
അനന്തമജ്ഞാതമവര്‍ണ്ണ നീയ-
മീ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം;
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു -
നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞു?
(നാലപ്പാട്ടു നാരായണമേനോന്‍)
പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പെ വീടുവിട്ടുപോയതില്‍നിന്നും ജി.കെ. എന്തെങ്കിലും പാഠംപഠിച്ചോ? ഞാന്‍ ജിജ്ഞാസയോടെ ഒരു കുസൃതി ചോദ്യം ചോദിച്ചു. നിരവധി പാഠങ്ങള്‍ ആ ഒരൊറ്റ സംഭവത്തില്‍ നിന്നും പഠിക്കാനിടയായിയെന്നും ഒറ്റവാക്കില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒന്നല്ല അതെന്നും, മനുഷ്യജീവിതം വിജയകരമായി കരുപ്പിടിപ്പിക്കണമെങ്കില്‍ നമ്മള്‍ വളരെ കരുതലോടെ നീങ്ങണമെന്നും സ്‌കൂളുകളിലോ കോളജുകളിലോ പോയി പഠിച്ചതുകൊണ്ട് പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ പലര്‍ക്കും കഴിഞ്ഞെന്നുവരുകയില്ല എന്നും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവയെ തരണം ചെയ്യാനുള്ള ഉള്‍ക്കരുത്ത് താനേ അറിഞ്ഞിരിക്കേണ്ടതാണെന്നും ഉദാഹരണത്തിലൂടെ ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന് ഇന്നത്തെ ചെറുപ്പക്കാരുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ഒരുതിന്മയാണ് റാഗിംഗ്. പ്രത്യേകിച്ച് മെഡിസിനും, നേഴ്‌സിങ്ങിനും പോകുന്ന ചെറുപ്പക്കാരുടെ ഇടയിലാണ് ഇതുകൂടുതല്‍ കണ്ടുവരുന്നത്. റാഗിങ്ങിന് ഇരയാകാറുള്ളവരില്‍ പലരും നല്ല മാന്യമായ കുടുംബങ്ങളില്‍നിന്നും വരുന്നവരും അല്‍പം സൗന്ദര്യമുള്ളവരും ആയിരിക്കും. ഈ അടുത്തനാളില്‍ കേരളത്തിലെ മെഡിക്കല്‍ സ്‌കൂളുകളില്‍ ചെറുപ്പക്കാരായ കുട്ടികള്‍ കാണിച്ച ക്രൂരകൃത്യങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടുകാണുമല്ലോ.
ഇത്തരത്തിലുള്ള ഹീനമായ നടപടികള്‍ നിരോധിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശം പറയാനുണ്ടോ എന്ന എന്റെ ചോദ്യത്തിന് മറുപടിയായി ഒന്നാം ക്ലാസുമുതല്‍ നിയമം കുട്ടികളെ പഠിപ്പിച്ചു തുടങ്ങണം എന്നാണ് ഗുരുജിയുടെ അഭിപ്രായം. സാധാരണ നിയമത്തെപ്പറ്റിയുള്ള അറിവ് കോളജുവിദ്യാഭ്യാസവും കഴിഞ്ഞ് ലോ സ്‌കൂളില്‍ ചെന്നുകഴിയുമ്പോള്‍മാത്രമാണ് ലോ (Law) എന്താണെന്ന് പലരും അറിയുന്നത്. ലോ കോളജില്‍ പഠിച്ച് ഡിഗ്രി സമ്പാദിച്ചു എന്നുകരുതി മനുഷ്യജീവിതത്തില്‍ ഉണ്ടാകാറുള്ള എല്ലാ നിയമപ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഉണ്ടാകണമെന്നില്ല.

First Visit of G. K to Rikers Island Correctional Facility, New York City, to viist Inmate Alexander Anand Jon- Celebrity Fashion Designer.
നിയമശാസ്ത്രം വലിയൊരു ശാസ്ത്രമാണെന്നും യേശുക്രിസ്തുവിനു മുന്‍പേ മനുസ്മൃതി പുരാതന ഭാരതത്തിലെ സാമൂഹ്യ നിയമങ്ങള്‍, ആചാരങ്ങള്‍, ധര്‍മ്മങ്ങള്‍ എന്നിവയെപ്പറ്റിയുള്ള അറിവ് നല്‍കിയിരുന്നു എന്നും, മനുഷ്യവംശത്തിന്റ ആദിപിതാവായിരുന്നു മനു എന്നു കരുതപ്പെടുന്നു എന്നും അദ്ദേഹത്തില്‍ നിന്നും കിട്ടിയ അറിവുകളുടെ സമാഹാരമാണ് മനുസ്മൃത എന്നും ജി.കെ. പറഞ്ഞപ്പോള്‍ നിയമത്തിന്റെ കാര്യത്തില്‍പോലും ഇന്‍ഡ്യാക്കാര്‍ പാശ്ചാത്യരാജ്യങ്ങളെക്കാള്‍ മുന്‍പന്തിയില്‍ ആയിരുന്നു എന്ന സത്യവും ഒരു എഴുത്തുകാരനായ ഞാന്‍ ഓര്‍ത്തുപോയി. ക്രിസ്തുവിനു 200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓര്‍മ്മയില്‍ നിന്ന് (സ്മൃതി) തലമുറകളിലേക്ക് പകര്‍ന്നു നല്‍കപ്പെട്ടതാണ് മനുസ്മൃതി. ജീവിതത്തിന്റെ വിവിധഘട്ടങ്ങളെപ്പറ്റിയും, (ബ്രഹ്മണ്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം) കടമകളും അവകാശങ്ങളും ഇതില്‍ വിശദീകരിക്കുന്നുണ്ട്.
ഇവയ്ക്കുപുറമെ നിയമങ്ങളും, ഭരണവും, സ്വത്ത് തര്‍ക്കങ്ങള്‍, കരാറുകള്‍, കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍, രാജധര്‍മ്മം എന്നിവയെല്ലാം മനുസ്മൃതിയില്‍ വിവരിക്കുന്നുണ്ട്.
ഓരോ രാജ്യങ്ങള്‍ക്കും അവരവരുടേതായ നിയമങ്ങളുണ്ട് എന്നും ഒരു നിയമവും പൂര്‍ണ്ണമല്ല എന്നും, ഏതു നിമിഷവും മാറാവുന്ന ഒന്നാണ് നിയമം എന്നുമുള്ള ഉള്‍ക്കാഴ്ച ഉദാഹരണങ്ങളിലൂടെ ജി.കെ. എന്നെ പറഞ്ഞു മനസ്സിലാക്കി. ഉദാഹരണത്തിന് ഒരു നാഷണല്‍ ഹൈവേയില്‍ മണ്ണിടിഞ്ഞ് വഴി മുറിഞ്ഞു എന്നിരിക്കട്ടെ. ഇരുവശത്തേയ്ക്കും വണ്ടികള്‍ പാഞ്ഞുകൊണ്ടിരുന്ന വഴി മുറിഞ്ഞാല്‍ ഉടനെ അവിടെ ട്രാഫിക് നിയം പ്രാബല്യത്തില്‍വരും. ട്രാഫിക് പോലീസ് രംഗത്തെത്തും. രണ്ടുവശത്തേയ്ക്കുമുള്ള വാഹനങ്ങളെ തിരിച്ചു മറ്റുവഴികളിലേയ്ക്ക് കടത്തിവിടാന്‍ ശ്രമിക്കും. വഴിയുടെ പണിപൂര്‍ണ്ണമാകുന്നതുവരെ അവിടെ നിയമം നടപ്പാക്കും.
നിയമശാസ്ത്രംപോലെ തന്നെ ന്യായശാസ്ത്രവും ഉണ്ടെന്നുള്ള തിരിച്ചറിവ് ജി.കെ. പറഞ്ഞു കഴിഞ്ഞപ്പോഴാണ് എനിക്കുണ്ടായത്. ഒരു പുതിയ അറിവ് അദ്ദേഹത്തില്‍നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. ഗുരുവിനെ ഞാന്‍ നമിക്കുന്നു.
നിയമത്തെപ്പറ്റി സംസാരിച്ചകൂടെ ജേര്‍ണ്ണലിസത്തെപ്പറ്റിയും ജി.കെ. പറയുകയുണ്ടായി. നല്ല ജേര്‍ണ്ണലിസ്റ്റുകള്‍ എപ്പോഴും ജനങ്ങളുടെ ഭാഗത്തുനില്‍ക്കുമെന്നും ഗവണ്‍മെന്റ് ആരുമായിക്കൊള്ളട്ടെ, ഉത്തരവാദിത്വത്തില്‍ നിന്നും വഴിവിട്ടുപോയാല്‍ നല്ല ജേര്‍ണ്ണലിസ്റ്റുകള്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിച്ചുകൊണ്ടും, അധികാരികളെ വിചാരണ ചെയ്തുകൊണ്ടും ഈ ദൗത്യം നിര്‍വ്വഹിക്കേണ്ടവരാണ്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ 'നാലാം തൂണ്‍' എന്ന് നല്ല മാധ്യമങ്ങളെ വിളിക്കുന്നു. ഇത്രയും കേട്ടപ്പോള്‍ ഒരു ജേര്‍ണ്ണലിസ്റ്റായ ഞാന്‍ ജേര്‍ണ്ണലിസത്തില്‍പഠിച്ച കാര്യങ്ങള്‍ ഒരിക്കല്‍കൂടി ഓര്‍ക്കാനിടയായി. പഠിച്ചകാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജേര്‍ണ്ണലിസമോ, നിയമമോ പഠിച്ചിട്ടെന്താപ്രയോജനം എന്നുകൂടി ജി.കെ. ഒരു ചോദ്യചിഹ്നമെന്നതുപോലെ എടുത്തിട്ടു. ഞങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ ഗീതയും, ഉപനിഷത്തുകളുമെല്ലാം ചര്‍ച്ചാവിഷയമായി. നമ്മുടെ മനസ്സിനെ വിശകലനം ചെയ്യാന്‍ ഗീത പഠിപ്പിക്കുന്നു. ശ്രീകൃഷ്ണന്‍ വാസ്്തവത്തില്‍ മാനവകുലം ദര്‍ശിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ അധ്യാപകന്‍ ആയിരുന്നു എന്നാണ് ജി.കെ.യുടെ അഭിപ്രായം. പ്രത്യേകിച്ച് നിയമത്തിന്റെ കാര്യത്തില്‍. നിലവിലുള്ള ഭരണസംവിധാനത്തിന്റെ (സര്‍ക്കാരിന്റെ) അഞ്ചാം പത്തിയായി മാറാതെ, ഭരണകൂടത്തിന്റെ വീഴ്ചകളെയും നിയമലംഘനങ്ങളെയും പൊതുജനമധ്യത്തില്‍ തുറന്നു കാണിക്കേണ്ടവരാണ് യഥാര്‍ത്ഥ ജേര്‍ണ്ണലിസ്റ്റുകള്‍. അന്വേഷണാത്മക പത്രപ്രവര്‍ത്തനം (Investigative Journalism) ഇന്നിന്റെ ആവശ്യമാണ്. തെറ്റുകള്‍ കണ്ടെങ്കില്‍ കണ്ടില്ലെന്നു നടിക്കാതെ, അഴിമതികളും, സാമ്പത്തിക തട്ടിപ്പുകളും, മനുഷ്യാവകാശലംഘനങ്ങളും തെളിവു സഹിതം പുറത്തുകൊണ്ടുവരുകയാണ് വേണ്ടത്. വാസ്തവത്തില്‍ ജി.കെ.യുടെ ജീവിതത്തിന്റെ ആകെത്തുക'നിഷ്‌കാമമായി കര്‍മ്മം ചെയ്യുക' എന്ന ഗീതോപദേശമാണെന്നു പറയാം. നല്ല ഗുണങ്ങളും ചീത്ത ആയിട്ടുള്ള നിഷ്ഗുണങ്ങളും നാം നന്നേ ചെറുപ്പത്തില്‍ത്തന്നെ അറിഞ്ഞിക്കേണ്ടവയാണ്.

Guru Koovalloor with his Adivasi Students and their families. Picture taken after 27 years later when he visited his students who studied in his " Adivasi Informal Education Center" in Vettilappara Chekkunnu Ambedkar Colony,Malappuram District.
ചുരുക്കത്തില്‍ ഒന്നാം ക്ലാസില്‍ത്തന്നെ നിയമം പഠിപ്പിക്കാന്‍ ശ്രമം നടത്തേണ്ടതാണ്. സ്‌കൂളില്‍ പാലിക്കേണ്ട നിയമങ്ങള്‍, പുറത്തിറങ്ങിയാല്‍ ശ്രദ്ധിക്കേണ്ട ട്രാഫിക് നിയമങ്ങള്‍, കുട്ടികള്‍ ആയിരിക്കുമ്പോള്‍ ഉപദ്രവകാരികള്‍ (Bullies) പേടിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ അതിനുള്ള പ്രതിവിധി, എവിടെ റിപ്പോര്‍ട്ട് ചെയ്യണമെന്നും, എന്തൊക്കെ നടപടികള്‍ എടുക്കണമെന്നും കുട്ടികളെ പഠിപ്പിക്കേണ്ടതാണ്. നിയമം ലംഘിച്ചാലുണ്ടാകുന്ന ശിക്ഷാനടപടികളെപ്പറ്റിയും, നന്നേ ചെറുപ്പത്തില്‍ പഠിപ്പിക്കേണ്ടതാണ്. ഞാന്‍ പഠിച്ചകാലഘട്ടത്തില്‍ നിയമത്തെപ്പറ്റി ഒരു അധ്യാപകനും പഠിപ്പിച്ചതായി കേട്ടിട്ടില്ല എന്നും ജി.കെ. പറഞ്ഞു.
കാട്ടുവര്‍ക്കിയുടെ കൊലപാതകം
ജി.കെ.യുടെ പിതാവിന്റെ വളരെ അടുത്ത സുഹൃത്തും പറമ്പിലെ കൃഷിപ്പണികള്‍ ചെയ്തുകൊണ്ടിരുന്ന ആളുമാണ് 'കാട്ടുവര്‍ക്കി' എന്ന് നാട്ടുകാര്‍ വിളിക്കുന്ന വര്‍ക്കി. ജി.കെ.യുടെ ചെറുപ്പത്തില്‍ കാട്ടുവര്‍ക്കി വീടിന്റെ പുറകുവശത്ത് റബ്ബര്‍ കുഴികുത്തിക്കൊണ്ടിരിക്കുന്ന സമയം. പണി കഴിഞ്ഞ് കൂവള്ളൂര്‍ കുളത്തില്‍ കുളിയും കഴിഞ്ഞുപോയ വര്‍ക്കി എന്ന ചെറുപ്പക്കാരന്‍ പിറ്റേദിവസം അയാളുടെ ഗര്‍ഭിണി ആയിരുന്ന ഭാര്യയെ കുത്തിക്കൊന്നു എന്ന വാര്‍ത്ത നാട്ടില്‍ കാട്ടുതീ പോലെ പടര്‍ന്നു. അന്ന് സ്‌കൂളില്‍ പോകുന്ന സമയത്ത് രണ്ടു പോലീസുകാര്‍ കാക്കി നിക്കറും കാക്കി ഷര്‍ട്ടുമിട്ട് തലയില്‍ കൂര്‍മ്പിച്ച തൊപ്പികളും വച്ച് ലാത്തിയും വീശി എന്റെ പിതാവിനോടൊപ്പം നടന്നുപോകുന്നതു കാണാന്‍ കൊച്ചുകുട്ടികളെല്ലാം സ്‌കൂള്‍ വരാന്തയില്‍ നിന്നും എത്തി നോക്കി.
പിന്നീടാണറിയുന്നത് വര്‍ക്കി രാത്രി ഭാര്യയെ കുത്തിക്കൊന്നശേഷം ഞങ്ങളുടെ മുറ്റത്തെ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന വലിയ ചകിരിപിരിച്ച കയറുമെടുത്ത് കടപ്ലാമറ്റം പള്ളി സെമിത്തേരിയുടെ താഴെയുള്ള പള്ളിത്തോടിന്റെ കരയിലുള്ള ഒരു വലിയ ആഞ്ഞിലി മരത്തിന്റെ മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തില്‍ ആയിരുന്നു. പോലീസുകാരുമായി പിതാവു പോയത് നേരെ വര്‍ക്കി കയറിയിരിക്കുന്ന ആഞ്ഞിലിമരത്തിന്റെ ചുവട്ടിലേയ്ക്കാണ്. അന്നത്തെക്കാലത്ത് കടപ്ലാമറ്റത്ത് നടക്കുന്ന മിക്കപ്രശ്‌നങ്ങളും കൈകാര്യം ചെയ്തുകൊണ്ടിരുന്നത് എന്റെ പിതാവായിരുന്നു. വര്‍ക്കി സെമിത്തേരിയുടെ ഭാഗത്തേയ്ക്കുപോയിരിക്കുന്നതു കണ്ട നാട്ടുകാര്‍ എന്റെ പിതാവിനെ വിവരം അറിയിച്ചു അങ്ങിനെ ഒരു ഡിറ്റക്ടീവിന്റെ ജോലിയാണു പിതാവു ചെയ്തത്. അന്ന് കടപ്ലാമറ്റം വെറും ഒരു കുഗ്രാമം ആയിരുന്നു. ആകെക്കൂടി ഒന്നോരണ്ടോ ചെറിയ ചായക്കടകളും മുറുക്കാന്‍ കടകളും മാത്രം. പോലീസുകാര്‍ കടപ്ലാമറ്റത്തുവരണമെങ്കില്‍ കിടങ്ങൂര്‍ നിന്നും നടന്നുവേണം വരാന്‍. പോലീസുകാര്‍ക്ക് വാഹനമില്ലാത്തകാലം. നാട്ടുകാരുടെ സഹായമുണ്ടെങ്കിലേ അന്നത്തെ പോലീസുകാര്‍ക്ക് കള്ളനെയോ, കൊലപാതകിയേയോ പിടിക്കാന്‍പറ്റൂ. അങ്ങിനെ ഒരുകാലം കടപ്ലാമറ്റത്ത് ഉണ്ടായിരുന്നു എന്നുള്ളത് ഇന്നത്തെ തലമുറക്കാര്‍ക്ക് വിശ്വസിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.

Guru Koovalloor with his Adivasi Students and their families. Picture taken after 27 years later when he visited his students who studied in his " Adivasi Informal Education Center" in Vettilappara Chekkunnu Ambedkar Colony,Malappuram District.
അങ്ങിനെ എന്റെ പിതാവും പോലീസുകാരും കുറെ നാട്ടുകാരും വര്‍ക്കി കയറിയിരിക്കുന്ന ആഞ്ഞിലി മരത്തിന്റെ ചുവട്ടിലെത്തി. വര്‍ക്കി മുകളില്‍ കയറി ഇരിക്കുന്നതുകണ്ട് എന്റെ പിതാവ് വളരെ തന്മയത്വത്തോടെ 'വര്‍ക്കി ഇറങ്ങി വാ' എന്നു പറഞ്ഞു. വര്‍ക്കി ഒരു കൊച്ചുകുട്ടിയെപ്പോലെ അനുസരിച്ചു. ഭാര്യയെ കുത്തിക്കൊന്ന കത്തിയും വര്‍ക്കി ചൂണ്ടിക്കാട്ടി കാട്ടില്‍നിന്നും എടുത്ത് പോലീസുകാര്‍ വര്‍ക്കിയെ കിടങ്ങൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിക്കൊണ്ടുപോയി. വര്‍ക്കി ഭാര്യയെ കൊല്ലാനുള്ള കാരണം ഭാര്യ വര്‍ക്കി പറഞ്ഞാല്‍ കേള്‍ക്കാത്തവള്‍ ആയിരുന്നു എന്നാണ് വര്‍ക്കിയുടെ ജ്യേഷ്ഠന്‍ പത്രോസും സഹോദരി അന്നയും എന്റെ അമ്മയോടും മറ്റു നാട്ടുകാരോടും പറഞ്ഞിട്ടുള്ളത്.
കാട്ടുവര്‍ക്കിയുടെ തിരിച്ചുവരവ്
നല്ല പണിക്കാരന്‍ ആയിരുന്ന വര്‍ക്കി ജയിലില്‍ ചെന്നശേഷം വളരെ അനുസരണത്തോടെ പണി എടുത്തതിനാല്‍ ജീവപര്യന്തം ശിക്ഷയില്‍ ഇളവുകിട്ടി, രണ്ടുവര്‍ഷം മുന്‍പേ ജയില്‍ മോചിതനായി തിരിച്ച് നാട്ടില്‍ എത്തി. അന്നത്തെക്കാലത്ത് വര്‍ക്കിയെ കാണുമ്പോള്‍ സാധാരണ കുട്ടികളെല്ലാം ഭയന്നുമാറുമായിരുന്നു. വര്‍ക്കിക്ക് നാട്ടുകാര്‍ ഇട്ട പേരാണ് 'കൊലവര്‍ക്കി' എന്ന്. തിരിച്ചുനാട്ടിലെത്തിയപ്പോഴും വര്‍ക്കി വന്നത് എന്റെ പിതാവിന്റെ അടുത്തേയ്ക്കാണ്. ജയില്‍ മോചിതനായപ്പോള്‍ ജയിലില്‍ പണി എടുത്തതിന് കുറെ പണവും കിട്ടി. ആലോചിച്ചുനോക്കിയാല്‍ കേരളത്തിലെ ഗവണ്‍മെന്റ് കുറ്റവാളികളെ എത്ര കാര്യമായാണ് നോക്കുന്നതെന്നോര്‍ക്കുമ്പോള്‍ അത് എന്തുകൊണ്ടും നല്ല ഒരു വ്യവസ്ഥിതി ആണല്ലോ എന്ന് ചിന്തിക്കുന്നവരും അതുശരിയല്ല എന്നു പറയുന്നവരും നമ്മുടെ ഇടയില്‍ ഉണ്ട് എന്നുള്ളത് ഒരു പരാമര്‍ത്ഥമാണ്. ആറുപേരെ മാരകമായി കൊല ചെയ്ത് സ്വത്തുതട്ടി എടുക്കാന്‍ ശ്രമിച്ച കൂടത്തായി ജോളി ജോസഫിന്റെ കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ജയിലില്‍ കിടന്നുകൊണ്ടുതന്നെ സീരിയല്‍ കില്ലര്‍ എന്നു പേരുകേട്ട ജോളി ജോസഫിന് ഉന്നതവിദ്യാഭ്യാസം ലഭിക്കാനുള്ള സൗകര്യങ്ങള്‍ കേരളത്തിലെ ഗവണ്‍മെന്റ് ചെയ്തുകൊടുത്തത് നല്ലതോ ചീത്തയോ എന്നു വിലയിരുത്തേണ്ടത് കേരളത്തിലെ ജനങ്ങള്‍ ആണെന്നാണ് ജി.കെ.യുടെ അഭിപ്രായം. അമേരിക്കയില്‍ ദീര്‍ഘകാലമായി ജയിലില്‍ കഴിയുന്ന യേശുദാസിന്റെ മരുമകന്‍ അലക്‌സാണ്ടര്‍ ആനന്ദ് ജോണിന് പഠിക്കാനുള്ള എല്ലാ സംവിധാനങ്ങളും കാലിഫോര്‍ണിയയിലെ ഗവണ്‍മെന്റ് ചെയ്യുന്നുണ്ട്. കാലിഫോര്‍ണിയ അറിയപ്പെടുന്നത് 'അഭയകേന്ദ്രനഗരം' (Sanctuary City) എന്നാണ്. അതായത് കുറ്റവാളികള്‍ക്ക് കേന്ദ്രനിയമപാലകരില്‍ നിന്നും സംരക്ഷണം ലഭിക്കുന്ന സ്റ്റേറ്റ് ആണ് അമേരിക്കയിലെ കാലിഫോര്‍ണിയ. 57 വര്‍ഷത്തെ കഠിന തടവിനു വിധിക്കപ്പെട്ട് കാലിഫോര്‍ണിയയില്‍ ജയിലിലായ ആനന്ദ് ജോണ്‍ 2009 മുതല്‍ 2013 വരെ ന്യൂയോര്‍ക്കിലെ റൈക്കേഴ്‌സ് ഐലന്റ്, മന്‍ഹാട്ടനിലെ ഡിറ്റന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ തടവിലായിരുന്നപ്പോള്‍ അയാളെ ജയിലില്‍ നിന്നും വിമോചിതനാക്കാന്‍ മുമ്പോട്ടിറങ്ങി അതില്‍ വിജയം കണ്ടെത്തിയ ആളാണ് ജി.കെ. എന്നോര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതാന്‍ അവസരം ലഭിച്ചതില്‍ ഒരു ചരിത്രകാരന്‍ എന്ന പദവിയിലേക്ക് ഒരുപടി കൂടി ഉയരാന്‍ സാധിക്കുന്നതില്‍ എനിക്കഭിമാനമുണ്ട്.
ജയില്‍പുള്ളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതെപ്പറ്റിയുള്ള ജി.കെ.യുടെ അഭിപ്രായം ഞാന്‍ ചോദിച്ചപ്പോള്‍ പലരും കുറ്റവാളികളാകുന്നത് സാഹചര്യസമ്മര്‍ദ്ദം മൂലമാണെന്ന് തന്റെ ഒരു ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ജി.കെ. പറയുകയുണ്ടായി. 1983 നും 1985 നും ഇടയില്‍ നടന്ന ഒരു സംഭവമാണ്. തന്റെ ഇളയ സഹോദരന്‍ ജോസ് കൂവള്ളൂരിനെ ചില അക്രമികള്‍ ഭയപ്പെടുത്തുന്നു എന്നു കേട്ട ജി.കെ. മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറ കവുങ്ങുംചോല എന്ന പ്രദേശത്ത് താമസിച്ചിരുന്ന സഹോദരനു തുണയുമായി എത്തി.

"Free Anand Jon Movement" in New York City under the leadership of Guru Koovalloor.
മഹാരാഷ്ട്രയിലെ മുംബൈയില്‍, കൊളാബയില്‍, ഗേറ്റ് വേ ഓഫ് ഇന്‍ഡ്യയുടെ തൊട്ടടുത്തായി, സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ അഞ്ച് നക്ഷത്രപൈതൃക ഹോട്ടലായ താജ്മഹല്‍ പാലസ് ഹോട്ടലില്‍ നല്ല നിലയിലുള്ള വെയിറ്ററായി ജോലി ചെയ്തു പരിചയമുള്ള ജി.കെ. ഒരു കുഗ്രാമത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുക എന്നുള്ളത് ഒരു എഴുത്തുകാരനായ എനിക്ക് സങ്കല്‍പ്പിക്കാന്‍പോലും പറ്റാത്ത ഒന്നായിരുന്നു. അങ്ങിനെ ഒരു തീരുമാനം എടുക്കാനുണ്ടായ കാരണം തന്റെ അമ്മാവന്റെ മകനായ കുളങ്ങര മത്തച്ചന്‍, അനുജന്‍ ജോസ് കൂവള്ളൂര്‍, മറ്റൊരു ബന്ധുവായ നിലയ്ക്കല്‍ പള്ളിപാപ്പച്ചന്‍ എന്നിവര്‍ക്ക് ആപ്രദേശവാസികളില്‍ നിന്നും പീഢനങ്ങള്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നു മനസ്സിലാക്കിയ ജി.കെ, എന്നാല്‍ ഇവയ്ക്ക് ഒരുപരിഹാരം ഉണ്ടാക്കാന്‍ കഴിയുമോ എന്നുനോക്കട്ടെ എന്ന് ആരോടും ആലോചിക്കാതെ സ്വയം തീരുമാനമെടുത്തു. അക്കാലത്ത് അരീക്കോടു നിന്നും വെറ്റിലപ്പാറയ്ക്കു പോകണമെങ്കില്‍ അരീക്കോടുപുഴയുടെ തൊട്ടു ചേര്‍ന്നുകിടക്കുന്ന ചെറുപുഴ നടന്നുകയറണം. വെള്ളമുള്ളപ്പോള്‍ തോണികയറിവേണം പുഴ കടക്കാന്‍. അങ്ങിനെ ആദ്യമായി സഹോദരങ്ങളുടെ അടുക്കലേയ്ക്ക് കാല്‍നടയായി വെറും കൈയോടെ എത്തേണ്ടിടത്തുനിന്നും അധികം ദൂരെ അല്ലാതെ കിണറടപ്പ് എന്ന ഒരു സ്ഥലമുണ്ട്. മുസ്ലീമുകള്‍ മാത്രം താമസിക്കുന്ന സ്ഥലം. അവിടെ എത്തിയപ്പോള്‍ അന്നത്തെക്കാലത്തെ റൗഡി എന്നുവേണമെങ്കില്‍ പറയാം ഒരു മുസ്ലീം ഗുണ്ട തലയില്‍ കെട്ടുമായി എന്റെ നേരെവന്ന് എന്നെ തടഞ്ഞുപറഞ്ഞു 'തിരുവിതാംപൂറ്റില്‍ നിന്നുംവന്ന് ഇവിടെ കളിച്ചാല്‍ നിന്നെ നമ്മള്‍ വിടില്ല. നാദാപുരത്ത് ഉണ്ണിയാര്‍ച്ചയെ തടഞ്ഞമൂപ്പന്മാരെ ഞാനപ്പോള്‍ ഓര്‍ത്തുപോയി. ഏതായാലും ഞമ്മളെ ഉപദ്രവിച്ചില്ല. അവന്‍ സാക്ഷാല്‍ ടിപ്പുവിന്റെ രക്തത്തില്‍പ്പെട്ടവനാണെന്ന് അപ്പോഴേ ഞാന്‍ കരുതി. പിന്നീടുള്ള എന്റെ വെറ്റിലപ്പാറയിലെ ജീവിതം കരുതലോടെയായി.
ഏതായാലും വെറ്റിലപ്പാറയില്‍ എന്റെ പിന്നില്‍ നില്ക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായ നിരവധിപേരുണ്ടായിരുന്നു. ഞാന്‍ എവിടെ പോകുന്നുണ്ടെങ്കിലും എനിക്ക് കൂടെ പരിവാരവുമുണ്ട്. എല്ലാം കമ്യൂണിസ്റ്റ് സഖാക്കള്‍. ഒന്നുരണ്ടുതവണ നേരേ മുട്ടാന്‍ ചിലര്‍ നോക്കി. കോണ്‍ഗ്രസുക്കാരാണ് എനിക്കെതിരായി മുസ്ലീമുകളുടെ പിന്നില്‍നിന്ന് പ്രവര്‍ത്തിച്ചിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി മലപ്പുറം ജില്ലയിലെ വലിയ സ്വാധീനമുള്ള പാര്‍ട്ടി ആയതിനാല്‍ അവരുടെ കേന്ദ്രഘടകം എന്നെ വളരെ ബഹുമാനത്തോടെ സ്വാഗതം ചെയ്യുകയും എല്ലാ പിന്‍തുണയും പ്രഖ്യാപിച്ചു. സാധാരണക്കാര്‍ക്ക് അവിടെ ഒരു ലീഡറിന്റെ ആവശ്യമുണ്ടെന്നു മനസ്സിലാക്കിയ ഞാന്‍ ആ സ്ഥാനം ഏറ്റെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ എന്റെ പിന്നിലും. ഇതിനിടെ നിലയ്ക്കല്‍ പള്ളി പാപ്പച്ചന്‍ എന്ന ബന്ധുവിന് ഒരു ഭൂമിതര്‍ക്കമുണ്ടായി. ഞാന്‍ നേതൃത്വമെടുത്ത് ഒരു ജനകീയകമ്മിറ്റി ഉണ്ടാക്കി പ്രശ്‌നം ഒടുവില്‍ ഒത്തുതീര്‍പ്പായി.
കുടിയേറ്റ മേഖല എന്നും പ്രശ്‌നങ്ങളുള്ള നാടാണെന്നോര്‍ക്കണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള വില്ലേജാണ് മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറ. കോട്ടയം ജില്ലയില്‍ നിന്നും ഇടുക്കിയുടെ ചിലഭാഗങ്ങളില്‍ നിന്നും, മൊത്തത്തില്‍ തിരുവിതാംകൂര്‍ എന്നുപറയുന്ന പ്രദേശത്തുനിന്നു കുടിയേറിയ ആദിമ കുടിയേറ്റക്കാരുടെ നാടാണ് വെറ്റിലപ്പാറ. ആ പ്രദേശത്തു ചെന്നതോടെ ഞാന്‍ അവരുടെ കണ്ണിലുണ്ണിയായി എന്നു പറയാം. അങ്ങിനെ ഇരുന്നപ്പോള്‍ വയനാട്ടില്‍ നിന്നും രണ്ട് പോക്കിരികള്‍ ആളറിയാതെ എന്നോടേറ്റുമുട്ടിയ ഒരു സംഭവമുണ്ട്. ഏതായാലും ഏറ്റുമുട്ടലിനുശേഷം അവരുടെ പൊടിപോലും കണ്ടില്ല.
അതിനുശേഷം നാടന്‍ ഗുണ്ടകള്‍ക്ക് എന്നോടൊന്നേറ്റുമുട്ടണമെന്നുണ്ടായി. അതുനടന്നു. എതിര്‍ ഗുണ്ടയ്ക്ക് അഞ്ചെട്ടു കുത്തും കല്ലേറില്‍ എനിക്ക് ചെറിയൊരു പരിക്കും. കാവല്‍മാലാഖാമാരെപ്പോലെ എന്റെ സുഹൃത്തുക്കള്‍ എന്നെ മഞ്ചേരി ഹോസ്പിറ്റലിലാക്കി. കേസില്‍ ഒന്നാംപ്രതി ഞാന്‍ എന്റെ വക്കീല്‍ കേരളത്തിലെ പ്രഗത്ഭനായ ക്രിമിനല്‍ വക്കീല്‍, നടന്‍ മമ്മൂട്ടിയുടെ ഗുരുനാഥന്‍ അഡ്വക്കേറ്റ് ശ്രീധരന്‍നായര്‍. കേസ് ഒടുവില്‍ തെളിവില്ലാതെ രാജിയായി.
ഈ സംഭവത്തോടെ വെറ്റിലപ്പാറ ശാന്തമായി. അങ്ങിനെ ഞാന്‍ വെറ്റിലപ്പാറ ചെക്കുന്നുമലയിലുള്ള ആദിവാസി കോളനിയില്‍ ഒറ്റയ്ക്കുനടന്നുകയറി ആദിവാസി കോളനിയോടടുത്തു താമസിച്ചിരുന്ന നെല്ലിയാനി തോമ്മാച്ചന്‍ എന്നയാള്‍ തീണ്ടലും തൊടീലുമുള്ള മലമുത്തന്മാര്‍ എന്നറിയപ്പെടുന്ന ആദിവാസികളെ എനിക്കു പരിചയപ്പെടുത്തിത്തന്നു. അങ്ങിനെ ഞാന്‍ കേരളത്തിലെ അറിയപ്പെട്ട സാമൂഹ്യ പരിഷ്‌കര്‍ത്താവായ പി.എന്‍. പണിക്കരുടെ വയോജനവിദ്യാഭ്യാസ കേന്ദ്രം ചെക്കുന്ന് ആദിവാസികോളനിയില്‍ ആദ്യമായി ആരംഭിച്ചു. ഏറെക്കുറെ രണ്ടുമൈലിലധികം ദൂരം നടന്ന് മലയുടെ മുകളില്‍ ആദിവാസികളെക്കൊണ്ട് ഒരു പുല്‍ക്കൂടുണ്ടാക്കി നാലുവശത്തും ബഞ്ചുകള്‍ക്കുപകരം മരക്കഷണങ്ങളിട്ട് അതിലായിരുന്നു ആദിവാസികള്‍ ഇരുന്നത്. കാരണം തീണ്ടല്‍ തൊടീല്‍ ഉള്ളതിനാല്‍ ആരും എന്റെ അടുക്കലേയ്ക്കും വരുകയില്ല. ആദിവാസി മൂപ്പന്‍മാരുടെ തലവനായ ഉണ്ണീരാന്‍ മൂപ്പനെ എല്ലാവരും വിളിച്ചിരുന്നത് 'മലമില്ലി' എന്നാണ്. അദ്ദേഹത്തിന് എന്നെ വലിയ കാര്യമായിരുന്നു. നല്ല വെളുത്ത ബ്രാഹ്മണനെന്നു തോന്നിക്കുന്ന ഒരു മനുഷ്യന്‍. മുടിനീട്ടിയിരുന്നു. എന്നെ ഒരു മിഷനറി ആയിട്ടാണ് അദ്ദേഹം കരുതിയിരുന്നത്. കാണുമ്പോള്‍ കൈകൂപ്പിയിരുന്നു.
ആദിവാസി പെണ്‍കുട്ടികള്‍ ആദ്യകാലങ്ങളില്‍ മാറുമറയ്ക്കാറില്ലായിരുന്നു. മാന്‍പേടകളെപ്പോലെ അവര്‍ എന്നെ ഒളികണ്ണിട്ടുനോക്കുന്ന രംഗം ഇന്നും എന്റെ മനസ്സില്‍ മായാതെ നില്ക്കുന്നു. അവരില്‍ പലരും ഇന്ന് മറ്റു ഹൈന്ദവ വിഭാഗക്കാരുമായി ബന്ധപ്പെട്ടു വിവാഹിതരായി.
എഴുത്തും വായനയും അറിഞ്ഞുകൂടാത്ത, കലാലയങ്ങള്‍ കണ്ടിട്ടില്ലാത്ത, കാടുകളില്‍ നിന്നും പുറത്തുപോകാത്ത ഒരു ജനത, അതായിരുന്നു 1980കളിലെ മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറ ചെക്കുന്നുമലയിലെ ആദിവാസികളായ മലമുത്തന്മാര്‍. അന്യജാതിയുമായി തൊട്ടുംപോയാല്‍ അവര്‍ ജാതിയില്‍ നിന്നും ദ്രഷ്ടരാകും എന്നു വിശ്വസിച്ചിരുന്നു. നാട്ടുവാസികളായ സാധാരണക്കാരോടു ബന്ധപ്പെടാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. ആ ആദിവാസികളെ പില്‍ക്കാലത്തു സംഘടിപ്പിച്ച് കാല്‍നടയായി മലപ്പുറം ജില്ലാകളക്ടറുടെ മുമ്പില്‍ ജാഥയായി പോയകാര്യവും ഇന്നു ഞാന്‍ ഓര്‍ക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ലീഡര്‍ ആയിരുന്ന സഖാവ് കുട്ടിക്കണ്ടനും, മുട്ടുമന വര്‍ഗീസ് എന്ന സഖാവുമായിരുന്നു എന്റെ സഹപ്രവര്‍ത്തകര്‍.
അക്കാലത്ത് ആദ്യമായി ആദിവാസികളെ പഠിപ്പിച്ചിരുന്ന ഒരുപാട്ട് ഞാന്‍ ഇന്നും ഓര്‍ക്കുന്നു:
നല്ലവിധത്തില്‍ ജീവിക്കാനുള്ളറിവു -
തരുന്നൊരു വിദ്യാഭ്യാസം
അജ്ഞതമാറ്റാന്‍ പട്ടിണിതീര്‍ക്കാന്‍
ബുദ്ധിതരുന്ന മനോമന്ത്രം
അതാണതാണീ അനൗപചാരിക വിദ്യാഭ്യാസം.
പി.എന്‍. പണിക്കര്‍ സാറിനെ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ സ്മരിക്കുന്നു. അദ്ദേഹത്തിന് എന്റെ നമോവാകം.
വയോജന വിദ്യാഭ്യാസത്തില്‍ നിന്നു സാവകാശം ഞാന്‍ 'വെറ്റിലപ്പാറ ഏരിയാ ഗിരിജന്‍സ് ആന്‍ഡ് സെറ്റിലേഴ്‌സ് ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ സെക്രട്ടറിയായി 1987 ല്‍ പിതാവ് രോഗശക്ഷയിലെത്തിയപ്പോള്‍ എന്നെ വീട്ടിലേയ്ക്കു തിരിച്ചു വിളിച്ചപ്പോള്‍ ഞാന്‍ എന്റെ കര്‍മ്മം പൂര്‍ത്തിയാക്കി അടുത്ത ജീവിതപന്ഥാവിലേക്കു പ്രവേശിച്ചു. വെറ്റിലപ്പാറ നിന്നും ഞാന്‍ പിരിയുമ്പോള്‍ നാട്ടുകാരുടെ വകയായി മൈക്കുവച്ച് സര്‍വ്വകക്ഷികളുടെ ഒരു യാത്രയയപ്പ് എനിക്ക് നല്‍കുകയുണ്ടായി. അതിനുശേഷം 27 വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ വെറ്റിലപ്പാറ ആദിവാസികോളനിയില്‍ പോയിരുന്നു. അന്നു ജീവിച്ചിരുന്നവരും അവരുടെ കുടുംബാംഗങ്ങളും എന്നെക്കാണാന്‍ ഓടിക്കൂടിയിരുന്നു. ജീവിതത്തില്‍ ആരുംതന്നെ വന്നവഴികളിലേയ്ക്ക് തിരിച്ചുപോകാറില്ല. അതിനെനിക്കു കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. ഞാന്‍ അല്‍പം പണം കൊടുത്തിട്ട് 'മാഷിന്റെ സ്‌നേഹം മാത്രം മതി ഞങ്ങള്‍ക്ക്' എന്ന് അവരിലെ പ്രായമായ രാമന്‍മൂപ്പന്‍ പറഞ്ഞപ്പോള്‍ ജീവിതത്തിലെ യഥാര്‍ത്ഥ സ്‌നേഹം അതാണെന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞു. ചെക്കുന്നുമലയിലെ ആദിവാസികോളനി ഇന്ന് അംബേദ്കര്‍ കോളനി എന്നാണറിയപ്പെടുന്നത്.
തുടരും..