
ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഇന്ന് ലോകത്ത് ശ്രദ്ധേയമായൊരു സ്ഥാനമുണ്ട്. വടക്കേ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 മില്യണിലധികം ഇന്ത്യൻ വംശജർ ജീവിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ, സാമ്പത്തിക പുരോഗതി, തങ്ങളുടെയും കുടുംബത്തിന്റെയും മെച്ചപ്പെട്ട ഭാവി എന്നിവ തേടി ഓരോ വർഷവും ആയിരക്കണക്കിന് പേർ ഇന്ത്യയിൽ നിന്ന് വിദേശങ്ങളിലേക്ക് കുടിയേറുന്നു.
ഇന്ത്യക്കാർ എവിടെയെല്ലാം കുടിയേറിയിട്ടുണ്ടോ, അവിടെയെല്ലാം അവർ തങ്ങളുടെ കഴിവുകളും അഭിലാഷങ്ങളും മാത്രമല്ല, സംസ്കാരവും പാരമ്പര്യങ്ങളും വിശ്വാസങ്ങളും പൈതൃകവും കൂടി കൊണ്ടുപോയിട്ടുണ്ട്. ഇന്ത്യൻ ഭക്ഷണം, സംഗീതം, സിനിമ, ഉത്സവങ്ങൾ, തത്ത്വചിന്ത, ആത്മീയ പാരമ്പര്യങ്ങൾ എന്നിവ ലോകമെമ്പാടും കൂടുതൽ പരിചിതമായി മാറിയിരിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭ്യസിക്കുന്ന യോഗ, ഇന്ത്യയുടെ അസാധാരണമായ സാംസ്കാരിക സ്വാധീനത്തിന്റെയും 'സോഫ്റ്റ് പവറി'ന്റെയും ഏറ്റവും ദൃശ്യമായ ഉദാഹരണങ്ങളിലൊന്നാണ്.
എന്നാൽ ഇന്ത്യൻ പ്രവാസി സമൂഹം സംസ്കാരത്തെയും സാമ്പത്തിക മുന്നേറ്റത്തെയും മാത്രമല്ല പ്രതിനിധീകരിക്കുന്നത്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയ ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്. സ്വാതന്ത്ര്യം, സമത്വം, നീതി, മതനിരപേക്ഷത, സാഹോദര്യം എന്നീ അടിസ്ഥാന തത്വങ്ങളിലാണ് ഇന്ത്യൻ ഭരണഘടന നിലകൊള്ളുന്നത്. ജവഹർലാൽ നെഹ്റുവിനെയും ഡോ. ബി.ആർ. അംബേദ്കറിനെയും പോലുള്ള നേതാക്കൾ മനസ്സിലാക്കിയിരുന്നത്, മതം, ജാതി, ഭാഷ, വംശീയത, സാമൂഹിക പശ്ചാത്തലം എന്നിവയുടെ വ്യത്യാസമില്ലാതെ ഓരോ പൗരനും തുല്യ അവകാശവും അന്തസ്സും അനുഭവിക്കാൻ കഴിയുന്ന ഭരണഘടനാ വ്യവസ്ഥയിലൂടെ മാത്രമേ ഇന്ത്യയുടെ അസാധാരണമായ വൈവിധ്യം സംരക്ഷിക്കാനാകൂ എന്നായിരുന്നു.
വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാർക്ക് ഈ മൂല്യങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടാകണം. കാരണം, സമാനമായ തത്വങ്ങൾ നമ്മെ സ്വീകരിച്ച രാജ്യങ്ങളിൽ നമ്മൾ സംരക്ഷിച്ചതിനാലാണ് നമ്മിൽ പലരും അഭിവൃദ്ധി പ്രാപിച്ചത്. അമേരിക്കയിലും മറ്റ് ജനാധിപത്യ സമൂഹങ്ങളിലും ഇന്ത്യക്കാർ ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും ഗുരുദ്വാരകളും സാംസ്കാരിക കേന്ദ്രങ്ങളും സ്കൂളുകളും പ്രൊഫഷണൽ സംഘടനകളും വിവിധ സാമൂഹിക സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. നാം ഒളിമറയില്ലാതെ ആരാധിക്കുന്നു, സ്വതന്ത്രമായി സംഘടിക്കുന്നു, പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നു, സർക്കാരുകളെ വിമർശിക്കുന്നു, രാഷ്ട്രീയ വിഷയങ്ങളിൽ നിലപാടെടുക്കുന്നു, തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നു, പൗരജീവിതത്തിൽ പൂർണമായി പങ്കാളികളാകുന്നു.
ഈ സ്വാതന്ത്ര്യങ്ങൾ കുടിയേറ്റ അനുഭവത്തിന്റെ അടിസ്ഥാന ഘടകമായി മാറിയിരിക്കുന്നു.
ഇവയിൽ മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിന് പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. വിശ്വസിക്കാനും ആരാധിക്കാനും ചോദ്യം ചെയ്യാനും സ്വന്തം വിശ്വാസങ്ങൾ മാറ്റാനും അല്ലെങ്കിൽ യാതൊരു മതവിശ്വാസവും സ്വീകരിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാന ഘടകമാണ്. അത് ഒരു സർക്കാരിന്റെ ഔദാര്യത്തെയോ ഭൂരിപക്ഷത്തിന്റെ സഹിഷ്ണുതയെയോ ആശ്രയിച്ചുള്ളതാകരുത്. അത് മനുഷ്യന്റെ അന്തർലീനമായ അവകാശമാണ്.
എന്നാൽ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശങ്കാജനകമായ സംഭവവികാസങ്ങളാണ് നാം കാണുന്നത്. സ്വേച്ഛാധിപത്യ പ്രവണതകൾ, മത അസഹിഷ്ണുത, രാഷ്ട്രീയ വിഭജനം, കുടിയേറ്റ വിരുദ്ധ വികാരം എന്നിവ ശക്തിപ്രാപിക്കുകയാണ്. ചരിത്രപരമായി കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുകയും ബഹുസാംസ്കാരികതയെ ആഘോഷിക്കുകയും ചെയ്തിരുന്ന സമൂഹങ്ങളിൽ പോലും കുടിയേറ്റത്തെയും വൈവിധ്യത്തെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന പ്രസ്ഥാനങ്ങൾ ശക്തിപ്പെടുകയാണ്.
ഇത്തരം സാഹചര്യത്തിലാണ് ഇന്ത്യൻ പ്രവാസി സമൂഹം ജനാധിപത്യം, ബഹുസ്വരത, മതസ്വാതന്ത്ര്യം, തുല്യ പൗരത്വം എന്നിവയോടുള്ള പ്രതിബദ്ധത കുറയ്ക്കുന്നതിനുപകരം കൂടുതൽ ശക്തമാക്കേണ്ടത്.
ആത്മപരിശോധനയുടെ ഒരു നിമിഷം
ഈ പശ്ചാത്തലത്തിൽ, ഓഗസ്റ്റ് 29ന് ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ ആയിരക്കണക്കിന് ആളുകൾ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) തലവനായ മോഹൻ ഭഗവതിനെ ശ്രവിക്കാൻ ഒത്തുകൂടിയ സംഭവം ഗൗരവമായ ആത്മപരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.
ഇന്ത്യൻ ദേശീയത, ഹിന്ദു സ്വത്വം, ന്യൂനപക്ഷ അവകാശങ്ങൾ, മതനിരപേക്ഷത, മതബഹുസ്വരത, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സ്വഭാവം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആർഎസ്എസ് ദീർഘകാലമായി പ്രധാനപ്പെട്ടതും വിവാദപരവുമായ സ്ഥാനം വഹിച്ചുവരുന്നു. അതിന്റെ പ്രത്യയശാസ്ത്രം, ചരിത്രം, രാഷ്ട്രീയ സ്വാധീനം, സമകാലിക ഇന്ത്യൻ സമൂഹവുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് അനുകൂലികളും വിമർശകരും തമ്മിൽ ശക്തമായ വാദപ്രതിവാദങ്ങൾ തുടരുകയാണ്. വിദേശത്തെ ജനാധിപത്യ സമൂഹങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാർക്ക് ഈ വിഷയങ്ങളെ സൂക്ഷ്മമായി പരിശോധിക്കാനുള്ള പ്രത്യേക ബാധ്യതയുണ്ട്.
