
മർമ്മത്ത് കൊള്ളുന്ന നർമ്മം കേൾക്കുവാനും ആസ്വദിക്കുവാനും ആർക്കാണ് താത്പര്യം ഇല്ലാത്തത്. അവസരോചിതവും അർത്ഥവത്തുമായ നർമ്മം ചിരിക്കുവാനും ചിന്തിക്കുവാനും ഉതകുന്നതാണ്. ഇതിലെ നർമ്മങ്ങളൊക്കെ ഏത് അർത്ഥത്തിലും ഉന്നതനിലവാരം പുലർത്തുന്നവയാണ്.
മനോഹരങ്ങളായ കഥകളിലൂടെയും കവിതകളിലൂടെയും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള ജോസ് ചെരിപുറം അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാണ്. അധികമാരും കൈവയ്ക്കാൻ ധൈര്യപ്പെടാത്ത ഹാസ്യസാഹിത്യത്തിലും ജോസ് തൻ്റെ നൈപുണ്യം തെളിയിച്ചിരിക്കുന്നു. അതിൻ്റെ വ്യക്തമായ തെളിവാണ് ഈ സമാഹാരം.
നാം ജീവിക്കുന്ന സമൂഹത്തിൽ നമുക്കു ചുറ്റും ദിനം തോറും നടക്കുന്ന സംഭവങ്ങളിലുള്ള ഹാസ്യത്തിൻ്റെ അംശം കണ്ടെത്തി, അത് അല്പം അതിശയോക്തി കലർത്തി നർമ്മ മധുരമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് ഹാസ്യസാഹിത്യകാരന്മാർ ചെയ്യുന്നത്. വായനക്കാർക്ക് പരിചിതമായ മേഖല ആയതുകൊണ്ട് അയാൾക്ക് ചിരിച്ചുകൊണ്ടുതന്നെ, വിഷയവുമായി വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയുന്നു.
മണ്ടത്തരങ്ങളിൽ, പരാജയങ്ങളിൽ, തിരിച്ചടികളിൽ എന്നു വേണ്ട ജീവിതത്തിൽ മനുഷ്യൻ കോപിക്കുകയോ, കരയുകയോ ദുഃഖിക്കുകയോ, നിരാശപ്പെടുകയോ ചെയ്യുന്ന പല സന്ദർഭങ്ങളിലും നർമ്മം കണ്ടെത്തി ചിരിപ്പിക്കാൻ വക നൽകാനുള്ള കഴിവ് നൈസർഗികമാണ്, ഒരു സിദ്ധിയാണ്. നിർമ്മലമായ ഒരു മനസ്സുവേണം കരച്ചിലിലും ചിരി കണ്ടെത്താൻ. ആ നിർമ്മലമായ മനസ്സ് ജോസിനുണ്ട്.
'അളിയൻ്റെ പടവലങ്ങ' എന്ന കഥയിൽ പെങ്ങൾ വിത്തിനിട്ടിരുന്ന പടവലങ്ങ മോഷ്ടിക്കാൻ നിർബ്ബന്ധിതനായ അമേരിക്കൻ കുട്ടപ്പൻ്റെ കഥയാണ്. അടുക്കുമ്പോൾ അകലുകയും അകലുമ്പോൾ അടുക്കയും ചെയ്യുന്നതാണ് ബന്ധങ്ങളുടെ പ്രത്യേകതയെന്ന് ഈ കഥയിൽ നിരീക്ഷിക്കുന്നുണ്ട്.
അൻപതു വയസിനുമേൽ പ്രായമുള്ള ഭർത്താവ്, കിടക്കമുറിയിൽ കെട്ടിയവളുടെ അടുത്ത് ബലഹീനനാകുമ്പോൾ, അവളുടെ അണിഞ്ഞൊരുങ്ങലിൽ സംശയാലുവാകുന്നു. "പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല" എന്ന കുഞ്ചൻ നമ്പ്യാരുടെ രണ്ടാം ക്ളാസിൽ പഠിച്ച പദ്യം മൂളിയാൽ പോലും അവൾ തന്നെ അവഹേളിക്കുന്നതായി പാവം ഭർത്താവ് കണ്ടെത്തുന്നു; കലഹിക്കുന്നു. പക്ഷേ ഭാര്യയുടെ വിശദീകരണം ഏതു ഭർത്താക്കന്മാരെയും വികാരഭരിതനാക്കും. 'പവ്വർ ഫെയിലർ' എന്ന കഥ അവസാനിക്കുന്നത് പവർകട്ട് ഇല്ലാതെയുള്ള ഒരു തിരിച്ചു വരവോടെയാണ്.

' ദൈവത്തിൻ്റെ നാട് ' എന്ന നർമ്മത്തിൽ, ദാമ്പത്യജീവിതത്തിൻ്റെ പാല്പായസത്തിൽ സ്ഥിരം മണൽ വാരിയിടുന്ന ഒരു അമ്മച്ചിയുണ്ട്. അവരുടെ മരണം വിശുദ്ധനാട്ടിൽ വെച്ച് നടന്നിട്ടും, അവരുടെ ശവസംസ്കാരം കുറഞ്ഞ ചിലവിൽ ഇസ്രയേലിൽവച്ച് നടത്താമായിരുന്നിട്ടും, പത്തിരട്ടി കൂടുതൽ ചിലവിൽ അമേരിക്കയിൽതന്നെ നടത്താൻ തീരുമാനിച്ച മരുമകൻ മത്തായിക്കുട്ടിയെ എല്ലാവരും കുടുംബത്തോട് സ്നേഹമുള്ളവനെന്ന് പറഞ്ഞു. അതിനായ് മത്തായിക്കുട്ടിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വായിച്ചു തന്നെ അറിയണം.
'ഇതു നമ്മുടെ അച്ചായനല്ലേ' എന്ന നർമ്മഭാവനയിൽ പ്രായാധിക്യം മൂലം ശരീരവടിവ് നഷ്ടപ്പെട്ട, മുടിപൊഴിഞ്ഞ കഷണ്ടിയായ ചിലർ കാൽനൂറ്റാണ്ടു മുൻപുള്ള ഫോട്ടോ, ഇന്നും സോവനീറിലും പത്രങ്ങളിലും കൊടുക്കുന്നതിൻ്റെ അനൗചിത്യം തുറന്നു കാണിക്കുന്നു.
'എങ്കിലും എൻ്റെ ദൈവമേ...' എന്നത് നല്ലവനായ കുഞ്ഞവറാച്ചൻ മരിച്ച് സ്വർഗ്ഗത്തിൽ ചെല്ലുന്നിടത്തു നിന്നാണ് ആരംഭിക്കുന്നത്. ഒരു നസ്രാണിയുടെ ലൗകിക ഭാവനയിൽ നിന്നും വ്യത്യസ്ഥമായ സ്വർഗ്ഗം, ബൈബിൾ വായന, ഗീതാപാരായണം, ഖുറാൻ വായന, മാലാഖമാരുടെ വാദ്യസംഗീതം, സ്വീകർണ യോഗങ്ങൾ, ദൈവത്തിൻ്റെ സായാഹ്നസവാരി..., പൊതുവെ മടുപ്പു തോന്നിയ അയാൾ ദൈവത്തിൻ്റെ പാസ്സുവാങ്ങി മൂന്നു ദിവസത്തേക്ക് നരകം സന്ദർശിക്കാൻ പുറപ്പെട്ടു. ആരെയും ആകർഷിക്കുന്ന, വികാരങ്ങൾക്കു വിലക്കില്ലാത്ത, നരകത്തിലെ ആനന്ദപൂർണ്ണമായ ജീവിതം. പക്ഷേ അന്ത്യം ? എന്തിലും എൻ്റെ ദൈവമേ എന്നു വിളിപ്പിക്കുന്നതു തന്നെ. നരകത്തിലായാലും വിസിറ്റ്ങ്ങ് വിസയിൽ പോകുന്നതും പെർമിനൻ്റ് റെസിഡൻ്റായി പോകുന്നതും തമ്മിലുള്ള വ്യത്യാസം നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ഈ ലോകത്തിലെ ഒരു സുഖവും അനുഭവിക്കാതെ, പിശുക്കനായി ജീവിച്ച്, മറ്റുള്ളവർക്കു വേണ്ടി സമ്പാദിച്ച്, പിശൂക്കനായി മരിച്ച ഒരുവൻ്റെ മരണാനന്തര നിരീക്ഷണങ്ങളാണ് 'അൾസർ വക്കച്ചൻ' എന്ന കഥയിലൂടെ കഥാകൃത്ത് വരച്ചുകാട്ടുന്നത്. പഴയ തലമുറയിലെ ഒരു നല്ല ശതമാനം മലയാളികളുടെയും ജീവിത രീതിയാണ് ഇതിലൂടെ അനാവരണം ചെയ്യുന്നത്. കോവിഡ് എന്ന മഹാമാരി ഈ പിശൂക്കിനൊരു അറുതി വരുത്തിയിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ. ആർക്കൊ വേണ്ടി സമ്പാദിച്ചു വെക്കാതെ ലോകം കാണാനും ജീവിതം ആസ്വദിക്കാനും മലയാളിക്ക് വെളിവ് കൊടുത്തത് കോവിഡ് കാലത്തെ മരണഭയമാണ്.
'സ്ത്രീ; ധനം കൊണ്ടുമാത്രം ജീവിക്കുന്നില്ല' എന്ന കഥയിൽ ആദ്യകാല അമേരിക്കൻ മലയാളിയുടെ ആകുലതകളും പ്രതീക്ഷകളും ഒരു കാർട്ടൂൺ ചിത്രം പോലെ വരച്ചിട്ടിരിക്കുന്നു. പുതിയ കാറുകൾ സ്വപ്നം കണ്ടിരുന്ന മലയാളികൾക്ക് പഴയ കാറുകൾ വാങ്ങുവാനേ ആരംഭകാലത്ത് സാമ്പത്തീകം അനുവദിച്ചിരുന്നുള്ളൂ. ഇന്ന് അതൊക്കെ മാറിയിരിക്കുന്നു. ഏറ്റവും പുതിയതും മുന്തിയതുമായ കാറിൽ പൊങ്ങച്ചം കാണിക്കാൻ ഒട്ടും പിന്നിലല്ല മലയാളിയും.
ആധിനിക കവിതാ പ്രസ്ഥാനത്തിൻ്റെ ചുവട് പിടിച്ച് ചിലർ പടച്ചു വിടുന്ന പൊതിക്കാത്ത തേങ്ങകൾ ആസ്വാദകൻ്റെ നെഞ്ചത്തും ചിലപ്പോൾ തലയിലും വീണ് അവനെ പരലോകത്തേക്ക് അയയ്‌ക്കുന്നു. ആധുനിക കവിത എന്ന പേരിൽ പുറത്തുവരുന്ന ചില തോന്ന്യാക്ഷരങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് രൂക്ഷമായി പരിഹസിക്കുകയാണ് 'തേങ്ങകൾ പൊതിച്ചതും പൊതിക്കാത്തതും എന്ന കഥയിൽ.
നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്ന അല്ലെങ്കിൽ നടക്കാൻ സാധ്യതയുള്ള സംഭവങ്ങൾ ഇണക്കികോർത്തെടുത്ത 25 നർമ്മ ഭാവനകളാണ് ഇതിലെ ഇതിവൃത്തം. ഈ സമാഹരത്തിലുള്ള നർമ്മഭാവനകൾ തികച്ചു മൗലികമാണെന്ന് ഇത് വായിക്കുമ്പോൾ മനസ്സിലാകും. അസ്ഥാനത്തുള്ള നർമ്മം നനഞ്ഞ പടക്കമ്പോലെ ചീറ്റിപ്പോവുകയും ചെയ്യും. ഇതൊന്നും നർമ്മ പ്രസ്ഥാവനകളല്ല, ചിന്തിച്ച് ചിരിക്കുവാനായിട്ട്, ചിരിച്ച് ചിന്തിക്കുവാനായിട്ട് ഈ കഥകളിലൊക്കെ എന്തൊക്കയോ നിറച്ചു വെച്ചിട്ടുണ്ട്.
ജോസ് ചെരിപുറം ഒരു കവിമാത്രമല്ല, സഹൃദയനായ ഒരു ഹാസ്യസാഹിത്യകാരൻ കൂടിയാണ്. കഥാബീജം കണ്ടെത്തുന്നതിലും വികസിപ്പിച്ചെടുത്ത് അവതരിപ്പിക്കുന്നതിലും അസാധാരണമായ നിരീക്ഷണ വൈഭവം പ്രകടമാണ്. പല രചനകളും അമേരിക്കയിലുള്ള മലയാളി കുടിയേറ്റക്കാരുടെ ജീവിത പശ്ചാത്തലത്തിൽ വികസിപ്പിച്ചെടുത്തതാണ്. അതുകൊണ്ടു തന്നെ ഈ നർമ്മഭാവനയ്‌ക്കുള്ള ചരിത്രപരമായ പ്രാധാന്യം ശൃദ്ദേയമാണെന്ന് ജനനി പബ്ളിക്കേഷൻസ് പത്രാധിപർ ജെ. മാത്യൂസ് അവതാരികയിൽ പറഞ്ഞിരിക്കുന്നു.
ഏഴാം കടലിനക്കരെയെന്നോ ഇക്കരെയെന്നോ ഭേദമില്ലാതെ, മലയാളികളുടെ ജീവിതത്തിലെ മോഹങ്ങളും മോഹഭംഗങ്ങളും വിജയങ്ങളൂം പരാജയങ്ങളും വീമ്പിളക്കലും പൊങ്ങച്ചം പറച്ചിലുമെല്ലാം ചെരിപുറത്തിൻ്റെ പേനത്തുമ്പിലൂടെ നമ്മിൽ ചിരിയുണർത്തുന്നതായി ന്യൂയോർക്ക് അശ്വമേധം ചീഫ് എഡിറ്റർ രാജു മൈലപ്ര ആമുഖമായി ചേർത്തിരിക്കുന്ന അസ്വാദനക്കുറിപ്പിൽ എടുത്തു പറഞ്ഞിരിക്കുന്നു.
ഏത് അരസികനും ചെരിപുറത്തിൻ്റെ ഫലിതകഥകൾ വായിച്ച് പരിസരം മറന്ന് പൊട്ടിച്ചിരിക്കും. മലയാള ഹാസ്യസാഹിതീ ചക്രവർത്തിയായ ഇ. വി. കൃഷ്ണപിള്ളയെപ്പോലെ ചിരിയിലൂടെ ചിന്തയിലേക്കും ചിന്തയിലൂടെ ചിരിയിലേക്കും സഹൃദയരെ നയിക്കുന്നു. പൊട്ടിച്ചിരിയുടെ അപ്പോസ്തോലനായ വേളൂർ കൃഷ്ണൻ കുട്ടിയുഎപ്പോലെ ചെരിപുറം ഫലിതപ്പടക്കങ്ങൾക്ക് തിരികൊളുത്തുന്നു. എന്ന് ജോയൻ കുമരകം അഭിപ്രായപ്പെട്ടിരിക്കുന്നു.
25 ഹാസ്യസാഹിത്യക്കുറിപ്പുകളുടെ ഈ സമാഹാരം ആലുവയിലുള്ള സൺറൈസ് പബ്ളിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 158 പേജുകളുള്ള ഈ പുസ്തകത്തിൻ്റെ വില 90 രൂപയാണ്.
ജോസ് ചെരിപുറം
1948 നവംബർ മാസത്തിൽ പാലായ്‌ക്കടുത്തുള്ള ചെങ്ങളം ഗ്രാമത്തിൽ ജനിച്ചു. അമേരിക്കയിലെ സാഹിത്യ സാംസ്കാരിക സംഘടനകളിൽ സജീവമാണ്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥയും കവിതയും ലേഖനങ്ങളും തുടർച്ചയായി എഴുതുന്നു.
കാവ്യ നർത്തകി (കവിതാ സമാഹാരം), അളിയൻ്റെ പടവലങ്ങ (ഹാസ്യസാഹിത്യം) എന്നിവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാല്പത്തിനാലു വർഷമായി ന്യൂയോർക്കിലെ എൽമോണ്ടിൽ താമസിക്കുന്നു.
ഭാര്യ :- ഏലിക്കുട്ടി ജോസ്
മക്കൾ :- ഡോ. എബി ജോസ്, എമി ജോസ്.
email :- josecheripuram@gmail.com