
എം.ടി. എഴുതി ടി. ഹരിഹരൻ സംവിധാനം ചെയ്ത നിരവധി വിജയ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ: 'എംടി-ഹരൻ' കൂട്ടുകെട്ടിന്റെ തുടക്കം കുറിച്ച ചിത്രമാണ് (1979-ൽ ഇറങ്ങിയ) 'ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച'. ഈ ഹിറ്റ് മേക്കേഴ്സിനെ കൂട്ടിയോജിപ്പിച്ച നിർമ്മാതാവ് എന്ന നിലയിലാണ് കെ സി ജോയി സിനിമാ രംഗത്ത് ഓർക്കപെടുന്നത്.
പിന്നീട്, എംടി കഥ, തിരക്കഥ സംഭാഷണം എഴുതി ഹരിഹരൻ സംവിധാനം ചെയുക മാത്രമല്ല, എം.ടി, ഗാനരചന നടത്തുക കൂടി ചെയ്ത 'വളർത്തുമൃഗങ്ങൾ' (1981) നിർമ്മിച്ചതും ജോയി തന്നെ .... വർഷം, 1982-ൽ എംടി കഥ, തിരക്കഥ സംഭാഷണം എഴുതുക മാത്രമല്ല, സംവിധാനം ചെയ്യുക കൂടി നടത്തിയ 'വാരിക്കുഴി' യും ജോയി നിർമ്മിച്ചു. (ഇതിൽ ഗാനങ്ങള്‍ ഇല്ല.)
ഇങ്ങനെ ഒരു നിർമ്മാതാവായ, ആലപ്പുഴ തത്തംപള്ളി മായിത്തറ ബിന്ദു നിവാസിൽ കെ.സി.ജോയി നിര്യാതനായിട്ടു നാലു വർഷമാകുന്നു...
ആലപ്പുഴ, കാർമൽ പോളിടെക്‌നിക് കോളജിൽ സൂപ്രണ്ടായിരുന്ന ജോയി സുഹൃത്ത് സി. ദാസുമായി ചേർന്ന് 'പ്രിയദർശിനി മൂവീസ്' എന്ന സിനിമാനിർമാണ കമ്പനി രൂപീകരിച്ച് ജോയി എട്ട് സിനിമകൾ നിർമിച്ചു. 1973-ൽ എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത 'യാമിനി' എന്ന സിനിമ നിർമിച്ചാണ് നിർമാണ രംഗത്തേക്കെത്തിയത്. 'സൂര്യവംശം', 'ഇവൻ എന്റെ പ്രിയപുത്രൻ', 'സ്നേഹത്തിന്റെ മുഖങ്ങൾ', 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച', 'വളർത്തുമൃഗങ്ങൾ', 'വാരിക്കുഴി', 'വരന്മാരെ ആവശ്യമുണ്ട്' എന്നിവയാണ് ജോയി നിർമിച്ച സിനിമകൾ.
2019 സെപ്റ്റംബർ 9-ന്, 83-ാം വയസിൽ, കെ സി ജോയി അന്തരിച്ചു.