
തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിലേറെ നെഞ്ചേറ്റിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണെന്ന് പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ. പാർട്ടിയിലെ ചില വ്യക്തികളിൽ നിന്നുണ്ടായ ക്രൂരമായ വ്യക്തിവിരോധവും ഉന്മൂലന ശ്രമങ്ങളും സഹിക്കാനാവാതെയാണ് കടുത്ത തീരുമാനത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശില്പികളിലൊരാളായ ഡോ. വി.വി. വേലുക്കുട്ടി അരയന്റെ പേരക്കുട്ടിയും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് അഡ്വ. വി.വി. നാഗേന്ദ്രന്റെ മകനുമായ അനിൽ, 'വസന്തത്തിന്റെ കനൽവഴികൾ', 'തീ', തമിഴ് ചിത്രമായ 'വീരവണക്കം' എന്നിവയുടെ സംവിധായകനാണ്.
കമ്യൂണിസ്റ്റ് ചരിത്രവും പുരോഗമന ആശയങ്ങളും വെള്ളിത്തിരയിലെത്തിക്കാൻ ആയുസ്സും കോടിക്കണക്കിന് രൂപയുമാണ് ലാഭേച്ഛയില്ലാതെ വിനിയോഗിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സിനിമകളുടെ രാഷ്ട്രീയ ഉള്ളടക്കം തിരിച്ചറിഞ്ഞിട്ടും പാർട്ടിയിലെ ചില കേന്ദ്രങ്ങൾ തനിക്കെതിരെ കടുത്ത പകയും വൈരാഗ്യവും വെച്ചുപുലർത്തുകയായിരുന്നു. സിനിമകൾ വെളിച്ചം കാണാതിരിക്കാൻ ബോധപൂർവമായ ഇടപെടലുകളുണ്ടായെന്നും കഴിഞ്ഞ പന്ത്രണ്ടു വർഷക്കാലം പലവിധ ദുരിതങ്ങളെക്കാൾ ഭയാനകമായ ഉന്മൂലന ക്രിയകളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അദ്ദേഹം കുറിപ്പിൽ തുറന്നടിച്ചു.
കരുണയാണ് കമ്യൂണിസത്തിന്റെ ബാലപാഠമെന്നാണ് താൻ വിശ്വസിച്ചിരുന്നതെന്നും എന്നാൽ ഇന്ന് പ്രസ്ഥാനത്തിൽ അത് ദർശിക്കാനാകുന്നില്ലെന്നും അദ്ദേഹം ദുഃഖത്തോടെ ഓർമ്മിപ്പിച്ചു. സഹായിച്ചില്ലെങ്കിലും പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന ക്രൂരതകൾ സഹിച്ച് മുന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമാക്കിയ അനിൽ നാഗേന്ദ്രൻ, പാർട്ടിക്കുള്ളിലെ സുമനസ്സുകളായ നിരവധി നേതാക്കളോടും തന്നെ സ്നേഹിച്ച സഖാക്കളോടും ക്ഷമ ചോദിച്ചുകൊണ്ടാണ് പ്രസ്ഥാനവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.