Image

വഴിവിളക്കുകൾ ഈറൻ അണിഞ്ഞ രാത്രി (കഥ: ഡോ.മത്തായി ചാക്കോ)

Published on 10 September, 2026
വഴിവിളക്കുകൾ ഈറൻ അണിഞ്ഞ രാത്രി (കഥ: ഡോ.മത്തായി ചാക്കോ)

ഒക്ടോബറിലെ ഒരു തണുപ്പുള്ള ശനിയാഴ്ച ജെ.എഫ്.കെ ഇന്റർനാഷണൽ എയർപോർട്ടിന്റെ അറൈവൽ ഗേറ്റിനരികിൽ ജയനും പ്രിയയും കാത്തുനിന്നു. അവരുടെ കൂടെ ഏഴു വയസ്സുകാരൻ മണികുട്ടനും ഒമ്പതുകാരി മിനിമോളും ഉണ്ടായിരുന്നു. നാട്ടിൽ നിന്ന് ജയന്റെ അച്ഛൻ രാഘവൻ പിള്ള സാർ ആദ്യമായി അമേരിക്കയിലെത്തുന്ന ദിവസമായിരുന്നു അത്.

വലിയ എക്സിറ്റ് ഗേറ്റിലൂടെ ട്രോളി തള്ളിക്കൊണ്ട് അദ്ദേഹം പുറത്തേക്കുവന്നപ്പോൾ മുഖത്ത് ഒരു കുട്ടിയുടെ അത്ഭുതവും ആവേശവും തെളിഞ്ഞിരുന്നു. വെളുത്ത മുണ്ടും ജുബ്ബയും തോളിലെ ഷാളും അദ്ദേഹത്തെ തിരക്കിനിടയിൽ വേറിട്ടുനിർത്തി. മിനിമോളും മണികുട്ടനും “അച്ചച്ചാ…” എന്ന് വിളിച്ച് ഓടിയെത്തിയപ്പോൾ അദ്ദേഹം ട്രോളി വിട്ട് ഇരുവരെയും മാറോടണച്ചു.

അഞ്ച് വർഷം മുമ്പ് ഭാര്യ മരിച്ചശേഷം നാട്ടിലെ വലിയ വീട്ടിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. മുറ്റത്തെ മാവിൻചുവട്ടിൽ വൈകുന്നേരം ഇരിക്കുമ്പോൾ അടുക്കളയിൽ നിന്നുള്ള ഭാര്യയുടെ ചുമച്ച ശബ്ദം ഇനി ഒരിക്കലും കേൾക്കില്ലെന്നുള്ള ശൂന്യത ദിവസവും അദ്ദേഹത്തെ അലട്ടിയിരുന്നു. മകൻ വീണ്ടും വീണ്ടും വിളിച്ച്, “അച്ഛാ, ഇവിടെ വന്നാൽ കുട്ടികളും ഞങ്ങളും ഉണ്ടല്ലോ,” എന്ന് പറഞ്ഞപ്പോൾ, ശേഷിച്ച കാലം കൊച്ചുമക്കളുടെ കൂടെ കഴിയാമെന്ന പ്രതീക്ഷയിൽ അദ്ദേഹം യാത്രയ്ക്ക് സമ്മതിച്ചു.

എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ റോഡുകളിലൂടെ കാർ പാഞ്ഞപ്പോൾ പിള്ള സാർ ജനാലയ്ക്കപ്പുറത്തേക്ക് നോക്കി. ആകാശത്തേക്ക് നീണ്ടുനിൽക്കുന്ന കെട്ടിടങ്ങളും വിളക്കുകൾക്കിടയിൽ പാഞ്ഞോടുന്ന നഗരവും അദ്ദേഹത്തിന് ഒരു സിനിമപോലെ തോന്നി.
“എന്തൊരു വലിയ നഗരം, ജയാ! നീയൊക്കെ ഭാഗ്യവാന്മാർ തന്നെ,” എന്ന് അദ്ദേഹം പതുക്കെ മനസ്സിൽ പറഞ്ഞു. സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈകളിൽ മിനിമോളുടെ ചെറിയ വിരലുകൾ പിടിച്ചിരുന്നു. മണികുട്ടൻ ഇടയ്ക്ക് അദ്ദേഹത്തിന്റെ ഷാളിൽ പിടിച്ചുകൊണ്ട്, “അച്ചച്ചാ, ഇനി എന്നും  ഞങ്ങളോടൊപ്പമല്ലേ  താമസം?” എന്ന് ചോദിച്ചു. ആ ചോദ്യം കേട്ടപ്പോൾ പിള്ള സാറിന്റെ കണ്ണുകളിൽ ഒരു നിമിഷം വെള്ളം നിറഞ്ഞു.
ന്യൂറൊഷെല്ലിൽ ഉള്ള വീട്ടിലെത്തിയപ്പോൾ പ്രിയ ആദ്യം വണ്ടിയിൽ നിന്നിറങ്ങി വാതിൽക്കൽ ചെന്ന് നിന്ന് അദ്ദേഹത്തെ ആദരപൂർവം സ്വീകരിച്ചു. ചെറുതായെങ്കിലും സുന്ദരമായി അലങ്കരിച്ച മുറിയിൽ കുട്ടികളുടെ വരകളും സ്കൂൾ ചിത്രങ്ങളും മറ്റും ഫ്രിഡ്ജിലൊട്ടിച്ചിരുന്നു. അവ കാണിച്ചുകൊണ്ട് കുട്ടികൾ ഓരോന്നും വിശദീകരിച്ചപ്പോൾ, ഭാര്യ പോയശേഷം തന്റെ വീട്ടിൽ ഇല്ലാതായിരുന്ന ശബ്ദങ്ങളും ചെറുചിരികളും ഇവിടെ തിരികെ കിട്ടിയെന്ന തോന്നൽ അദ്ദേഹത്തിനുണ്ടായി.

ആ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അദ്ദേഹം ഭാര്യയുടെ പഴയ ഫോട്ടോ സ്യൂട്ട്കേസിൽ നിന്ന് എടുത്ത് തലയിണയ്ക്കരികിൽ വെച്ചു. “കണ്ടോ ലക്ഷ്മി, നമ്മുടെ കുട്ടികൾ എല്ലാം എത്ര വലിയവരായി,” എന്ന് ആരും കേൾക്കാത്ത ശബ്ദത്തിൽ പറഞ്ഞു. അങ്ങനെ അങ്ങ് ദൂരെയുള്ള അമേരിക്കൻ നഗരത്തിൽ എത്തപ്പെട്ടപ്പോൾ, ഏറെക്കാലത്തിന് ശേഷം അദ്ദേഹത്തിന് മനസ്സിനൊരു സന്തോഷവും ആനന്ദവും അനുഭവപ്പെട്ടു
ആദ്യത്തെ ദിവസങ്ങൾ വീട്ടിൽ ഉത്സവംപോലെയായിരുന്നു. പ്രിയ സ്നേഹത്തോടെ ഭക്ഷണം വിളമ്പി; ജയൻ അച്ഛന്റെ യാത്രാ വിശേഷങ്ങൾ കേട്ടിരുന്നു; കുട്ടികൾ സ്കൂളിൽ നിന്ന് മടങ്ങിയെത്തിയാൽ ഡ്രസ്സ് പോലും മാറ്റാതെ അദ്ദേഹത്തിന്റെ മുറിയിലേക്ക് ഓടി. പിള്ള സാർ അവർക്കു മലയാളം അക്ഷരങ്ങൾ എഴുതിക്കാട്ടി, പഴയ കഥകൾ പറഞ്ഞു, ഉറങ്ങുന്നതിനുമുമ്പ് രാമായണത്തിലെ ചെറിയ ഭാഗങ്ങൾ ലളിതമായി പറഞ്ഞു കൊടുത്തു.

 മലയാളി സുഹൃത്തുക്കൾ വരികയും പോകുകയും  ചെയ്തു. എല്ലാവരും അദ്ദേഹത്തെ ആദരവോടെ “സാർ” എന്നു വിളിച്ചു. കോളേജ് കാലത്തെ അനുഭവങ്ങൾ, നാട്ടിലെ പുസ്തകശാലകൾ, പഴയ അധ്യാപകജീവിതം—അവയെല്ലാം അദ്ദേഹം സന്തോഷത്തോടെ പങ്കുവച്ചു. ജയനും പ്രിയയും എല്ലാവർക്കും അദ്ദേഹത്തെ അഭിമാനത്തോടെ പരിചയപ്പെടുത്തി.
ഒരു ഞായറാഴ്ച അവർ അദ്ദേഹത്തെ റോക്ക്ലാൻഡ് കൗണ്ടിയിലെ പൊമോണയിലുള്ള ഹിന്ദു ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുന്നിൻമുകളിലെ ആ ശാന്തമായ ക്ഷേത്രമുറ്റത്ത് നിൽക്കുമ്പോൾ നാട്ടിലെ ക്ഷേത്രനടയും ഭാര്യയോടൊപ്പം പോയിരുന്ന ഉത്സവങ്ങളും അദ്ദേഹത്തിന് ഓർമ്മയായി. മിനിമോളുടെ നെറ്റിയിൽ പ്രസാദം തൊടുവിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ അല്പം വിറച്ചു.
“അയ്യോ ഇതെന്താ അച്ചച്ചാ കരയുകയാണോ?” മിനിമോൾ ചോദിച്ചു. അദ്ദേഹം ഉടൻ ചിരിച്ചു. “ഇല്ല മോളേ, കാറ്റ് കണ്ണിൽ അടിച്ചു,” എന്നു പറഞ്ഞു. പക്ഷേ ആ കാറ്റിൽ നാട്ടിലെ ഓർമ്മകളും ഭാര്യയുടെ അഭാവവും ഒറ്റപ്പെട്ട വൃദ്ധന്റെ നിശ്ശബ്ദതയും ഉണ്ടായിരുന്നു.
ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോൾ, ശേഷിച്ച ജീവിതം മകന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞാൽ മതി എന്ന് അദ്ദേഹം മനസ്സിൽ ഉറപ്പിച്ചു. ഓർമ്മകളും ഏകാന്തതയും നിറഞ്ഞ പഴയ വീട്ടിലേക്ക് ഇനി മടങ്ങേണ്ടിവരില്ലെന്ന ചിന്ത അദ്ദേഹത്തിന് ആശ്വാസമായി; അദ്ദേഹം പതുക്കെ ഒരു ദീർഘനിശ്വാസം വിട്ടു.

മൂന്നാമത്തെ ആഴ്ച തുടങ്ങിയതോടെ വീടിന്റെ അന്തരീക്ഷം പതുക്കെ മാറിമറിഞ്ഞു. ന്യൂയോർക്കിലെ കഠിനമായ കോർപ്പറേറ്റ് ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ വീണ്ടും ആ കുടുംബത്തെ വിഴുങ്ങി. ജയനും പ്രിയയും പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് തിരക്കിലായി: കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റിവിടണം, രണ്ടുപേർക്കും കൃത്യസമയത്ത് ഓഫീസിൽ എത്തണം, വൈകുന്നേരം തിരികെയെത്തുമ്പോൾ കടുത്ത ട്രാഫിക്കിന്റെയും ജോലി ക്ഷീണത്തിന്റെയും ഭാരവും സഹിക്കണം.

