില്ലേ!
എടാ ഞാനാ നിന്റെ പല്ലു മാലാഖ...
വാട്ട് മമ്മാ?
ഞാനാടാ ദിർഹംസ് വെച്ചത്...
ഇയ്യേ... ഐ ന്യൂ ഇറ്റ്... യു ചീറ്റഡ് മീ... അവന്റെ കൈയിൽ ചുംബനങ്ങൾ കൊണ്ടിരുന്ന ദിർഹംസ് അവൻ വലിച്ചെറിഞ്ഞു. എന്നോട് സാൻറ്റയെപ്പറ്റി പറഞ്ഞതും കള്ളമായിരുന്നോ?
ഞാൻ ഒരു സാധാരണ ചിരിയിലൊതുക്കി മറുപടി. പെട്ടെന്ന് സത്യം പറയേണ്ടിവരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ലലോ. വാട്ട് ആൻ അൺപ്രഡിക്റ്റബിൾ ലൈഫ്...!
അവൻ പുറത്ത് കസേരയിൽ മ്ലാനമായി ഇരിക്കുകയാണ്. എന്നോട് ഒന്നും മിണ്ടുന്നുമില്ല. ഞാൻ ഓരോന്ന് ചോദിക്കുമ്പോഴൊക്കെ അവൻ കണ്ണ് മുകളിലേക്കാക്കി പുരികം പൊക്കി എന്നെ അപമാനിക്കുന്നപോലെ പെരുമാറുകയും ചെയ്യുന്നു.
നീ എന്തിനാ എന്നോട് പിണങ്ങുന്നേ, ഞാൻ ചോദിച്ചു.
മമ്മാക്ക് കാര്യം അറിയില്ലേ?
എടാ നീ സ്കൂളിൽ പോയി പല്ലു മാലാഖ വന്നുവെന്ന് പറഞ്ഞാൽ ജന്മനാ വിദൂഷകരായ നിന്റെ കൂട്ടുകാർ നിന്നെ വെച്ചേക്കുമോ?
അതിന് ഞാൻ അവരോട് പറയില്ലല്ലോ.
നീ എല്ലേ പറഞ്ഞത് കൂട്ടുകാർ അറിഞ്ഞാൽ കളിയാക്കുമെന്ന്!
പക്ഷേ ഞാൻ അവരോട് പറയില്ലല്ലോ...
ഓഹ്... അങ്ങനെയായിരുന്നു കാര്യങ്ങൾ എല്ലേ; ഞാൻ ചിന്തിച്ചു.
വിഷമിച്ചിരുന്ന അവന്റെ മുഖത്തുനോക്കി ലേശംപോലും ഉളുപ്പില്ലാത്ത ഞാൻ അടുത്ത കള്ളം പറഞ്ഞു; എടാ അത് ശരിക്കും പല്ലു മാലാഖ വെച്ചതാ, ഒറിജിനൽ വൺ. നീ സ്കൂളിൽ ചെന്ന് പറഞ്ഞിട്ട് നിനക്ക് കളിയാക്കൽ കിട്ടാതിരിക്കാനാ ഞാനാ പല്ലു മാലാഖയെന്ന് കള്ളം പറഞ്ഞത്. സത്യം…
അവന്റെ സ്കൂളിൽ ബസ് വന്നിരുന്നു. അവന്റെ മുഖം തെളിഞ്ഞു വന്നു.
മമ്മാ കള്ളം പറയുവാ…മമ്മാ വെച്ചതാ...അവന്റെ ശബ്ദം പതിഞ്ഞതും മയമുള്ളതുമായി. കണ്ണിൽ ഒളിപ്പിച്ചുവെച്ച സന്തോഷം എനിക്ക് കാണാമായിരുന്നു.
അല്ലടാ മാലാഖ തന്നെയാ...ഞാൻ അല്ല.
ബസ് നാനി ഞങ്ങളുടെ ധിറുതിപിടിച്ചതും ഗൗരവമേറിയതുമായ വിഷയം ചെവിയോർത്തു.
അവൻ എന്നോട് ബൈ മമ്മായെന്ന് പറഞ്ഞു ബസ്സിൽ കയറി.
ഞാൻ തിരികെ നടന്നു. നിലത്തു കിടന്നിരുന്ന ദിർഹംസ് അലമാരയിൽ വെച്ചു.
എന്റെ ഭർത്താവ് ഉറക്കമുണർന്ന് വന്നപ്പോൾ അവൻ പല്ലു മാലാഖയെപ്പറ്റി പറഞ്ഞിരുന്നോയെന്ന് ഞാൻ തിരക്കി.
അവൻ അത് പറയുകയും കിട്ടിയ ദിർഹംസ് കാണിക്കുകയും ചെയ്തുവത്രേ!
അവന്റെ വിശ്വാസം ആഴമേറിയതും ദൃഢവുമാണ്! അതിലൊരു പോറലേറ്റാൽ അവന് സഹിക്കില്ല.
ഞാൻ എന്റെ വീട്ടിൽ കറങ്ങിക്കൊണ്ടിരുന്ന ക്ലോക്കിൽ അതേ വിശ്വാസത്തോടെ നോക്കി. ഞങ്ങൾ നാട്ടിൽനിന്ന് തിരിച്ചു വന്നപ്പോൾ ഓടാതിരുന്ന ക്ലോക്ക് കുറച്ചു ദിവസങ്ങൾക്കു ശേഷം കറക്റ്റ് സമയത്തോടെ ഓടിതുടങ്ങിയപ്പോൾ ഞങ്ങൾ കരുതി മറ്റേയാൾ ശരിയാക്കിയതാകുമെന്ന്, ഒരു ദിവസം എന്നോട് നീ ക്ലോക്കിൽ ബാറ്ററി ഇട്ടല്ലേയെന്ന് ചോദിക്കുംവരെ. കറക്റ്റ് സമയത്തിൽ എങ്ങനെ കറങ്ങിത്തുടങ്ങിയെന്ന് ആലോചിച്ചാൽ… ഈ ക്ലോക്ക് അങ്ങനെ പല ഗിമിക്ക് പരിപാടികളും മുൻപും കാണിച്ചിട്ടുണ്ട്. നമ്മുടെ കാര്യങ്ങൾ ശരിയാക്കുന്ന ആരോ ഇവിടുണ്ട് എന്ന നിഗമനത്തിലെത്തിയിരുന്നു ഞങ്ങൾ. വീട്ടിലെ പല സാധങ്ങളും സ്ഥാനം മാറി ഇരിക്കുന്നതും കാണാം. ഇതാരാ ഇവിടെ വെച്ചത് എന്ന് ചോദിച്ചാൽ ആരും ആരും അല്ല. എന്താ വീട്ടിൽ മാലാഖയുണ്ടോ എന്നൊരു തോന്നൽ...
അവൻ സ്കൂൾ കഴിഞ്ഞു വന്നതും അന്വേഷിച്ചത് രാവിലെ വലിച്ചെറിഞ്ഞിട്ട് പോയ ദിർഹം. ഞാൻ അത് സൂക്ഷിച്ചു വെച്ചേക്കുവല്ലേ, പറയാൻ പറ്റുമോ എന്റെ കൈയിലുണ്ടെന്ന്...!
എനിക്കറിയില്ല, ഞാൻ പറഞ്ഞു.
പല്ലു മാലാഖക്ക് വിഷമമായിക്കാണുമോ ഞാൻ രാവിലെ എറിഞ്ഞിട്ട് പോയത്?
പിന്നേ...അതാകും.
വീട് വൃത്തിയാക്കാൻ വന്ന സ്ത്രീയോടും അവൻ പല്ലു മാലാഖയുടെ കഥയും വിവരണങ്ങളും പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.
ഓഹ്...യു ആർ സോ ലക്കി. ഡിഡ് യു സെ താങ്ക് യു, ബേബി?
യെസ് ഐ ഡിഡ്...
അവർ അവനെ ബേബിയെന്നാണ് വിളിച്ചുകൊണ്ടിരിക്കുന്നത്.
ഞാൻ ആ സമയം അലമാരയിൽ വെച്ച ദിർഹംസ് എടുത്ത് മേശമേൽ വെച്ചു. അവൻ അതുവഴി പോകുമ്പോൾ കാണത്തക്കപോലെ.
അവൻ അത് കണ്ടു.
സ്നേഹത്തോടെ എടുത്തു. പാർക്കിൽ പോകേണ്ടുന്നതിനാൽ എന്നോട് സൂക്ഷിക്കാൻ പറഞ്ഞു. ഞാൻ അപ്പോൾ തിരക്കിലായിരുന്നു. അവൻ ഒരു ടിഷ്യൂയിൽ പൊതിഞ്ഞു അടുക്കളയിൽ വെച്ചു. ഞാൻ ആ ടിഷ്യൂ പാതകം തുടയ്ക്കാൻ എടുത്തു. ദിർഹംസ് ഇരിക്കുന്നു അതിൽ! എന്റെ ഭാഗ്യത്തിന് അപ്പോൾ കണ്ടു...! അവൻ പിന്നീട് ടിഷ്യൂവിൽ പൊതിഞ്ഞു ഇവിടെ വെച്ചിരുന്ന എന്റെ ദിർഹംസ് എന്തിയേ എന്ന് ചോദിച്ചിരുന്നെങ്കിൽ...!
മോൻ അതുകൊണ്ട് സൂക്ഷിച്ച് എവിടെങ്കിലും വെക്ക്, ഞാൻ പറഞ്ഞു.
അവൻ അത് എവിടോ വെച്ചു. പാർക്കിൽ പോയി. കുറേക്കഴിഞ്ഞു തിരിച്ചുവന്നു. ഞാൻ അടുക്കളയിൽ വന്ന് നോക്കുമ്പോളുണ്ട് പിന്നെയും പാതകത്തിലിരിക്കുന്നു പത്തു ദിർഹംസ്.
എടാ നീ ഇത് സൂക്ഷിച്ചു വെച്ചില്ലേ?
എന്ത്?
ഓഹ്...പല്ലു ദേവത തന്ന ദിർഹം.
ഞാൻ അത് മണി ബാങ്കിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
അപ്പോൾ ഈ ഇരിക്കുന്നതോ?
അവൻ അടുക്കളയിൽ ഇരുന്ന പത്തു ദിർഹം കണ്ട് അത്ഭുതപ്പെട്ടു.
അവൻ മുകളിൽ ചെന്ന് മണി ബാങ്ക് തുറന്നു നോക്കി. അവിടെ അവൻ വെച്ച പത്തു ദിർഹംസ് ഇല്ല.
മമ്മാ ഞാൻ മണി ബാങ്കിൽ ഇട്ടതാ എങ്ങനെ ഇത് താഴെ വന്നു?
പല്ലു മാലാഖ ചെയ്യുന്ന വേലയാകുമിത്, അവൻ പറഞ്ഞു.
ഞാൻ ഒരു ദീർഘനിശ്വാസത്തോടെ ക്ലോക്കിലേക്ക് നോക്കി.