Image

കെ എച്ച്. എന്‍. എ. (K H N A ) യുടെ മാട്രിമോണിയല്‍ വെബ്‌സൈറ്റ് 'മംഗല്യസൂത്രം' ഉദ്ഘാടനം ചെയ്യുന്നു.

സുരേഷ് നായര്‍ Published on 11 September, 2026
കെ എച്ച്. എന്‍. എ. (K H N A ) യുടെ മാട്രിമോണിയല്‍ വെബ്‌സൈറ്റ്  'മംഗല്യസൂത്രം' ഉദ്ഘാടനം ചെയ്യുന്നു.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍  മാട്രിമോണിയല്‍ വെബ് സൈറ്റ് സെപ്തംബര്‍ 12-ന് രാത്രി 9 മണിക്ക്  (ഈസ്റ്റേണ്‍ ടൈം) ''മംഗല്യസൂത്രം'' എന്ന പേരില്‍ ഉദ്ഘാടനം ചെയ്യുകയാണ്.  പ്രശസ്ത സിനിമ നടന്‍ ഷാജു ശ്രീധര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതും  പ്രശസ്ത തിരക്കഥാകൃത്തും കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവുമായ സുനീഷ് വാരനാട് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കുന്നതുമാണ്.

സുപ്രസിദ്ധ സോപാന സംഗീതജ്ഞ കെ.എം.പി. ഭദ്രയുടെ സംഗീതാലാപനം ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടും.

കെ. എച്ച്. എന്‍. എ ട്രസ്റ്റി ബോര്‍ഡിന്റെ അഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി  മാട്രിമോണിയല്‍ വെബ് സൈറ്റ് നടത്തിപ്പോരുന്നുണ്ട്. KHNA കുടുംബാംഗങ്ങളായ  യുവതി യുവാക്കളുടെ വിവാഹാലോചനകള്‍ സൈറ്റില്‍ ലഭ്യമാകും.  നോര്‍ത്ത് അമേരിക്കയിലുള്ള മലയാളി ഹിന്ദുക്കള്‍ വളരെയേറെ ആഗ്രഹിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ഒരു സേവനമാണിതെന്ന് ട്രസ്റ്റി ചെയര്‍ വനജ നായര്‍ പറഞ്ഞു. ഒരേ സാംസ്‌കാരിക പശ്ചാത്തലമുള്ള ഒരു ജീവിത പങ്കാളിയെ കണ്ടെത്താന്‍ മംഗല്യസൂത്രം യുവജനങ്ങളെ സഹായിക്കുമെന്നും കെ . എച്ച്. എന്‍. എ കുടുംബാംഗങ്ങളും കമ്മ്യൂണിറ്റിയൂം മംഗല്യസൂത്രം  മാട്രിമോണിയല്‍ വെബ് സൈറ്റ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചെയര്‍പേഴ്‌സണ്‍ വനജ നായര്‍ അഭ്യര്‍ത്ഥിച്ചു.

നോര്‍ത്ത് അമേരിക്കയിലുള്ള  മലയാളി ഹൈന്ദവ യുവതീയുവാക്കള്‍ക്ക് പരസ്പരം അറിയാനും വിവാഹ ബന്ധത്തിലേക്ക് നയിക്കുവാനും കഴിയണം എന്ന ഉദ്ദേശത്തോടെയാണ് ''മംഗല്യസൂത്രം'' എന്ന ഈ സൈറ്റ് ലക്ഷ്യമിടുന്നതെന്ന് കെ.എച്ച്.എന്‍. പ്രസിഡന്റ് ശ്രീ റ്റി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.  ഈ ഉദ്ദ്യമം വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും അറിയിച്ചു.

''മംഗല്യസൂത്രം'' മാട്രിമോണിയല്‍ വെബ്‌സൈറ്റ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനുവേണ്ടി സുരേഷ് നായര്‍ ചെയര്‍മാനായുള്ള ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ശ്രീജിത്ത് ശ്രീനിവാസന്‍, നന്ദകുമാര്‍ ചക്കിങ്ങല്‍, ഡോ. സുധീര്‍ പ്രയാഗ, ഡോ. രഞ്ജിനി പിള്ള എന്നിവരാണ് ഈ കമ്മിറ്റിയിലുള്ളത്.

സൂമിലൂടെ നടക്കുന്ന ഈ പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്‌ലയര്‍ കാണുക.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക