
ഏഷ്യന്‍ ഗെയിംസില്‍ 4X400 മീറ്റര്‍ റിലേ എപ്പോഴും ഇന്ത്യയ്ക്ക് മെഡല്‍ നേടിത്തരുന്ന ഇനമാണ്. പുരുഷ, വനിതാ വിഭാഗങ്ങള്‍ക്കു പുറമെ മിക്‌സ്ഡ് റിലേ കൂടി മത്സര ഇനമായതോടെ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിച്ചു. ഐച്ചി-നഗോയയില്‍ അടുത്തയാഴ്ച അവസാനം തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിലും റിലേയില്‍ ഇന്ത്യ വലിയ പ്രതീക്ഷ പുലര്‍ത്തുന്നു. പക്ഷേ, അവസാന നിമിഷം ടീം അഴിച്ചു പണിത് സുവര്‍ണ്ണ വിജയം സാധ്യത ഇല്ലാതാക്കുകയോ മെഡല്‍ തന്നെ നഷ്ടപ്പെടുത്തകയോ ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
1982 ലെ ന്യൂഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 4X400 മീറ്ററിൽ ഇന്ത്യക്കു വെള്ളിയായതും 1990 ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ തന്നെ നഷ്ടമാക്കിയതും ഇങ്ങനെയാണ്. രണ്ടിലും പ്രതിസ്ഥാനത്ത് വന്നത് ചീഫ് കോച്ച് ആയിരുന്ന ജെ.എസ്.സെയ്‌നിയും. അതേ, ദ്രോണാചാര്യ നേടിയ സെയ്‌നി തന്നെ.
ന്യൂഡല്‍ഹി ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി പട്യാലയില്‍ നടന്ന ട്രയല്‍സില്‍ വനിതകളുടെ 4X400 മീറ്റര്‍ റിലേ ടീമിനെ തിരഞ്ഞെടുത്തു- റീത്താ സെന്‍, എം.ശ്രീകുമാരിയമ്മ, പി.ടി.ഉഷ, പത്മിനി തോമസ് . പി.ടി. ഉഷയ്ക്ക് സ്പ്രിന്റില്‍ ഇരട്ട വെള്ളി ലഭിച്ചെങ്കിലും ഒരു മാസം മുമ്പ് മലമ്പനി ബാധിച്ചതിന്റെ ക്ഷീണം ഉണ്ടായിരുന്നതിനാല്‍ ഉഷയെ മാറ്റി, 400 മീ. ഹര്‍ഡില്‍സില്‍ ഏഷ്യന്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ എം.ഡി.വത്സമ്മയെ ഉള്‍പ്പെടുത്തി. സ്വാഭാവിക നടപടി.
നവംബര്‍ 25ന് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങള്‍ തുടങ്ങിയപ്പോഴും ടീമില്‍ മാറ്റമില്ലായിരുന്നു. എന്നാല്‍ മത്സര ദിവസമായ 26 നു രാവിലെ ഒരു ട്രയല്‍ നാടകം അരങ്ങേറി. പരുക്കിന്റെ വേദന വിട്ടുമാറാഞ്ഞതിനാല്‍ ഒരു ട്രയല്‍ കൂടി ഓടിയാല്‍ മത്സരത്തെ ബാധിക്കുമെന്നു പറഞ്ഞ ശ്രീകുമാരിയമ്മയെ നിര്‍ബന്ധിച്ച് ട്രയല്‍സിനിറക്കി. അതുവഴി ശ്രീകുമാരിക്കു പകരം ഹമീദാ ബാനുവിനെ ടീമിനെ എടുത്തു. ശ്രീകുമാരിയുടെ മികച്ച സമയം 55.6 സെ., ഹമീദയുടേത് 56.1 സെ. ശ്രീകുമാരിയുടെ മുന്‍ പ്രകടനങ്ങളും കണക്കിലെടുത്തില്ല.
ഒടുവില്‍ സംഭവിച്ചതോ? ബാറ്റന്‍ കൈമാറ്റം പിഴച്ചു. സ്വര്‍ണ്ണം ഉറപ്പായിരുന്ന ഇന്ത്യ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. ബാറ്റന്‍ കൈമാറ്റം പരിശീലിച്ച ടീമില്‍ ഒരാളെ മാറ്റി പകരം ആളെ ഇറക്കിയില്‍ താളം തെറ്റാതിരിക്കുമോ? അതു തന്നെ സംഭവിച്ചു. തന്റെ കഠിനാധ്വാനവും കാത്തിരിപ്പും പാഴായ വിഷമത്തില്‍ 4X100മീറ്റര്‍ റിലേയില്‍ നിന്നും ശ്രീകുമാരി പിന്‍വാങ്ങി.
ബെയ്ജിങ് ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 4X400 മീറ്റര്‍ റിലേയില്‍ ഇന്ത്യ ഒരു മെഡല്‍ പ്രതീക്ഷിച്ചിരുന്നു. കാരണം തലേവര്‍ഷം ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ(പി.ബൈജു, പി.വി.രാജു, സി.എസ്.മുരളീധരന്‍, അയ്യപ്പ ദുരെ ടീം) വെള്ളി നേടിയിരുന്നു. ബെയ്ജിങ് ഏഷ്യന്‍ ഗെയിംസില്‍ അയ്യപ്പ ദുരെയ്ക്കു പകരം അര്‍ജുന്‍ ദേവയ്യയെ ഉള്‍പ്പെടുത്തി. അഞ്ചാമത്തെയാള്‍ 800 മീറ്റര്‍ ഓട്ടക്കാരന്‍ ബി.വിജയകുമാരന്‍.
ഹീറ്റ്‌സില്‍ മുരളീധരനെ ഒഴിവാക്കി ഇറങ്ങി. ഭേദപ്പെട്ട പ്രകടനം ഉണ്ടായി(3:10:43). വിജയകുമാറിന് 800 മീറ്റര്‍ മത്സരം കഴിഞ്ഞിട്ട് അധിക സമയമായിട്ടില്ല. അതുകൊണ്ടുതന്നെ ഫൈനലില്‍ വിജയകുമാറിനു വിശ്രമം നല്‍കുമെന്നു സൂചിപ്പിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ഒരു പരിഷ്‌കാരം. വിജയകുമാര്‍ ഓടും. പി.ബിജു പുറത്തിരിക്കും. ഫലം. ഇന്ത്യ ജപ്പാനും ഖത്തറിനും ചൈനയ്ക്കും പിന്നില്‍ നാലാമത്(3:10: 70). റിലേയില്‍ മെഡല്‍ ഉറപ്പിക്കാന്‍ പി.വി.രാജു 400 മീറ്റര്‍ മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.
രാജുവും ബൈജുവും മുരളീധരനും വിജയകുമാരനും കേരളത്തില്‍ നിന്നുള്ളവര്‍. അവരില്‍ ഒരാളെയാണല്ലോ മാറ്റി ഇറക്കിയത്. പക്ഷേ, 800 മീറ്റര്‍ ഓടി ക്ഷീണിച്ച ആളെ ആവശ്യത്തിനു വിശ്രമമില്ലാതെ ഒരു ലാപ് കൂടി ഓടിക്കാമോ? ഒരു ക്ഷമാപണത്തോടെ സെയ്‌നി കൈകഴുകിയെന്നാണു കേട്ടത്.