Image

വെയിൽ ചായും നേരം (ഓർമ്മക്കുറിപ്പുകൾ)- റഹിമാബി മൊയ്തീൻ (പുസ്തക പരിചയം - 36: ബാജി ഓടംവേലി, ഡാലസ്)

Published on 10 September, 2026
വെയിൽ ചായും നേരം (ഓർമ്മക്കുറിപ്പുകൾ)- റഹിമാബി മൊയ്തീൻ (പുസ്തക പരിചയം - 36: ബാജി ഓടംവേലി, ഡാലസ്)

മനസ്സിൻ്റെയുള്ളിൽ നിന്നും ഒരിക്കലും ഒലിച്ചു പോകരുതേയെന്ന് ആഴത്തിൽ ആഗ്രഹിക്കുന്ന ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ തുള്ളികളാണ് ഈ പുസ്തകത്തിലുള്ളത്. സ്വന്തം മണ്ണും ദേശവും വിട്ട് അമേരിക്കയിൽ ജീവിക്കുമ്പോഴും പിന്നിട്ട കാലത്തെയും ദേശഗന്ധങ്ങളെയും മനുഷ്യരെയും നാട്ട് ആഘോഷങ്ങളെയും ഒക്കെ ലളിതമായ ഭാഷയിൽ വായനക്കായ് ഒരുക്കി വെച്ചിരിക്കുന്നു.

പഴയ തലമുറയ്‌ക്ക് കടന്നുപോയ വഴികൾ ഒന്നുകൂടെ ഓർത്തെടുക്കാനും പുതിയ തലമുറയ്‌ക്ക് പഴമയുടെ ചില നേർക്കാഴ്ചകൾ വായിച്ചറിയാനും ഈ ഓർമ്മക്കുറിപ്പുകൾ സഹായിക്കും. മനസ്സുകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഈ പുസ്തകത്തിലെ കാഴ്ചകളൊന്നും ഇന്ന് ആർക്കും നേരിൽ കാണാനാവില്ല, കാലം അത്രയ്‌ക്ക് മാറ്റങ്ങൾ സമ്മാനിച്ചു. 
'വെയിൽചായും നേരം' എന്ന ഓർമ്മക്കുറിപ്പിൽ കഷായക്കഞ്ഞിയുടെ പാൽമണമുള്ള ബീവിക്കുട്ടിഉമ്മയെന്ന വല്ല്യുമ്മയെയും, എന്തിനും ഏതിനും ഉദാഹരണമായ് പറയുന്ന പഴഞ്ചൊല്ലുകളെയും ഓർത്തെടുക്കുകയാണ്. വല്ല്യുമ്മയില്ലായിരുന്നുവെങ്കിൽ താനും ഇല്ലായിരുന്നു എന്ന് എഴുത്തുകാരി ഉറപ്പിച്ചു പറയുന്നു. വല്ല്യുമ്മയെ ഓർക്കാത്ത ഒരു ദിവസവും കടന്നു പോയിട്ടില്ല. വല്ല്യുമ്മയെ ഓർക്കാൻ എന്നും ഓരോ കാരണങ്ങൾ ദിനവും വന്നുചേരുമായിരുന്നു, അത്രയ്ക്ക് വല്ല്യുമ്മയും എഴുത്തുകാരിയും ഒന്നായിരുന്നു. 

വെയിൽ ചായും നേരത്ത് വല്ല്യുമ്മായുടെ കൈപിടിച്ച് വെള്ളിക്കൊലുസിട്ട കുഞ്ഞിക്കാലുകളിൽ മുള്ളു കൊള്ളാതിരിക്കാൻ ശ്രദ്ധിച്ചു നടക്കുമ്പോൾ തൊടിയിൽ തളിരിട്ടു നിൽക്കുന്ന ഓരോ ഇലയുടെയും പൂവിൻ്റെയും പേരും ഉപയോഗവും സഹിതം ഉരുവിട്ട് പഠിക്കുമായിരുന്നു. ജലദോഷം, ചുമ, അഞ്ചാംപനി, ചിക്കൻ പോക്സ്, ഉളുക്ക്, മുറിവ്, കുഞ്ഞുങ്ങൾക്ക് നിറം വെയ്ക്കാൻ അങ്ങനെ ഒരുപാട് നാട്ടു വൈദ്യങ്ങൾ വല്ല്യുമ്മയിൽ നിന്നും പഠിച്ചത് ഓർത്ത് എഴുതിവെച്ചിരിക്കുന്നത് വായനക്കാർക്ക് നിധിയാവും.

