
സത്യത്തില്‍ ഈ ജീവിതം വലിയൊരു തമാശയാണ്.
ചില സ്പർശങ്ങൾക്ക് ശരീരത്തേക്കാൾ ആഴമുണ്ട്. ഒരാൾ നിങ്ങളുടെ കൈ സ്നേഹത്തോടെ പിടിക്കുകയും ഊഷ്‌മളതയോടെ അമർത്തുകയും ചെയ്യുന്നു. പെട്ടെന്ന് നിങ്ങളുടെ കൈക്ക് ജീവൻ വെയ്ക്കുന്നു
ചില സ്പര്‍ശങ്ങള്‍ നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മനുഷ്യനെ ഉണർത്തുന്നു. എത്രയേറെ മരവിച്ചുപോയ ഹൃദയമായാലും, എത്രയേറെ ഏകാന്തതയുടെ തണുപ്പിൽ കല്ലുപോലെ ഉറച്ചുപോയ മനസ്സായാലും, ഒരു ആത്മാർത്ഥമായ സ്നേഹസ്പർശം മതി—അകത്ത് എവിടെയോ ഒരു വാതിൽ മെല്ലെ തുറക്കാൻ.
ഇത്തരമൊരു സൗമ്യതയോടെ ഒരാൾ നിങ്ങളുടെ ഹൃദയത്തിൽ തൊട്ടുകൊണ്ട് ഒന്നു മിണ്ടുമ്പോൾ നിങ്ങൾ എത്ര തണുത്ത് ജീവനറ്റ് ഇരിക്കുന്ന ഒരാളായാലും പെട്ടെന്ന് നിങ്ങൾ ഉള്ളിന്‍റെയുള്ളില്‍ എന്തോ ഉണരും. നിങ്ങൾ നിങ്ങളുടെ ആന്തരികസത്തയെ ആദ്യമായി കാണുന്ന നിമിഷമാണത്. നാലാം വിരലില്‍ വിരിയുന്ന മായ ഒരു ആത്മകഥയല്ല, ആത്മാവിന്‍റെ പിന്‍വിളിയാണ്.
അജ്ഞാതനാം സഹയാത്രികൻ ഞാൻ നിന്‍റെ ഉൾപ്പൂവിൻ തുടിപ്പുകളറിയുന്നൂ….എന്ന ഒഎന്‍വിയുടെ കാവ്യകല്‍പ്പനയില്‍ അജ്ഞാതനായ ഒരു സഹയാത്രികൻ ഉണ്ട്.
നിര്‍ണ്ണായകനിമിഷങ്ങളില്‍ നമുക്കറിയാത്ത ഇടങ്ങളില്‍ നിന്ന് ഒരാൾ, അജ്ഞാതനായ സഹയാത്രികനായ, ആ മൂന്നാമതൊരാള്‍ കൂട്ടായി വരുന്നുണ്ടെന്ന തോന്നല്‍ ശക്തമാവുകയായിരുന്നു നാലാം വിരലിലെ മായയെ അറിയുമ്പോള്‍….മായയെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച ബോബിയച്ചന്‍
(ഫാദര്‍ ബോബി ജോസ് കട്ടിക്കാട്) പങ്കു വയ്ക്കുന്ന ആ നൊമ്പരത്തിപ്പൂക്കള്‍, പത്മരാജന്‍റെ ഋതുഭേദങ്ങളുടെ പാരിതോഷികം പോലെ ഇവിടെ വിരിയട്ടെ…
''കൂട്ടുകാരിരുവരും ഒരുമിച്ചു നടക്കുകയാണ് , കൂരിരുള്‍പ്പാതയിലൂടെ…കയ്യിലെ ടോര്‍ച്ച് തെളിയുന്നുമില്ല… വയലിൻ്റെ നടുവിലൂടെയുള്ള ഒരു പഞ്ചായത്തുവഴിയാണ്. പെട്ടെന്ന് ഒരേയൊരു വഴിവിളക്ക് തെളിയുകയാണ്. അതിൻ്റെ വെട്ടത്തിൽ ഒരു പാമ്പ് ചുരുണ്ടുകൂടി കിടക്കുന്നു. അടുത്ത ചുവട് നിശ്ചയമായും അതിനു മീതെയാവേണ്ടതായിരുന്നു.
നിര്‍ണ്ണായകനിമിഷങ്ങളില്‍ നമുക്കറിയാത്ത ഇടങ്ങളില്‍ നിന്ന് ഒരാൾ കൂട്ടായി വരുന്നുണ്ടെന്ന തോന്നൽ അതിനകം ദൃഢമായിരുന്നു.
മൂന്നാമതൊരാൾ - ആ പേരിൽ മുണ്ടൂർ കൃഷ്‌ണൻകുട്ടിയുടെ അസാധാരണ ചാരുതയുള്ള ഒരു കഥയുണ്ട്. ഭാര്യയുടെ വിയോഗത്തിനുശേഷം അവരുടെ വീട്ടിലേക്ക് മകനുമൊത്ത് അയാൾ പോവുകയാണ്. സന്ധ്യയ്ക്ക് ബസ് ഇറങ്ങുന്ന നിമിഷം മുതൽ ഒരു സാന്നിധ്യം പിന്തുടരുന്നതായി അയാൾക്ക് ബോധ്യപ്പെടുന്നുണ്ട്. ആര്, എന്ത് എന്നുള്ളതല്ല പ്രശ്‌നം; ആരോ ഒരാൾ…..''

അതെ ആത്മകഥയില്‍ മായ പറയുന്നതും പരിചയപ്പെടുത്തുന്നതും , നിര്‍ണ്ണായകനിമിഷങ്ങളില്‍ നമുക്കറിയാത്ത ഇടങ്ങളില്‍ നിന്ന് കൂട്ടായി വരുന്ന ഈ മൂന്നാമതൊരാളെക്കുറിച്ചല്ലേ…?
….ഇതിനകം ഒരുപാടുപേര് എന്നെ കുളിപ്പിച്ചിട്ടുണ്ട്, വസ്ത്രം ധരിപ്പിച്ചു തന്നിട്ടുണ്ട്, ഭക്ഷണം വാരിത്തന്നിട്ടുണ്ട്. അധികമാരും എന്നെ വേദനിപ്പിച്ചിട്ടില്ല.
നന്ദി പറഞ്ഞാൽ തീരാത്ത ജന്മമാണ് എന്‍റേത് പറയാനെങ്കിൽ ഏറെയുണ്ട്. എന്‍റെയീ ജീവിതരേഖയ്ക്ക് ബോബിയച്ചനെക്കൊണ്ട് രണ്ടുവരിയെങ്കിലും എഴുതിക്കണമെന്ന് ആഗ്രഹിച്ചത് അതിമോഹമാണെന്ന് മനസ്സ് പറഞ്ഞു. എന്നിട്ടും പ്രിയേച്ചി (പ്രിയ എ എസ്) വിളിച്ചു പറഞ്ഞപ്പോൾ കാരുണ്യത്തിന്‍റെ, ഈശ്വരൻ്റെ പ്രതിരൂപമായി അച്ചൻ എൻ്റെ അടുത്ത് ഓടിയെത്തി. നന്ദി പറയാൻ വാക്കുകളില്ല.
ജീവിതവഴിയിൽ വേരുകൾ അറ്റുപോകാതെ സ്നേഹം കൊണ്ട് പൊതിഞ്ഞ് ചേർത്തുപിടിക്കുന്നവരുണ്ട്……
അതികഠിനമായ ജീവിതപ്രതിസന്ധികളെയും പരാജയങ്ങളെയും മറികടന്ന് അതിജീവനത്തിന്‍റെ പുതിയ അർത്ഥങ്ങൾ കണ്ടെത്തിയ ഒരാളുടെ യഥാർത്ഥ ജീവിതത്തിലേക്കാണ് മായാബാലകൃഷ്ണന്‍റെ ആത്മകഥ - നാലാം വിരലില്‍ വിരിയുന്ന മായ- വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.
മായാബാലകൃഷ്ണൻ. വെറുമൊരു പേര് മാത്രമല്ല.
പ്രതിസന്ധികളൊട് പൊരുതി സ്വയം രൂപപ്പെടുത്തിയ ഒരു ജീവിതത്തിന്‍റെ അടയാളമാണ്.
ഈ പുസ്തകത്തെ ഒരു കഥയെന്നോ നോവലെന്നോ ജീവചരിത്രമെന്നോ മാത്രം നിർവചിക്കാൻ കഴിയില്ല. കാരണം, അതിന്‍റെ ഉള്ളടക്കം ഒരു സാഹിത്യസൃഷ്ടിയുടെ അതിരുകൾക്കപ്പുറത്തേക്കാണ് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്. ജീവിതമെന്ന വിശാലമായ കാൻവാസിൽ കണ്ണീരുകൊണ്ട് വരച്ചിട്ട നേർചിത്രങ്ങളാണ് ഈ പുസ്തകം.
അതുകൊണ്ടുതന്നെ ഇതിലെ ഭാഷയ്ക്ക് കൃത്രിമത്വമില്ല. അലങ്കാരങ്ങളുടെ ആടയാഭരണങ്ങളില്ല. ജീവിതത്തെ അതിന്‍റെ വേദനയോടും പ്രതീക്ഷയോടും കൂടി പകർത്തിയെടുക്കുന്ന ഒരു സത്യസന്ധതയുണ്ട്. ഹൃദയത്തിൽ നിന്ന് നേരിട്ട് പിറന്ന വാക്കുകൾക്ക് മാത്രമുള്ള ഒരു ചൂട് ഈ രചനയിലുടനീളം അനുഭവിക്കാം.
നെഞ്ചുപൊട്ടുന്ന സന്ദർഭങ്ങളെക്കുറിച്ച് എഴുതുമ്പോഴും മായ വാക്കുകളെ അമിതമായ വൈകാരികതയുടെ ഭാരത്തിൽ തളർത്തുന്നില്ല. പകരം, ലളിതമായ വാക്കുകളിലൂടെ താന്‍ അനുഭവിച്ച വേദനയെ വായനക്കാരന്‍റെ ഹൃദയത്തിലേക്ക് പതുക്കെ സന്നിവേശിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ചില ഭാഗങ്ങൾ വായിക്കുമ്പോൾ നാം ഒരു പുസ്തകം വായിക്കുകയാണെന്ന ബോധം പോലും നഷ്ടപ്പെടുന്നു. ഒരാളുടെ ജീവിതത്തിനരികിലൂടെ നിശ്ശബ്ദമായി നടന്നുപോകുന്ന അനുഭവമാണ് വായനയായി മാറുന്നത്.
ഈ പുസ്തകത്തിന്‍റെ ഏറ്റവും വലിയ സൗന്ദര്യം അതിന്‍റെ ജീവിതദർശനത്തിലാണ്.
മായ മനസ്സു തുറക്കുന്നു:
“നമ്മൾ ഒരിക്കലും അറിയാത്തവരും നമ്മോട് ഒരു ബന്ധവുമില്ലാത്തവരുമായ ചില വ്യക്തികൾ നമുക്കു കൊണ്ടുവരുന്ന ചില വഴിവിളക്കുകളുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ വെറുതെ സ്നേഹിക്കുന്നവർ. മറ്റുള്ളവരുടെ നന്മ കാണുമ്പോൾ ആത്മാവ് നിറഞ്ഞ് സന്തോഷിക്കുന്ന മനുഷ്യരും ഈ ലോകത്തുണ്ട്.”
ജീവിതത്തിൽ ചില മനുഷ്യർ ബന്ധുക്കളായോ. സുഹൃത്തുക്കളായോ വരണമെന്നില്ല. എന്നാൽ, നാം വീണുപോകുന്ന ഒരു നിമിഷത്തിൽ അവർ നീട്ടുന്ന കൈ ചിലപ്പോൾ ജീവിതകാലം മുഴുവൻ മറക്കാനാവാത്തതായിത്തീരുന്നു. പ്രതിഫലം പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നവർ, മറ്റൊരാളുടെ നന്മയിൽ സ്വന്തം സന്തോഷം കണ്ടെത്തുന്നവർ—അത്തരം മനുഷ്യരാണ് ഇരുണ്ട വഴികളിൽ വഴിവിളക്കുകളാകുന്നത്.
മായയുടെ ജീവിതത്തിലും അത്തരം വഴിവിളക്കുകൾ ഉണ്ടായിട്ടുണ്ട്.
ജീവിതം നമ്മെ എത്ര തവണ വീഴ്ത്തുന്നു എന്നതിലല്ല, ഓരോ വീഴ്ചയ്ക്കുശേഷവും നാം എങ്ങനെ എഴുന്നേൽക്കുന്നു എന്നതിലാണ് മനുഷ്യന്‍റെ മഹത്വം.
അതിനാൽ ഈ പുസ്തകം വായിച്ചുതീർക്കുമ്പോൾ മനസ്സിൽ അവശേഷിക്കുന്നത് ഒരു ജീവിതകഥ മാത്രമല്ല.
തോൽക്കാൻ വിസമ്മതിച്ച ഒരു മനുഷ്യന്‍റെ ശബ്ദവും, ഇരുട്ടിലും വഴികാട്ടിയായ ചില മനുഷ്യരുടെ മനസ്സിന്‍റെ പ്രകാശവും, കണ്ണീരിനിടയിലും ജീവിതത്തെ സ്നേഹിക്കാൻ പഠിച്ച ഒരു ഹൃദയത്തിന്‍റെ സ്പന്ദനവുമാണ്.
അതുകൊണ്ടുതന്നെ ഈ പുസ്തകം വായിച്ചുതീർന്നാലും മായാബാലകൃഷ്ണൻ നമ്മുടെ വായനയിൽ നിന്ന് പിരിഞ്ഞുപോകുന്നില്ല. ചില കഥാപാത്രങ്ങൾ പുസ്തകത്തിൽ ജീവിക്കും.
ചില ജീവിതങ്ങൾ പുസ്തകം അടച്ചതിനുശേഷവും നമ്മിൽ ജീവിക്കും.
മായയുടെ ജീവിതം അത്തരത്തിലൊന്നാണ്.
''റുമാറ്റോയ്‌ഡ് ആർത്രൈറ്റിസ് എന്ന അസുഖത്താൽ പത്താം ക്ലാസിൻ്റെ പകുതിയിൽ സ്‌കൂൾമുറ്റത്തോട് വിടപറയേണ്ടി വന്ന മായ രോഗാതുരമായ കാലത്തെ തികച്ചും അതിജീവനബുദ്ധിയോടെയാണ് നേരിട്ടതും ആവിഷ്‌കരിക്കുന്നതും.
ഒരു മുറിക്കുള്ളിലിരുന്നുകൊണ്ട് ലോകത്തെ അറിയുന്നതിൻ്റെ പരിമിതികളും വേദനകളും സ്വപ്‌നഭംഗങ്ങളും വിസ്മൃതികളും ഒന്നും കാണാതെ പോവരുത്. ശരീരം ഉണ്ടാക്കുന്ന കെണികളിൽ നിസ്സഹായതയോടെ അകപ്പെട്ടുപോകുന്നവർ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. സ്വപ്‌നങ്ങളും പ്രതീക്ഷകളും കാമനകളും ഒക്കെയുള്ള സമൂഹജീവികളാണ് അവരെന്ന് തിരിച്ചറിയുന്നത് ഉള്ളം നീറിയെഴുതുന്ന സാന്ദ്രമായ എഴുത്തുകളിലാണ്.
അമ്മ, അച്ഛൻ, സഹോദരങ്ങൾ, അദ്ധ്യാപകർ, കൂട്ടുകാർ, രോഗികൾ, ഡോക്ടർമാർ, സാന്ത്വനചികിത്സകർ, സാമൂഹികപ്രവർത്തകർ, എഴുത്തുകാർ അങ്ങനെ അനേകം പേർ ഈ ഓർമ്മകളുമായി ബന്ധപ്പെട്ട് നിൽക്കുന്നുണ്ട്. മായ മനസ്സുകൊണ്ട് ചലിക്കുക തന്നെയാണ്. സ്‌കൂൾകാലം തീർന്നുവെന്ന് തിരിച്ചറിയുമ്പോഴും ചേട്ടനോട് പറഞ്ഞ് ഓട്ടോഗ്രാഫ് വാങ്ങിപ്പിക്കുവാൻ മറക്കുന്നില്ല. ഈ പുസ്‌തകത്തിലെ ഏറ്റവും വിലപ്പെട്ടതും സങ്കടകരവുമായ ഒരു നിമിഷമായാണ് അതനുഭവപ്പെട്ടത്. ജീവിതം ഏതു രീതിയിൽ വന്നാലും ഓർമ്മകളുടെ ഭാഗമായി നിൽക്കാനുള്ള തീവ്രമായ ഇച്ഛ തന്നെയാണ് ജീവൻ്റെ ലക്ഷണം.'' (ബോബിയച്ചന്റെ അവതാരികയിൽ നിന്ന്).
നാലാം വിരലിൽ വിരിയുന്ന അതിജീവനം
അധ്യാപക ദമ്പതികളായ കെ. എസ്. ബാലകൃഷ്ണൻ നായരുടെയും പി. കെ. വിജയമ്മയുടെയും നാലു മക്കളിൽ ഇളയവളായി എറണാകുളം ജില്ലയിലെ നായത്തോട്ടിലാണ് മായ ബാലകൃഷ്ണന്‍റെ ജനനം. നായത്തോട് മഹാകവി ജി. മെമ്മോറിയൽ സ്‌കൂളിലും അങ്കമാലി ഹോളി ഫാമിലി ഗേൾസ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കാലടി ശ്രീശങ്കര കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന് തുടർപഠനത്തിന് തുടക്കമിട്ടെങ്കിലും, ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന രോഗം ആ യാത്രയ്ക്ക് വിരാമമിട്ടു.
പതിനാലാം വയസ്സിൽ ആരംഭിച്ച രോഗബാധ മായയുടെ ശരീരത്തിന്‍റെ തൊണ്ണൂറ് ശതമാനം ചലനശേഷിയും കവർന്നെടുത്തു. എന്നാൽ ശരീരത്തിന്‍റെ ചലനം നിലച്ചിടത്ത് മായയുടെ മനസ്സ് നിശ്ചലമായില്ല. ജീവിതം ചലനത്തിന്‍റെ വാതിലുകള്‍ അടച്ചപ്പോഴും, വായനയിലൂടെയും എഴുത്തിലൂടെയും ചിത്രരചനയിലൂടെയും സ്വന്തം ലോകത്തിന്‍റെ വാതായനങ്ങള്‍ ഒന്നൊന്നായി തുറന്നു.
പരിമിതികളോട് തോറ്റുനിൽക്കാതെ, കാലത്തിനൊപ്പം സഞ്ചരിച്ച എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായി മായ വളർന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും അതിരുകളില്ലാത്ത ആകാശം തുറന്നുകൊടുത്തു. അക്ഷരങ്ങളിലൂടെ മായ ലോകത്തിന്‍റെ അനന്തമായ വഴികളിലൂടെ സഞ്ചരിച്ചു. മായയ്ക്ക് എഴുത്ത് വെറുമൊരു സർഗാത്മക പ്രവർത്തിയല്ല; അത് സ്വാതന്ത്ര്യത്തിന്‍റെ ആഘോഷമാണ്, അതിജീവനത്തിന്‍റെ വിളംബരമാണ്.
‘തുടികൊട്ട്’, ‘മണ്ണാംകട്ടേം കരീലേം’, ‘നിഷ്‌കാസിതരുടെ ആരൂഢം’ എന്നീ കവിതാസമാഹാരങ്ങളിലൂടെ മലയാള സാഹിത്യത്തിൽ മായ സ്വന്തമായ ഇടം അടയാളപ്പെടുത്തി. സംസ്ഥാനതല ഭിന്നശേഷി കൂട്ടായ്മയുടെ 2018-ലെ ‘വരം’ സാഹിത്യപുരസ്‌കാരം ലഭിച്ചതും ‘നിഷ്‌കാസിതരുടെ ആരൂഢം’ എന്ന കവിതാസമാഹാരത്തിന് കേരള സംസ്ഥാന സർക്കാരിന്‍റെ ഭിന്നശേഷി കമ്മീഷണറേറ്റ് ഏർപ്പെടുത്തിയ പുരസ്‌കാരപദ്ധതിയിൽ മൂന്നാം സ്ഥാനം ലഭിച്ചതും മായയുടെ സർഗശേഷിക്കുള്ള അംഗീകാരങ്ങളാണ്.
മായയുടെ ജീവിതം തന്നെ ഒരു വലിയ കവിതയാണ്—ശരീരത്തിന്‍റെ പരിമിതികളെ മറികടന്ന് മനസ്സിന്‍റെ അനന്തമായ സാധ്യതകളെ തേടിയുള്ള കവിത. ആ ജീവിതചിത്രങ്ങള്‍ക്ക് നല്‍കിയ നാലാംവിരലിൽ വിരിയുന്ന മായ’ എന്ന ശീര്‍ഷകത്തിലും ഒരു ആഴമുള്ള പ്രതീകാത്മകതയുണ്ട്.
ഡോ. കെ. പരമേശ്വരൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത
ഈ ആത്മകഥ Alchemy of the Fourth Finger എന്ന പേരിൽ വായനക്കാരിലേക്കെത്തി.

വിരലുകളുടെ ചലനത്തിനുപോലും ജീവിതത്തോട് പോരാടേണ്ടിവന്ന ഒരാൾ, അതേ വിരലുകളിലെ ശേഷിക്കുന്ന ചെറിയൊരു ചലനത്തെ അക്ഷരങ്ങളാക്കി മാറ്റുമ്പോൾ അത് വെറും എഴുത്തല്ലാതാകുന്നു— അത് മനുഷ്യന്‍റെ അജയ്യമായ ഇച്ഛാശക്തിയുടെ അടയാളമായി മാറുന്നു. മായ ബാലകൃഷ്ണന്‍റെ ജീവിതവും എഴുത്തും നമ്മോട് പറയുന്നതും അതുതന്നെയാണ്: ശരീരത്തിന് അതിരുകളുണ്ടാകാം; പക്ഷേ സ്വപ്നങ്ങൾക്കും സൃഷ്ടിക്കും ആത്മാവിനും അതിരുകളില്ല.

ഇത് ഒരു ആത്മകഥയായി മാത്രം വായിച്ചുതീർക്കാനാവില്ല. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളുടെ രേഖപ്പെടുത്തൽ മാത്രവുമല്ല. വായന കഴിഞ്ഞ് പുസ്തകമടച്ചാലും വായനക്കാരനെ പിന്തുടരുന്ന ഒരു അനുഭവമാണിത്. പുസ്തകത്തിന്‍റെ താളുകൾ അടച്ചുകഴിഞ്ഞാലും അതിലെ ചില വാക്കുകൾ ഉള്ളിൽ പതിഞ്ഞുകിടക്കും. ചില സ്പർശങ്ങൾ വീണ്ടും ഓർമ്മ വരും. ചില മുഖങ്ങൾ മനസ്സിൽ തെളിയും. അറിയാതെ മിഴിക്കോണിൽ ഒരു നനവ് പടരും.
‘നാലാം വിരലിൽ വിരിയുന്ന മായ’ ഒരു ആത്മകഥയല്ല; ആത്മാവിന്‍റെ പിൻവിളിയാണ്.
വളരെ നിശ്ശബ്ദമായി, വളരെ സ്നേഹത്തോടെ,
‘നീ ഇപ്പോഴും ഇവിടെത്തന്നെയുണ്ട്...നിന്നെ നീ മറന്നുപോകരുത്’ എന്ന് ഉള്ളിൽ നിന്ന് നമ്മളെ വിളിക്കുന്ന ആത്മാവിന്‍റെ പിൻവിളി.

തയ്യാറാക്കിയത് - കെ. ആർ മോഹൻദാസ്