
മുന്‍പേ ഗമിക്കുന്ന വയറിനെ വരുതിയിലാക്കാനായി കുട്ടൻപിള്ള മുതലാളി നടത്തുന്ന പ്രഭാത നടപ്പവസാനിക്കുക രമണന്‍ മുതലാളിയുടെ ചായക്കടയിലാണ്.
പുഴുങ്ങിയ താറാവിന്‍മുട്ടകള്‍ മേശമേൽതട്ടി തോടുപൊളിച്ചുകൊണ്ടിരിക്കെയാണ് പതിവുള്ള ചായക്കൊപ്പം ചൂടുള്ള വിശേഷവുമായി രമണൻ മുതലാളി പിള്ളയുടെ അടുത്തെത്തിയത്.
“സംഭവം അറിഞ്ഞോ പിള്ളേച്ചാ”
കാര്യമെന്താണെന്ന് പിടികിട്ടാതെ, കുട്ടന്‍പിള്ള രമണനെ നോക്കി.
“അതുശരി, അപ്പോള്‍ പിള്ളാച്ചന്‍ നമ്മുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ഇല്ലാലേ? അതാ അറിയാത്തത്; നാട്ടിൽ ഗന്ധർവ്വന്‍ ഇറങ്ങിയിരിക്കുന്നു പിള്ളേച്ചാ.”
“ അങ്ങിനെയോ...?!. വെറുതെ ആളുകളെ പറ്റിക്കുന്നതയിരിക്കും”
“അല്ല പിള്ളേച്ച നേരാണ്. ഇതു ചില്ലറക്കളിയൊന്നുമല്ല. മൂന്നു പെണ്ണുങ്ങള്‍ക്കാണ് ഗര്‍ഭം ഉണ്ടാക്കിയിരിക്കുന്നത്! ”
“ഇതൊക്കെ ഒള്ളതാണോ രമണാ?”
“ഒള്ളതാണ് പിള്ളേച്ചാ. പെണ്ണുങ്ങള്‍ക്ക് മൂന്നാലു മാസം വീതമായെന്നാണ് പറയുന്നത് ”
നാട്ടിലെ ആദ്യത്തെ എൻ.ആർ.ഐ(NRI) കൂട്ടന്‍പിള്ള മുതലാളിയാണ്. അദ്ദേഹത്തിൻറെ ശരിയായ പേര് ദാമോദര്‍ ദാസ് പിള്ളെ എന്നാണ്.
വീട്ടുകാര്‍ കുട്ടനെന്നു വിളിച്ചു, നാട്ടുകാര്‍ കുട്ടന്‍പിള്ളയെന്നു ബഹുമാനത്തോടെ വിളിക്കുന്നു. കുട്ടൻപിള്ള വിദേശത്തു ബിസിനസുകൾ നടത്തിവരികയാണ്. ബിസിനസുകൾ നോക്കി നടത്താൻ മരുമക്കളും മക്കളുമൊക്കെ ഉള്ളതുകൊണ്ട് കുട്ടൻപിള്ള വർഷത്തിൽ ആറുമാസവും ഗ്രാമത്തിലെ തന്റെ വീട്ടില്‍, പുരയിടത്തിലെ കാര്യങ്ങളൊക്കെ നോക്കി താമസിക്കും അതുകഴിഞ്ഞ് കുറച്ചുകാലം വിദേശത്തുമായി അങ്ങോട്ടും ഇങ്ങോട്ടുമായി പറന്നു നടക്കുന്നു.
നാട്ടിലെ ദുരൂഹമായ ഗര്‍ഭങ്ങളുടെ ഉത്തരവാദി ഗന്ധര്‍വ്വനാണെന്ന് സ്ഥിതീകരിച്ചു ആദ്യം പ്രഖ്യാപിച്ചത് കൃഷ്ണക്കണിയാരാണ്.
വക്കീല്‍ ഗുമസ്തന്‍കൂടിയായ കൃഷ്ണക്കണിയാര്‍ക്ക് ഇക്കാര്യത്തില്‍ കവടി നിരത്തേണ്ട കാര്യമൊന്നുമില്ലായിരുന്നു. വക്കീലമ്മാര്‍ ക്രോസ് വിസ്താരം ചെയ്യുന്ന രീതിയില്‍ മൂന്നുഗര്‍ഭിണികളെയും കണിയാര്‍ കണിശമായി ചോദ്യം ചെയ്തു നിജസ്ഥിതി കണ്ടെത്തുകയായിരുന്നു.
ഗര്‍ഭിണിയെന്നറിഞ്ഞപ്പോള്‍ മൂന്നുപേരെയും വീട്ടുകാര്‍ തല്ലിയും തലോടിയും ചോദ്യം ചെയ്തു നോക്കി. അവരുടെ മറുപടികളിലും പെരുമാറ്റത്തിലും പന്തികേട് തോന്നിയ വീട്ടുകാര്‍ നാട്ടിലെ ‘ആസ്ട്രോ-ലീഗല്‍ കണ്‍സല്‍ട്ടന്റായ’ കണിയാരെ സമീപിക്കുകയായിരുന്നു.
മൂന്നു വീടുകളിലായി നടന്ന ഭേദ്യത്തിലും ചോദ്യത്തിലും മൂന്നുസ്ത്രീകളും പറഞ്ഞത് ഒരേ ഉത്തരമായിരുന്നു.
എല്ലാവര്‍ക്കും ഒരേ ലക്ഷണങ്ങളായിരുന്നു. വിഷാദം, തനിയെയിരുന്നു കരയുക, ചിലപ്പോള്‍ മാറത്തടിച്ചു കരയുക, കാലുവെന്ത നായയെപ്പോലെ ഇരിക്കപ്പൊറുതിയില്ലാതെ നടക്കുക, കുളിതെറ്റുക, ഒപ്പം കുളിയും ജപവും മുടക്കുക അതുപോരാഞ്ഞു ഓക്കാനവും.
സംഭവത്തില്‍ ഇരകളായ മൂന്നുപേര്‍ തനിത്തനിയായി സംഗതിയെക്കുറിച്ച് വക്കീല്‍ ഗുമസ്തന്‍ കൃഷ്ണക്കണിയാരോടു പറഞ്ഞ മൊഴികള്‍ ഇങ്ങനെ ഒന്നായി സംഗ്രഹിക്കാം.
‘സംഭവദിവസം രാത്രി സുമാര്‍ എട്ടുമണിയായിട്ടുണ്ടാകും. വീട്ടില്‍ എല്ലാവരും ടിവിയില്‍ ‘കണ്ണീര്‍പ്പാടം കൊയ്യാന്‍ പോയവള്‍’ എന്ന സീരിയല്‍ കാണുകയായിരുന്നു. ആ സമയം വീടിന്‍റെ മുറ്റത്ത് എന്തോ ആവശ്യത്തിനുവേണ്ടി ഇറങ്ങിയ യുവതികളുടെ മൂക്കില്‍ അഭൌമീകമായ തരത്തിലുള്ള സുഗന്ധം ഒഴുകിയെത്തി. ഗന്ധത്തിന്‍റെ വശ്യതയാല്‍ അവരുടെ ശരീരവും കുളിരുകോരി. മുറ്റത്തിന്‍റെ ഒരരികില്‍ നിന്നുമാണാ സുഗന്ധം വരുന്നത്…? അവര്‍ സന്ദേഹികളായി. അവരുടെ കാലുകള്‍ സ്വപ്നാടനത്തിലെന്നവണ്ണം ചലിച്ചു. അവിടെ, സ്വര്‍ണ്ണ നിറത്തിലുള്ള വസ്ത്രമണിഞ്ഞ ഒരു രൂപം നില്‍ക്കുന്നു!. തലയിലണിഞ്ഞ കിരീടത്തില്‍ ഇന്ദ്രനീലം വെട്ടിതിളങ്ങുന്നു. ഭയന്നും അമ്പരന്നും മോഹാലസ്യത്തോളം എത്തിയ അവരുടെ കാതില്‍ ഇരുളില്‍ നിന്നും സംഗീതം പോലെ ഒരു ശബ്ദം കേള്‍ക്കുന്നു.
“ഭയപ്പെടേണ്ട കൊച്ചേ ഞാന്‍ ഗന്ധര്‍വ്വനാന്നേ ….
നിന്‍റെ സൌന്ദര്യത്തില്‍ ആകൃഷ്ട്ടനായ നാം ദേവലോകത്തു നിന്നും വരുന്നൂ സുന്ദരി ”
എന്താണ് താന്‍ കേള്‍ക്കുന്നതെന്നു വണ്ടറടിച്ചു നിലക്കുന്ന പെണ്ണിന്‍റെ ചെവിയില്‍ ഗന്ധര്‍വ്വന്‍ പറഞ്ഞു
“നീ അപ്സരസ്സുകളെക്കാള്‍ സുന്ദരിയാണ്”
അതോടെ പെണ്ണ് ഫ്ലാറ്റ്. മയക്കം വിട്ടുണര്‍ന്നപ്പോഴേക്കും ഗന്ധര്‍വ്വന്‍ കാര്യംനടത്തി അവന്‍റെ പാട്ടിനു പോയിരുന്നു. അപ്പോഴും അവന്‍റെ സുഗന്ധം അവളുടെ അംഗോപാംഗം തഴുകി നിന്നിരുന്നു.’
കൃഷ്ണക്കണിയാര്‍ കവടിനിരത്തി കാര്യങ്ങള്‍ക്കു പോംവഴി നിര്‍ദ്ദേശിച്ചു.
“ഹോമം നടത്തണം. ഗന്ധര്‍വ്വനെ ആവാഹിച്ചു കുടിയിരുത്തണം. അതിനായി കള്ളിയങ്കാടനെ വരുത്തണം”
തൊട്ടടുത്ത ഗ്രാമത്തിലെ പേരുകേട്ട മനയായ കള്ളിയങ്കാടന്‍ മഠത്തിലെ തിരുമേനിയെ നാട്ടുകാരുടെ പ്രതിനിധികള്‍ പോയിക്കണ്ടു. ഗർഭകാരകനായ ഗന്ധർവ്വനെ ആവാഹിച്ച് ഇല്ലത്തെ പരദേവതകള്‍ക്കൊപ്പം കുടിയിരുത്തണമെന്നായിരുന്നു കള്ളിയങ്കാടന്‍ പറഞ്ഞ പോംവഴി.
ഹോമത്തിന്റെ ചെലവിലെക്കായി നാട്ടുകാര്‍ പിരിവെടുത്തു. കുട്ടന്‍പിള്ളമുതലാളി വിദേശത്തുനിന്നും കൈയയച്ചു സഹായിച്ചു.
ആഞ്ഞിലി മരത്തിൻറെ കാതലലില്‍ കൊത്തിയുണ്ടാക്കിയ രണ്ടടി പൊക്കമുള്ള ഗന്ധർവ്വരൂപത്തിലേക്ക് ഗന്ധർവ്വനെ ആവാഹിക്കണം. അതിനായി ഗന്ധര്‍വ്വന്‍റെ ബോസായ ദേവേന്ദ്രനെ പ്രീതിപ്പെടുത്താനായുള്ള ഹോമം നടക്കുകയാണ്. പൊടുന്നനെ ഹോമം നടക്കുന്ന പന്തലിനെ ഇളക്കിമറിച്ചുകൊണ്ട് ഒരു ചുഴലിക്കാറ്റു കടന്നുവന്നു. ഹോമകുണ്ഡത്തിനു മുന്‍പില്‍ പീഠത്തിലിരിക്കുന്ന കള്ളിയങ്കാടന്റെ പെടലിയില്‍നിന്നും ‘ഠപ്പേന്നു’ള്ള ഒച്ചകേട്ടു. ശക്തമായ അടികൊണ്ട കള്ളിയങ്കാടന്‍ പീഠത്തിൽനിന്നും മറിഞ്ഞുവീണു.
ആവാഹന തട്ടില്‍ വച്ചിരുന്ന പ്രതിമ ഒന്നിളകി. അതികഠിനമായ വേദനയും സഹിച്ചുകൊണ്ട്, ഒരു വശത്തേക്ക് ചരിഞ്ഞുപോയ പിടലിയുമായി കള്ളിയങ്കാടന്‍ ചാടിയെഴുന്നേറ്റു. ഗന്ധര്‍വ്വരൂപത്തെ തിടുക്കത്തില്‍ ചെമ്പട്ടില്‍ പൊതിഞ്ഞെടുത്തിട്ടൊന്നും ഉരിയാടാതെ നേരെ കള്ളിയങ്കാട്ട് മനയിലേക്ക് പുറപ്പെട്ടു.
ഗന്ധർവ്വൻ ഭയങ്കര ദേഷ്യത്തിലായിരുന്നു. അതിയാന്‍റെ കാലി തീർത്തതായിരുന്നു കള്ളിയങ്കാടൻ തിരുമേനിയുടെ പെരടിക്ക്. വിഗ്രഹത്തില്‍ കുടികൊള്ളുന്നതിന് മുന്‍പായി എങ്ങനെയെങ്കിലും ആവാഹനം പരാജയപ്പെടുത്താനുള്ള ഒരുസൂത്രം. ഗന്ധര്‍വ്വന്‍ ആവേശിച്ചു കഴിഞ്ഞാല്‍ അടുത്ത നിമിഷം മാന്ത്രിക ചരടുകള്‍ ഇഴചേര്‍ത്ത ചെമ്പട്ടുകൊണ്ട് രൂപം പൊതിയണം അതില്‍ അമാന്തംവന്നാല്‍ കുടിയേറിയ ആത്മാവിനു കടന്നുകളയാന്‍ കഴിയും. പക്ഷേ ഗന്ധര്‍വ്വന്‍റെ സൂത്രം കള്ളിയങ്കാടൻ മനസ്സിലാക്കി.
ഹോമം കഴിഞ്ഞതോടെ നാട്ടില്‍ എല്ലാവര്‍ക്കും സമാധാനമായി.
എന്നാല്‍ രണ്ടുമൂന്നു മാസങ്ങൾ കഴിഞ്ഞപ്പോള്‍ ഗ്രാമത്തിന്റെ സ്വച്ഛന്ദതയിൽ വസന്തത്തിലെ ഇടിമുഴക്കംപോലെ ആ വാർത്ത വീണ്ടുമെത്തി. രണ്ട് സ്ത്രീകൾ കൂടി ഗർഭിണിയായിരിക്കുന്നു!.
ബഹുഭൂരിപക്ഷം ആളുകളും വിശ്വസിച്ചത് കള്ളിയങ്കാടന്‍ തിരുമേനിക്ക് എന്തോ പിഴവ് പറ്റിയെന്നാണ്. ആവാഹനം ചെയ്യപ്പെട്ട ഗന്ധർവ്വൻ എങ്ങിനെയോ രക്ഷപ്പെട്ടിരിക്കുന്നു. നാട്ടുകാര്‍ കള്ളിയങ്കാടന്റെ അടുക്കല്‍ പരാതിയുമായി ചെന്നു.
“ഗന്ധര്‍വ്വന്‍ മച്ചകത്ത് പരദേവതകള്‍ക്കൊപ്പം കഴിയാണ്. തന്നെയുമല്ല അദ്ദേഹത്തിനിപ്പോള്‍ മനുഷ്യസ്ത്രീകളോട് കമ്പമില്ലാന്നായിരിക്കുന്നു. ഇനി അഥവാ അങ്ങനെ അല്ലാച്ചാല്‍ ഇല്ലത്ത് സ്ത്രീജനങ്ങളുണ്ടല്ലോ അവര്‍ക്കൊന്നും യാതൊരു കുഴപ്പവുമില്ലാലോ?”
കള്ളിയങ്കാടന്‍ തിരുമേനിയുടെ വാദം ശക്തവും യുക്തവുമായിരുന്നു. അകത്തമ്മയടക്കം വേളികഴിഞ്ഞവരും കഴിയാത്തവരുമായ അഞ്ചെട്ട് അന്തർജനങ്ങൾ കള്ളിയങ്കാട്ട് മനയിലുണ്ട്. വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് നാട്ടില്‍ തേടി അലയാന്‍ ഗന്ധര്‍വ്വന്‍റെ തലയ്ക്കു ഓളമൊന്നുമില്ലല്ലോ ?
“ഗന്ധർവ്വ വേഷത്തിൽ വന്ന ഏതെങ്കിലും അസുരന്മരുടെ പണിയാകാം. എന്തായാലും കുട്ടികള്‍ പിറക്കട്ടെ അപ്പോള്‍ അറിയാല്ലോ. അന്നിട്ട് പരിഹാരം നോക്കാം. അതുവരെ ഒന്നു കരുതി ഇരിക്ക്യാ എല്ലാരും.” കള്ളിയങ്കാടന്‍ പറഞ്ഞു.
അന്ന് ശിവരാത്രിയായിരുന്നു. തങ്കമണി ആശാത്തി വീട്ടിൽ തനിച്ചിരിക്കുകയായിരുന്നു. ദുബായിക്കാരന്‍ മകന്‍റെ ഭാര്യ അയല്‍വീട്ടിലെ പെണ്ണുങ്ങളൊപ്പം അമ്പലത്തില്‍ ഉത്സവത്തിന് പോയിരിക്കുകയായിരുന്നു.
പണ്ടൊക്കെ ഉത്സവത്തിന്റെന്ന് ആശാത്തിയുടെ വീടിനുമുമ്പിൽ നാട്ടിലെ ആമ്പിള്ളേർ വരിവരിയായി നിൽക്കുമായിരുന്നു. ഇപ്പോളാരും തിരിഞ്ഞു നോക്കുന്നില്ലന്നു മാത്രമല്ല ഫീല്‍ഡില്‍ ചെറുപ്പകാരികളുടെ തള്ളിക്കയറ്റമാണ്.
കാര്യം പറഞ്ഞാൽ ഫീല്‍ഡ് ഔട്ടാകാന്‍മാത്രം പ്രായമൊന്നുമായിട്ടില്ല. ഇപ്പോഴും ഒന്നൊരുങ്ങിക്കെട്ടി ഒരുമുഴം മുല്ലപ്പൂവും ചൂടിയാല്‍ ആരും ഒന്നു തിരിഞ്ഞുനോക്കിപ്പോകും. അതുകൊണ്ടുതന്നെ അതൊക്കെ ഓർക്കുമ്പോൾ പുള്ളിക്കാരിക്ക് സങ്കടം വരും. ആശാത്തി വീടിൻറെ കോലായില്‍ കാലും നീട്ടിയിരുന്നു പടിവാതിക്കലേക്ക് കണ്ണുംനട്ട് പഴയകാലങ്ങളെ അയവിറക്കികൊണ്ടിരുന്നു.
ഉത്സവപ്പറമ്പിൽ നിന്നുള്ള ചെണ്ടമേളവും കതിനാവെടിയുമൊക്കെ കേൾക്കാം. വെടിക്കെട്ട് കഴിഞ്ഞ് ബാലെ തുടങ്ങും. കോലായിലിരുന്നാൽ ബാലേ കളിക്കുന്നതിന്റെ പാട്ടും മേളവും കേൾക്കാം.
തൊടിയിൽ കാറ്റുവീശി. മരച്ചില്ലകൾ അനങ്ങി.
കാറ്റുകൊണ്ടുവന്ന പാലപ്പൂമണം ആശാത്തിയുടെ മൂക്കില്‍ അരിച്ചരിച്ചു കയറി. ശരീരത്തിലൊരു ചെറുകുളിര്‍ അടിമുടി ഇരച്ചുകയറി. അവൾ എഴുന്നേറ്റ് പടിവാതിക്കലേക്ക് നടന്നു.
“പാലപ്പൂവേ തിരുമംഗല്യത്താലി തരൂ…”
ഗന്ധര്‍വ്വന്‍റെ പാട്ടിന്‍റെ ഈണം കാറ്റിലൂടെ ചെവിയിലേക്ക് കടന്നെത്തി.
ഓ ഈശ്വര.. എന്‍റെ മനമറിഞ്ഞുകൊണ്ട് ഗന്ധര്‍വ്വനെങ്ങാനും ഇതുവഴി വന്നിട്ടുണ്ടാകുമോ? ഓര്‍ത്തപ്പോള്‍ ഇന്ദ്രിയങ്ങളിൽ ഒരു സുഖം. അടിവയറ്റില്‍ ഒരു നീലത്താമര വിടർന്ന കോരിത്തരിപ്പ്.
അവൾ പുറത്തേക്ക് നടന്നു. തൊടിയിൽ ഒരു തങ്കപ്പുടവയുടെ അഗ്രം കാറ്റിലാടുന്നു!. അതൊരു തോന്നലായിരിക്കുമോ…? അല്ല.. അതൊരു ആള്‍ രൂപമാണ്. തലയിൽ ഇന്ദ്രനീലം ചൂടിയിരിക്കുന്നു. വെളുത്തപുക മൂടല്‍മഞ്ഞുപോലെ ആ രൂപത്തെ വിലയം ചെയ്യുന്നുണ്ട്. ഇന്ദ്രനീലത്തിന്റെ പ്രഭയില്‍ ആ രൂപം നിൽക്കുന്ന മരത്തിന് ചുറ്റും നീലവെളിച്ചം ചിതറിക്കിടന്നു. അവള്‍ ഒന്നുകൂടി നിശ്വസിച്ചു. അല്ല.. പാലപ്പൂവിന്റെ മണമല്ല, ഇലഞ്ഞിപ്പൂവിന്റെ മണമാണ് ഒഴുകിയെത്തുന്നത്. ഇത് ഗന്ധർവന്റെ സുഗന്ധം തന്നെയായിരിക്കും. അവള്‍മിടിക്കുന്ന ഹൃദയത്തോടെ പതിയെ ചുവടുവച്ചു.
പിന്നിൽ നിന്നും കാല്‍പ്പെരുമാറ്റം കേട്ട് ഗന്ധർവ്വൻ ഞെട്ടിത്തിരിഞ്ഞു. നെറ്റിയിൽ നിന്നുള്ള നീലവെളിച്ചത്തിന്‍റെ പ്രഭയില്‍ അവളുടെ കണ്ണുകള്‍ മഞ്ഞളിച്ചു.
സ്വർണ്ണപ്പാവാട പോലെയുള്ള വേഷം അതിൻറെ മേലെ ഇറുകിപ്പിടിച്ച സ്വർണ ജൂബ്ബ. തള്ളിനില്‍ക്കുന്ന കുടവയര്‍.
അയ്യേ…! ഇതെന്തൊരു ഗന്ധർവ്വൻ, എന്തൊരു കോലം!
അപ്പോഴാണ് അവളുടെ കണ്ണുകള്‍ ആ രൂപത്തിന്റെ മുഖംവ്യക്തമായി കണ്ടത്.
അവള്‍ എന്തോ ചോദിക്കാനായി വായതുറന്നു. അവളുടെ ശബ്ദം ഉയരുന്നതിന് മുമ്പായി ഗന്ധർവ്വൻ അവളെ കരവലയത്തില്‍ ഒതുക്കി. അവളുടെ മുഖത്ത് തന്‍റെ കൈത്തലം ഓടിച്ചു. അയാളുടെ കൈത്തലത്തിനും എന്തോ ഒരു ഗന്ധമുണ്ടായിരുന്നു. ഉത്സവം കഴിഞ്ഞ് വെളുപ്പിനു മരുമകൾ എത്തിയപ്പോഴും മയക്കം വിട്ടുമാറാതെ അവൾ കോലായിൽ കിടക്കുകയായിരുന്നു. അവളുടെ ദേഹത്തുനിന്നും ഗന്ധർവ്വന്റെ സുഗന്ധം അപ്പോഴും വിട്ടൊഴിഞ്ഞിരുന്നില്ല.
ഞെട്ടിക്കുന്ന വൃത്താന്തം കേട്ടാണ് ഗ്രാമവാസികൾ അന്നുരാവിലെ ഉണർന്നത്. വിവരമറിഞ്ഞവർ നേരെ കുട്ടന്‍പിള്ള മുതലാളിയുടെ വീട്ടിലേക്കോടി.
തലേന്ന് ഉത്സവത്തിന് പോയതിനാൽ രാവിലെ അല്പം വൈകിയാണ് കുട്ടന്‍പിള്ള മുതലാളിയുടെ വീട്ടിലെ ജോലികള്‍ ചെയ്യുന്ന കല്യാണിയും പുറം പണികള്‍ക്ക് വരുന്ന രാഘവനും എത്തിയത്. അപ്പോഴേക്കും കുട്ടന്‍പിള്ള മുതലാളിയുടെ മുറ്റവും തൊടിയും ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
കല്യാണിയും രാഘവനും മുഖത്തോടു മുഖം നോക്കി. “അയ്യോ എൻറെ മുതലാളി”
എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട് അവർ ഓടിച്ചെന്നു.
‘ഇന്നലെ വൈകുന്നേരം പോകുമ്പോൾ ഉപ്പുചാക്കുപോലെ മുതലാളി ഉമ്മറത്തെ കസാലയില്‍ ഇരിപ്പുണ്ടായിരുന്നു. ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ഈശ്വരാ. ഈ മുതലാളിക്ക് എന്തുപറ്റിയോ?’
എന്നുപറഞ്ഞു കല്യാണി വലിയവായില്‍ കരഞ്ഞുകൊണ്ടോടി.
എന്നാല്‍ ഒരു മരണവീടിന്റെ മുറ്റത്തു കാണേണ്ട പതിവു മൌനത്തിനു പകരം ഉറക്കെയുള്ള വര്‍ത്താനങ്ങള്‍ കേട്ടപ്പോള്‍ മുതലാളിക്കൊന്നും പറ്റിയതല്ല മുതലാളി എന്തോ പറ്റിച്ചതാണെന്ന് അവര്‍ക്കു മനസ്സിലായി.
“ഇറങ്ങി വാടാ നാറി കുട്ടൻപിള്ളേ”
“ഞാനന്നേ പറഞ്ഞതല്ലേ ഇവന്‍ NRI അല്ല, NARI ആണെന്ന് . ഇപ്പോ എന്തായി?!”
ആളുകളുടെ ആക്രോശം കേട്ടപ്പോള്‍ മുതലാളി ചത്തുപോയതല്ല. മുതലാളിയെ തല്ലിക്കൊല്ലാൻ വേണ്ടി ആളുകൾ വന്നതാണെന്ന് കല്യാണിക്കും രാഘവനും മനസ്സിലായി.
വീട് അടച്ചുപൂട്ടിയിരുന്നു. കല്യാണിയുടെ കൈവശം വീടിന്‍റെ ഒരു താക്കോല്‍ ഉണ്ടായിരുന്നു. കുട്ടന്‍പിള്ള സ്ഥലത്തില്ലാത്തപ്പോഴും വീട് അടിച്ചുവാരി വൃത്തിയാക്കാനുള്ള ജോലി അവളുടേതായിരുന്നു.
നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് അവൾ വീട് തുറന്നകത്തു കയറി. ജനക്കൂട്ടം പിന്നാലെ കയറി. ഓരോ മുറികളും പരിശോധിച്ചു.
“മുതലാളിയുടെ ട്രങ്ക് കാണുന്നില്ല. ആള് പോയെന്നു തോന്നുന്നെന്നു”
കല്യാണി വിളിച്ചുപറഞ്ഞു.
കിടപ്പുമുറിയുടെ കോണിൽ കിടന്നിരുന്ന സ്വർണനിറത്തിലുള്ള പാവാടപോലുള്ള കുപ്പായവും സ്വര്‍ണ്ണ ജൂബയും നീല എല്‍.ഇ.ഡി ബള്‍ബ് പിടിപ്പിച്ച ഹെഡ് ലൈറ്റും കയ്യിലെടുത്ത് രാഘവനും കല്യാണിയും പരസ്പരം മുഖത്തേക്ക് നോക്കി, പിന്നെ ഒരേ താളത്തിൽ മൂക്കിന്മേല്‍ വിരൽ വെച്ചു അന്തിച്ചുനിന്നു.
അപ്പോഴും മുറ്റത്തുനിന്നും ആളുകള്‍ കുട്ടന്‍പിള്ളയെ തെറിവിളിക്കുന്നുണ്ടായിരുന്നു.
*****