തറവാട്ടിലെ സഹായി ആയിരുന്ന ലക്ഷ്മിയേടത്തിയോടൊപ്പം അവരുടെ വീട്ടിൽ വർഷത്തിലൊരിക്കൽ ആഘോഷിച്ചിരുന്ന തിരുവാതിരപ്പൊലിമയുടെ വിശദമായ വിവരണമാണ് 'നാട്ടു മണമുള്ള ആഘോഷങ്ങൾ' എന്ന അദ്ധ്യായത്തിലുള്ളത്. വായിച്ചു കഴിയുമ്പോൾ വായനക്കാർ കണ്ണാലെ കണ്ട് ആഘോഷത്തിലൊക്കെ പങ്കെടുത്തതു പോലെ അനുഭവപ്പെടും, അത്രയ്ക്കും സൂക്ഷ്മമായി അനുഭവവേദ്യമായിട്ടാണ് ഓരോ ചുവടും വിവരിച്ചിരിക്കുന്നത്. 
'ആറ്റാശ്ശേരി സ്‌കൂളും ഒരു കുഞ്ഞു കളവും' എന്നതിൽ സ്‌ക്കൂളിൽ പഠിക്കുമ്പോൾ ഫെമിനിസ്റ്റാകാൻ ആഗ്രഹിച്ച് എങ്ങനെ ബെല്ലടികള്ളത്തിയായെന്നത് ഒരു കഥ പോലെ പറഞ്ഞിരിക്കുന്നു. പിന്നീടൊരിക്കലും ആ പടി ചവിട്ടാൻ സാധിക്കാഞ്ഞതിൻ്റെ കാരണം ദുഃഖത്തോടെയെ വായിക്കാനാവൂ. 

'നെല്ലിമര ചോട്ടിൽ' എന്ന അദ്ധ്യായത്തിൽ അഞ്ചാം ക്ളാസ്സിൽ പഠിക്കുമ്പോൾ 'സിതാര' എന്ന പേരിൽ കൈയ്യെഴുത്തു മാസിക ആരംഭിച്ചതും, ആദ്യമായി കവിതയെഴുതിയതും, മൂന്നു തവളകളുടെ കഥയെഴുതിയ കാര്യവും പറഞ്ഞ് എഴുത്തിൻ്റെയും വായനയുടെയും ലോകത്തേക്ക് കൈ പിടിച്ചുയർത്തിയ ബാലകൃഷ്ണൻ മാഷിനെ സ്നേഹത്തോടെ സ്മരിക്കുന്നു.  

മനയ്‌ക്കലെ അമ്മുക്കുട്ടി അമ്മയുടെ കൈയ്യിൽ നിന്നും ആദ്യമായി നോവൽ കടംവാങ്ങി വെള്ളം കോരാൻ കൊണ്ടു പോയ കുടത്തിലൊളിപ്പിച്ച് വീട്ടിൽ കൊണ്ടു പോയി രാത്രി മുഴുവൻ ഉറക്കിളച്ചിരുന്നു വായിച്ച സംഭവം പറയുകയാണ് 'പാത്തുമ്മയുടെ ബഷീർ'. നേരം വെളുത്ത് പിടിക്കപ്പെട്ടപ്പോൾ താൻ വായിച്ചത് പ്രേമലേഖനമായിരുന്നെന്ന് പറഞ്ഞത് കൂടുതൽ പ്രശ്നങ്ങളിലേക്കാണ് നയിച്ചത്. "ഇതിനാണോടി നിന്നെ സ്‌കൂളിൾ വിടുന്നത്" എന്നും ആക്രോശിച്ച് കുറേ ചോദ്യശരങ്ങൾ ആ പെൺകുട്ടിക്കു നേരെ പെയ്തു. ആരു തന്നു? എപ്പോൾ തന്നു? എവിടെ വെച്ചു തന്നു? എന്നൊക്കെ. പേടിച്ചു വിറച്ചാണ് "ബഷീറിൻ്റെ" എന്നു പറഞ്ഞത്. പിന്നീട് ഏതു ബഷീർ? എവിടുത്തെ ബഷീർ? എന്നൊക്കെ ചോദിച്ച് ഓർമ്മകൾ രസകരമായി മുന്നേറുന്നു. 

അമേരിക്കയിൽ നേഴ്സായി ജോലി ചെയ്യാൻ ആരംഭിച്ച സമയത്ത് മനസ്സിലാക്കിയ ചില ആശുപത്രി രീതികൾ 'പെഡിക്യൂലസ് ക്യാപിറ്റിസ് അഥവാ പേൻപുരാണം' എന്നതിൽ പറയുന്നു. സ്‌കൂളിലെ ഒരു കുട്ടിയുടെ തലയിൽ ഒരു കുഞ്ഞി പേനെ കണ്ടതിന് ഒരാഴ്ച സ്‌കൂൾ മൊത്തമായി അടച്ചിട്ടതും എല്ലാം കുട്ടികൾക്കും പ്രതിരോധ ചികിത്സകൊടുത്തതും ഏഷ്യക്കാരന് അതിശയോക്തിയായി തോന്നിയേക്കാം. എന്നാൽ അതാണ് സത്യം അമേരിക്കയിൽ കുഞ്ഞിപേൻ പോലും ഒരു ഭീകര ജീവിയാണ്.

അവസാന അദ്ധ്യായത്തിൽ 'അമേരിക്കയിലെ ചില ജീവിതാനുഭവങ്ങൾ' അവതരിപ്പിക്കുകയാണ്. 2007 ആഗസ്റ്റ് മാസത്തിൽ അമേരിക്കയിൽ വിമാനം ഇറങ്ങുമ്പോൾ നാട്ടിൽ രാത്രിയാകുമ്പോൾ ഇവിടെ പകലാണെന്നും ഒരു ഡോളറിൻ 40 ഇന്ത്യൻ രൂപ കിട്ടുമെന്നും മാത്രമായിരുന്നു അമേരിക്കൻ അറിവ്. (ഇന്ന് ഒരു ഡോളർ 100 ഇന്ത്യൻ രൂപയായി വളർന്നോ അതോ തളർന്നോ എന്ന് ഉറപ്പില്ല) പിന്നെ വേഗത്തിൽ ഒന്നേന്നു പഠിച്ചു മുന്നേറി. ഇവിടുത്തെ നന്മ തിന്മകളെ വിശകലനം ചെയ്ത് അമേരിക്കയിലേക്ക് വന്നത് നന്നായി എന്ന് ഉറപ്പിച്ചു പറയുന്നു.

വള്ളുവനാടൻ ഗ്രാമജീവിതത്തിൻ്റെ ഉൾത്തുടിപ്പുകൾ അറിഞ്ഞ് വളരാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി എഴുത്തുകാരി കാണുന്നു. വീട്, വീട്ടുകാർ, നാട്, നാട്ടുകാർ, സ്‌കൂൾ, അദ്ധ്യാപകർ, കോൺവെൻ്റ്, കോളേജ്, ഹോസ്റ്റൽ, പെണ്ണുകാണൽ, അമേരിക്കയിലെ ജോലി സ്ഥലം, രോഗികൾ, സഹപ്രവർത്തകർ, അമേരിക്കൻ ജീവിതാനുഭവം തുടങ്ങി വളരെയധികം കാര്യങ്ങൾ ഈ ഓർമ്മക്കുറിപ്പിൽ ഓർത്തെടുക്കുന്നുണ്ട്. സമപ്രായക്കാർക്ക് ഈ വായന ഓർമ്മകൾ അയവിറക്കാൻ സഹായിക്കുകയും പുതു തലമുറയ്‌ക്ക് ഈ വായന പോയകാലത്തിൻ്റെ ജീവിതചിത്രം നൽകുകയും ചെയ്യും. 

മികച്ച കവി കൂടിയായ എഴുത്തുകാരി, ഓർമ്മകൾ തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു എന്ന ഉറപ്പിൽ തൻ്റെ എഴുത്തു ജീവിതത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറുന്നു.
അനുഭവങ്ങളിൽ നിന്ന് അടർത്തിയെടുത്ത ഓർമ്മകളാണിത്. ജീവിതത്തിൻ്റെ ചൂടും ചൂരും പേറുന്ന കഥാപാത്രങ്ങൾ നമുക്കേറ്റവും പരിചിതമായ മനുഷ്യരെപ്പോലെ സംവദിക്കുന്നു. ഓർമ്മകളുടെ വൈവിധ്യം വായനക്കാരെ പുതിയ ചില ഇടങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. നമുക്ക് നഷ്ടപ്പെട്ട ദേശവും മനുഷ്യരും ഓർമ്മകളിലൂടെ ഹൃദയങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കുന്ന അനുഭവം സൃഷ്ടിക്കാൻ ഈ എഴുത്തുകാരിക്ക് അനായാസം കഴിഞ്ഞിരിക്കുന്നു എന്ന് പ്രസാധകക്കുറിപ്പിൽ അർഷാദ് ബത്തേരി പറഞ്ഞിരിക്കുന്നു.

എഴുത്തുകാരൻ അർഷാദ് ബത്തേരിയുടെ പ്രസാധകക്കുറിപ്പ് ആമുഖമായി ചേർത്തിട്ടുണ്ട്.  മനസ്സിൽ നനവ് പടർത്തുന്ന 15 ഓർമ്മക്കുറിപ്പുകളുടെ ഈ പുസ്തകം കോഴിക്കോട് ജില്ലയിലുള്ള ബാഷോ ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 66 പേജുകളുള്ള ഈ പുസ്തകത്തിൻ്റെ വില 100 രൂപയാണ്.

റഹിമാബി മൊയ്തീൻ

പാലക്കാട് ജില്ലയിലെ തൃക്കടീരിയിൽ ജനിച്ചു. ആറ്റാശ്ശേരി എ. എം. എൽ. പി. സ്‌കൂൾ, തൃക്കടീരി ബി. ഇ. എം. യുപി സ്‌കൂൾ, ഒറ്റപ്പാലം എൽ. എസ്. എൻ. കോൺവെൻ്റ്, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജ്, കോഴിക്കോട് ഗവ: നേഴ്സിങ്ങ് കോളേജ്, കോഴിക്കോട് യൂണിവേഴ്സിറ്റി, ബാംഗ്ളൂർ രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. നേഴ്സിങ്ങിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദം. ആരോഗ്യ വകുപ്പിൽ നേഴ്സിങ്ങ് അദ്ധ്യാപികയായിരുന്നു. 

2004 ആഗസ്റ്റിൽ അമേരിക്കയിലെത്തി. നേഴ്സായി അഭിമാനത്തോടെ ജോലി ചെയ്യുന്നു. വളരെ കഴിയും മുൻപേ അമേരിക്കയിലെ സാഹിത്യ കൂട്ടായ്മകളിൽ സജീവമായി. കവിതകളും ലേഖനങ്ങളും ആനുകലികങ്ങളിൽ പ്രസിദ്ധീകരിക്കാറുണ്ട്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അമേരിക്കയിലെ, മെരിലാൻ്റിൽ കുടുംബസമേതം താമസിക്കുന്നു. 
ഭർത്താവ് :- പി. മൊയ്തീൻ കുട്ടി. 
മക്കൾ :- റിതു അരുൺ, റിനു സാബിക്, റിതിൻ.
email :- rahima1988@gmail.com

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക