Image

സെപ്റ്റംബർ 13- ഗ്രാൻഡ് പേരന്റ്സ് ഡേ (ഏബ്രഹാം തോമസ്)

Published on 12 September, 2026
സെപ്റ്റംബർ 13- ഗ്രാൻഡ് പേരന്റ്സ് ഡേ (ഏബ്രഹാം തോമസ്)

എന്റെ മുത്തച്ഛൻ മധുര പ്രിയനായിരുന്നു: എന്റെ 'ടൈപ്പ് 2' ന്റെ ഉറവിടം തേടി അധിക ദൂരം പോകേണ്ടതില്ല


യു എസിൽ ഗ്രാൻഡ് പേരെന്റ്സ് ഡേ ആഘോഷിക്കുവാൻ തുടങ്ങിയത് 1978 മുതലാണ്. 1970 കളുടെ ആരംഭം മുതൽ മുത്തശ്ശി -മുത്തച്ഛന്മാർക്കു വേണ്ടി ഒരു ദിനം മാറ്റി വയ്ക്കണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.
1978 ലാണ് അന്ന് പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ ലേബർ ഡേയ്ക്ക് ശേഷം വരുന്ന ആദ്യ ഞായറാഴ്ച മുത്തശ്ശി -മുത്തച്ഛന്മാർക്കു വേണ്ടി പ്രേത്യേകം മാറ്റി വയ്ക്കണമെന്ന വിജ്ഞാപനം പുറത്തിറക്കിയത്. വെസ്റ്റ് വിർജീനിയയിലെ ഒരു വീട്ടമ്മ, മരിയൻ മക്ക്വാഡിന്റെ വർഷങ്ങൾ നീണ്ട അക്ഷീണ പരിശ്രമം ആണ് ഇങ്ങനെ പൂവണിഞ്ഞത്.

 അമേരിക്കയുടെ സംസ്കാരത്തിൽ അച്ഛന്റെയും അമ്മയുടെയും മാതാപിതാക്കൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. പലപ്പോഴും കുട്ടികൾ തങ്ങളുടെ അച്ഛനമ്മമാരുമായുള്ള ബന്ധത്തേക്കാൾ മുത്തശ്ശി-മുത്തച്ഛന്മാരുമായുള്ള ബന്ധങ്ങളെക്കുറിച്ചു പറയുമ്പോഴാണ് വാചാലരാകുന്നത്. അവരുമായുള്ള മറക്കാനാവാത്ത ഒട്ടനവധി കഥകൾ പങ്കു വക്കാനാണ് കുട്ടികൾ തങ്ങളുടെ ഓർമ്മച്ചെപ്പുകൾ തുറക്കുക.

നഴ്സിംഗ് ഹോമുകളിൽ കഴിയേണ്ടി വരുന്ന, ഏകരായി ദിനരാത്രങ്ങൾ തള്ളി വിടേണ്ടി വരുന്ന, മിക്കവാറും ബന്ധുക്കളും ഉറ്റവരും ബന്ധം പുലർത്താത്ത പ്രായമായരെകുറിച്ചും ശാരീരിക അസ്വസ്ഥതകൾ മൂലം സ്വന്തം കാര്യങ്ങൾ സ്വയം നിർവഹിക്കാൻ ആവാത്തവരും ആയുള്ളവരെ കുറിച്ചും മക്ക്വാഡ് പ്രത്യേകം ആശങ്കപ്പെട്ടിരുന്നു. ഈ താല്പര്യം ആണ് അവരെ മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും വേണ്ടി ഒരു ദിനം ആവശ്യപ്പെടാൻ പ്രേരിപ്പിച്ചത്. രണ്ടു കാര്യങ്ങളായിരുന്നു പ്രധാനമായും നടപ്പിലാക്കി കാണുവാനവർ ആഗ്രഹിച്ചത്.

1. മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും ആദരിക്കുന്നതിനൊപ്പം കുടുംബത്തിനും സമൂഹത്തിനും അവർ നൽകിയ സേവനങ്ങളെയും ആദരിക്കുക.

2. കൊച്ചു മക്കൾക്ക് മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും സ്നേഹിക്കുവാനും ബഹുമാനിക്കുവാനും അവസരം ഉണ്ടാക്കുകയും അതോടൊപ്പം അവരുടെ അറിവുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും വിജ്ഞാനവും വിവേകവും നേടാൻ അവസരം ഒരുക്കുകയും ചെയ്യുക.

മക്ക്വാഡിന്റെ പരിശ്രമം മറ്റൊരു ഒഴിവു ദിനം സൃഷ്ടിക്കാൻ മാത്രമായിരുന്നില്ല. തലമുറകൾ തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കാനും കുടുംബ ചരിത്രം കാത്തു സൂക്ഷിക്കുവാനും കൂടിയായിരുന്നു.

അവരുടെ ശ്രമഫലമായി ആദ്യം അവരുടെ സംസ്ഥാനമായ വെസ്റ്റ് വിർജിനിയയിൽ ഗ്രാൻഡ് പേരെന്റ്സ് ഡേയിൽ 1973 ൽ ഗവർണ്ണർ ആർച് മൂർ അവധി പ്രഖ്യാപിച്ചു. 1973 മുതൽ -1978 വരെ മക്ക്വാഡ് ദേശീയ തലത്തിൽ ഗവർണർമാർക്കും, സെനറ്റർമാർക്കും, ഓൺഗ്രെസ്സ്മാൻ മാർക്കും ഇടയിൽ നടത്തിയ പ്രചാരണങ്ങളുടെ ഫലമായി ദേശീയ തലത്തിലും ഗ്രാൻഡ് പരെന്റ്സ് ഡേക് പ്രചാരവും അംഗീകാരവും ലഭിച്ചു.

ഓഗസ്റ്റ് 3, 1978 നാ ണ് ജിമ്മി കാർട്ടറുടെ പ്രൊക്ലമേഷൻ 4580 ലബോർ ഡേയ്ക്ക് ശേഷം വരുന്ന ആദ്യ ഞായറാഴ്ച ഗ്രാൻഡ് പരെന്റ്സ് ഡേ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഗ്രാൻഡ് പേരെന്റ്സ് ഡേ പ്രഖ്യാപിച്ചതോടെ ഔദ്യോഗിക ചിന്ഹങ്ങളും ഔദ്യോഗിക പുഷ്പവും ഗ്രാൻഡ് പേരെന്റ്സ് ഡേയ്ക്ക് ഉണ്ടായി. ഫോർഗെറ്റ് മി നോട് ആണ് ഔദ്യോഗിക പുഷ്പം. ഔദ്യോഗിക ഗാനമായി 'എ സോങ് ഫോർ ഗ്രാൻഡ്മാ ആൻഡ് ഗ്രാൻഡ്പാ'യും അംഗീകരിക്കപ്പെട്ടു.

  • ഗ്രാൻഡ് പേരെന്റ്സ് ഡേയുടെ പ്രാധാന്യവും ഉദ്ദേശവും ലക്ഷ്യമാക്കുന്നത് മൂന്നു കാര്യങ്ങളാണ്.
  • ഗ്രാൻഡ് പേരെന്റ്സിന്റെ മാർഗദർശനവും ശക്‌തിയും അവർ നിറവേറ്റുന്ന നിർണായക റോളും.
  • ഗ്രാൻഡ് പേരെന്റ്സിനു അവരുടെ കുട്ടികളുടെ കുട്ടികളോട് സ്നേഹം പ്രദശിപ്പിക്കുവാൻ അവസരം നൽകുക.

കുട്ടികൾക്ക് ഗ്രാൻഡ്‌പേരെന്റ്സിനു നല്കാൻ കഴിയുന്ന ശക്‌തിയും അറിവും മാർഗദർശനവും മനസിലാക്കി ക്കൊടുക്കുക

നാഷണൽ ഗ്രാൻഡ്‌പേരെന്റ്സ് ഡേ വലിയ സമ്മാനങ്ങൾ നൽകുന്നതിലോ വലിയാ തോതിൽ ആഘോഷം സംഘടിപ്പിക്കുന്നതിലോ അല്ല ഊന്നൽ നൽകുന്നത്. ചെറിയ തോതിൽ ആഘോഷിക്കുക, ചെറിയ ചെറിയ സമ്മാനങ്ങൾ നൽകുക, നഴ്സിങ് ഹോമുകളിലും മറ്റുമുള്ള ഉറ്റവരെ സന്ദർശിക്കുക, അവരുമായി സന്തോഷകരമായി കുറച്ചു സമയം എങ്കിലും ചിലവഴിക്കുക എന്നിവ ധാരാളം മതിയാകും എന്ന് ഇതിനു പിന്നിലുള്ളവർ പറയുന്നു.
എന്റെ ഓർമ്മകളിൽ എന്റെ അച്ഛന്റെ അച്ഛനുമായുള്ള ചില കൂടിക്കാഴ്ചകൾ മാത്രമേ ഉള്ളൂ. മാതാപിതാക്കളുടെ ഏറ്റവും ഇളയ മകനായ ഞാൻ ജനിക്കുന്നതിനു മുൻപ് തന്നെ അമ്മയുടെ മാതാപിതാക്കളും അച്ഛന്റെ അമ്മയും കടന്നു പോയിക്കഴിഞ്ഞിരുന്നു. എന്റെ അമ്മയുടെ പിതാവ് ശ്രി എം മാത്തുണ്ണി ഞാൻ ജനിക്കുന്നതിനു മൂന്നു വർഷം മുൻപ് മരിച്ചു. എന്റെ അമ്മയും ഏറ്റവും മൂത്ത രണ്ടു സഹോദരന്മാരും അമ്മയുടെ സഹോദരന്മാരും മുത്തച്ഛനെ കുറിച്ചു ധാരാളം വിവരങ്ങൾ പറഞ്ഞു തന്നിരുന്നു. കാരണം അദ്ദേഹം അക്കാലത്തെ അറിയപ്പെടുന്ന ഒരു എഴുത്തുകാരനും ഫോട്ടോഗ്രാഫറും മലയാള മനോരമയുടെ കൊല്ലത്തെ ആദ്യ പ്രതിനിധിയും ആയിരുന്നു. രണ്ടു പുസ്തകങ്ങളുടെ ('തങ്കമ്മ', 'വിനോദ രസികൻ') കർത്താവും ആയിരുന്നു. അക്കാലത്തു കൊല്ലത്തു വന്നിരുന്ന എഴുത്തുകാരിൽ പലരും, മനോരമയുടെ ശ്രീ കണ്ടത്തിൽ വര്ഗീസ് മാപ്പിളയും, ശ്രീ കെ സി മാമ്മൻ മാപ്പിളയും മുത്തച്ഛനുമായി സൂക്ഷിച്ചിരുന്ന സൗഹൃദ ബന്ധത്തിൽ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു എന്ന് അമ്മ (പരേതയായ റെയ്ച്ചൽ തോമസ് ) പറയാറുണ്ടായിരുന്നു. മുത്തച്ഛൻ വലിയ മധുര പ്രിയനായിരുന്നു എന്നും അമ്മ പറഞ്ഞിരുന്നു. എന്റെ ടൈപ്പ് 2 (ഡയബെറ്റിസ് ) ന്റെ രഹസ്യം ഇതായിരിക്കാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക