Image

മൂത്രപ്പുരയില്‍ മീഡിയയ്ക്ക് എന്ത് കാര്യം...? പിണറായിയുടെ ചാനല്‍-പത്ര ഫോബിയ ട്വിസ്റ്റ് (എ.എസ് ശ്രീകുമാര്‍)

Published on 09 September, 2026
മൂത്രപ്പുരയില്‍ മീഡിയയ്ക്ക് എന്ത് കാര്യം...? പിണറായിയുടെ ചാനല്‍-പത്ര ഫോബിയ ട്വിസ്റ്റ് (എ.എസ് ശ്രീകുമാര്‍)

ഭരണാധികാരിയുടെ മുന്നില്‍ മൈക്രോഫോണ്‍ നീട്ടിയാല്‍ അത് മാധ്യമ പ്രവര്‍ത്തകന്റെ കുറ്റമല്ല. മറുപടി പറയാന്‍ താല്‍പര്യമില്ലെങ്കില്‍ അതും ഒരു രാഷ്ട്രീയ നിലപാടുതന്നെ. പക്ഷേ ചോദ്യം കേള്‍ക്കുമ്പോള്‍ തന്നെ ''പുറത്ത് നില്‍ക്കടോ... നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ..?'' എന്ന് മാധ്യമ പ്രവര്‍ത്തകരോട് കയര്‍ക്കേണ്ടി വരുമ്പോള്‍, പ്രശ്‌നം ചോദ്യം ചോദിച്ചവരിലാണോ, അതോ ചോദ്യത്തിന്റെ ഉള്ളടക്കത്തിലാണോ എന്ന സംശയം സ്വാഭാവികമാണ്. പറയുന്നത് പിണറായി വിജയനായതുകൊണ്ട് അത്ഭുതമില്ല. എട്ടുനിലയില്‍ പൊട്ടി പാര്‍ട്ടിയെയും മുന്നണിയെയും ഒരു വഴിക്കാക്കിയിട്ടും അഹന്തയ്ക്കും ധാര്‍ഷ്ട്യത്തിനും ഒരു കുറവുമില്ല.

കേരളത്തിന്റെ  മുന്‍ മുഖ്യമന്ത്രി കൈക്കൂലി വാങ്ങിയെന്ന് പച്ചയ്ക്ക്‌ പറഞ്ഞതും എഴുതിപ്പിടിപ്പിച്ചതും മാധ്യമ പ്രവര്‍ത്തകരല്ല, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ അന്വേഷണ ഏജന്‍സി ഇ.ഡിയാണ്. അപ്പനും മകളും മരുമകനും ഉള്‍പ്പെടെ കുടുംബം ഒന്നടങ്കം കൈക്കൂലിയെന്ന നാണക്കേടിന്റെ പടുകുഴിയില്‍ കിടക്കുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ നെഞ്ചത്തോട്ട് കട്ടക്കലിപ്പ് ലുക്കോടെ പരുഷവാക്കുകള്‍ കൊണ്ട് പൊങ്കാലയിടുന്നത്. പ്രായത്തിന്റെ പക്വതയില്ലെന്ന് മാത്രമല്ല, ഇപ്പോഴും മുഖ്യമന്ത്രിയാണെന്നാണ് വിചാരം. പണ്ട് 40 ഇന്നോവാ കാറുകളുടെയും മെഡിക്കല്‍ ഐ.സി.യു ഉള്ള ആംബുലന്‍സിന്റെയും  ഗണ്‍'മോന്‍'മാരുടെയും അകമ്പടിയില്‍ വിലസുന്നുവെന്ന വെളിപാട് ഇടയ്ക്കുണ്ടാകുന്നുണ്ട്. ആ മോഹന വാഹന വ്യൂഹത്തില്‍ പാറ്റന്‍ ടാങ്കും ഉണ്ട്.

ചെങ്ങന്നൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചാണ് ഇന്ന് വെളിപാട് ഉണ്ടായത്. ആ രംഗം കാണേണ്ടതു തന്നെ.  അത്യന്തം മുന്‍കോപിയായ ദുര്‍വാസാവ്  മഹര്‍ഷി എത്രയോ പാവം. കഠിനമായ തപോബലമുള്ളവനെങ്കിലും ക്ഷിപ്രകോപിയെന്നയറിയപ്പെടുന്ന  ദുര്‍വാസാവ് ഇരച്ചങ്കനുമായി താരതമ്യം ചെയ്യുമ്പോള്‍ ലോല ഹൃദയന്‍ തന്നെ. ദുര്‍വാസാവ് നന്നായി ശപിക്കും. പിണറായി ശപിക്കില്ല, നാക്കുകൊണ്ട് ഒരു വഴിക്കാക്കും. ''ഇവിടെ വന്നത് മൂത്രമൊഴിക്കാനാണ്...നിങ്ങളെ കാണാനല്ല...'' എന്നും പിണറായി പറഞ്ഞു. മൂത്രപ്പുരയിലെന്ത് മീഡിയയ്ക്ക് കാര്യം...? അല്ലേ...

മാസപ്പടി വിവാദം, സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാട്, ഇ.ഡി സകല തെളിവുകളും ചേര്‍ത്ത് സതീശന്‍ സര്‍ക്കാരിന് കൊടുത്ത കത്ത്, അന്വേഷണ ശുപാര്‍ശ ഇതൊക്കെ ചേര്‍ന്ന് രാഷ്ട്രീയമായി പിണറായിയും കൂട്ടരും വറചട്ടിയില്‍ നിന്ന് എരിതീയിലേയ്ക്ക് തെറിച്ച് വീഴുന്ന സമയമാണ്. അത്തരമൊരു സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ടിയാന്റെ വായില്‍ നിന്ന് വീഴുന്നതെന്തും വലിയ വാര്‍ത്തയാണ്. എന്നാല്‍ ചുവപ്പ് നിറം കണ്ട് വെഗിളി പിടിക്കുന്ന സ്‌പെയിനിലെ കാളക്കുറ്റനെപ്പോലെയാണ് ചാനലുകളുടെ മൈക്ക് കാണുമ്പോള്‍ പിണറായിയുടെ അവസ്ഥ. കണ്‍ട്രോള് മൊത്തം പോകും. പിന്നെ ഭസ്മാസുരനെപ്പോലെ ദഹിപ്പിക്കുന്ന നോട്ടമാണ്.

പത്രക്കാരുടെയും ചാനലുകളുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുക എന്നത് ഒരു ജനാധിപത്യ നേതാവിന്റെ ബാധ്യതയല്ലെങ്കിലും, അവരോട് മിതത്വം പാലിക്കുക എന്നത് കുറഞ്ഞത് ഒരു പൊതുപ്രവര്‍ത്തകന്റെ മര്യാദയാണ്. കെ കരുണാകരനും ഇ.കെ നായനാരും വി.എസും ഉമ്മന്‍ചാണ്ടിയും എ.കെ ആന്റണിയുമൊക്കെ അത്തരത്തില്‍ മാധ്യമപ്രവര്‍ത്തകരോടുള്ള മാന്യമായ പെരുമാറ്റത്തിന്റെ പേരില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ മുഖ്യമന്ത്രിമാരാണ്. പക്ഷേ പിണറായിയുടെ കാര്യത്തില്‍ സംഭവിക്കുന്നത് നേരേ വിപരീതമാണ്. ചോദ്യം അസ്വസ്ഥമാക്കുമ്പോള്‍ മറുപടിക്ക് പകരം ശബ്ദം ഉയരും. മറുപടിക്ക് പകരം ചോദ്യക്കാരുടെ മേക്കിട്ടു കയറും. കടുത്ത അസഹിഷ്ണുതയുടെ ഉസ്താദ് എന്ന് അതേ മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് പറയിപ്പിക്കുകയു ചെയ്യും.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ട് തലശേരി ബ്രണ്ണന്‍ കോളേജില്‍ വച്ച് ഊരിപ്പിടിച്ച കത്തിയുടെയും ഉയര്‍ത്തിപ്പിടിച്ച വടിവാളിന്റെയും ഇടയിലൂടെ 'പ്രത്യേക ഏക്ഷന്‍' കാട്ടി നടന്നു പോയ കാലം മുതലുള്ള ശീലമാണ്. ചോദ്യം ഇഷ്ടപ്പെട്ടാല്‍ മറുപടി. ഇല്ലെങ്കില്‍ പരിഹാസം, ക്ഷോഭം, ശാസന. എന്നാല്‍ കാലം മാറിയതും മുഖ്യമന്ത്രി സ്ഥാനം ജനങ്ങള്‍ തെറിപ്പിച്ചതും പലപ്പോഴും മറന്നുപോകുന്നു. 'ജാത്യാലുള്ളത് തൂത്താല്‍ പോകില്ല...'' എന്നു പറയാം.

ഇ.ഡിയുടെ കത്തില്‍ ഉള്ളതെല്ലാം പച്ചക്കള്ളമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ സഖവ് വാ പോയ കോടാലി പോലെ പറയുന്നത്. പിണറായിക്കെതിരെ കുത്തിയിരുന്ന് ഇങ്ങനെ പച്ചക്കള്ളം എഴുതി വിടാന്‍ ഇ.ഡി ട്രംപുമായി ഡീല്‍ ഉറപ്പിച്ചിട്ടുണ്ടോ. പണ്ട് കേരളത്തിലെ സി.പി.എം ഭരണം കണ്ട് അമേരിക്ക പേടിച്ചു വിറച്ചതുകൊണ്ടാണ് സി.ഐ.എയെ ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ അട്ടിമറിച്ചതെന്ന് പിണറായി പറഞ്ഞപ്പോള്‍ അത് തൊണ്ട തൊടാതെ വിഴുങ്ങിയവര്‍ ഇപ്പോഴുമിവിടെ വിച്ചിരിപ്പുണ്ട് എന്നതാണ് അതിശയകരം.

ഇ.ഡി കൊടുത്ത കത്തിന്‍മേല്‍ സര്‍ക്കാര്‍ നിയമോപദേശം തേടുമെന്നും വിശദമായ പരിശോധനയ്ക്കുശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കുന്നു. അതായത് വിഷയം രാഷ്ട്രീയമായി തന്നെ ഗൗരവമുള്ളതാണ്. എന്നാല്‍ അതിനെക്കുറിച്ച് ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് തറുതല പറഞ്ഞാല്‍ ആരും കടുകിനകത്ത് കയ ഒളിക്കുമെന്ന് വിചാരിക്കേണ്ട. മറുപടിയില്ലാത്തത് മറ്റൊന്നും കൊണ്ടല്ല, ഇല്ലാത്തതുകൊണ്ടാണ്. തര്‍ക്കുത്തരം പറഞ്ഞ് തലയൂരാമല്ലോ. അധികാരത്തിന്റെ സുഖം നുകര്‍ന്ന് നടക്കുന്ന കാലത്ത് ''കടക്ക് പുറത്ത്...'', ''മാറി നില്‍ക്ക്...'' എന്നൊക്കെ പറയുന്ന രാഷ്ട്രീയ ഭാഷ കേരളം കേട്ടിട്ടുണ്ട്. ഇപ്പോളും അതുതന്നെ ''വായ്‌മൊഴി വഴക്കം...''

ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ ഭരണാധികാരിയുടെ സ്വകാര്യ അതിഥികളല്ല. അവര്‍ ജനങ്ങളുടെ ചോദ്യങ്ങളുമായാണ് എത്തുന്നത്. അതുകൊണ്ടുതന്നെ ഗസ്റ്റ് ഹൗസിലെ ബാത്ത്റൂമിന് പുറത്തുനിന്നും ചോദ്യം ഉയരും, നിയമസഭയ്ക്ക് പുറത്തുനിന്നും ചോദ്യം ഉയരും, സെക്രട്ടേറിയറ്റിന് മുന്നിലും ചോദ്യം ഉയരും. പ്രതിപക്ഷ നേതാവിന്റെ വാതിലുകള്‍ എത്ര അടച്ചാലും ചോദ്യങ്ങള്‍ക്ക് ജനാലകള്‍ കണ്ടെത്താനുള്ള സ്വഭാവമുണ്ട്.

മാധ്യമപ്രവര്‍ത്തകരെ പുറത്തുനിര്‍ത്തിയാല്‍ പ്രശ്‌നം തീരില്ല. ക്യാമറ ഓഫ് ചെയ്താലും ആരോപണം ഓഫ് ആകില്ല. മൈക്രോഫോണ്‍ മാറ്റിവച്ചാലും ചോദ്യം ഇല്ലാതാകില്ല. ചോദ്യത്തിന് വാതില്‍ അടയ്ക്കാം, പക്ഷേ ചോദ്യത്തിന്റെ പ്രതിധ്വനിക്ക് വാതില്‍ ഇല്ല. മാധ്യമപ്രവര്‍ത്തകരോട് ''പുറത്ത് നില്‍ക്കാന്‍...'' പറഞ്ഞതുകൊണ്ട് അവര്‍ അനുസരിച്ചേക്കാം. പക്ഷേ ജനങ്ങളുടെ ചോദ്യങ്ങള്‍ പുറത്തുനില്‍ക്കില്ല. അവ നിങ്ങളുടെ വാതിലില്‍ തന്നെ തുരുതുരാ മുട്ടിക്കൊണ്ടിരിക്കും. അങ്ങനെ മുട്ടിയതുകൊണ്ടാണ് തോറ്റുതുന്നംപാടിയത്. സി.പി.എമ്മിന്റെ അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന ''ആരാണ് യഥാര്‍ത്ഥ കുലംകുത്തി...'' എന്ന ചോദ്യത്തിനുള്ള ജനങ്ങളുടെ ചൂണ്ടുവിരല്‍ അടയാളപ്പെടുത്തലായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക