
മലപ്പുറം: സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് താൻ നടത്തിയ വിവാദ പ്രസ്താവനയിൽ മാറ്റമില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി തിരുത്തിപ്പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങളെന്നും പണ്ഡിതന്മാർ മതഗ്രന്ഥങ്ങൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് വിധികൾ പ്രസ്താവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് നടന്ന ചടങ്ങിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന സമ്മേളനത്തിൽ സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുതെന്നും വീടുകൾക്കുള്ളിൽ കഴിയണമെന്നും ഖുർആൻ നിർദേശിക്കുന്നുണ്ടെന്ന കാന്തപുരത്തിന്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അതേസമയം, കോഴിക്കോട്ട് കാന്തപുരവുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്ന മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഈ നിലപാടിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. ആവശ്യമെങ്കിൽ ഇക്കാര്യം കാന്തപുരത്തിന്റെ മുഖത്തുനോക്കിത്തന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പണ്ഡിതന്മാരുടെയും കാഴ്ചപ്പാടുകളോട് യോജിക്കണമെന്ന് നിർബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും തന്റെ ഭാര്യ ഒരു ഡോക്ടറാണെന്നും ഓർമ്മിപ്പിച്ചു. കാന്തപുരം നടത്തുന്ന നഴ്സിങ് കോളേജുകളിലെ വിദ്യാർഥിനികൾ അടക്കം ആശുപത്രികളിൽ ജോലി ചെയ്യേണ്ടവരല്ലേ എന്നും മലേഷ്യൻ പ്രധാനമന്ത്രി ചോദിച്ചു.
ഇന്ന് വൈകീട്ട് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന അൻവർ ഇബ്രാഹിം രാത്രിയോടെ കാരന്തൂർ മർകസിലെത്തും. തുടർന്ന് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ 'എക്‌സലൻസ് അവാർഡ്' ചടങ്ങിൽ വെച്ച് കാന്തപുരത്തിൽ നിന്ന് അദ്ദേഹം സ്വീകരിക്കും. തുടർന്ന് മടവൂർ സി.എം. മഖാം സന്ദർശിച്ച ശേഷമാകും മലേഷ്യൻ പ്രധാനമന്ത്രി മടങ്ങുക. കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായി സ്ത്രീസ്വാതന്ത്ര്യ വിഷയത്തിൽ ഇരുനേതാക്കളും പരസ്പരവിരുദ്ധമായ നിലപാടുകൾ പരസ്യമാക്കിയത് ശ്രദ്ധേയമായിട്ടുണ്ട്.