നിരവധി ഇന്ത്യൻ അമേരിക്കക്കാർ അമേരിക്കൻ ഭരണഘടന മുൻനിർത്തി പ്രതിജ്ഞ ചെയ്തവരാണ്. മതസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിന് മുന്നിലുള്ള സമത്വം, രാഷ്ട്രീയമായും സാമൂഹികമായും സംഘടിക്കാനുള്ള അവകാശം എന്നിവ ഉറപ്പുനൽകുന്ന ഭരണഘടനാ സംരക്ഷണങ്ങളുടെ പ്രയോജനം അവർ അനുഭവിച്ചിട്ടുണ്ട്. മതപരവും പ്രാദേശികവുമായ എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റക്കാർക്കും വിജയിക്കാൻ ഈ സംരക്ഷണങ്ങൾ വഴിയൊരുക്കിയിട്ടുണ്ട്.
ഈ യാഥാർഥ്യം ഒഴിവാക്കാനാകാത്ത ഒരു ധാർമിക ചോദ്യം ഉയർത്തുന്നു: വിദേശത്ത് നമുക്കായി ഏറ്റവും പൂർണമായ സ്വാതന്ത്ര്യവും സമത്വവും മതസ്വാതന്ത്ര്യവും വേണമെന്നിരിക്കെ, ഇന്ത്യയിൽ അതേ സ്വാതന്ത്ര്യങ്ങൾ മറ്റുള്ളവർക്കായി ഭീഷണിയിലാകുമ്പോൾ നമുക്ക് എങ്ങനെ നിസ്സംഗരായി തുടരാനാകും? നമ്മുടെ മതം, പ്രത്യയശാസ്ത്രം, രാഷ്ട്രീയം, ലോകവീക്ഷണം എന്നിവയിൽ നിന്ന് വ്യത്യസ്തരായ ആളുകൾക്കായി മറ്റൊരു മാനദണ്ഡം സ്വീകരിച്ചുകൊണ്ട് നമുക്കായി ഒരു മാനദണ്ഡം ആവശ്യപ്പെടുന്നത് ന്യായീകരിക്കാനാവില്ല.
'ഉത്തരത്തിൽ ഇരിക്കുന്നതും വേണം, കക്ഷത്തിലെത് പോകുകയും അരുത്' എന്നൊരു പഴമൊഴിയുണ്ട്. അമേരിക്കയിലും കാനഡയിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും മറ്റിടങ്ങളിലും നമ്മെ സംരക്ഷിക്കുന്ന ബഹുസ്വരതയെ ആഘോഷിക്കുകയും, അതേസമയം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും മാധ്യമപ്രവർത്തകരും പ്രവർത്തകരും വിയോജിക്കുന്നവരും മറ്റ് ദുർബല വിഭാഗങ്ങളും അതേ ഭരണഘടനാ സംരക്ഷണം ആവശ്യപ്പെടുമ്പോൾ മൗനം പാലിക്കുകയും ചെയ്യാനാവില്ല. അത്തരമൊരു നിലപാട് ഗുരുതരമായ ഇരട്ടത്താപ്പായിരിക്കും.
അതിലുപരി, അത് ഒടുവിൽ പ്രവാസി സമൂഹത്തിന്റെ ധാർമിക വിശ്വാസ്യത തന്നെ ദുർബലപ്പെടുത്തും. അസഹിഷ്ണുത മറ്റൊരാളോട് കാണിക്കുന്നത് അംഗീകരിക്കാവുന്നതാണെങ്കിൽ, അതേ അസഹിഷ്ണുത നമുക്കെതിരെ തിരിയുമ്പോൾ സഹിഷ്ണുത ആവശ്യപ്പെടാൻ നമുക്ക് എന്ത് ധാർമിക അടിത്തറയാണുള്ളത്?
സ്വാതന്ത്ര്യം ചിലർക്ക് മാത്രം ബാധകമാകുന്ന ഒന്നാകരുത്
സ്വാതന്ത്ര്യം ഒരൊറ്റ രാത്രികൊണ്ട് നഷ്ടപ്പെടാറില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ പലപ്പോഴും ക്രമേണയാണ് ദുർബലമാകുന്നത്.
ആദ്യം ജനപ്രീതിയില്ലാത്ത ഒരു ന്യൂനപക്ഷത്തിനെതിരെയാണ് നിയന്ത്രണങ്ങൾ ന്യായീകരിക്കപ്പെടുക. പിന്നീട് അവ രാഷ്ട്രീയ വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നവർ, മാധ്യമപ്രവർത്തകർ, അക്കാദമിക് രംഗത്തുള്ളവർ, പ്രവർത്തകർ, മതനേതാക്കൾ, സിവിൽ സമൂഹ സംഘടനകൾ എന്നിവരിലേക്കും വ്യാപിക്കാം. ഒടുവിൽ നിലവിലുള്ള രാഷ്ട്രീയമോ സാമൂഹികമോ ആയ പൊതുധാരയുമായി പൊരുത്തപ്പെടാൻ വിസമ്മതിക്കുന്ന ഏതൊരാളെയും സ്വാതന്ത്ര്യത്തിന്റെ ശോഷണം ബാധിച്ചേക്കാം.
അതുകൊണ്ടാണ് ഏത് രാഷ്ട്രീയ പാർട്ടിയാണ് അധികാരത്തിലുള്ളത്, ഏത് മതസമുദായമാണ് ഭൂരിപക്ഷം, വ്യക്തിപരമായി നാം ഏത് സംഘടനയെ പിന്തുണയ്ക്കുന്നു എന്നിവയെ ആശ്രയിച്ച് ജനാധിപത്യ മാനദണ്ഡങ്ങൾ മാറാൻ പാടില്ലാത്തത്. ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളെ സ്ഥിരമായി സംരക്ഷിക്കുമ്പോഴാണ് ജനാധിപത്യത്തിന് യഥാർഥ അർഥമുണ്ടാകുന്നത്.
നമുക്ക് വിയോജിപ്പുള്ള അഭിപ്രായങ്ങളെയും സംരക്ഷിക്കുമ്പോഴാണ് അഭിപ്രായസ്വാതന്ത്ര്യത്തിന് അർഥമുണ്ടാകുന്നത്. നമ്മുടെ സ്വന്തം മതത്തിന് പുറമെ മറ്റ് മതങ്ങളെയും സംരക്ഷിക്കുമ്പോഴാണ് മതസ്വാതന്ത്ര്യത്തിന് അർഥമുണ്ടാകുന്നത്. ശക്തർക്കും ദുർബലർക്കും ഒരുപോലെ ബാധകമാകുമ്പോഴാണ് നിയമത്തിന് മുന്നിലുള്ള സമത്വത്തിന് അർഥമുണ്ടാകുന്നത്. ഭൂരിപക്ഷത്തിന് പൊതുവെ സ്വയം സംരക്ഷിക്കാനുള്ള രാഷ്ട്രീയ ശക്തിയുള്ളതിനാലാണ് ന്യൂനപക്ഷ അവകാശങ്ങൾക്ക് പ്രാധാന്യമുണ്ടാകുന്നത്. അതിനാൽ ഈ തത്വങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത തിരഞ്ഞെടുക്കപ്പെട്ടതാകരുത്.
ആരോഗ്യരംഗം, സാങ്കേതികവിദ്യ, ശാസ്ത്രം, ബിസിനസ്, അക്കാദമിക് രംഗം, സർക്കാർ, എഞ്ചിനീയറിങ്, ധനകാര്യം തുടങ്ങി എണ്ണമറ്റ മേഖലകളിൽ ഇന്ത്യൻ പ്രവാസി സമൂഹം അസാധാരണമായ വിജയം കൈവരിച്ചിട്ടുണ്ട്. ഇന്ത്യൻ വംശജർ ലോകമെമ്പാടുമുള്ള വൻകിട കമ്പനികൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ, പൊതുസ്ഥാപനങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നു. ഈ വിജയത്തോടൊപ്പം ഉത്തരവാദിത്തവും വരുന്നു.
ഇന്ത്യൻ ഭക്ഷണം, സംസ്കാരം, സാങ്കേതികവിദ്യ, സംരംഭകത്വം, സാമ്പത്തിക നേട്ടങ്ങൾ എന്നിവയുടെ അംബാസഡർമാരായി മാത്രമല്ല, ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളുന്ന ഉന്നതമായ ആശയങ്ങളുടെ അംബാസഡർമാരായും നാം മാറണം.
നീതി — സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി; ചിന്ത, അഭിപ്രായപ്രകടനം, വിശ്വാസം, മതവിശ്വാസം, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം; പദവിയിലും അവസരത്തിലും സമത്വം; വ്യക്തിയുടെ അന്തസ്സുറപ്പാക്കുന്ന സാഹോദര്യം — ഇവയെക്കുറിച്ചാണ് ഭരണഘടനയുടെ ആമുഖം പറയുന്നത്. ഇന്ത്യക്കാർ എവിടെ ജീവിച്ചാലും ഈ വാക്കുകൾക്ക് അർഥമുണ്ടാകണം. ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വിമാനത്തിൽ കയറുമ്പോൾ ഈ മൂല്യങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത അപ്രത്യക്ഷമാകരുത്.
സ്വാതന്ത്ര്യത്തിന് ഒരേയൊരു മാനദണ്ഡം
വിദേശത്ത് ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുകയും സ്വന്തം രാജ്യത്ത് ഭൂരിപക്ഷാധിപത്യം അംഗീകരിക്കുകയും ചെയ്യുക എന്നത് ന്യായീകരിക്കാനാവില്ല. നമ്മൾ മതസ്വാതന്ത്ര്യം ആവശ്യപ്പെടുമ്പോൾ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് മൗനം പാലിക്കുന്നത് ശരിയല്ല. വിദേശത്ത് ന്യൂനപക്ഷമായിരിക്കുമ്പോൾ സമത്വം ആവശ്യപ്പെടുകയും ഇന്ത്യയിൽ മറ്റൊരു സമുദായം ന്യൂനപക്ഷമായിരിക്കുമ്പോൾ സമത്വത്തെ അവഗണിക്കുകയും ചെയ്യാനാവില്ല. ഭരണഘടനാ തത്വങ്ങൾ ഭൂമിശാസ്ത്രത്തിന്റെയോ സൗകര്യത്തിന്റെയോ അടിസ്ഥാനത്തിൽ മാറ്റാനാവില്ല. അതിനൊരു മാനദണ്ഡം ഉണ്ടായിരിക്കണം.
അമേരിക്കയിലെ ഒരു ഹിന്ദു ക്ഷേത്രത്തിലെ ആരാധനാ സ്വാതന്ത്ര്യത്തിന് വിലമതിക്കുന്നുവെങ്കിൽ, ഇന്ത്യയിലെ ഒരു പള്ളി, മോസ്‌ക്, ഗുരുദ്വാര, അല്ലെങ്കിൽ മറ്റേതെങ്കിലും ആരാധനാലയത്തിലും അതേ സ്വാതന്ത്ര്യത്തിന് വിലമതിക്കണം. വിദേശത്ത് വിവേചനത്തിനെതിരെ സംസാരിക്കാനുള്ള ഒരു ഇന്ത്യൻ കുടിയേറ്റക്കാരന്റെ അവകാശത്തെ നാം സംരക്ഷിക്കുന്നുവെങ്കിൽ, സ്വന്തം രാജ്യത്ത് അധികാരത്തിലുള്ളവരെ വിമർശിക്കാനുള്ള ഒരു ഇന്ത്യൻ പൗരന്റെ അവകാശവും സംരക്ഷിക്കണം. ഈ തത്വങ്ങൾ പരസ്പരം വേർതിരിക്കാനാവാത്തവയാണ്.
അതിനാൽ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളി കേവലം രാഷ്ട്രീയമല്ല. അത് ധാർമികമാണ്.
ലോകത്തിന് മുന്നിൽ നാം പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യ ഏതാണ്? വിദേശത്ത് വളരുന്ന ഇന്ത്യൻ വംശജരായ അടുത്ത തലമുറയ്ക്ക് നാം കൈമാറാൻ ആഗ്രഹിക്കുന്ന മൂല്യങ്ങൾ എന്തൊക്കെയാണ്? സ്വാതന്ത്ര്യവും സമത്വവും സാർവത്രിക തത്വങ്ങളാണെന്ന് വിശ്വസിക്കണോ, അതോ നമ്മുടെ താൽപര്യങ്ങൾക്ക് അനുകൂലമാകുമ്പോൾ മാത്രം നാം ഉയർത്തിപ്പിടിക്കുന്ന പ്രത്യേക അവകാശങ്ങളാണെന്ന് കരുതണോ? ഈ ചോദ്യത്തിനുള്ള ഉത്തരം പ്രവാസി സമൂഹത്തിന്റെ വിശ്വാസ്യതയും പൈതൃകവും നിർണയിക്കുന്നതിൽ നിർണായകമാകും.
ലോകമെമ്പാടും ധ്രുവീകരണവും അസഹിഷ്ണുതയും വർധിച്ചുവരുന്ന ഈ കാലത്ത്, ഭരണഘടനാപരമായ ജനാധിപത്യം, ബഹുസ്വരത, മനഃസാക്ഷിയുടെ സ്വാതന്ത്ര്യം, മനുഷ്യാന്തസ്സ് എന്നിവയ്ക്കായി ശക്തമായൊരു ശബ്ദമായി മാറാനുള്ള അവസരം വിദേശത്തെ ഇന്ത്യക്കാർക്കുണ്ട്. ആ ശബ്ദം ഉത്തരവാദിത്തത്തോടെയും സ്ഥിരതയോടെയും നാം ഉപയോഗിക്കണം.
നമുക്ക് പ്രയോജനം ലഭിക്കുമ്പോൾ മാത്രം ജനാധിപത്യത്തിനായി നിലകൊള്ളുകയല്ല, മറ്റുള്ളവർക്കുവേണ്ടിയും അതിനായി നിലകൊള്ളണം. നമ്മുടെ സ്വന്തം വിശ്വാസത്തിന് വേണ്ടി മാത്രമല്ല, എല്ലാ വിശ്വാസങ്ങൾക്കും വേണ്ടി മതസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കണം. നാം അനീതിയുടെ ഇരകളാകുമ്പോൾ മാത്രമല്ല, അനീതി എവിടെ സംഭവിച്ചാലും നീതിക്കായി നിലകൊള്ളണം. ഇരട്ടത്താപ്പ് നിരസിക്കുന്നത് കേവലം രാഷ്ട്രീയ ആവശ്യകതയല്ല; അത് ധാർമികമായ ബാധ്യതയാണ്.
നമ്മുടെ വിശ്വാസ്യതയും ജനാധിപത്യ പൈതൃകവും, ഒരുപക്ഷേ വിദേശത്തുള്ള നമ്മുടെ സ്വന്തം സമൂഹങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭാവി സുരക്ഷ പോലും, ഒരു വിട്ടുവീഴ്ചയും കൂടാതെ ഈ തത്വങ്ങളെ സംരക്ഷിക്കാനുള്ള നമ്മുടെ സന്നദ്ധതയെ ആശ്രയിച്ചിരിക്കുന്നു.
സ്വാതന്ത്ര്യത്തിന് പക്ഷഭേദം പാടില്ല. സമത്വം ഉപാധികളോടെയുള്ളതാകരുത്. ആരാണ് അധികാരത്തിലുള്ളത് എന്നതിനെ ജനാധിപത്യം ആശ്രയിക്കരുത്. ഈ മൂല്യങ്ങൾ എല്ലാവർക്കും അവകാശപ്പെട്ടതാണ്.