
സെപ്റ്റംബർ 09
മലയാള സിനിമാസംഗീത ലോകത്ത് പശ്ചാത്തല സംഗീതത്തിലും ഓർക്കസ്ട്രേഷനിലും വിപ്ലവം സൃഷ്ടിച്ച പ്രതിഭ ആർ. കെ. ശേഖറിന്റെ 50 -ാം ചരമ വാർഷിക ദിനം. ദക്ഷിണേന്ത്യൻ സംഗീതത്തിന് ഇലക്ട്രോണിക് സംഗീത ഉപകരണങ്ങൾ പരിചയപ്പെടുത്തിയ ഒരു നൂതനാശയക്കാരൻ എന്ന നിലയിലും ശേഖർ അറിയപ്പെട്ടിരുന്നു.തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഹരികഥാ വിദഗ്ദ്ധനായ രാജഗോപാലൻ ഭാഗവതർ എന്നറിയപ്പെടുന്ന കെ. രാജഗോപാലന്റെ മകനായി 1933 നവംബർ 7ന് രാജഗോപാല കുലശേഖരൻ ശേഖരൻ എന്ന ആർ കെ ശേഖർ ജനിച്ചു . നാടകങ്ങളിലെ ഹാർമോണിയത്തിലെ അസാധാരണ പ്രകടനങ്ങളിലൂടെയാണ് അദ്ദേഹം ചലച്ചിത്ര സംഗീതത്തിലേക്കുള്ള തന്റെ പ്രവേശനം ആരംഭിച്ചത് . സംഗീത സംവിധായകൻ എം.ബി. ശ്രീനിവാസന്റെ സഹായിയായിട്ടായിരുന്നു അദ്ദേഹം ചലച്ചിത്ര മേഖലയിൽ തന്റെ കരിയർ ആരംഭിച്ചത്.പ്രശസ്ത മലയാള സംഗീത സംവിധായകരായ എം കെ അർജുനൻ , വി. ദക്ഷിണാമൂർത്തി എന്നിവർക്ക് വേണ്ടിയും സംഗീത സഹായിയായിട്ടുണ്ട്.എം കെ അർജുനന്റെ ആദ്യ സിനിമ മുതൽ മരണം വരെ അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും അദ്ദേഹത്തെ സഹായിച്ചു.
1964ൽ പുറത്തിറങ്ങിയ പഴശ്ശി രാജ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീതസംവിധായകനായത്. "ചൊട്ട മുതൽ ചുടല വരെ ചുമടും താങ്ങി" എന്ന ഗാനം കേരളത്തിൽ വലിയ ഹിറ്റായി.
പഴശ്ശി രാജ,അയിഷ,അനാഥശില്പങ്ങൾ, യോഗമുള്ളവൾ,സി.ഐ.ഡി. നസീർ,ടാക്സി കാർ, സുമംഗലി, ആകാശഗംഗ,ആറടി മണ്ണിന്റെ ജന്മി, കണ്ടവരുണ്ടോ,മിസ്സ് മേരി,തോറ്റില്ല,തിരുവാഭരണം,കാപാലിക, ചിതറിയ പൂക്കൾ, പട്ടാഭിഷേകം, നടീനടൻമാരെ ആവശ്യമുണ്ട്, താമരത്തോണി,പെൺപട, പ്രിയേ നിനക്കു വേണ്ടി, വെളിച്ചം അകലെ, കുട്ടിച്ചാത്തൻ, യുദ്ധഭൂമി,തിരുവോണം,ചോറ്റാനിക്കര അമ്മ തുടങ്ങിയവയാണ് സംഗീത സംവിധാനം നിർവഹിച്ച മലയാള സിനിമകൾ.
ആരോരുമില്ലാത്ത തെണ്ടീ,ജന്മബന്ധങ്ങള് വെറും ജലരേഖകൾ,ആഷാഢമാസം ആത്മാവിന് മോഹം,ശോകാന്ത ജീവിത നാടകവേദി യാത്രക്കാരാ പോവുക പോവുക മുത്താണെ എന്റെ മുത്താണെ,മനസ്സ് മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കും മധുവിധു രാത്രി,നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റുപാട്ടുകളിൽ ചിലതാണ്.
ഭരണിക്കാവ് ശിവകുമാര്‍ എന്ന ഗാനരചയിതാവിന്റെ ഏറ്റവും മികച്ചതും പ്രശസ്തവുമായ ഗാനം ചിട്ടപ്പെടുത്തിയത് ശേഖറാണ്. (ചോറ്റാനിക്കര അമ്മ/ മനസ്സ് മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കും മധുവിധുരാത്രി).11 പാട്ടുകള്‍ കെ.പി.ബ്രഹ്മാനന്ദനെക്കൊണ്ട് പാടിപ്പിച്ചിട്ടുണ്ട്.1976ൽ ചോറ്റാനിക്കര അമ്മയാണ് അവസാനം സംഗീതം നൽകിയ ചിത്രം.
ശേഖറിന്റെ മരണശേഷം കുടുംബം കടുത്ത പ്രതിസന്ധിയിലായി. സൂഫി സന്യാസിയായ കരിമുള്ള ഷാ ഖാദ്രിയുടെ നിർദ്ദേശപ്രകാരം അവർ ഇസ്ലാം മതം സ്വീകരിച്ചു. മകൻ എ എസ് ദിലീപ് കുമാർ,എ ആർ റഹ്മാൻ എന്ന പേര് സ്വീകരിച്ചു.പ്രാരാബ്ധങ്ങളുടെ ജുഗല്‍ബന്ദിയിലേക്ക് ദിലീപ് എന്ന റഹ്മാനെ തനിച്ചാക്കി 1976 സെപ്റ്റംബർ 9ന് 43-ാം വയസ്സില്‍
അച്ഛന് അരങ്ങൊഴിയുമ്പോള്‍ മകന് 13 വയസ്സായിരുന്നു പ്രായം.
(കടപ്പാട്: വിവിധ മാധ്യമങ്ങൾ)