ഒരു രാത്രി പ്രിയ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്നതിനിടെ ജയനോട് അസഹിഷ്ണുതയോടെ പറയുന്നത് പിള്ള സാർ കേട്ടു: “എനിക്ക് ഒറ്റയ്ക്ക് വയ്യ, ജയാ. ഓഫീസിലെ സമ്മർദ്ദം പോരാഞ്ഞിട്ട് ഈ വീട്ടുജോലിയും കൂടി നോക്കാൻ എനിക്ക് കഴിയുന്നില്ല. അച്ഛൻ ചുമ്മാ ഇരുന്ന് ടിവി കാണുകയല്ലേ? രാവിലെ കുട്ടികൾക്ക് ബ്രേക്ക്ഫാസ്റ്റും ലഞ്ചും എടുത്തുവെക്കാൻ സഹായിക്കാമല്ലോ?”
പിറ്റേന്ന് രാവിലെ പ്രിയ മൃദുവായെങ്കിലും അധികാരം കലർന്ന സ്വരത്തിൽ പിള്ള സാറിനോട് പറഞ്ഞു: “അച്ഛാ, രാവിലെ ഞങ്ങൾക്കിത്തിരി തിരക്കാണ്. കുട്ടികൾക്കുള്ള ബ്രേക്ക്ഫാസ്റ്റും ലഞ്ചും അച്ഛനൊന്ന് എടുത്തുവെക്കാമോ? വലിയ പണിയൊന്നുമില്ല; ഫ്രിഡ്ജിലുള്ള സാധനങ്ങൾ എടുത്ത് ചൂടാക്കിയാൽ മതി.”
നാട്ടിൽ രാവിലെ ഉണരുമ്പോൾ കട്ടിലിൽ ചായ എത്തിച്ചുതരാൻ വേലക്കാരുണ്ടായിരുന്ന; കോളേജിൽ എത്തിയാൽ ഒപ്പുവെക്കാൻ പേനയും ഫയലുകളും കൈമാറാൻ പ്യൂൺമാരുണ്ടായിരുന്ന, അത്തരമൊരു ജീവിതം നയിച്ച രാഘവൻ പിള്ളയ്ക്ക് ഇതൊന്നും ഒട്ടും ശീലമില്ലായിരുന്നു. എങ്കിലും മക്കളെ സഹായിക്കാമെന്ന ചിന്തയിൽ അദ്ദേഹം കിച്ചൻ കൗണ്ടറിന് മുന്നിൽ നിന്നു.
അമേരിക്കൻ അടുക്കള അദ്ദേഹത്തിന് ഒരു പരീക്ഷണശാല പോലെയായിരുന്നു. ഗ്യാസ് സ്റ്റൗവിന് പകരമുള്ള ടച്ച് സ്ക്രീൻ ഇൻഡക്ഷൻ കുക്കർ എങ്ങനെ ഓൺ ചെയ്യണമെന്ന് അറിയാതെ അദ്ദേഹം വിറയ്ക്കുന്ന വിരലുകളോടെ നിന്നു. ഡിഷ്‌വാഷറിന്റെയും ഓവന്റെയും ആധുനിക സ്വിച്ചുകൾ അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കി.
ഒരു ദിവസം കുട്ടികൾക്കായി ദോശ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ മാവ് കരിഞ്ഞുപിടിച്ചു; അടുക്കളയിലാകെ പുക നിറഞ്ഞു; സ്മോക്ക് അലാറം ഉച്ചത്തിൽ മുഴങ്ങിത്തുടങ്ങി. പേടിച്ചുവിറച്ച പിള്ള സാർ എന്തുചെയ്യണമെന്ന് അറിയാതെ നിന്നു. ശബ്ദം കേട്ട് ഓടിവന്ന പ്രിയ അലാറം ഓഫ് ചെയ്തു.   അവൾ ദേഷ്യത്തോടെ, “ഇതൊന്നും ചെയ്യാൻ അറിയില്ലെങ്കിൽ മാറിനിന്നൂടെ, മനുഷ്യനെ ബുദ്ധിമുട്ടിക്കാനായി!” എന്ന് പറഞ്ഞ് പാത്രങ്ങൾ സിങ്കിലേക്ക് വലിച്ചെറിഞ്ഞു.
മകന്റെ മുന്നിൽ വെച്ചുണ്ടായ ആ അപമാനം അദ്ദേഹത്തിന്റെ ആത്മാഭിമാനത്തെ ആഴത്തിൽ മുറിവേൽപ്പിച്ചു. ജയൻ ഭാര്യയെ ഭയന്ന് തലതാഴ്ത്തി നിൽക്കുകയേ ചെയ്തുള്ളൂ.

അടുക്കളയിലെ അപമാനങ്ങൾക്കുശേഷം അടുത്ത ചുമതല വീട്ടുനായയായ ‘റോക്കി’യെ നോക്കലായി മാറി. വലിയ ഇനത്തിൽപ്പെട്ട, ശക്തിയേറിയ നായയായിരുന്നു റോക്കി. നവംബർ പകുതിയോടെ ന്യൂയോർക്കിൽ അതികഠിനമായ മഞ്ഞുകാലം ആരംഭിച്ചു. പുലർച്ചെയും വൈകുന്നേരത്തും മരംകോച്ചുന്ന തണുപ്പിൽ റോക്കിയെ പിടിച്ച് പുറത്തേക്ക് നടക്കാൻ പ്രിയ ആവശ്യപ്പെട്ടു.

ആർത്രൈറ്റിസിന്റെ വേദനയുള്ള കാൽമുട്ടുകളുമായി വഴുതിവീഴാൻ പാകത്തിലുള്ള മഞ്ഞിലൂടെ നടക്കുമ്പോൾ അദ്ദേഹം തികച്ചും ഒറ്റപ്പെട്ടതായി തോന്നി.
പലപ്പോഴും റോക്കി റോഡിലെ മറ്റ് ജീവികളെ കണ്ടു മുന്നോട്ട് കുതിക്കുമ്പോൾ, കയറിൽ പിടിച്ച് വീഴാതിരിക്കാൻ പിള്ള സാർ പാടുപെട്ടു. ഒരിക്കൽ സ്നോവിൽ  കാൽ വഴുതി അദ്ദേഹം റോഡിലേക്ക് വീണു. കൈയിലെ തൊലി പൊട്ടി ചോര ഒലിച്ചിട്ടും, റോക്കി അദ്ദേഹത്തെ മുന്നോട്ട് വലിച്ചുകൊണ്ടേയിരുന്നു.

അതിനേക്കാളും അദ്ദേഹത്തെ തളർത്തിയത്, നായയുടെ മലമൂത്രവിസർജ്ജനം പ്ലാസ്റ്റിക് കവറിൽ സ്വന്തം കൈകൊണ്ട് എടുത്തുമാറ്റേണ്ടി വന്ന നിമിഷമായിരുന്നു. നാട്ടിൽ തനിക്കുമുന്നിൽ ആദരവോടെ കൈകൂപ്പിയിരുന്ന വിദ്യാർത്ഥികളെയും ബഹുമാനത്തോടെ സംസാരിച്ചിരുന്ന പ്രമുഖരെയും ഓർത്തപ്പോൾ, “എന്റെ ദൈവമേ, ഞാൻ എന്ത് പാപമാണ് ചെയ്തത്? ഒടുവിൽ ഒരു പട്ടിയുടെ വേലക്കാരനാകാനായിരുന്നോ ഞാൻ ഇത്രയും പഠിച്ചതും ജീവിച്ചതും?” എന്ന് ഓർത്തപ്പോൾ അദ്ദേഹത്തിന്റെ ഹൃദയം തകർന്നു പൊട്ടിക്കരഞ്ഞു പോയി.
മക്കൾ ഓഫീസിലേക്ക് പോയാൽ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ തടവിലാക്കപ്പെട്ടതുപോലെയായിരുന്നു അദ്ദേഹം. ടിവിയിലെ ഇംഗ്ലീഷ് ചാനലുകൾ ശരിക്കും മനസ്സിലാകാതെ, സംസാരിക്കാൻ ഒരു മലയാളി പോലും ഇല്ലാതെ, അദ്ദേഹം കടുത്ത മാനസിക ഏകാന്തതയിലേക്ക് വഴുതിപ്പോയി. താനൊരു അച്ഛനല്ല; വീട്ടുജോലിക്കും നായയെ നോക്കാനുമായി നാട്ടിൽനിന്ന് കൊണ്ടുവന്ന ശമ്പളമില്ലാത്ത വേലക്കാരൻ മാത്രമാണെന്ന് ആ പിതാവ് വേദനയോടെ തിരിച്ചറിഞ്ഞു.

മൂന്ന് മാസങ്ങൾ തികഞ്ഞ ഒരു രാത്രിയിൽ, കടുത്ത പുറംവേദനയോടും മനസ്സിന്റെ വിങ്ങലോടും കൂടി കട്ടിലിൽ കിടക്കുമ്പോൾ അദ്ദേഹം ഉറച്ചൊരു തീരുമാനം എടുത്തു. പിറ്റേന്ന് രാവിലെ തന്റെ തീരുമാനം ജയനോടും പ്രിയയോടും ശാന്തമായി പറഞ്ഞു: “എനിക്ക് നാട്ടിലേക്ക് തിരികെ പോകണം. എന്റെ ശേഷിച്ച കാലം എന്റെ നാട്ടിൽ ആത്മാഭിമാനത്തോടെ ജീവിക്കണം. ഇവിടെ ഒരു വേലക്കാരനായി ഒടുങ്ങാൻ എനിക്കാവില്ല. എനിക്ക് നാട്ടിലേക്ക് ഒരു ടിക്കറ്റ് എടുത്തുതരണം.”

ജയൻ അച്ഛനെ തടയാൻ ശ്രമിച്ചെങ്കിലും പ്രിയയുടെ മുഖത്ത് ആശ്വാസം തെളിഞ്ഞിരുന്നു. അവൾക്ക് വേണ്ടിയിരുന്നത് ഒരു അച്ഛനെയല്ല; വീട്ടിലെ ഭാരങ്ങൾ ഏറ്റെടുക്കാൻ കഴിയുന്ന ഒരാളെയായിരുന്നു. രാഘവൻ പിള്ള സാറിനെപ്പോലൊരു പ്രിൻസിപ്പലിന് അത്തരമൊരു ജീവിതം സഹിക്കാനാവില്ലെന്ന് അവൾക്കും മനസ്സിലായിരുന്നു.
ഡിസംബർ മാസത്തിലെ കൊടും തണുപ്പുള്ള ഒരു രാവിലെയായിരുന്നു അദ്ദേഹത്തിന്റെ മടക്കയാത്ര. ജയനും പ്രിയയ്ക്കും അന്ന് ഓഫീസിൽ പ്രധാനപ്പെട്ട മീറ്റിംഗ് ഉണ്ടായതിനാൽ, അച്ഛനെ എയർപോർട്ടിൽ കൊണ്ടുപോയി വിടാൻ പോലും ജയന് സമയമില്ലായിരുന്നു. അവർ ഒടുവിൽ ഒരു ഊബർ ടാക്സി ബുക്ക് ചെയ്തു.

പിള്ള സാർ രണ്ടു പെട്ടികളുമായി വീടിന്റെ വാതിൽക്കൽ നിന്നു. വന്നെത്തിയ ദിവസത്തെ ആവേശവും പ്രൗഢിയും നഷ്ടപ്പെട്ടിരുന്നു; ശരീരം കുനിഞ്ഞു, കണ്ണുകൾ കുഴിഞ്ഞു. കൊച്ചുമക്കൾ രണ്ടുപേരും അപ്പോൾ സ്കൂളിലായിരുന്നു. അവരോട് യാത്ര പറയാൻ പോലും അദ്ദേഹത്തിന് അവസരം ലഭിച്ചില്ല.

പ്രിയ അകത്തുനിന്ന് വെറുതെ കൈവീശി യാത്രപറഞ്ഞു. ജയൻ പെട്ടികൾ ഊബർ കാറിന്റെ ഡിക്കിയിലേക്ക് എടുത്തുവെച്ചു. കാറിന്റെ പിൻസീറ്റിലേക്ക് കയറുന്നതിന് മുമ്പ് പിള്ള സാർ മകനെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകളിൽ സങ്കടവും നിരാശയും നിറഞ്ഞുനിന്നു. ഒരുവാക്കുപോലും പറയാതെ അദ്ദേഹം കാറിനുള്ളിലേക്ക് കയറി ഇരുന്നു.  

കാർ പതുക്കെ മുന്നോട്ട് നീങ്ങുമ്പോൾ പിള്ള സാറിന്റെ കവിളിലൂടെ കണ്ണുനീർ ഒഴുകി. പരിചയമില്ലാത്ത ഡ്രൈവറുടെ കാറിൽ എയർപോർട്ടിലേക്കു പോകുമ്പോൾ, തടവിൽ നിന്ന് മോചിതനായതുപോലെ ഒരു ആശ്വാസം അദ്ദേഹത്തെ സ്പർശിച്ചു; എന്നാൽ സ്വന്തം മകൻ തന്നെ വിട്ടയച്ചുവെന്ന വേദന ആ ആശ്വാസത്തിനുമപ്പുറം ഭാരമായി. അടഞ്ഞുകിടക്കുന്ന നാട്ടുവീട്, തലയിണയ്ക്കരികിലെ ഭാര്യയുടെ ചിത്രം, നീണ്ട വരാന്ത, വീണ്ടും കൂട്ടിരിക്കാൻ കാത്തിരിക്കുന്ന ഏകാന്തത— എല്ലാ ദുഃഖങ്ങളും ഒരുമിച്ച് മനസ്സിൽ തെളിഞ്ഞുവന്നു. 
മഞ്ഞുമൂടിയ ന്യൂയോർക്ക് തെരുവുകളിലൂടെ കാർ ദൂരത്തേക്ക് മറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ഈർപ്പമുള്ള കണ്ണുകളിൽ പ്രതിഫലിച്ച മങ്ങിയ വഴിവിളക്കുകളും ഒപ്പം ഈറൻ അണിഞ്ഞു നിന്നു.   
-End-

 

വഴിവിളക്കുകൾ ഈറൻ അണിഞ്ഞ രാത്രി (കഥ: ഡോ.മത്തായി ചാക്കോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക