Image

ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യ വാദങ്ങളും ദൈവപാദങ്ങളില്‍ വെയ്ക്കണം : ഡോ. സണ്ണി സ്റ്റീഫന്‍

ജീമോന്‍ റാന്നി Published on 11 September, 2026
ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യ വാദങ്ങളും ദൈവപാദങ്ങളില്‍ വെയ്ക്കണം : ഡോ. സണ്ണി സ്റ്റീഫന്‍

അറ്റ്‌ലാന്റാ: പ്രശസ്ത സംഗീതസംവിധായകനും വചന പ്രഘോഷകനും , വേള്‍ഡ് പീസ് മിഷന്‍ സ്ഥാപക ചെയര്‍മാനുമായ ഡോ. സണ്ണി സ്റ്റീഫന്‍ നയിച്ച ധ്യാനം അറ്റ്‌ലാന്റയില്‍ വിപുലമായ ഒരുക്കത്തോടെ നടന്നു.

''ഇന്ന് ക്രൈസ്തവ സഭകള്‍ക്ക് ഏറ്റവും ആവശ്യമുള്ളത് വെറും കെട്ടിടങ്ങളുടെ സംരക്ഷണമല്ല; വിശ്വാസത്തിന്റെ ആത്മാവിനെ സംരക്ഷിക്കുകയാണ്. സഭയുടെ യഥാര്‍ത്ഥ ശക്തി അതിന്റെ സമ്പത്തിലോ സ്ഥാപനങ്ങളിലോ എണ്ണത്തിലോ അല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിലും സ്‌നേഹത്തിലും സത്യത്തിലും വിശുദ്ധിയിലും സേവനത്തിലുമാണ്. അതുകൊണ്ട്, നമുക്ക് ഒരു പുതിയ ആത്മീയ യാത്ര ആരംഭിക്കാം.

പഴയ മതപരമായ ശീലങ്ങളില്‍ നിന്ന് പുതിയ ആത്മീയ ജീവിതത്തിലേക്ക്, ഭിന്നതകളില്‍ നിന്ന് ഐക്യത്തിലേക്ക്, വാക്കുകളില്‍ നിന്ന്പ്രവൃത്തിയിലേക്ക്, ഭയത്തില്‍ നിന്ന് ധൈര്യത്തിലേക്ക്, സ്വാര്‍ത്ഥതയില്‍ നിന്ന് സേവനത്തിലേക്ക്, വെറുപ്പില്‍ നിന്ന് സ്‌നേഹത്തിലേക്ക്, ക്രിസ്തു സ്‌നേഹത്തിന്റെ സാക്ഷികളായി വളരാം.

യുവതലമുറയ്ക്ക് വിശ്വാസം പകര്‍ന്നുകൊടുക്കണം,കുട്ടികളെ സ്‌നേഹവും സത്യവും ജീവിതം കൊണ്ട് പഠിപ്പിക്കണം,ദരിദ്രരെയും രോഗികളെയും ഏകാകികളെയും വേദനിക്കുന്നവരെയും ചേര്‍ത്തുപിടിക്കണം. സമൂഹത്തില്‍ സമാധാനത്തിന്റെയും നീതിയുടെയും കരുണയുടെയും ശക്തമായ ശബ്ദമായി മാറണം.

ഒരു പുതിയ സഭ കെട്ടിപ്പടുക്കാനുള്ള ആഹ്വാനമല്ല; ക്രിസ്തുവിന്റെ സഭയെ അതിന്റെ യഥാര്‍ത്ഥ ആത്മീയ ദൗത്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ആഹ്വാനമാണ്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യ വാദങ്ങളും ദൈവപാദങ്ങളില്‍ വെക്കേണ്ടവയാണ്. അവയെ ദൈവത്തെക്കാള്‍ പ്രാധാന്യത്തോടെ കാണരുത്. ഇന്നത്തെ പെരുനാളുകളും ജൂബിലി ആഘോഷങ്ങളും ചെണ്ടമേളങ്ങളും മറ്റു ധൂര്‍ത്തും ആത്മീയ ആഘോഷത്തിന്റെ ഭാഗമേ അല്ല. തിരുവചനത്തിലും കൂദാശയിലും അധിഷ്ഠിതമായ പഴയ തലമുറയുടെ ജീവിത സുകൃതങ്ങള്‍ വീണ്ടെടുക്കണം.
ഭക്താഭ്യാസമല്ല ക്രൈസ്തവ ജീവിതം ,വിശ്വാസ വളര്‍ച്ചയാണ് .

അതിനാല്‍ ഇന്ന് നമുക്ക് ഒരു പ്രതിജ്ഞ എടുക്കാം, ക്രിസ്തുവിനെ കേന്ദ്രമാക്കി വിശ്വാസം സംരക്ഷിക്കും- സ്‌നേഹത്തെ ജീവിതമാക്കി സഭയെ നവീകരിക്കും.- ഐക്യത്തെ ശക്തമാക്കി ക്രൈസ്തവ സാക്ഷ്യം ഉയര്‍ത്തും- സേവനത്തെ ദൗത്യമാക്കി മനുഷ്യരാശിയെ ചേര്‍ത്തുപിടിക്കും-
പുതിയ ആകാശവും പുതിയ ഭൂമിയുമായി സഭയെ പണിതുയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന, സ്‌നേഹിക്കുന്ന, പങ്കുവെക്കുന്ന സമൂഹമായി യേശുവിന് സാക്ഷ്യം നല്‍കണമെന്ന് ഡോ. സണ്ണി സ്റ്റീഫന്‍ ആഹ്വാനം ചെയ്തു.

യുഎസ് വേള്‍ഡ് പീസ് മിഷന്‍ പ്രസിഡണ്ട് എബ്രഹാം മാത്യു. , യുഎസ് വേള്‍ഡ് പീസ് മിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ജെസ്സി മാത്യു എന്നിവര്‍ നന്ദി പറഞ്ഞു.

Email:wpmissionofficial@gmail.com
www.worldpeacemission.net
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക