Image

സർവകലാശാലയിൽ അൽപ്പനേരം (ത്രിപുരക്കുറിപ്പുകൾ-3: എം.കെ നാരായണമൂർത്തി)

Published on 13 September, 2026
സർവകലാശാലയിൽ അൽപ്പനേരം (ത്രിപുരക്കുറിപ്പുകൾ-3: എം.കെ നാരായണമൂർത്തി)

പ്രൊഫസർ സലീം ഷാ ത്രിപുര സെൻട്രൽ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക വിഭാഗം മേധാവിയാണ്.കഴിഞ്ഞ ഇരുപത്തിനാല് വർഷങ്ങളായി ഈ യൂണിവേഴ്സിറ്റിയിൽ പഠിച്ചും പഠിപ്പിച്ചും സാത്വിക ജീവിതം.വിദ്യാർത്ഥികളുടെ ഇടയിൽ മാത്രമല്ല ത്രിപുരയിലാകെ അദ്ദേഹത്തെ ജനങ്ങൾക്ക് അറിയാം.പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും അദ്ദേഹം സജീവസാന്നിദ്ധ്യമാണ്.അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ഞാൻ യൂണിവേഴ്സിറ്റി സന്ദർശിക്കാനെത്തി.അതിവിശാലമായ കാമ്പസ്.ഡിപ്പാർട്ട്മെന്റ് ഓഫ് മ്യൂസിക്കാണ് നമ്മൾ ആദ്യം കാണുക.കോക്ബറോക് ഭാഷയ്ക്ക് വേണ്ടിയുളള ഡിപ്പാർട്ടുമെന്റും തലയെടുപ്പോടെ നിൽപ്പുണ്ട്.നിറയെ മരങ്ങളും അതിനടിയിലായി വിവിധയിനം ചർച്ചകളും കളിതമാശകളുമായി ഇരിക്കുന്ന വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ.

സലീം ഷായുടെ മുറിയിലെത്തുമ്പോൾ തന്നെ അഞ്ചാറു ഗവേഷണ വിദ്യാർത്ഥികൾ ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു.കേരളത്തിൽ നിന്നാണെന്നുള്ളത് അവരെ കൂടുതൽ സന്തോഷിപ്പിക്കുന്നു എന്ന് അവർ തന്നെ പറഞ്ഞു.എല്ലാവർക്കും ഇംഗ്ളീഷ് അറിയില്ല.പക്ഷേ ഹിന്ദി കഷ്ടിച്ച് അറിയാം.സലീം ഷായുടെ ഔദ്യോഗികമായ പരിചയപ്പെടുത്തലുകൾ കഴിഞ്ഞ് ഞങ്ങൾ വർത്തമാനം പറയാൻ ആരംഭിച്ചു.അഗർത്തലയിലെ ആരോഗ്യമേഖലയെ കുറിച്ച് ഗവേഷണം നടത്തുന്ന പുബാലി ദാസാണ് ആദ്യം പറഞ്ഞു തുടങ്ങിയത്.ഈ മേഖലയിൽ ഗവേഷണം നടത്താൻ സർക്കാർ ആശുപത്രികളിൽ പോകണം.അതിനുള്ള അനുവാദത്തിനായി ഒടുവിൽ ത്രിപുര മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൂടിയായ ഡോ.മാണിക് സാഹയുടെ ഇടപെടൽ വേണ്ടി വന്നുവത്രെ!അക്കാദമിക കാര്യങ്ങൾക്കല്ലാതെ അവിടെ കാണുന്ന കാഴ്ചകൾ പങ്കുവയ്ക്കരുതെന്ന നിബന്ധനയോടെയാണ് പുബാലിയ്ക്ക് ആശുപത്രികളിൽ പോകാനുള്ള അനുവാദം ലഭിച്ചത്.അവിടെ കണ്ട കാഴ്ചകൾ തന്നെ ഞെട്ടിച്ചുവെന്നാണ് പുബാലി പറയുന്നത്.ത്രിപുര നഗരത്തിന്റെ ഹൃദയത്തിൽ പ്രവർത്തിക്കുന്ന ഐ.ജി.എം ആശുപത്രിയിൽ ആധുനികമായ ഉപകരണങ്ങളെല്ലാം നശിച്ചു കിടക്കുന്നു.ആവശ്യത്തിന് ഡോക്ടർമാരോ നേഴ്സുമാരോയില്ല.പലപ്പോഴും രോഗികളെ പരിശോധിക്കുന്നത് പാരാമെഡിക്കൽ സ്റ്റാഫ് തന്നെ.സ്കാനിംഗും എക്സറേയുമെല്ലാം നടത്തിക്കൊടുക്കാൻ ആശുപത്രിയുടെ തൊട്ടടുത്ത് തന്നെ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ജി.ബി പന്ത് ആശുപത്രി മാത്രമാണ് ജനങ്ങൾക്ക് ആശ്രയിക്കാവുന്ന ഏക ആശുപത്രിയെന്നാണ് തന്റെ സർവ്വെയിൽ നിന്നും മനസ്സിലാക്കിയതെന്നാണ് പുബാലി വ്യക്തമാക്കിയത്.

ത്രിപുരയിലെ ആരോഗ്യസംവിധാനം ഒട്ടും മെച്ചമല്ലെന്ന് തിരുവനന്തപുരത്ത് നിന്നും പോരുമ്പോൾ തന്നെ കൊൽക്കത്തയിൽ ദീർഘകാലം മാധ്യമപ്രവർത്തകനായിരുന്ന ആർ.രാജഗോപാൽ എന്നോട് പറഞ്ഞിരുന്നു.നോർത്ത് ത്രിപുരയിലെ ധർമ്മനഗറിൽ നിന്നും അഗർത്തലയിലേക്കുളള കാർ യാത്രയിൽ ഞങ്ങൾക്കത് ബോധ്യപ്പെടുകയും ചെയ്തു.നൃപൻ ചക്രവർത്തിയുടേയും മണിക് സർക്കാരിന്റേയും കാലത്ത് നിർമ്മിച്ച ആശുപത്രിക്കെട്ടിടങ്ങൾ ഏതാണ്ട് പ്രേതാലയങ്ങൾ പോലെയാണ്.മലമുകളിൽ താമസിക്കുന്ന് ഗോത്രവർക്കാരാണ് ഈ ആശുപത്രികളെ ആശ്രയിക്കുന്നത്.ഡോക്ടറന്മാരുടെ സമീപനം കണ്ടാൽ നമുക്ക് നാണക്കേട് തോന്നും.അപ്പോഴാണ് ചർച്ചയുടെ ഭാഗമായിരുന്ന തിഷ അവളുടെ സ്വന്തം അനുഭവം പറഞ്ഞത്.കിഡ്നി സ്റ്റോണിന്റെ പ്രശ്നവുമായി ആശുപത്രിയിലെത്തിയ തിഷയുടെ അസുഖം നിർണ്ണയിക്കാൻ അവിടത്തെ ഡോക്ടർമാർക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല അടിയന്തരമായി ഫെലോപ്പിയൻ ട്യൂബ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.തിഷയുടെ പിതാവിന്റെ ഒരു ഡോക്ടർ സുഹൃത്ത് അടിയന്തരമായി ഇടപെട്ടത് കൊണ്ടാണ് താനിപ്പോഴും ജീവിച്ചിരിക്കുന്നതെന്നാണ് തിഷ വിശ്വസിക്കുന്നത്.നഗരങ്ങളിലെ ആളുകൾ ഗൗരവമായ അസുഖങ്ങൾക്ക് കൊൽക്കത്തയിലാണ് ചികിൽസയ്ക്ക് പോകുന്നത്.ശസ്ത്രക്രിയയും മറ്റും വേണ്ടവർ ബംഗളൂരുവിലേക്കും തമിഴ്നാട്ടിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്കും പോകും.വെല്ലൂരിൽ പോകുന്നത് കുറഞ്ഞ കാശിന് മികച്ച ചികിൽസ ലഭിക്കുമെന്നതിനാലാണ്.

സി.ജെ.പി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കാമ്പസിനുള്ളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് താൻ നേരിട്ട വെല്ലുവിളികളെ കുറിച്ചും തിഷ പറഞ്ഞു.എ.ബി.വി.പി പ്രവർത്തകർ തന്റെ പിന്നാലെ കൂടി ഉപദ്രവിച്ചതും ഹോസ്റ്റലിൽ പോലും കയറാൻ അനുവദിക്കാതെയും വന്നപ്പോൾ തന്റെ അനുഭവങ്ങൾ പങ്കുയ്ക്കുന്ന ഒരു വീഡിയോ ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും അതിന് 200K വ്യൂസ് ലഭിക്കുകയും ചെയ്തു.അതോടെ തനിക്ക് നേരെയുള്ള അക്രമങ്ങൾ എ.ബി.വി.പി നിറുത്തിയെങ്കിലും അവർക്ക് എതിരായി സംസാരിക്കുന്ന ഓരോ വിദ്യാർത്ഥിയേയും വേട്ടയാടുന്ന സമീപനമാണ് സംഘപരിവാർ സംഘടനകൾ സ്വീകരിക്കുന്നതെന്ന് തിഷ പറഞ്ഞു.എസ്.എഫ്.ഐ പ്രവർത്തകയായ തിഷ പറഞ്ഞ മറ്റു ചില കാര്യങ്ങൾ ത്രിപുരയിലെ ഇടതുപക്ഷത്തിന്റെ ദുരവസ്ഥയെ ചൂണ്ടിക്കാണിക്കുന്നതാണ്."വിദ്യാർത്ഥികൾക്ക് നേരെയുള്ള അക്രമങ്ങളെ തടയാൻ സി.പി.എം നേതൃത്വത്തിന് കഴിയുന്നില്ല.നേതാക്കളും യുവജനങ്ങളും തമ്മിൽ കൂടുതൽ അകലുകയാണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.ഇടതുപക്ഷ മനസ്സുള്ള ആളുകൾ എ.ബി.വി.പിയിൽ പോലുമുണ്ട്.ബി.ജെ.പി ഭരണമായതിനാൽ എ.ബി.വി.പി ആയവരാണവർ.അവരെ പാർട്ടിയിലേക്കോ പാർട്ടിയുടെ യുവജനസംഘടനകളിലേക്കോ എത്തിക്കാൻ മുതിർന്ന നേതാക്കൾ ശ്രമിക്കുന്നില്ല.മൂന്നും നാലും തവണ എം.എൽ.എ ആയവർ പോലും അവരുടെ ഗ്രാമങ്ങളിൽ നിന്നും മാറി അഗർത്തലയുടെ സൗകര്യങ്ങളിലേക്ക് വന്ന് ജീവിക്കുകയാണ്.ഞങ്ങൾക്ക് വേണ്ടി ചോദിക്കാൻ പാർട്ടിയുണ്ടെന്ന വിശ്വാസം തിരിച്ചുപിടിച്ചേ പറ്റൂ."

വളരെ വൈകാരികമായിരുന്നു തിഷയുടെ വാക്കുകൾ.അണികൾക്ക് എതിരെയുണ്ടാകുന്ന ശാരീരികമായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സി.പി.എമ്മിന് കഴിയുന്നില്ല എന്നത് വലിയ പോരായ്മയായി ത്രിപുരയിൽ എവിടെയും കാണാം.തിപ്രമോത്ത എന്ന ഫ്യൂഡൽ പാർട്ടിയുടെ ഗുണ്ടകളാണ് ഏറ്റവും വലിയ തലവേദന.ഗ്രാമങ്ങളിൽ ബി.ജെ.പി ഒരു ശക്തിയല്ല.ഈയടുത്ത കാലത്ത് ത്രിപുര രാജവംശത്തിലെ പ്രദ്യുത് മാണിക്ക ദേബ് ബർമ്മൻ രൂപം കൊടുത്ത പാർട്ടിയ്ക്ക് ആശയപരമായ അടിത്തറയൊന്നും ഇല്ല.കൈയ്യൂക്കാണ് അവരുടെ കൈമുതൽ.വില്ലേജ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുകയാണിപ്പോളിവിടെ.സ്വന്തം മുന്നണിയിലെ മറ്റ് പാർട്ടി നേതാക്കളെ പോലും തിപ്രമോത്തക്കാർ തല്ലിച്ചതയ്ക്കുന്നു.മുന്നണി മര്യാദകളെ കാറ്റിൽ പറത്തിയാണ് അവർ മൽസരിക്കുന്നത്.എൻ.ഡി.എ ഘടകക്ഷിയാണെങ്കിലും ധാരാളം സ്ഥലത്ത് അവർ ബി.ജെ.പിയ്ക്കും മറ്റൊരു ഘടകക്ഷിയായ എ.പി.ടി.എഫിനുമെതിരെ മൽസരിക്കുന്നു.

ത്രിപുരയിലെ ടൂറിസത്തെ പറ്റി പറഞ്ഞത് മറ്റൊരു ഗവേഷക വിദ്യാർത്ഥിയായ കനുബർമ്മയാണ്.അയാളുടെ ഗവേഷണ മേഖല സസ്റ്റയിനബിൾ ടൂറിസമാണ്.ത്രിപുരയിലെ പൊട്ടിപൊളിഞ്ഞ റോഡുകളും ടൂറിസ്റ്റ് സ്പോട്ടുകളുടെ പരിപാലനമില്ലായ്മയും അയാൾ ചൂണ്ടിക്കാട്ടി.വലിയ വ്യവസായങ്ങളൊന്നും ഇല്ലാത്ത ത്രിപുരയുടെ പ്രധാന വരുമാനമാർഗ്ഗമായും തൊഴിൽ ദാതാവായും മാറാൻ കഴിയുന്ന ടൂറിസം മേഖലയെ സർക്കാർ അവഗണിച്ചിരിക്കുകയാണ്.വടക്കു കിഴക്കേ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ ടൂറിസം വഴി മോശമല്ലാത്ത വരുമാനം നേടുമ്പോൾ ത്രിപുരയിൽ ഈ വരുമാനം തീരെ തുച്ഛമാണ്.അടിസ്ഥാന വികസനം ഒരുക്കുന്ന കാര്യത്തിൽ ഇപ്പോഴത്തെ സർക്കാരിന് തീരെ താല്പര്യം ഇല്ല.ഇവയൊന്നും ചൂണ്ടിക്കാട്ടി സമരമുഖത്തേയ്ക്ക് വരാൻ പ്രതിപക്ഷത്തിനും കഴിയുന്നില്ല.അതേ,ത്രിപുരയിലെ വിദ്യാർത്ഥികൾ അമർഷത്തിലാണ്.സർക്കാരിനേയും പ്രതിപക്ഷത്തേയും അവർ വിശ്വാസത്തിലെടുക്കുന്നില്ല.ഇതിനെല്ലാം പരിഹാരം വേണ്ടേയെന്ന എന്റെ ചോദ്യത്തിന് നിർജീവമായ ഒരു ചിരി മാത്രമായിരുന്നു അവരുടെ മറുപടി.


Read More: https://www.emalayalee.com/post/380078

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക