
പ്രമാദമായ സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സംസ്ഥാന രാഷ്ട്രീയത്തെ, പ്രത്യേകിച്ച് സി.പി.എമ്മിനെ വീണ്ടും ചൂടുപിടിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നിര്‍ണായക നീക്കം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ ടി, വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം ശരിവയ്ക്കുകയും കാത്തിരുന്ന് കാണാമെന്നും വ്യക്തമാക്കുകയും ചെയ്തു..
കള്ളപ്പണ നിരോധന നിയമത്തിലെ സെക്ഷന്‍ 66 (2) പ്രകാരമാണ് ഇ.ഡി റിപ്പോര്‍ട്ട് കൈമാറിയത്. അന്വേഷണത്തിനിടെ മറ്റ് നിയമലംഘനങ്ങളോ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട സംസ്ഥാന ഏജന്‍സികളെ വിവരം അറിയിക്കാന്‍ ഈ വ്യവസ്ഥ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്നു. ഇ.ഡി.യുടെ റിപ്പോര്‍ട്ടില്‍ ഏറ്റവും ഗുരുതരമായ പരാമര്‍ശം പിണറായി വിജയനെതിരെയാണ്. വീണ ടി. മുഖേന സി.എം.ആര്‍.എലില്‍ നിന്ന് 3.28 കോടി രൂപ പിണറായി വിജയന് കൈക്കൂലിയായി ലഭിച്ചുവെന്നാണ് അന്വേഷണ ഏജന്‍സിയുടെ ആരോപണം. പണം കൈപ്പറ്റുന്നതിനും കൈമാറ്റം ചെയ്യുന്നതിനും എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് ഇ.ഡി ഉന്നയിക്കുന്നത്. പണം വീണയിലൂടെയും ചില സുഹൃത്തുക്കളിലൂടെയും ദുബായിലേക്ക് മാറ്റിയെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാല്‍ ഇവ ഇ.ഡി അന്വേഷണത്തിലെ കണ്ടെത്തലുകളും ആരോപണങ്ങളുമാത്രമാണ്; കോടതിയില്‍ തെളിയിക്കപ്പെട്ട കുറ്റങ്ങളല്ല. കരിമണല്‍ വ്യവസായ സ്ഥാപനമായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് ലഭിച്ച പണമാണ് കേസിന്റെ കേന്ദ്രബിന്ദു. വ്യക്തമായ സേവനം നല്‍കിയതിന് തുല്യമായതല്ലാത്ത വലിയ തുക എക്‌സാലോജിക്കിന് ലഭിച്ചതെന്തുകൊണ്ടെന്ന ചോദ്യമാണ് അന്വേഷണത്തിന്റെ പ്രധാന ഭാഗമായത്.
പണത്തിന്റെ ഉറവിടവും പിന്നീട് അത് എവിടേക്കാണ് ഒഴുകിയതെന്നതും പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വ്യക്തികളെ അന്വേഷണപരിധിയില്‍ കൊണ്ടുവരേണ്ട സാഹചര്യമുണ്ടായതെന്നാണ് ഇ.ഡി.യുടെ നിലപാട്. സി.എം.ആര്‍.എലിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി. സുരേഷ് കുമാറിന്റെ മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമാണെന്നാണ് റിപ്പോര്‍ട്ട്. സി.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍ ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെയുള്ളവരുടെ പേരുകളും ഇ.ഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
നിലവില്‍ അഴിമതി നിരോധന നിയമപ്രകാരം നേരിട്ട് കേസെടുക്കാനുള്ള അധികാരം ഇ.ഡിക്കില്ല. അതുകൊണ്ടുതന്നെയാണ് സംസ്ഥാന പൊലീസ് അല്ലെങ്കില്‍ വിജിലന്‍സ് തുടര്‍ നടപടി (കേസ് രജിസ്റ്റര്‍ ചെയ്യുക) സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. ഡി.ജി.പിക്ക് റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ അതിന്റെ നിയമപരിശോധനയും തുടര്‍നടപടിയുമാണ് ഇനി നിര്‍ണായകം. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍, അതിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനും റിയാസും ചോദ്യമുനയില്‍ വരും. പിണറായിയും മരുമകനും കൈക്കൂലി വാങ്ങിയെന്ന് റിപ്പോര്‍ട്ട് തെളിവ് സഹിതം വെളിപ്പെടുത്തുന്നു.
എന്നാല്‍ ഇ.ഡിയുടെ ആരോപണങ്ങള്‍ മുഹമ്മദ് റിയാസ് തള്ളി. ഏത് അന്വേഷണവും നടക്കട്ടെയെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു. തങ്ങള്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും റിയാസ് വ്യക്തമാക്കി.
അതേസമയം, സംസ്ഥാന രാഷ്ട്രീയത്തില്‍ ഇ.ഡിയുടെ പുതിയ നീക്കം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതുവരെ പ്രധാനമായും വീണ ടി.യും എക്‌സാലോജിക്കുമായി ബന്ധപ്പെട്ടിരുന്ന അന്വേഷണം ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ കുടുംബബന്ധങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഒരു കമ്പനിക്ക് ലഭിച്ച പണം, അതിന്റെ ഉറവിടം, പണമൊഴുക്കിന്റെ വഴികള്‍, യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരെന്ന ചോദ്യംഇവയ്ക്കുള്ള ഉത്തരങ്ങളാണ് ഇനി അന്വേഷണത്തിന്റെ ദിശ നിര്‍ണയിക്കുക. ഇ.ഡിയുടെ ആരോപണങ്ങള്‍ സംസ്ഥാന പൊലീസ് എങ്ങനെ പരിശോധിക്കും എന്നതിലാണ് കേസിന്റെ അടുത്ത നിര്‍ണായക അധ്യായം.
മാസപ്പടി ഇടപാടിലെ പണത്തിന്റെ ഉറവിടവും അതിന്റെ അന്തിമ ഗുണഭോക്താക്കളിലേക്കുള്ള ഒഴുക്കും സംബന്ധിച്ച ഇ.ഡിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് അന്വേഷണത്തിലും കോടതിയിലും തെളിയുകയാണെങ്കില്‍, അത് ഒരു സാമ്പത്തിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ മാത്രം ഒതുങ്ങില്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സമ്പാദിച്ച പണം വിവിധ കമ്പനികളിലൂടെയും വ്യക്തികളിലൂടെയും വിദേശത്തേക്കു മാറ്റിയെന്ന ആരോപണം ശരിവന്നാല്‍, അത് മണി ലോണ്ടറിങ്ങിന്റെയും അഴിമതിയുടെയും ഗുരുതരമായ മാതൃകയായി മാറും.
അതിലുപരി, സുതാര്യതയും അഴിമതിവിരുദ്ധ നിലപാടും ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ ധാര്‍മികതയ്ക്കും പൊതുജനവിശ്വാസത്തിനും ഇത് വലിയ തിരിച്ചടിയാകും. ആരോപണങ്ങള്‍ നിയമപരമായി തെളിയിക്കപ്പെടാത്തിടത്തോളം അവ ആരോപണങ്ങള്‍ മാത്രമാണെങ്കിലും, അന്വേഷണത്തിന്റെ വ്യാപ്തിയും ഉയര്‍ന്നുവരുന്ന സാമ്പത്തിക ബന്ധങ്ങളും പാര്‍ട്ടിയുടെ നേതൃത്വത്തെ പ്രതിരോധത്തിലാക്കുകയാണ്. പണത്തിന്റെ യഥാര്‍ഥ വഴിയും അതിന്റെ ഗുണഭോക്താക്കളും പുറത്തുവരുന്നതോടെ, ഇത് ഒരു കേസിന്റെ വിധിയെന്നതിലുപരി സി.പി.എമ്മിന്റെ രാഷ്ട്രീയ വിശ്വാസ്യതയെ നിര്‍ണയിക്കുന്ന മറ്റൊരു പരീക്ഷണമായി മാറും. ആദ്യ പരീക്ഷണം നിയമസഭാ തിരഞ്ഞെടുപ്പായിരുന്നല്ലോ. അതില്‍ തോറ്റു തൊപ്പിയിട്ടു. ഇനി തുന്നം പാടും...