Image

കാഴ്ചയും വീക്ഷണവും - അനുഭവങ്ങളുടെ ചുഴികൾ (സുധീർ പണിക്കവീട്ടിൽ)

Published on 08 September, 2026
കാഴ്ചയും വീക്ഷണവും - അനുഭവങ്ങളുടെ ചുഴികൾ (സുധീർ പണിക്കവീട്ടിൽ)

യഥാർത്ഥ ജീവിതാനുഭവങ്ങളെ സങ്കൽപ്പങ്ങളിൽ ചാലിച്ച് എഴുതുന്ന സാഹിത്യശാഖയാണ് അനുഭവങ്ങൾ അല്ലെങ്കിൽ ഓർമ്മക്കുറിപ്പുകൾ. കുറേകൂടി വ്യക്തമാക്കിയാൽ അനുഭവങ്ങൾ എന്ന വിഭാഗം ഹൃസ്വ രചനയാകുമ്പോൾ ഇത് കുറേക്കൂടെ വിപുലീകരിക്കുന്നത് ആത്മകഥ യാകുന്നു. ഒരു രചയിതാവിന്റെ ജനനം മുതൽ എഴുത്തിന്റെ സമയം വരെയുള്ള മുഴുവൻ ജീവിതത്തെയും ഉൾക്കൊള്ളുന്നതാണ് ആത്മകഥ. ഇതാകട്ടെ കാലഗണനയിലും പ്രധാന ജീവിതനേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു 

ഒരു വ്യക്തി തന്റെ ജീവിതാനുഭവങ്ങളെ വിവരിക്കുമ്പോൾ അതിലൂടെ വായനക്കാർക്ക്  ലഭിക്കുന്ന അറിവുകൾ, ആശയങ്ങൾ എന്നിവ അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ സഹായകമാകാറുണ്ട്.  ഇതിൽ ഭാവനയും വസ്തുതയും ഉള്ളതുകൊണ്ട് (fact and fiction) വായന സുഗമമായിരിക്കും. എഴുത്തുകാരൻ പങ്കുവെയ്ക്കുന്ന അനുഭവങ്ങളിലൂടെ  മാനുഷിക സത്യങ്ങളിലൂടെ വായനക്കാരുമായി ബന്ധം സ്ഥാപിക്കുക  എന്നതാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.     ഇത്തരം രചനകളുടെ സാഹിത്യമൂല്യം അന്വേഷിക്കുന്നതിൽ അർത്ഥമില്ല.  എഴുത്തുകാരന്റെ വ്യക്തിപരമായ അനുഭവങ്ങൾ അദ്ദേഹം അൽപ്പം വൈകാരികത ചേർത്ത് തയ്യാറാക്കുന്നു. വായനക്കാർക്ക് ചിലപ്പോൾ അതിൽ അവരുടെ അനുഭവങ്ങളുടെ സാന്നിധ്യം കാണാം.

സ്മരണക്കുറിപ്പുകൾ എഴുതുന്നവർ പലപ്പോഴും സമീപത്തുള്ള ഒരു പുഴയെയോ തടാകത്തെയോ അനുഭവവിവരണങ്ങൾക്ക് സഹായമാകുമാറു ഉപയോഗിക്കാറുണ്ട്.  മനുഷ്യന്റെ ഓർമ്മകളുടെയും വികാരങ്ങളുടെയും ആന്തരികഭാവങ്ങളെ പ്രതിഫലിപ്പിക്കാൻ ജലാശയങ്ങൾക്ക് സ്വാഭാവികമായ കഴിവുണ്ട്. പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരൻ ബെന്നി നെച്ചൂരിന്റെ  "പുല്ലാന്തറയാറിലെ ചുഴികൾ" എന്ന അനുഭവവിവരണങ്ങൾ അടങ്ങുന്ന പുസ്തകത്തിലും അദ്ദേഹം വീടിനു അടുത്തുകൂടെ ഒഴുകുന്ന പുല്ലാന്തറയാറിനെ സ്മരിക്കുന്നുണ്ട്.സ്വന്തം നാടായ നെച്ചൂരിനെ ചുംബിച്ചുകൊണ്ട് ഈ നദി ഒഴുകുന്നു എന്നു അദ്ദേഹം എഴുതുന്നു. തന്നെയുമല്ല തന്റെ അനുഭവങ്ങൾക്ക് പുല്ലാന്തറയാറിലെ ചുഴികൾ എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്.
ശക്തമായ ഒഴുക്കുള്ള പുഴകളിലോ കടലിലോ വിപരീത ദിശയിലുള്ള പ്രവാഹങ്ങൾ തമ്മിൽ കൂട്ടിമുട്ടുമ്പോൾ അല്ലെങ്കിൽ ഭൂമിക്കടിത്തട്ടിലെ പ്രത്യേകതകൾ കൊണ്ടോ ആണ് നീർച്ചുഴികൾ ഉണ്ടാകുന്നത്. ഗ്രന്ഥാകാരന്റെ ജീവിത ദിശകളിലെ  ഏറ്റുമുട്ടലുകൾ ഉണ്ടാക്കിയ "ചുഴികളുടെ" നേർചിത്രങ്ങൾ അദ്ദേഹം വാക്കുകളിലൂടെ വിവരിക്കുന്നു. വെറും 72 പുറങ്ങളിൽ ഒതുങ്ങന്ന ഒരു കൊച്ചുപുസ്തകമാണിതെങ്കിലും ഇതിന്റെ ഉള്ളടക്കം വായനക്കാരന് പല അറിവുകളും നൽകുന്നു. ഈ പുസ്തകം രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്നാം ഭാഗം കനൽ നിറഞ്ഞ വഴികൾ. രണ്ടാം ഭാഗം മനുഷ്യർ അടുത്തറിയുമ്പോൾ.

ഭൂതകാലങ്ങൾ വിവരിക്കുമ്പോൾ വായനക്കാരനെ നേരിട്ട് ആ രംഗത്തേക്ക് കൊണ്ടുവരാൻ ഉദ്ധരണികൾ ഉപയോഗിക്കുന്ന രീതി ഗ്രന്ഥകാരൻ സ്വീകരിച്ചിട്ടുണ്ട്. എം ടി വാസുദേവൻ നായരെക്കുറിച്ച് പറയുമ്പോൾ ആ അധ്യായത്തിനു കൊടുത്ത പേര് “വരാതിരിക്കില്ല ; അല്ലേ മേംസാബ്" എന്നാണു. മഞ്ഞു എന്ന നോവലിലെ നിഷ്കളങ്കനായ ഒരു ബാലന്റെ   ഹൃദയസ്പർശിയായ ചോദ്യം. എം ടിയെ വായിച്ചവർക്ക് ആ ശീർഷകത്തിലൂടെ ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. എം. ടിയുടെ ഭാവനസമ്പന്നതയെ വിവരിക്കാൻ ഉപയോഗിക്കുന്നത് ഷെർലക്ക് എന്ന കൃതി അദ്ദേഹത്തിന്റെ മനസ്സിൽ  ഉദയം ചെയ്യാനുള്ള കാരണം വിവരിച്ചുകൊണ്ടാണ്. അമേരിക്കൻ യാത്രയിൽ ഒരു വീട്ടിലെ വീട്ടുകാരി പൂച്ചയുടെ ഭക്ഷണത്തെപ്പറ്റി വേവലാതിപ്പെടുന്നത് അദ്ദേഹം കണ്ടതിൽ നിന്നാണ് ഷെർലക്ക് എന്ന കൃതി ജനിച്ചതത്രെ.

കനൽ നിറഞ്ഞ വഴികൾ എന്ന ആദ്യഭാഗത്തിലാണ് വ്യക്തിപരമായ അനുഭവങ്ങളുടെ വിവരങ്ങൾ. അതിൽ മുഴുവനായും ഹൃദയസ്പൃക്കായ കാര്യങ്ങളാണ്. മാതാവിന്റെയും പിതാവിന്റെയും വിയോഗവും ആ വിടവ് മനസ്സിൽ ഉണ്ടാക്കിയ മുറിവിന്റെ ആഴവും തുറന്നെഴുതി അദ്ദേഹം ആശ്വാസം കണ്ടെത്തുന്നതായി കാണാം. മതാചാരമനുസരിച്ച് കല്ലറയിൽ അടക്കേണ്ട പിതാവിന്റെ ശരീരം അങ്ങനെ വേണ്ട അത് വൈദ്യവിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടുകൊടുക്കണമെന്ന പിതാവിന്റെ ആവശ്യത്തിന്റ്റെ മുന്നിൽ അദ്ദേഹം നിശ്ശബ്ദനാകുന്നു.
നമ്മൾക്ക് വളരെ വേണ്ടപ്പെട്ടവരായിരിക്കും നമ്മെ ഏറ്റവും കൂടുതൽ കബളിപ്പിക്കുക. നമ്മെ ചൂഷണം ചെയ്യുക. അതിനുദാഹരണമായി പറഞ്ഞിരിക്കുന്നത് അമ്മയുടെ മരണണാനന്തര ചടങ്ങുകൾക്ക്  ഒരുക്കുന്ന ക്രമീകരണങ്ങളുടെ വിവരണമാണ്. വളരെ അടുത്ത പരിചയമുള്ള ഒരാളാണ് അതിനു തയ്യാറായി വന്നത്. അയാൾ ചോദിച്ച പത്തുലക്ഷത്തിനു പകരം എട്ടു ലക്ഷത്തിൽ ഉറപ്പിക്കുന്നു, യാതൊരു ഔചിത്യവുമില്ലാതെ പണം പറ്റിക്കുന്ന  മനുഷ്യന്റെ മുതലക്കണ്ണീർ ഗ്രന്ഥകാരൻ കാണുന്നുണ്ടെങ്കിലും അയാളുടെ പദ്ധതികൾക്ക് സമ്മതം  മൂളുന്നു. ആ മനുഷ്യനെ അമ്മ എന്നോ പഠിപ്പിച്ചുവെന്നു പറഞ്ഞു എന്റെ  ടീച്ചറെ എന്ന കള്ള വിലാപം എഴുതുമ്പോഴും അയാളിൽ നിന്നും രക്ഷപ്പെടണമെന്ന്  ഗ്രന്ഥ്കാരന് തോന്നുന്നില്ല. പ്രിയ സുഹൃത്തായതുകൊണ്ട് അദ്ദേഹത്തിന് വഴങ്ങിക്കൊടുക്കുന്ന ഒരു ബലഹീനത ഗ്രന്ഥകാരൻ  കാണിക്കുന്നതായി വായനക്കാരന് തോന്നാം. ഗ്രന്ഥകാരനു  ചിലപ്പോഴൊക്കെ  അപ്രതീക്ഷിതമായ പ്രതിസന്ധികളുടെയും മാനസികമായ ചുഴികളുടെയും നടുവിൽ  പെട്ടുപോകുന്ന  അവസ്ഥ ഉണ്ടായിട്ടുളളതുകൊണ്ടാണ് അദ്ദേഹം സ്വന്തം അനുഭവങ്ങൾക്ക് ചുഴികൾ എന്ന് പേര് നൽകിയിരിക്കുന്നത്.     നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ നമ്മളെ വല്ലാതെ ഉലച്ചുകളഞ്ഞേക്കാം. ഇവിടെയും വാസ്തവത്തിൽ ഗ്രന്ഥകാരനെ ഒരു ചുഴിയിലേക്ക് തള്ളിയിടുന്നു അമ്മയുടെ ശിഷ്യനായിട്ടുള്ള സുഹൃത്ത്.

കനൽ നിറഞ്ഞ വഴികൾ എന്ന  വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന  ഭാവനാത്മകമായ രചനയാണ് ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി. മലയാള സിനിമയിലെ എക്കാലത്തെയും മനോഹരമായ അർത്ഥവത്തായ ഗാനത്തിൽ നിന്ന് എടുത്ത വരികളാണിത്.  ഗാനങ്ങളിലും കവിതകളിലും അടങ്ങിയിരിക്കുന്ന ദൃശ്യഭംഗിയുള്ള ബിംബങ്ങളും താളവും വിഷയത്തിന്റെ വൈകാരികമോ സാംസ്കാരികമോ ആയ പ്രാധാന്യവുമായി വായനക്കാർക്ക് അടുപ്പം തോന്നാൻ സഹായിക്കുന്നു.പ്രത്യേകിച്ചും ചലച്ചിത്രഗാനങ്ങൾക്ക് എഴുത്തുകാരന്റെ ലേഖനവുമായി ബന്ധപ്പെട്ട സാമൂഹിക മനോഭാവങ്ങൾ,  പൊതുവായ ചിന്താഗതികൾ എന്നിവ വ്യക്തമാക്കാൻ സാധിക്കും. കുഞ്ഞാന്റിയുടെ വിയോഗത്തിൽ അങ്കിളിന്റെ മനസ്സിൽ ഉണ്ടാകാവുന്ന വികാരങ്ങളെ വിവരിച്ചിരിക്കയാണ് ഈ ലേഖനത്തിൽ. അവരുടെ പ്രണയസങ്കല്പങ്ങളും ജീവിതവും പെട്ടെന്ന് കുഞ്ഞാന്റിയുടെ വിയോഗവും അങ്കിളിന്റെ മനസ്സിനെ എങ്ങനെ ഉലയ്ക്കുന്നു എന്ന്  വിവരിക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ പതിഞ്ഞിട്ടുള്ള ചലച്ചിത്രഗാനങ്ങൾ ഉദ്ധരിക്കുന്നു.  പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുന്ന വിഷയങ്ങൾക്ക് കൂടുതൽ ആസ്വാദ്യത ഉളവാക്കാൻ വിഷയത്തിൽ അഗാധമായ അറിവുള്ള വിദഗ്ധരിൽ നിന്നുള്ള മികച്ച ആശയങ്ങൾ  ഉൾപ്പെടുത്തുന്നുണ്ടു.  ഗ്രന്ഥകാരൻ   ആശയങ്ങൾ വിശദീകരിക്കുമ്പോൾ വായനക്കാർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രസ്തുത ഉദ്ധരണികൾ സഹായകമാകുന്നു.

പ്രിയ സുഹൃത്ത് ശ്രീ ബെന്നി നെച്ചൂരിന്‌  ഭാവുകങ്ങൾ നേരുന്നു.
ശുഭം
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക