Image

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റ്; കാനഡ ഗ്ലാഡിയേറ്റേഴ്സ് വീണ്ടും ചാമ്പ്യന്മാർ

അനിൽ മറ്റത്തിക്കുന്നേൽ Published on 09 September, 2026
ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റ്; കാനഡ ഗ്ലാഡിയേറ്റേഴ്സ് വീണ്ടും ചാമ്പ്യന്മാർ

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരം ആവേശകരമായി സമാപിച്ചപ്പോൾ, കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഗ്ലാഡിയേറ്റേഴ്സ് കാനഡ വീണ്ടും കിരീടം നിലനിർത്തി. മാണി മെമ്മോറിയൽ റോളിംഗ് ട്രോഫിയും 11,111 $ സമ്മാനത്തുകയും സ്വന്തമാക്കിയാണ് ഗ്ലാഡിയേറ്റേഴ്സ് കാനഡ കിരീടം നിലനിർത്തിയത്. രണ്ടാം സമ്മാനമായ ജോയി മുണ്ടപ്ലാക്കിൽ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും 5555 $ ഉം കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലൂ ടീം സ്വന്തമാക്കി. 

വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ടീമിനെ പരാജയപ്പെടുത്തിയാണ് ഗ്ലാഡിയേറ്റേഴ്സ് കാനഡ ചാമ്പ്യന്മാരായത്. സ്റ്റീഫൻ കിഴക്കേക്കുറ്റ് സ്പോൺസർ ചെയ്ത ഗ്ലാഡിയേറ്റേഴ്സ് കാനഡയും സിറിയക് കൂവക്കാട്ടിൽ സ്പോൺസർ ചെയ്ത കെബിസി കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ടീമും നോർത്ത് അമേരിക്കൻ വടംവലി വേദികളിലെ ശക്തരായ എതിരാളികളായി ഏറെ ശ്രദ്ധിക്കപ്പെട്ട ടീമുകളാണ്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ സ്റ്റീഫൻ കിഴക്കേകുറ്റിന്റെ ലണ്ടൻ ഗ്ലാഡിയേറ്റേഴ്സ്, മുത്ത് കല്ലിടുക്കിലിന്റെ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലാക്ക് ടീമിനെ പരാജയപ്പെടുത്തി മറിയം കിഴക്കേക്കുറ്റ് മെമ്മോറിയൽ
എവറോളിങ്ങ് ട്രോഫിയും 3333$ ഉം അടങ്ങുന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കി. കെബിസി ബ്ലാക്ക് മഹല്യാ ജ്വല്ലറി നൽകിയ ട്രോഫിയും 1111$ ഉം അടങ്ങുന്ന നാലാം സ്ഥാനത്തിന് അർഹരായി.

രാവിലെ 10 മണിക്ക് ആരംഭിച്ച മത്സരങ്ങൾ പാലക്കാട് എം.പി. വി. കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം വരെ നീണ്ടുനിന്നമത്സരങ്ങൾക്കൊപ്പം താളമേളങ്ങളും കലാപരിപാടികളും അരങ്ങേറിയതോടെ ബെൻസൺവില്ലിലെ Energy Sports Complex ആവേശത്തിന്റെ അലയൊലികൾക്ക് സാക്ഷിയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ ഇത്തവണത്തെ
ടൂർണമെന്റിൽ മാറ്റുരച്ചു. പ്രമുഖ സിനിമാതാരം അൻസിബ ഹസൻ, പ്ലേബാക്ക് സിംഗർ സുധീഷ് ശശികുമാർ, ചിക്കാഗോയിലെ മറ്റു അനുഗ്രഹീത ഗായകരും കലാകാരന്മാരും അവതരിപ്പിച്ച കലാപരിപാടികൾ വടംവലി മാമാങ്കത്തിന് കൂടുതൽ നിറപ്പകിട്ടേകി.

5,000-ലധികം ആളുകൾ വടംവലി കാണാനായി Energy Sports Complex-ലേക്ക് ഒഴുകിയെത്തിയതായി സംഘാടകർ അറിയിച്ചു. ഇന്ത്യൻ-അമേരിക്കൻ
രുചിവൈവിധ്യങ്ങളുമായി ഒരുക്കിയ ഫുഡ് ഫെസ്റ്റിവലും പരിപാടിയുടെ ഭാഗമായി നടന്നു. ജോസ് മണക്കാട്ടിന്റെ നേതൃത്വത്തിലാണ് ഫുഡ് ഫെസ്റ്റിവൽ ഏകോപിപ്പിച്ചത്.

റൊണാൾഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള വടംവലി കമ്മിറ്റിയും
ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.കാനഡയിൽ നിന്നും നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് വടംവലി പ്രേമികളാണ് ഈ കായികമാമാങ്കത്തിൽ പങ്കെടുക്കാനെത്തിയത്. KV TV വഴി ടൂർണമെന്റ് മുഴുവൻ തത്സമയം സംപ്രേഷണം ചെയ്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് പ്രേക്ഷകർക്കും മത്സരത്തിന്റെ ആവേശത്തിന് സാക്ഷിയാകാൻ സാധിച്ചു.

ഇത്രയും വലിയൊരു ടൂർണമെന്റ് വിജയകരമായി സംഘടിപ്പിക്കാനായത് ചിക്കാഗോ സോഷ്യൽ ക്ലബ്ബിലെ അംഗങ്ങളുടെയും ക്ലബ്ബിനെ പിന്തുണയ്ക്കുന്ന എല്ലാ
സ്പോൺസർമാരുടെയും അകമഴിഞ്ഞ സഹകരണത്തിന്റെ ഫലമാണെന്ന് ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ അറിയിച്ചു. മികച്ച ഏകോപനത്തോടെ പ്രവർത്തിച്ച
ടൂർണമെന്റ് കമ്മിറ്റികളെയും കമ്മിറ്റി അംഗങ്ങളെയും, സ്പോൺസർമാരെയും, വോളണ്ടിയർമാരെയും, പരിപാടിയെ പിന്തുണച്ച എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയിൽ
നന്ദി അറിയിക്കുന്നതായി വടംവലി ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.

ചിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയി കാപ്പൻ,ജോയിന്റ് സെക്രട്ടറി തോമസ് പൂതേത് എന്നിവരുടെ നേതൃത്വത്തിലാണ് വടംവലി ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. . ടൂർണമെന്റ് കമ്മിറ്റിക്ക് ശ്രീ സിറിയക്ക് കൂവക്കാട്ടിൽ ചെയർമാനായും, മാനി കരിക്കുളം
വൈസ് ചെയർമാനായും, സ്റ്റീഫൻ കഴിക്കേക്കുറ്റ് ജനറൽ കൺവീനറായും, ബിനു കൈതക്കത്തോട്ടിൽ ഫിനാൻസ് ചെയർമാനായും നേതൃത്വം നൽകി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക