
ടോറോന്റോ: കാനഡയിലെ തൃശൂർ സ്വദേശികളുടെയും തൃശൂരിനെ സ്നേഹിക്കുന്ന സുഹൃത്തുക്കളുടെയും കൂട്ടായ്മയായ *‘തൃശൂർ ഗഡീസ് ഇൻ കാനഡ’*യുടെ രണ്ടാമത് സംഗമം ‘ഗഡീസ് പിക്നിക് 2026’ സെപ്റ്റംബർ 12 ശനിയാഴ്ച മിൽട്ടൺ സ്പോർട്സ് സെന്റർ കമ്മ്യൂണിറ്റി പാർക്കിൽ നടക്കും. ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടികൾ.
കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും നഗരങ്ങളിൽ നിന്നുമായി നൂറു കണക്കിന് തൃശൂർ സ്വദേശികളും കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുക്കും. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ തൃശൂരിന്റെ സൗഹൃദവും കൂട്ടായ്മയും ആഘോഷിക്കാനും പഴയ ബന്ധങ്ങൾ പുതുക്കാനും പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനുമുള്ള വേദിയായിരിക്കും പിക്നിക്.

ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ തരംഗം നയാഗ്രയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം, ആവേശകരമായ വടംവലി, ഫാമിലി ഗെയിംസ്, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിനോദ പരിപാടികൾ, വിവിധ രുചികളടങ്ങിയ സമൃദ്ധമായ ഭക്ഷണം എന്നിവ പിക്നിക്കിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
വാട്ടർലൂവിലെ ഗ്രാൻഡ് മലബാർ റെസ്റ്റോറന്റ് ആണ് മുഖ്യ പ്രായോജകർ.
തൃശൂരിന്റെ സാംസ്കാരിക പൈതൃകവും സൗഹൃദവും കൂട്ടായ്മയുടെ മനസ്സും കാനഡയിലും നിലനിർത്തുകയും പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്നതിനൊപ്പം, സഹജീവികൾക്ക് ആവശ്യമായ ഘട്ടങ്ങളിൽ കൈത്താങ്ങാകുക എന്നതും തൃശൂർ ഗഡീസ് ഇൻ കാനഡയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൗണ്ടർമാരായ രാധിക, നഹ്‌ല, സോണി, ഷിറാസ്, സാബിർ, ഹാഫിസ് എന്നിവർ അറിയിച്ചു.
എല്ലാ തൃശൂർ ഗഡികളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും പിക്നിക്കിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ സെപ്റ്റംബർ 10 വ്യാഴാഴ്ച അവസാനിക്കും.