
വാഷിംഗ്ടൺ : യു എസിനെ മാത്രമല്ല, ലോകത്തെമുഴുവൻ മാറ്റി മറിച്ച 9-11-2001 ന്റെ ഇരുപത്തഞ്ചാം വാർഷികത്തിൽ ധാരാളം ഓർമകൾ നമ്മെ ഭരിക്കുന്നു. അന്ന് ഞാൻ ജോലി ചെയ്തിരുന്ന അഞ്ചാം നിലയിലെ ഓഫീസിലെ കോൺഫറൻസ് ഹാളിൽ നിന്ന് നോക്കിയാൽ ഡാലസിലെ ലവ് ഫീൽഡ് എയർപോർട്ടിന്റെ റൺവേകൾ കാണാമായിരുന്നു. ധാരാളം പ്ലേനുകൾ ആ റൺവേയിൽ കിടക്കുന്നതും ഉയരുവാൻ തയ്യാറെടുക്കുന്നതും പറന്നു ഉയരുന്നതും ലാൻഡ് ചെയ്യുന്നതും എല്ലാം നിത്യ കാഴ്ചകളായിരുന്നു. 9-11 രാവിലെ 9 മണിക്ക് ശേഷം ലാൻഡ് ചെയ്ത കുറെ വിമാനങ്ങൾ റൺ വേകളിൽ കിടക്കുന്നതു മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ. തുടർന്നുള്ള ചില ദിവസങ്ങളിൽ ഇതേ കാഴ്ചകൾ മാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളൂ. ആകാശത്തു വിമാനങ്ങൾ ഒന്നും കാണാനില്ലാത്ത അപൂർവമായ അവസ്ഥ.
അമേരിക്ക മാത്രമല്ല, ലോകം മുഴുവൻ നിശ്ചലമായി വിറുങ്ങലിച്ചു നിന്ന ദിന രാത്രങ്ങൾ അവിശ്വസനീയ കാഴ്ച്ച ആയിരുന്നു. അന്നത്തെ പ്രസിഡണ്ട് ജോർജ് ഡബ്ല്യൂ ബുഷ് അമേരിക്ക നേരിട്ട നാലു ആക്രമണങ്ങളെ കുറിച്ച് ഇങ്ങനെ പറഞ്ഞു: 'നമ്മുടെ രാജ്യം നേരിടുന്ന ആപത്തുകൾ അതിരുകൾക്കു പുറത്തു നിന്നു മാത്രമല്ല, അമേരിക്കക്കുള്ളിൽ വളരുന്നവയും ആണ്'. തുടർന്നുള്ള വർഷങ്ങളിൽ അമേരിക്കക്കാർ ഇത് കാണുകയും അനുഭവിച്ചു അറിയുകയും ചെയ്തു. എട്ടു മാസങ്ങൾക്കു മുൻപ് ബുഷ് ജൂനിയർ വൈറ്റ് ഹവസിലെത്തിയത് വെട്ടിക്കുറച്ച നികുതിയും, ഭേദഗതി ചെയ്ത വിദ്യാഭ്യാസ നയവും, സഹതാപാർദ്രമായ യഥാസ്ഥതികത്വവും അമേരിക്കൻ ജനതക്ക് വാഗ്ദാനം ചെയ്താണ്. പക്ഷെ 2001 സെപ്റ്റംബർ 11 ഇതെല്ലം മാറ്റി മറിച്ചു. 9/11 അമേരിക്കൻ പ്രസിഡൻസി തന്നെ മാറ്റി എഴുതി എന്ന് പറയാം.
ബുഷ് ജൂനിയറിനെ വൈറ്റ് ഹവസിലെത്തിച്ച അജണ്ട തീവ്ര വാദ ആക്രമണങ്ങളെ നേരിടുന്നതിലേക്ക് മാറി. തീവ്ര വാദത്തെ നേരിടുക, എല്ലാ ആക്രമണങ്ങളിൽ നിന്നും അമേരിക്കയെയും അമേരിക്കകാരെയും അവരുടെ സമ്പത്തുകളെയും സംരക്ഷിക്കുക എന്നിവയിലേക്ക് ലക്ഷ്യങ്ങൾ മാറി. ഈ അഭൂതപൂർവമായ ആവശ്യങ്ങൾ നിറവേറ്റാൻ പ്രസിഡന്റിന് ഉയരേണ്ടി വന്നു. സാഹചര്യം ആവശ്യപ്പെടുന്ന കൃത്യ നിർവഹണം പ്രശംസനീയമായി നിർവഹിക്കുവാൻ എല്ലാവരുടെയും സഹകരണത്തോടെ ബുഷ് ജൂനിയറിനു കഴിഞ്ഞു. രണ്ടാം ഊഴത്തിൽ അടുത്ത ഒരു നാലു വർഷത്തേക്ക് കൂടി തന്റെ ഭരണം നീട്ടാനും മറ്റു കാരണങ്ങൾ ഒന്നും വേണ്ടി വന്നില്ല.
ബുഷ് ജൂനിയർ വ്യത്യസ്തനായ ഒരുമനുഷ്യനായി മാറുകയായിരുന്നു എന്ന് പ്രസിഡന്റിന്റെ രാഷ്ട്രീയ ഉപദേശകനായിരുന്ന കാൾ റോവ് പറഞ്ഞു. സെപ്റ്റംബർ 11 നു രാവിലെ ഫ്ലോറിഡയിലെ ഒരു എലിമെന്ററി സ്കൂളിൽ കുട്ടികൾക്കൊപ്പം സമയം ചിലവിടുകയായിരുന്ന പ്രസിഡന്റിന്റെ ചെവിയിൽ ഭീകര ആക്രമണങ്ങളെ കുറിച്ച് വൈറ്റ് ഹാവ്സ് ചീഫ് ഓഫ് സ്റ്റാഫ്
ആൻഡി കാർഡ് സംസാരിച്ചു. തനിക്കു എഫ് ബി ഐ ഡിറക്ടറോടും വൈസ് പ്രസിഡണ്ടിനോടും സംസാരിക്കണമെന്ന് തണുത്തുറഞ്ഞ സ്വരത്തിൽ ബുഷ് ജൂനിയർ പറഞ്ഞു എന്നാണ് അടുത്തുണ്ടായിരുന്നവർ പറഞ്ഞത്. 'വി ആർ അറ്റ് വാർ' എന്ന ബുഷിന്റെ പ്രഖ്യാപനം അദ്ദേഹത്തെ യഥാർത്ഥത്തിൽ യുദ്ധകാല പ്രസിഡന്റാക്കി.
പ്രഭാതം പതുക്കെ ഉച്ചയായി മാറിയപ്പോൾ ആക്രമണങ്ങളുടെ കൂടുതൽ വിവരങ്ങൾ വ്യക്തമായി. രണ്ടു വിമാന റാഞ്ചികളുടെ സംഘം വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകളിലും മറ്റൊരു സംഘം വിമാനറാഞ്ചികൾ പെന്റഗണിലും നാലാമത്തെ സംഘം പെൻസിൽവാനിയയിൽ മറ്റൊരു വിമാനം ഇടിച്ചിറക്കുകയും ചെയ്തതിന്റെ വിവരങ്ങൾ ലോകം അറിഞ്ഞു.
പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ 18 മാസങ്ങൾ ബുഷ് നടത്തിയ പത്ര സമ്മേളനങ്ങളിൽ ഒരിക്കൽ പോലും അദ്ദേഹത്തിന് ഉസാമ ബിൻ ലാദിനെ കുറിച്ചോ അമേരിക്ക നേരിടുന്ന സുരക്ഷാഭീഷണിയെ കുറിച്ചോ ചോദ്യങ്ങൾ നേരിടേണ്ടി വന്നില്ല എന്നത് യാദൃച്ഛികം ആയിരിക്കാം. ജോർജ് ഡബ്ല്യൂ ബുഷ് അത്ഭുതകരമായി ഒരു രാജ്യത്തെ ഒന്നിച്ചു ചേർത്ത് നിർത്തി എന്ന് ചരിത്രകാരൻ മാർക്ക് അപ്ഡ്ഗ്രേവ് പറയുന്നു. 9-11 ന്റെ തോതിൽ മറ്റൊരു ആക്രമണം യു എസിനു നേരിടേണ്ടി വന്നില്ല. ഇതിന്റെ എല്ലാ ശ്രേയസും ബുഷിനു (ജൂനിയറിന്) നൽകേണ്ടതാണെന്നും കൂട്ടിച്ചേർത്തു.
Read More: https://www.emalayalee.com/writer/260