Image

9/11 ഓർമ്മകൾക്ക് ഇരുപത്തിയഞ്ച് വയസ്സ് ; അമേരിക്കൻ ജനത ഇന്നും വിതുമ്പുന്നു. ( ഗീവറുഗീസ് ചാക്കോ)

Published on 12 September, 2026
9/11 ഓർമ്മകൾക്ക് ഇരുപത്തിയഞ്ച് വയസ്സ് ; അമേരിക്കൻ ജനത ഇന്നും വിതുമ്പുന്നു. ( ഗീവറുഗീസ് ചാക്കോ)

ന്യൂയോർക്ക്: കാൽ നൂറ്റാണ്ട് മുമ്പ്, 2001-ൽ, അമേരിക്കൻ മണ്ണിൽ നടന്ന ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമ്മകൾ ഉണർത്തുന്ന സെപ്തംബർ പതിനൊന്ന് അമേരിക്കൻ ജനത ഒരിക്കൽ കൂടി അനുസ്മരിച്ചു. 25 വർഷങ്ങൾക്ക് ശേഷം ഇന്നും അമേരിക്ക ആ ഓർമ്മകളിൽ വിതുമ്പുകയാണ്. വേൾഡ് ട്രേഡ് സെന്ററിലെ ഇരട്ട ഗോപുരങ്ങൾ സ്ഥിതി ചെയ്തിരുന്ന ന്യൂയോർക്കിലെ ഗ്രൗണ്ട് സീറോയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവരുടെ വാക്കുകളിൽ അത് പ്രകടമായിരുന്നു. ഭീകരാക്രമണത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കളടക്കം ആയിരങ്ങൾ ലോവർ  മൻഹാട്ടനിലെ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ന്യൂയോർക്കിനെ കൂടാതെ പെന്റഗണിലും, പെൻസിൽവേനിയയിലെ ഷിങ്ക്സ്‌വിലിയിലും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പെന്റഗണിലെ ചടങ്ങിൽ പങ്കെടുത്തപ്പോൾ  വൈസ് പ്രസിഡന്റ് ജെഡി വൻസ് ന്യൂയോർക്കിലെ ചടങ്ങിൽ പങ്കെടുത്തു. ഇപ്പോൾ ജീവിച്ചിരിക്കുന്ന മുൻ പ്രസിഡന്റുമാരായ ജോർജ്ജ് ഡബ്ല്യു. ബുഷ്, ക്ലിന്റൺ, ഒബാമ, ബൈഡൻ എന്നിവരും ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്റ്റിക്കട്ട് എന്നീ സംസ്ഥാനങ്ങളിലെ ഗവർണ്ണർമാരും, ന്യൂയോർക്ക് സിറ്റി മേയർ മാംദാനിയും  ഭീകരാക്രമണ സമയത്ത് ന്യൂയോർക്ക് മേയറായിരുന്ന റൂഡി ജൂലിയാനി തുടങ്ങിയ വിശിഷ്ട വ്യക്തികളും ഗ്രൗണ്ട് സീറോയിലുണ്ടായിരുന്നു.

രാവിലെ 8:46, 9:03 തുടങ്ങി ഇത്തവണ ഏഴുതവണ ചടങ്ങിൽ മൗനം ആചരിച്ചിരുന്നു  മരണമടഞ്ഞവരുടെ പേരുകൾ ബന്ധുമിത്രാദികൾ വായിച്ചു. മരണമടഞ്ഞവരെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കുട്ടികളും പേരുകൾ വായിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

2001-ൽ അൽക്വയ്‌ദ ഭീകരർ നാല് വിമാനങ്ങൾ റാഞ്ചിയാണ് ഭീകരാക്രമണം നടത്തിയത്. പതിനഞ്ച് മിനിറ്റ് വ്യത്യാസത്തിൽ രണ്ട് വിമാനങ്ങൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലെ ഇരട്ട ഗോപുരങ്ങൾ തകർത്തപ്പോൾ മറ്റൊരു വിമാനം സൈനിക ആസ്ഥാനമായ പെന്റഗണിലാണ് ഇടിച്ചിറക്കിയത്. നാലാമത്തെ വിമാനം ഭീകരരും യാത്രക്കാരും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് പെൻസിൽവേനിയയിലെ പിറ്റ്‌സ്‌ബർഗിൽ പാടത്ത് തകർന്നു വീണു.

2977 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. ഭീകരാക്രമണത്തിന്റെ വാർഷികദിനത്തിൽ   ശക്തമായ സുരക്ഷാ സംവിധാനം രാജ്യത്തുടനീളം ഒരുക്കിയിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക