
ഫൊക്കാന സാഹിത്യ കമ്മറ്റിയുടെ ചെയർമാനായി ബെന്നി നെച്ചൂർ, വൈസ് ചെയർമാനായി മുരളി ജെ നായർ, കോഓർഡിനേറ്റർമാരായി സോണി അബൂക്കൻ, ഗീത ജോർജ്ജ്, ജോർജ്ജ് നടവയൽ, ബിജു ജോർജ്ജ് എന്നിവരെ തിരഞ്ഞെടുത്തു.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫൊക്കാന സാഹിത്യ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്നും, നിശ്ചിത ലക്ഷ്യങ്ങൾ കൃത്യമായി പൂർത്തീകരിക്കാൻ ഇത് കമ്മിറ്റിക്ക് പൂർണ്ണമായ രണ്ടു വർഷത്തെ സമയം നൽകുമെന്നും ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രചാരണവും വളർച്ചയും ഫൊക്കാന രൂപീകരണകാലം മുതൽ തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നായി മുൻനിർത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഭാഷയ്ക്കൊരു ഡോളർ' പദ്ധതി, കേരള കൺവെൻഷണയിൽ മലയാള സാഹിത്യത്തിന് പ്രത്യേക വേദി, കേരളത്തിലെയും അമേരിക്കയിലെയും എഴുത്തുകാരെ ആദരിക്കൽ, സാഹിത്യ അവാർഡുകൾ നൽകൽ, സാഹിത്യ സെമിനാറുകൾ, പ്രമുഖ മലയാള സാഹിത്യകാരന്മാരെ ഫൊക്കാന കൺവെൻഷനുകളിലേക്ക് ക്ഷണിച്ചുവരുത്തി പങ്കെടുപ്പിക്കൽ തുടങ്ങി നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സാഹിത്യ രംഗത്ത് ഫൊക്കാന ഇതിനോടകം കാഴ്ചവെച്ചിട്ടുള്ളത്. മലയാളത്തിലെ പ്രമുഖ സാഹിത്യ ഗുരുക്കളായിരുന്ന തകഴി, എംടി, ഒൻവി, സുഗതകുമാരി തുടങ്ങിയവരെ ഫൊക്കാനയിൽ ക്ഷണിച്ചുവരുത്തി ആദരിച്ച ചരിതമാണുള്ളത്.
പ്രവാസി സാഹിത്യ പ്രോത്സാഹനവും ഭാഷാ സേവനവും തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൊക്കാന നേതൃത്വം വ്യക്തമാക്കി. പ്രവാസി മലയാളി എഴുത്തുകാരെയും അവരുടെ കൃതികളെയും അർഹമായ രീതിയിൽ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെട്ട് പ്രമുഖ വായനക്കാരൻ കൂടിയായ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ, കേരള സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ പി.സി. വിഷ്ണുനാഥ് എന്നിവരെ തന്റെ അടുത്ത കേരള യാത്രയിൽ നേരിൽ കണ്ട് നിവേദനം നൽകി ഈ ആവശ്യം നടത്തിച്ചെടുക്കുവാൻ വേണ്ടത് ചെയ്യുമെന്നും ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
ബെന്നി നെച്ചൂർ - ചെയർമാൻ
ചെയർമാനായി നിയമിക്കപ്പെട്ട ബെന്നി നെച്ചൂർ , അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനും എഡിറ്ററുമാണ്. 2018-ൽ ഫൊക്കാന സാഹിത്യ അവാർഡ് കമ്മിറ്റി ചെയർമാനായി മികച്ച രീതിയിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ മികവ് മുൻനിർത്തി, 2022, 2024 വർഷങ്ങളിലും അതേ ചുമതലയിൽ തുടരാൻ ഫൊക്കാന നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
ഫൊക്കാനയുടെ വിവിധ സുവനീറുകളിൽ പ്രസിദ്ധീകരിച്ച പ്രഗത്ഭരായ എഴുത്തുകാരുടെ കൃതികൾ ഏകോപിപ്പിച്ച് അദ്ദേഹം എഡിറ്റ് ചെയ്ത 'കൈരളി സപര്യ' എന്ന ഗ്രന്ഥം 2018-ലെ ഫിലഡെൽഫിയ കൺവെൻഷനിൽ പ്രകാശനം ചെയ്തിരുന്നു. കൂടാതെ, നിരവധി ഫൊക്കാന സുവനീറുകളുടെയും മറ്റ് സാഹിത്യ-സാംസ്കാരിക പ്രസിദ്ധീകരണങ്ങളുടെയും എഡിറ്ററായും അദ്ദേഹം സ്തുത്യർഹമായി പ്രവർത്തിച്ചിട്ടുണ്ട്.
വടക്കേ അമേരിക്കൻ മലയാളി ജീവിതത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ 65 ചെറുകഥകളുടെ ആന്തോളജിയായ 'അമേരിക്കൻ കഥക്കൂട്ടം', മൂന്ന് നാടകങ്ങൾ ഉൾപ്പെടുത്തിയ 'പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ', അനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'പുല്ലാന്തറയാറിലെ ചുഴികൾ' എന്നിവയാണ് ബെന്നി പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങൾ. അദ്ദേഹത്തിന്റെ അഞ്ച് കഥകൾ അടങ്ങിയ പുതിയ കഥാസമാഹാരം സെപ്റ്റംബർ മൂന്നാം വാരത്തോടെ പുറത്തിറങ്ങും.
ഇന്ത്യയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുവും അമേരിക്കയിൽനിന്നും കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദവും നേടിയ ബെന്നി, കേരള എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KEAN) സ്ഥാപക നേതാക്കളിലൊരാളും പ്രഥമ പ്രസിഡന്റുമാണ്. ഐടി മേഖലയിൽ പ്രവർത്തിക്കുന്നു.
സോണി അമ്പൂക്കൻ - അഡ്വൈസർ
സംഘടനാ രംഗത്തും ടെക്നോളജി രംഗത്തും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച സോണി അമ്പൂക്കൻ, ലോക കേരള സഭയിലെ അംഗം കൂടിയാണ്. കേരള അസോസിയേഷൻ ഓഫ് കണക്ടിക്കറ്റിന്റെ (കെ.എ.സി.ടി) പ്രവർത്തകനാണ്. ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗവും അഡിഷണൽ അസോസിയേറ്റ് ട്രഷററുമായിരുന്നു.
ഫൊക്കാന മലയാളം അക്കാഡമി കമ്മിറ്റി അംഗവും 'അക്ഷര ജ്വാല' പരിപാടിയുടെ കോർഡിനേറ്റർമാരിൽ ഒരാളുമായും പ്രവർത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് നടത്തിയ 'എന്റെ മലയാളം' പദ്ധതിയുടെ പ്രചരണത്തിൽ ഫൊക്കാനയെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് സോണി അമ്പൂക്കന് മികച്ച ഏകോപനത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
കേരള അസോസിയേഷൻ ഓഫ് കണെക്ടിക്റ്റ് (കെ.എ.സി.ടി) യുടെ 2018-2020 കാലയളവിലെ പ്രസിഡണ്ട് ആയിരുന്നു അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രാസംഗികൻ കൂടിയായ സോണി അമ്പൂക്കൻ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്റ്റ് 51 ന്റെ ഗവർണർ പദവിയും വഹിച്ചിരുന്നു. ഹാർട്ട് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ ലൈഫ് സ്പീഡ് ക്ലബ് പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചു.
തൃശൂരിലെ പ്രശസ്തമായ അമ്പൂക്കൻ കുടുംബാംഗമായ സോണി മാളക്കടുത്ത് പുത്തൻചിറ സ്വദേശിയാണ്. തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക് ബിരുദം നേടിയ സോണി എൻ.ഐ.ടി. സൂററ്റ്‌കലിൽ നിന്നും എം.ടെക് നേടി. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ഐ.ടി. മാനേജ്‌മെന്റ് - ലീഡർഷിപ്പ് തലങ്ങളിൽ ദീർഘകാലമായി തിളങ്ങി വരുന്ന മികച്ച ഐ.ടി. പ്രൊഫെഷണൽ ആണ്. 2008 മുതൽ കണക്റ്റിക്കട്ടിൽ സ്ഥിരതാമസമാക്കി. ഇതിനിടെ യൂണിവേഴ്സിറ്റി ഓഫ് ഹാർട്ട്ഫോഡിൽ നിന്ന് എം.ബി.എ, എം.ഐ.ടി. സ്ലോൺ മാനേജ്‌മെന്റിൽ നിന്ന് എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ എന്നീ ബിരുദങ്ങളും കരസ്ഥമാക്കി.
വിവിധ രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച സോണി അമ്പൂക്കൻ ഫൊക്കാനയുടെ സാഹിത്യ കമ്മിറ്റിക്ക് മുതൽക്കൂട്ടാണെന്ന് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.

ഗീത ജോർജ്ജ് - കോഓർഡിനേറ്റർ
മുൻനിര അമേരിക്കൻ സാങ്കേതികവിദ്യാ കമ്പനിയായ എച്ച്.പി.ഇ. (HPE) യിൽ - കാലിഫോർണിയ പ്രിൻസിപ്പൽ ഹാർഡ്‌വെയർ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്ന ഗീത ജോർജ്ജ് അമേരിക്കയിലെ മലയാളി സമൂഹത്തിനിടയിൽ വേറിട്ട സാന്നിധ്യമാകുന്നു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ (CET) നിന്ന് ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ ഗീത, കമ്പ്യൂട്ടർ സാങ്കേതികവിദ്യാ രംഗത്ത് സ്വന്തമായ നാല് യു.എസ്. പേറ്റന്റുകളുള്ള അപൂര്‍വം ചില മലയാളികളിൽ ഒരാളാണ്. കാലിഫോര്‍ണിയ ലിറ്റററി അസോസിയേഷന്‍ ഓഫ് മലയാളീസ് (കാലം) സെക്രട്ടറി, ഫൊക്കാനാ 2000 കണ്‍വന്‍ഷന്‍ ഡയറക്ടര്‍, ഫൊക്കാന സാഹിത്യ സമ്മേളനം കോർഡിനേറ്റർ, റീജിയണൽ വൈസ് പ്രസിഡൻറ്റ് ( 2015-18), നാഷണൽ കമ്മിറ്റി അംഗം തുടങ്ങി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചിട്ടുണ്ട്. 2026-28-ലെ റീജിയണൽ വൈസ് പ്രസിഡന്റാണ്.
വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ 'മങ്ക'യുടെ (MANCA - Malayalee Association of Northern California) മുൻ പ്രസിഡന്റായ ഗീത, നിലവിൽ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയായ വനിതയുടെ (Vanitha - Indian American Association of Women) ചെയർപേഴ്‌സണായി പ്രവർത്തിച്ചു വരുന്നു. സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ മികച്ച സേവനങ്ങളെ മുൻനിർത്തി കേന്ദ്ര ഗവൺമെന്റിന്റെ പ്രവാസി ഭാരതി അവാർഡ്, അസോസിയേഷൻ ഓഫ് ഇൻഡോ-അമേരിക്കൻ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ള മിക്ക സാഹിത്യകൃതികളും വായിച്ചിട്ടുള്ള ഗീത, മികച്ചൊരു സാഹിത്യ നിരൂപക കൂടിയാണ്.
ജോർജ് നടവയൽ - കോഓർഡിനേറ്റർ
സാമൂഹ്യ പ്രവർത്തനം, സംഘടനാ പ്രവർത്തനം, അദ്ധ്യാപനം, ഗ്രാമീണ ബാങ്കിംഗ്, സഹരണ പ്രസ്ഥാനം, ഗ്രന്ഥശാല, നാടകകല, പത്രപ്രവർത്തനം, നേഴ്സിംഗ് സേവനവും ഇൻസ്പെക്ഷനും എന്നീ രംഗങ്ങ ളിലും; കവിതകൾ, കഥകൾ, ഗാനങ്ങൾ, തിരനോവൽ, ലഘു നാടകങൾ, ലേഖനങ്ങൾ എന്നീ രചനാ രംഗങ്ങളിലും വ്യാപൃതൻ.
കേരളാ പബ്ളിക് സർവീസ് കമ്മീഷണിൽ മുൻ സെക്ഷൻ ഓഫ്ഫീസ്സറായിരുന്നു. നടവയൽ സെൻ്റ് തോമസ് സ്കൂളിലും, റിയാദിലെ ഇന്ത്യൻ എംബസ്സി സ്കൂളിലും, ഫിലഡൽഫിയാ സ്കൂൾ ഡിസ്ട്രിക്ടിലും മുൻ അദ്ധ്യാപകൻ, ഇന്ത്യൻ എയർ ഫോഴ്സിൽ എഡ്യൂക്കേഷണൽ ഇൻസ്ട്രക്ടർ ട്രെയ്നി, വയനാട് ലൈബ്രറി ആൻ്റ് ലിറ്റററി കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെയും, വയനാട് ശാന്തിനികേതൻ എഡ്യൂക്കേഷണൽ കോ ഓപ്പാറേറ്റിവ് സൊസൈറ്റിയുടെയും മുൻ ഡയറക്ടർ. ഫീലിപ്പോസ് ഫിലിപ് പ്രസിഡൻറായ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗം. ഫൊക്കാനായിൽ സ്പോക്സ് പേഴ്സണായിരുന്നിട്ടുണ്ട്. മാധവൻ നായർ നേതൃത്വം നൽകുന്ന നാമത്തിൽ അംഗം. ലാനാ മുൻ വൈസ് പ്രസിഡൻ്റ്, മനീഷി ഡ്രാമ സ്കൂൾ ഡയറക്ടർ, പമ്പാ മുൻ ജനറൽ സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുൻ ചെയർമാൻ, മാപ് മുൻ ജോയിൻ്റ് സെക്രട്ടറി, ഇന്ത്യാ പ്രസ് ക്ലബ് ഫിലഡൽഫിയാ ചാപ്റ്റർ മുൻ പ്രസിഡൻ്റ്, പിയാനോ നേഴ്സിങ് ഓർഗനൈസേഷൻ മുൻ പ്രസിഡൻ്റ്, ഓർമാ ഇൻ്റർനാഷണൽ മുൻ പ്രസിഡൻ്റ്. കോമൺവെൽത്ത് ഓഫ് പെൻസിൽവേനിയയിൽ ഇൻസ്പെക്ഷൻ ഉദ്യോഗം. ജീവശാസ്ത്രം, വിദ്യാഭ്യാസശാസ്ത്രം, നേഴ്സിംഗ് എന്നിവയിൽ ബിരുദങ്ങൾ.. സാമൂഹ്യ ശാസ്ത്രത്തിലും വിദ്യാഭ്യാസ്സ ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം.
കുറവിലങ്ങാട് ജന്മദേശം. കുറവിലങ്ങാട് സെൻ്റ് മേരീസ് ബോയ്സ് സ്കൂൾ, നടവയൽ സെൻ്റ് തോമസ് ഹൈസ്കൂൾ, കുറവിലങ്ങാട് ദേവമാതാ, സെൻ്റ് ജോസഫ്സ് ട്രൈയ്നിങ് കോളജ് മാന്നാനം, ഇന്ത്യാ ഗവണ്മെൻ്റ് റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ, ഗവണ്മെൻ്റ് ലോ കോളജ് കോഴിക്കോട്, കാലിക്കട്ട് യൂണിവേഴ്സിറ്റി , ഗ്രാൻ്റ് കാന്യൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം”.
ബിജു ജോർജ്ജ് - കോഓർഡിനേറ്റർ
ഇലക്ട്രിക്കൽ എഞ്ചിനീയർ, റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖൻ, സിനിമാ നിർമ്മാതാവ്, പ്രവാസി സംഘാടകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ബിജു ജോർജ്ജ് . സാങ്കേതികവിദ്യ, കല, സാഹിത്യം, സംസ്കാരം എന്നിവയിൽ ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയാണ് അദ്ദേഹം. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും ഔദ്യോഗിക ജീവിതം ആരംഭിച്ച ബിജു ജോർജ്ജ് 1998-ലാണ് കാനഡയിലേക്ക് കുടിയേറുന്നത്. തുടർന്ന് അവിടുത്തെ സെമികണ്ടക്ടർ മേഖലയിൽ പ്രൊഫഷണലായി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
സാഹിത്യത്തെയും സിനിമയെയും നെഞ്ചേറ്റുന്ന അദ്ദേഹം വിവിധ പത്രമാധ്യമങ്ങളിൽ സാഹിത്യ നിരൂപണങ്ങൾ എഴുതിയിട്ടുണ്ട്. ഫീച്ചർ ഫിലിമുകളുടെയും ഡോക്യുമെന്ററികളുടെയും നിർമ്മാണ പങ്കാളിയായ അദ്ദേഹം 'കാൻഈസ്റ്റ് ഫിലിംസ്' (CanEast Films) എന്ന നിർമ്മാണ കമ്പനിയുടെ സ്ഥാപകൻ കൂടിയാണ്. പരിസ്ഥിതി ബോധവൽക്കരണത്തിനുള്ള ഇന്ത്യൻ രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം നേടിയ 'വലിയ ചിറകുള്ള പക്ഷികൾ', ജനപ്രീതി നേടിയ 'ടു കൺട്രീസ്' എന്നീ ചിത്രങ്ങളുടെ ലൈൻ പ്രൊഡ്യൂസറായി പ്രവർത്തിച്ചിട്ടുണ്ട്.
കനേഡിയൻ മലയാളി സമൂഹത്തിനിടയിൽ മികച്ച സംഘാടകൻ കൂടിയായ ബിജു ജോർജ്ജ്, ഇന്ത്യ-കാനഡ അസോസിയേഷൻ പ്രസിഡന്റ്, ഇൻഡോ-കനേഡിയൻ കമ്മ്യൂണിറ്റി സെന്റർ പ്രസിഡന്റ്, ഡയറക്ടർ എന്നീ നിലകളിൽ നേതൃത്വപാടവം തെളിയിച്ചിട്ടുണ്ട്. 2018-ൽ കാനഡയുടെ നാഷണൽ ക്യാപിറ്റൽ റീജിയണിൽ ഭാരതീയ പൈതൃകം, ശാസ്ത്രീയ കലകൾ, സാഹിത്യം, സിനിമ, ബഹുസ്വര സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഇൻഡോ-കനേഡിയൻ കൗൺസിൽ ഫോർ ആർട്ട് ആൻഡ് കൾച്ചർ' (ICAC) എന്ന പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകി.
കാനഡ പാർലമെന്റിൽ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന ദീപാവലി, ഓണം ആഘോഷങ്ങളുടെ പ്രധാന സംഘാടകരിൽ ഒരാളായ അദ്ദേഹം കാനഡയിലുടനീളമുള്ള സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി തുടരുന്നു.
മുരളി ജെ. നായർ - വൈസ് ചെയർമാൻ
മാവേലിക്കര താലൂക്കിലെ കണ്ണനാകുഴി സ്വദേശി. കഴിഞ്ഞ മുപ്പതിലധികം വർഷങ്ങളായി അമേരിക്കയിൽ അഭിഭാഷകനാണ്.
മലയാളത്തിൽ രണ്ടു നോവലുകളും രണ്ടു ചെറുകഥാസമാഹാരങ്ങളും ഒരു യാത്രാവിവരണവും, ഇംഗ്ളീഷിൽ ഒരു നോവലും (The Monsoon Mystic) ഒരു മലയാളനോവലിന്റെ വിവർത്തനവും(Chorashastra: The Subtle Science of Thievery - വി.ജെ. ജെയിംസിന്റെ ‘ചോരശാസ്ത്ര’ത്തിന്റെ ഇംഗ്ളീഷ് പരിഭാഷ) പ്രസിദ്ധീകരിച്ചിട്ടുണ്ട് .
കൂടാതെ, കേരളത്തിലെ എല്ലാ പ്രമുഖ പത്രമാസികകളിലും അമേരിക്കയിലും ഇംഗ്ലണ്ടിലും ഗൾഫിലുമുള്ള പല പ്രസിദ്ധീകരണങ്ങളിലും ഓൺലൈനിലുമായി അനേകം ലേഖനങ്ങളും ഫീച്ചറുകളും കഥകളും വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു പ്രണയത്തെ അധികരിച്ചെഴുതിയ നോവൽ “പ്രണയത്തിൻ്റെ ഉല്പത്തി പുസ്തകം” ആണ് ഏറ്റവും പുതിയ കൃതി.
2000-ത്തിലെ ഫൊക്കാന ചിന്താധാര സ്വർണമെഡൽ, മറ്റു ഫൊക്കാന അവാർഡുകൾ, മാമ്മൻ മാപ്പിള അവാർഡ്, ഹ്യൂസ്റ്റൺ റൈറ്റേഴ്സ് ഫോറം അവാർഡ് എന്നിവയടക്കം പല സാഹിത്യപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1992 മുതൽക്ക്, ഫൊക്കാന കൺവെൻഷനുകളുടെ ഭാഗമായി നടത്തപ്പെടുന്ന സാഹിത്യസമ്മേളനങ്ങളിൽ പലതിലും സജീവപങ്കാളിത്തം വഹിച്ചിട്ടുണ്ട്.
ലോകസഞ്ചാരികൂടിയായ മുരളി ജെ. നായർ ഇതിനകം നൂറ്റിമുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഫിലഡെൽഫിയയിൽ സ്വന്തമായി നിയമസ്ഥാപനം നടത്തുന്നുണ്ടെങ്കിലും ഇപ്പോൾ കൂടുതൽ സമയവും ലോകയാത്രകൾക്കായി മാറ്റിവെച്ചിരിക്കുകയാണ്.
പുതിയ നിയമനങ്ങളെ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ്: ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി ജെ. കാരക്കാട്ട്, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മൻ, അസോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് ട്രഷറർ ഗ്രേസ് മരിയ ജോസഫ്, വുമൺസ് ഫോറം ചെയർ ഷൈനി രാജു എന്നിവർ ഐക്യകണ്ഠേന സ്വാഗതം ചെയ്തു: