
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനും യു.എ.ഇയും തമ്മിലുള്ള രൂക്ഷമായ ഭിന്നതകള്‍ക്ക് സമവായത്തിന്റെ വഴി തുറന്ന് ഇന്ത്യയുടെ നിര്‍ണായക നയതന്ത്ര ഇടപെടല്‍. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്ന ബ്രിക്‌സ് കൂട്ടായ്മയുടെ വിപുലീകരിച്ച ഘടനയില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മറികടന്ന് 'ന്യൂഡല്‍ഹി പ്രഖ്യാപനം 2026' അംഗീകരിക്കുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്കുവഹിച്ചു. ഇതോടെ ബ്രിക് സ് ആദ്യ സെഷന് സമാപനമായി. അവസാന സെഷന്‍ നാളെ അവസാനിക്കും. അടുത്ത ബ്രിക് സ് ഉച്ചകോടി ചൈനയില്‍ നടത്താനും ധാരണയായി.
പശ്ചിമേഷ്യയിലെ സംഘര്‍ഷം നിലനില്‍ക്കെ സെപ്റ്റംബര്‍ 12-ന് പുലര്‍ച്ചെ നാലുമണിവരെ നീണ്ട തീവ്രമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രഖ്യാപനത്തിന് ഏകകണ്ഠമായ അംഗീകാരം ലഭിച്ചത്. ആതിഥേയ രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാനമായ നയതന്ത്ര നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ബ്രിക്‌സിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഭിന്നതകള്‍ക്കിടയിലും എല്ലാവര്‍ക്കും സ്വീകാര്യമായ ഭാഷയില്‍ ഒരു പൊതുപ്രഖ്യാപനം രൂപപ്പെടുത്താന്‍ കഴിഞ്ഞത് ഇന്ത്യയുടെ 'സമവായ നയതന്ത്ര'ത്തിന്റെ വിജയമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഒരു മേശയ്ക്ക് ചുറ്റും ഈ രാജ്യങ്ങളിലെ നേതാക്കളെ ഒന്നിച്ചിരുത്താനായെന്നത് ആഗോള തലത്തില്‍ മോദി ഡിപ്ലോമസി എന്ന് തന്നെ വിലയിരുത്തപ്പെടും. നേരത്തെ ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന ബ്രിക് സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ഒരു സംയുക്ത പ്രസ്താവനയില്ലാതെ അവസാനിച്ചിരുന്നു. വിപുലീകരിച്ച ബ്രിക്‌സ് കൂട്ടായ്മയുടെ ഐക്യത്തിന് തന്നെ വെല്ലുവിളിയായത് പശ്ചിമേഷ്യയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന വ്യത്യസ്ത നിലപാടുകളായിരുന്നു. ഇറാന്‍ ഒരു ഭാഗത്തും യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ മറുഭാഗത്തുമായി നിലകൊണ്ടതോടെ പ്രഖ്യാപനത്തിലെ ഓരോ വാക്കും നിര്‍ണായകമായി.
അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നടപടികളെ വ്യക്തമായി അപലപിക്കണമെന്നും ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെ ലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടന്നതായി ആരോപിക്കപ്പെടുന്ന ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കും വാണിജ്യ കപ്പല്‍ ഗതാഗതത്തെയും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളെയും ബാധിക്കുന്ന നടപടികള്‍ക്കും ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന നിലപാടിലായിരുന്നു യു.എ.ഇ.
ഈ ഭിന്നതകള്‍ അത്രമേല്‍ രൂക്ഷമായതോടെ ഇറാനും യു.എ.ഇയും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകള്‍ പോലും ബാധിക്കപ്പെട്ടിരുന്നു. ബ്രിക്‌സിന്റെ തീരുമാനമെടുക്കല്‍ സംവിധാനം പൊതുവെ സമവായത്തെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ ഒരു അംഗരാജ്യത്തിന്റെ ശക്തമായ എതിര്‍പ്പ് പോലും സംയുക്ത പ്രഖ്യാപനം തടയാന്‍ പര്യാപ്തമാണ്. ഇതാണ് ന്യൂഡല്‍ഹി പ്രഖ്യാപനത്തിനായുള്ള ചര്‍ച്ചകളെ കൂടുതല്‍ സങ്കീര്‍ണമാക്കിയത്. ഈ പ്രതിസന്ധിക്ക് ഇന്ത്യ കണ്ടെത്തിയ പ്രധാന പരിഹാരം രാജ്യങ്ങളെ നേരിട്ട് കുറ്റപ്പെടുത്തുന്ന ഭാഷ ഒഴിവാക്കി പൊതുതത്വങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനരൂപീകരണമായിരുന്നു.
നയതന്ത്ര ചര്‍ച്ചകളും തീരുമാനങ്ങളും ഏകോപിപ്പിക്കുന്ന ഇന്ത്യന്‍ ഷെര്‍പ്പമാരും നയതന്ത്ര ഉദ്യോഗസ്ഥരും മറ്റ് പ്രധാന അംഗരാജ്യങ്ങളുടെ പിന്തുണയോടെ നടത്തിയ ദീര്‍ഘമായ ചര്‍ച്ചകളിലാണ് സമവായത്തിന് വഴിയൊരുങ്ങിയത്. റഷ്യയും ബ്രസീലും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ചര്‍ച്ചകള്‍ക്ക് പിന്തുണ നല്‍കി. അവസാന പ്രഖ്യാപനത്തില്‍ പ്രത്യേക രാജ്യങ്ങളുടെ പേര് എടുത്തുപറയുന്നതിനു പകരം ഏകപക്ഷീയമായ യുദ്ധങ്ങള്‍, പ്രകോപനമില്ലാത്ത ആക്രമണങ്ങള്‍, അന്യായമായ ഉപരോധങ്ങള്‍ തുടങ്ങിയ പൊതുവായ വിഷയങ്ങളെയാണ് പരാമര്‍ശിക്കുന്നത്. ഇതുവഴി ഇറാന്‍ മുന്നോട്ടുവച്ച ഏകപക്ഷീയ സൈനിക ഇടപെടലുകള്‍ക്കെതിരായ നിലപാടിന് ഇടം ലഭിക്കുകയും ചെയ്തു.
അതേസമയം, യു.എ.ഇയുടെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും ആശങ്കകള്‍ പരിഗണിച്ച് രാജ്യങ്ങളുടെ പരമാധികാരം, യു.എന്‍ ചാര്‍ട്ടറിന്റെ അടിസ്ഥാന തത്വങ്ങള്‍, അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന്റെ സ്വാതന്ത്ര്യവും സുരക്ഷയും സംബന്ധിച്ച നിലപാടുകള്‍ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തി. ന്യൂഡല്‍ഹി പ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ സന്ദേശം ബ്രിക്‌സിനുള്ളിലെ ഭിന്നതകളെ ഇന്ത്യയ്ക്ക് എത്രത്തോളം കൈകാര്യം ചെയ്യാനാകുമെന്നതാണ്. പാശ്ചാത്യ ശക്തികളും ആഗോള ദക്ഷിണത്തിലെ വിവിധ രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ശക്തമാകുന്ന ഘട്ടത്തില്‍, വ്യത്യസ്ത രാഷ്ട്രീയ-സൈനിക നിലപാടുകളുള്ള രാജ്യങ്ങളെ ഒരേ മേശയ്ക്കു ചുറ്റും കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത് അതിന്റെ നയതന്ത്ര സ്വാധീനം വര്‍ധിപ്പിക്കുന്ന ഘടകമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയുടെ ആദ്യ ദിവസത്തെ സമാപനത്തില്‍ ന്യൂഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ബ്രിക്‌സ് വേദിയില്‍ ഇന്ത്യ 'ബ്രിഡ്ജ് ബില്‍ഡര്‍' എന്ന നിലയില്‍ സ്വയം അവതരിപ്പിക്കുന്നതിന്റെ രാഷ്ട്രീയ പ്രാധാന്യവും വര്‍ധിച്ചു. പുതിയ അംഗരാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ടതോടെ ബ്രിക്‌സ് ഇനി പഴയതിലേതിനേക്കാള്‍ ശക്തമായ രാഷ്ട്രീയ കൂട്ടായ്മയാണ്. സാമ്പത്തിക സഹകരണത്തിനപ്പുറം സുരക്ഷ, യുദ്ധം, ഉപരോധം, ഊര്‍ജം, അന്താരാഷ്ട്ര വ്യാപാരം, സമുദ്രസുരക്ഷ തുടങ്ങിയ വിഷയങ്ങളിലും അംഗരാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ പലപ്പോഴും പരസ്പരവിരുദ്ധമാണ്.
അതിനാല്‍ ന്യൂഡല്‍ഹി പ്രഖ്യാപനത്തിലെ സമവായം ഒരു പ്രഖ്യാപനം അംഗീകരിച്ചതിലുപരി വിപുലീകരിച്ച ബ്രിക്‌സിന് ഭിന്നതകള്‍ക്കിടയിലും പൊതുനിലപാട് രൂപപ്പെടുത്താന്‍ കഴിയുമെന്നതിന്റെ പരീക്ഷണഫലമായി കാണാം. ഇറാന്‍-യു.എ.ഇ തര്‍ക്കത്തില്‍ ഒരു പക്ഷത്തിന്റെ നിലപാട് പൂര്‍ണമായി അംഗീകരിക്കാതെ ഇരുവിഭാഗങ്ങളുടെയും പ്രധാന ആശങ്കകള്‍ ഉള്‍ക്കൊള്ളുന്ന ഭാഷ കണ്ടെത്തിയതാണ് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ കാതല്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഈ പ്രഖ്യാപനം നേരിട്ട് നിര്‍ണായകമാകുമോ എന്നത് വേറൊരു ചോദ്യമാണെങ്കിലും, വ്യത്യസ്ത താല്‍പര്യങ്ങളുള്ള രാജ്യങ്ങള്‍ക്കിടയില്‍ സംഭാഷണത്തിനും സമവായത്തിനും വേദിയൊരുക്കുന്ന ശക്തിയായി ഇന്ത്യ ഉയര്‍ന്നുവരുന്നു എന്ന സന്ദേശം ന്യൂഡല്‍ഹി പ്രഖ്യാപനം നല്‍കുന്നു.
അതുകൊണ്ടുതന്നെ, 2026-ലെ ബ്രിക്‌സ് ഉച്ചകോടിയിലെ ന്യൂഡല്‍ഹി പ്രഖ്യാപനം ഇന്ത്യയുടെ ആതിഥേയത്വത്തിന്റെ വിജയമെന്നതിലുപരി, ആഗോള ദക്ഷിണത്തിന്റെ രാഷ്ട്രീയത്തില്‍ ഇന്ത്യ അവകാശപ്പെടുന്ന മധ്യസ്ഥന്റെയും 'ബ്രിഡ്ജ് ബില്‍ഡറുടെയും' പുതിയ നയതന്ത്ര പങ്കിന്റെ പ്രഖ്യാപനം കൂടിയായി വിലയിരുത്തപ്പെടുന്നു.