
സാനോസെയിലും മില്‍പിറ്റസിലും മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് സുഹൃത്തുക്കളെ കൊലപ്പെടുത്തിയ കേസില്‍ സൗത്ത് ബേ സ്വദേശിനിയായ അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ഔദ്യോഗികമായി ചുമത്തി. സാനോസെയിലെ വീട്ടില്‍ ആന്‍ മേരി മാത്യുവിനെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നാലെ മില്‍പിറ്റാസില്‍ അഞ്ജന ഹരിയെയും കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
മില്‍പിറ്റസില്‍ താമസിക്കുന്ന അനില ബേബിക്കെതിരെ രണ്ട് കൊലക്കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 28-നായിരുന്നു മലയാളി സമൂഹത്തെ ഒന്നാകെ ഞെട്ടിപ്പിച്ച സംഭവം. സാനോസെ ലിന്‍ഡ വിസ്റ്റ സ്ട്രീറ്റിലുള്ള വീട്ടില്‍ 39 കാരിയായ ആന്‍ മേരി മാത്യുവിനെ ഭര്‍ത്താവാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉച്ചയ്ക്ക് ഏകദേശം 1.50-ഓടെ ആന്‍ മേരി മാത്യുവിനെ രക്തത്തില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സമീപത്ത് ഒരു കത്തിയും ഉണ്ടായിരുന്നുവെന്ന് 911 എമര്‍ജന്‍സി ഡിസ്പാച്ച് രേഖയില്‍ പറയുന്നു. സാനോ സെ പൊലീസ് സമര്‍പ്പിച്ച പ്രോബബിള്‍ കോസ് അഫിഡവിറ്റ് പ്രകാരം ആൻ മേരിയുടെ തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കുകളുണ്ടായിരുന്നു. കഴുത്തുഞെരിച്ച നിലയിലായിരുന്നു അവരെന്ന് പൊലീസ് വ്യക്തമാക്കി. സാന്താ ക്ലാര കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ പിന്നീട് മരണകാരണം കഴുത്തുഞെരിക്കല്‍, തലയിലും മുഖത്തുമേറ്റ ശക്തമായ പരിക്ക്, മുറിവുകള്‍ എന്നിവയുടെ സംയുക്ത ഫലമാണെന്ന് കണ്ടെത്തി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അനില ബേബിയെ പ്രതിയായി തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
അതേസമയം, ആന്‍ മേരി മാത്യുവിന്റെ മൃതദേഹം കണ്ടെത്തുന്നതിന് ഏകദേശം രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ അനില ബേബി മില്‍പിറ്റസ് പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. മില്‍പിറ്റസിലെ മില്‍ ക്രീക്ക് അപാര്‍ട്ട്‌മെന്റില്‍ 35കാരിയായ അഞ്ജന ഹരിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലായിരുന്നു അറസ്റ്റ്. ആന്‍ മേരി മാത്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയതായി രണ്ടാമത്തെ കൊലക്കുറ്റം കൂടി ക്രിമിനല്‍ പരാതിയില്‍ ഉള്‍പ്പെടുത്തിയതോടെ അനിലയെ സാന്താ ക്ലാര കൗണ്ടി മെയിന്‍ ജയിലില്‍ ജാമ്യമില്ലാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച കോടതിയില്‍ നടന്ന വിചാരണ നടപടികളില്‍ അനില ഹാജരായി. എന്നാല്‍ അവര്‍ സംസാരിക്കുകയോ കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. കേസ് നവംബര്‍ 17-ന് വീണ്ടും പരിഗണിക്കും. അനിലയുടെ അഭിഭാഷകന്‍ ഷോണ്‍ ജോര്‍ജ് കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ കടുത്ത ദുഃഖത്തിലാണെന്നും, തങ്ങളുടെ പ്രിയപ്പെട്ടവരെ അവരുടെ തന്നെ സുഹൃത്ത് എന്തുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന ചോദ്യം കുടുംബങ്ങളെ വേട്ടയാടുകയാണെന്നും ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി മരിസ മക്കിയോണ്‍ പറഞ്ഞു.
രാവിലെ തന്നെ തന്റെ രണ്ട് ഉറ്റ സുഹൃത്തുക്കളെ ഒരാള്‍ എന്തിനാണ് ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയത് എന്നതാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രധാന ചോദ്യം. രണ്ട് പേരും അമ്മമാരായിരുന്നു. അവര്‍ നമ്മുടെ സമൂഹത്തിലെ അംഗങ്ങളായിരുന്നു. അവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന വേദന വളരെ വലുതാണ്... മക്കിയോണ്‍ കോടതി നടപടികള്‍ക്ക് ശേഷം പറഞ്ഞു. നിലവില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ അനില ബേബി കുറ്റക്കാരിയെന്ന് തെളിഞ്ഞാല്‍ 50 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ലഭിക്കാം.
പുതുതായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പ്രകാരം രക്തം, ഡി.എന്‍.എ, മറ്റ് ഭൗതിക തെളിവുകള്‍ എന്നിവയാണ് രണ്ട് കൊലപാതകങ്ങള്‍ക്കും പിന്നില്‍ ഒരേ വ്യക്തിയാണെന്ന നിഗമനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ നയിച്ചത്. മാത്യുവിന്റെ കാണാതായ മൊബൈല്‍ ഫോണ്‍ അനിലയുടെ എസ്.യു.വിയില്‍ നിന്ന് കണ്ടെത്തിയതും നിര്‍ണായക തെളിവായി. ആന്‍ മേരി മാത്യുവിന്റെ വീട്ടില്‍ നടന്ന ഏറ്റുമുട്ടലിന്റെ തെളിവുകളും രക്തം തുടച്ചുനീക്കാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മാത്യുവിന്റെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.
വീട്ടിലെ സി.സി.ടി.വി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. രാവിലെ 10.37-നും 11.35-ഓടെയും റെക്കോര്‍ഡ് ചെയ്ത ചില വീഡിയോ ക്ലിപ്പുകള്‍ ആരോ മനഃപൂര്‍വം ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇത് കുറ്റകൃത്യത്തിന്റെ തെളിവുകള്‍ മറച്ചുവയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരിക്കാമെന്ന് മക്കിയോണ്‍ പറഞ്ഞു. എന്നാല്‍ ഡിലീറ്റ് ചെയ്യപ്പെടാതെ ശേഷിച്ച ഒരു വീഡിയോയില്‍ വീടിന്റെ മുന്‍വാതിലിലെ മാറ്റില്‍ ഒരു ചെരിപ്പ് കാണാമായിരുന്നു. മാത്യുവിന് അപ്രതീക്ഷിതമായി ഒരാള്‍ വീട്ടിലെത്തിയിരുന്നുവെന്ന് ഒരു സാക്ഷിയും മൊഴി നല്‍കി. ആദ്യ വീഡിയോ ക്ലിപ്പ് ഡിലീറ്റ് ചെയ്ത സമയത്തിന് സമീപമായിരുന്നു ഈ സന്ദര്‍ശനം. മാത്യുവിന്റെ ഭര്‍ത്താവ് മൃതദേഹം കണ്ടെത്തുന്നതുവരെ പിന്നീട് മറ്റാരും വീട്ടിലെത്തിയിട്ടില്ലെന്നും സാക്ഷി പറഞ്ഞു.
വീഡിയോയില്‍ കണ്ട ചെരിപ്പ് അനില അറസ്റ്റിലാകുമ്പോള്‍ ധരിച്ചിരുന്ന ചെരിപ്പുമായി സാമ്യമുള്ളതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മാത്യുവിന്റെ മൊബൈല്‍ ഫോണ്‍ അനിലയുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍, വാഹനങ്ങളുടെ ലൈസന്‍സ് പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകള്‍, അനിലയുടെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ എന്നിവയെല്ലാം കൊലപാതകം നടന്ന സമയത്ത് അവര്‍ മാത്യുവിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു.
അനില ബേബിയും അഞ്ജന ഹരിയും മില്‍പിറ്റാസിലെ അതേ അപാര്‍ട്ട്‌മെന്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നത്. മാത്യുവും സാന്‍ ജോസിലേക്ക് താമസം മാറുന്നതിന് മുമ്പ് ഇതേ സമുച്ചയത്തില്‍ താമസിച്ചിരുന്നതായി പൊതുരേഖകള്‍ വ്യക്തമാക്കുന്നു.