
സാൻ ഹോസെ: കാലിഫോർണിയയിലെ സാൻ ഹോസെയിലും മിൽപിറ്റസിലും മണിക്കൂറുകൾക്കുള്ളിൽ രണ്ട് അടുത്ത സുഹൃത്തുക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ 32-കാരി അനില ബേബിക്കെതിരെ രണ്ട് കൊലക്കുറ്റങ്ങൾ ചുമത്തി. ഓഗസ്റ്റ് 28-ന് മിൽപിറ്റസിൽ 35-കാരിയായ അഞ്ജന ഹരിയെ എസ്‌യുവി ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിന് പിന്നാലെയാണ് സാൻ ഹോസെയിലെ വീട്ടിൽ 39-കാരിയായ ആൻ മേരി മാത്യുവിനെ കുത്തിയും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തിയ കേസിലും അനില ബേബിക്കെതിരെ കുറ്റം ചുമത്തിയത്.
സാന്റ ക്ലാര കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് സെപ്റ്റംബർ 8-ന് സാൻ ഹോസെ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആൻ മേരിയുടെ മരണവുമായി ബന്ധപ്പെട്ട കൊലക്കുറ്റം കൂടി ചേർത്തു. നിലവിൽ രണ്ട് കൊലക്കുറ്റങ്ങളും നേരിടുന്ന അനില ബേബി കൗണ്ടി മെയിൻ ജയിലിൽ ജാമ്യമില്ലാതെ കഴിയുകയാണ്.
സെപ്റ്റംബർ 10 ന് വ്യാഴാഴ്ച അനില ബേബിയെ സാൻ ഹോസെ കോടതിയിൽ ഹാജരാക്കി. അവർ കോടതിയിൽ സംസാരിക്കുകയോ കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. നവംബർ 17ന് വീണ്ടും കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടിട്ടുണ്ട്. അനിലയുടെ അഭിഭാഷകൻ ഷോൺ ജോർജ് കേസിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.
നിലവിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ അനില ബേബി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയാൽ 50 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ലഭിക്കാം.
കൊലപാതകങ്ങൾക്ക് പിന്നിലെ പ്രേരണ എന്താണെന്നും രണ്ട് സംഭവങ്ങളും തമ്മിലുള്ള കൃത്യമായ ബന്ധം എന്താണെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. സാൻ ഹോസെ പൊലീസ് പറയുന്നതനുസരിച്ച്, ആൻ മേരി മാത്യുവിന്റെ കൊലപാതകം 2026ൽ സാൻ ഹോസെ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 17-ാമത്തെ കൊലപാതകമാണ്.

(Mercury News)
ഓഗസ്റ്റ് 28-ന് ഉച്ചയ്ക്ക് ഏകദേശം 1.50നാണ് സാൻ ഹോസെയിലെ ലിൻഡ വിസ്റ്റ സ്ട്രീറ്റിലുള്ള വീട്ടിൽ ആൻ മേരി മാത്യുവിനെ ഭർത്താവ് മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കിടക്കുന്ന നിലയിലായിരുന്നു അവർ. സമീപത്ത് കത്തിയും കണ്ടെത്തിയതായി 911 ഡിസ്പാച്ച് രേഖകൾ വ്യക്തമാക്കുന്നു.
സാൻ ഹോസെ പൊലീസിന്റെ അന്വേഷണ രേഖകൾ പ്രകാരം ആൻ മേരിയുടെ തലയിലും കൈകാലുകളിലും പരിക്കുകളുണ്ടായിരുന്നു. കഴുത്തുഞെരിച്ചതിന്റെ ലക്ഷണങ്ങളും കണ്ടെത്തി. സാന്റ ക്ലാര കൗണ്ടി മെഡിക്കൽ എക്സാമിനറുടെ പരിശോധനയിൽ കഴുത്തുഞെരിക്കൽ, തലയിലും മുഖത്തുമേറ്റ ആഘാതം, മുറിവുകൾ എന്നിവയുടെ സംയുക്ത ഫലമായാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി.
തലയിലും കൈകാലുകളിലും പരിക്കേറ്റ നിലയിലായിരുന്ന അവരെ 'ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി തോന്നുന്നു' എന്ന് സാൻ ജോസ് പോലീസ് തയ്യാറാക്കിയ സത്യവാങ്മൂലത്തിൽ പറയുന്നു; 'ശ്വാസംമുട്ടൽ, തലയിലും മുഖത്തുമേറ്റ ക്ഷതം, മുറിവുകൾ എന്നിവയുടെ ആകെ ഫലമായാണ്' മരണം സംഭവിച്ചതെന്ന് പിന്നീട് സാന്റാ ക്ലാര കൗണ്ടി മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചു.
സംഭവസ്ഥലത്ത് ഏറ്റുമുട്ടലിന്റെ ലക്ഷണങ്ങളും രക്തം വൃത്തിയാക്കാൻ ശ്രമിച്ചതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തി. ആൻ മേരിയുടെ മൊബൈൽ ഫോൺ കാണാതായിരുന്നെങ്കിലും പിന്നീട് അത് അനില ബേബിയുടെ കാറിൽ നിന്ന് കണ്ടെത്തി.
വീട്ടിലെ സുരക്ഷാ ക്യാമറയിൽ രാവിലെ 10.37നും 11.35ഓടെയും എടുത്ത ചില ദൃശ്യങ്ങൾ നീക്കം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. അവശേഷിച്ച ഒരു ദൃശ്യത്തിൽ വീടിന്റെ മുൻവാതിലിനരികിൽ ഒരു ചെരുപ്പ് കാണപ്പെട്ടു. അപ്രതീക്ഷിതമായി ഒരാൾ ആൻ മേരിയുടെ വീട്ടിലെത്തിയിരുന്നതായി ഒരു സാക്ഷി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ക്യാമറയിൽ കണ്ട ചെരുപ്പ് അനില ബേബിയെ മിൽപിറ്റസിൽ അറസ്റ്റ് ചെയ്യുമ്പോൾ അവർ ധരിച്ചിരുന്നതു തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ, വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകൾ, അനിലയുടെ മൊബൈൽ ഫോൺ സിഗ്നൽ എന്നിവ കൊലപാതകം നടന്ന സമയത്ത് അവർ ആൻ മേരിയുടെ വീട്ടിലുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നതായി അന്വേഷണ രേഖകൾ പറയുന്നു.
ആൻ മേരിയുടെ രക്തവും ഡിഎൻഎയും ഉൾപ്പെടെയുള്ള തെളിവുകളും അനിലയുമായി ബന്ധിപ്പിക്കുന്നതായി പൊലീസ് പറയുന്നു. അനിലയുടെ വസ്ത്രത്തിലുണ്ടായിരുന്ന രക്തം ആൻ മേരിയുടെ ഡിഎൻഎയുമായി പൊരുത്തപ്പെട്ടതായും അന്വേഷണ രേഖകളിൽ പറയുന്നു.
ആൻ മേരിയുടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് മണിക്കൂർ തികയും മുമ്പാണ് മിൽപിറ്റസിലെ മിൽ ക്രീക്ക് അപാർട്ട്മെന്റ് ബിൽഡിങ്ങിൽ അഞ്ജന ഹരി കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് 28 ന് ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെ അപാർട്ട്മെന്റ് പാർക്കിങ് സ്ഥലത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. സാക്ഷികളുടെ മൊഴിപ്രകാരം നീല നിറത്തിലുള്ള ടൊയോട്ട ഹൈലാൻഡർ എസ്‌യുവി ഓടിച്ചിരുന്ന അനില ബേബി, അഞ്ജനയുടെ മുന്നിൽ വാഹനം നിർത്തിയശേഷം പെട്ടെന്ന് വേഗത കൂട്ടി ഇടിപ്പിക്കുകയായിരുന്നു. തുടർന്ന് വാഹനം അതിവേഗം ഓടിച്ചുപോയതിനിടെ പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളിലും ഇടിച്ചു.
അഞ്ജനയ്ക്ക് തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകളും രക്തസ്രാവവും സ്ഥലത്തുവെച്ചുതന്നെ മരണത്തിലേക്ക് നയിച്ചതായി മിൽപിറ്റസ് പൊലീസ് അറിയിച്ചു.
വാഹനത്തിൽ രക്ഷപ്പെടുന്നതിനിടെ മറ്റൊരു താമസക്കാരനും അനിലയെ തിരിച്ചറിഞ്ഞതായി പൊലീസ് രേഖകളിലുണ്ട്. പിന്നീട് നടത്തിയ പരിശോധനയിൽ വാഹനം ബ്രേക്ക് ചെയ്തതിന്റെ സൂചന നൽകുന്ന ടയർ ഇമ്പ്രഷനോ സ്കിഡ് മാർക്കുകളോ കണ്ടെത്താനായില്ല. ഇതും മറ്റ് തെളിവുകളും പരിഗണിച്ചാണ് അഞ്ജനയെ മനഃപൂർവം വാഹനമിടിപ്പിച്ചതാണെന്ന നിഗമനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്.
അപകടത്തിന് പിന്നാലെ എസ്‌യുവി സമീപത്തെ വാൾഗ്രീൻസ് പാർക്കിങ് സ്ഥലത്തേക്ക് എത്തിയപ്പോൾ രണ്ട് ഡിറ്റക്ടീവുകൾ അനിലയെ അറസ്റ്റ് ചെയ്തു. അപ്പോൾ അനില കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാനാകാത്ത അവസ്ഥയിലായിരുന്നുവെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതിരുന്നുവെന്നും പൊലീസ് രേഖകൾ പറയുന്നു. കൈകളിലും കാലുകളിലും പരിക്കുകളും രക്തവും കാണപ്പെട്ടിരുന്നു.
സാൻ ഹോസെ പൊലീസ് പറയുന്നതനുസരിച്ച്, അനിലയുടെ ശരീരത്തിലെ പരിക്കുകളും രക്തത്തിന്റെ അളവും വാഹനാപകടം കൊണ്ട് മാത്രം ഉണ്ടായതല്ല. അവരുടെ വസ്ത്രത്തിലുണ്ടായിരുന്ന രക്തം ആൻ മേരി മാത്യുവിന്റെ ഡിഎൻഎയുമായി പൊരുത്തപ്പെട്ടതായും പൊലീസ് കണ്ടെത്തി.
അനില ബേബിയും അഞ്ജന ഹരിയും മിൽപിറ്റസിലെ ഒരേ അപാർട്ട്മെന്റ് സമുച്ചയത്തിലായിരുന്നു താമസിച്ചിരുന്നത്. സാൻ ഹോസെയിലേക്ക് താമസം മാറുന്നതിന് മുമ്പ് ആൻ മേരി മാത്യുവും ഇതേ സമുച്ചയത്തിൽ താമസിച്ചിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. മൂവരും മലയാളികളാണ് എന്നതുകൊണ്ടുതന്നെ അമേരിക്കൻ മലയാളി നടുക്കത്തോടെയാണ് നടുക്കത്തോടെയാണ് ഈ വാർത്ത ശ്രവിക്കുന്നത്.
കുടുംബാംഗങ്ങൾ പൊലീസിനോട് നൽകിയ വിവരമനുസരിച്ച് അനില ബേബിയും അഞ്ജന ഹരിയും സുഹൃത്തുക്കളും അയൽവാസികളുമായിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് അഞ്ജന അനിലയെ ഫോണിൽ വിളിച്ചിരുന്നതായും ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോർണി മാരിസ മക്കിയോൺ പറഞ്ഞു.
രണ്ട് സ്ത്രീകളുടെയും കുടുംബങ്ങൾ കടുത്ത ദുഃഖത്തിലാണെന്ന് മക്കിയോൺ പറഞ്ഞു. കൊല്ലപ്പെട്ട തങ്ങളുടെ അമ്മമാരെക്കുറിച്ച് കുഞ്ഞുമക്കൾ ചോദിക്കുമ്പോൾ ഉത്തരം കണ്ടെത്താൻ കഴിയാതെ വേദനിക്കുകയാണെന്നും അവർ പറഞ്ഞു.
അതേസമയം, പൊലീസ് ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടുന്നതുവരെ അനില ബേബി കുറ്റക്കാരിയാണെന്ന് നിയമപരമായി കണക്കാക്കാനാകില്ല.