
“No culture can live ,if it attempts to be exclusive “ Mahatma Gandhi
ഓണം , മലയാളികൾക്ക് ആഘോഷങ്ങൾക്ക് ഉപരി അവന്റെ സ്വത്വ ബോധത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് . മലയാളി എന്നാൽ ഇന്ന് ഒരു ഭൂപ്രകൃതിയിൽ മാത്രം വസിക്കുന്നവൻ എന്നല്ല . അമേരിക്കയിൽ നിന്ന് കേരളം വിരളമായി മാത്രം സന്ദർശിക്കുന്ന ( ചിലപ്പോൾ ഒരിക്കലും കാണാത്ത )മലയാളികളുടെ തലമുറകൾ അഭിമാനത്തോടെ ഞങ്ങൾ മലയാളികൾ എന്ന് പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട് .
ഇതു നമ്മൾ ശ്രദ്ധിക്കാതെ നമുക്കിടയിലൂടെ ഇഴ ചേർന്നും അകന്നും പോകുന്ന കാലികമായ സാമൂഹിക സാംസ്കാരിക മാറ്റങ്ങളുടെ പ്രതിഫലനം ആണ്. അമേരിക്ക പോലെയുള്ള ഒരു സമ്പൂർണ്ണ കുടിയേറ്റ നാട്ടിലേക്ക് ആദ്യ കാലങ്ങളിൽ കുടിയേറിയവരിൽ ചിലരെങ്കിലും സാഹചര്യങ്ങളുടെയോ ദുരഭിമാനത്തിന്റെയോ പേരിൽ “മലയാളി “എന്ന സ്വത്വത്തെ ഉപേക്ഷിച്ചവരാണ് . എന്നാൽ ഇന്ന് അവരുടെ പുതു തലമുറയിൽ എത്തിനിൽക്കുമ്പോൾ “മലയാളി” ഒരു അഭിമാനമുള്ള ഐഡന്റിറ്റി ആയി ഉൾക്കൊള്ളുന്നു എന്നത് ഒരു വലിയ സാമൂഹിക പരിവർത്തനം ആണ് . ഈ മാറ്റത്തിലേക്ക് നമ്മെ എത്തിച്ചത് ഡിജിറ്റൽ ടെക്നോളജിയും നമ്മുടെ വിവിധ മലയാളസംഘടകളുടെ പ്രവർത്തനങ്ങളും ആണ് എന്ന യാഥാർഥ്യം തള്ളിക്കളയുവാൻ സാധ്യമല്ല.

ഓണം ഒരു വലിയ ഐതീഹ്യ കഥയുടെ അടിസ്ഥാനത്തിൽ ആഘോഷിക്കപ്പെടുന്നു ,എന്നിരുന്നാലും ജാതിമത ഭേദമന്യേ എല്ലാവരെയും ഒരുമിപ്പിക്കുന്നതിൽ ഓണം എല്ലാക്കാലത്തും വിജയിച്ചിട്ടുണ്ട് . ഒരു നാടിന്റെ ഉത്സവം ,അതിന്റെ അന്തഃസത്തയും താളമേളവും നിറങ്ങളും ആഘോഷങ്ങളും എല്ലാം അതേപടി ജാതിമത ഭേദമന്യേ ആഘോഷിക്കുവാൻ സാധിക്കുന്നതിനെയാണ് നാം ഒരുമ എന്ന് കാണേണ്ടത് . എന്നാൽ ഇന്ന് നാം നമ്മുടെ മതവികാരങ്ങൾക്ക് അടിമപ്പെട്ട് പുതിയ ഓണക്കാലങ്ങൾ അവരവരുടെ ആരാധനാലയങ്ങളിലേക്ക് ചുരുക്കി ഒരു വലിയ സാമൂഹിക വേർതിരിവിന് കളം ഒരുക്കുകയാണ്. ഓണം എഡിറ്റ് ചെയ്യുവാൻ നമ്മുടെ ജാതിമത അസഹിഷ്ണുത ആണ് കാരണമെങ്കിൽ , അത് ഉണ്ടാക്കുന്ന സാമൂഹിക വിള്ളലുകൾ ആശങ്കാ ജനകമാണ് .

വളരെ വ്യത്യസ്തമായ ഒരു ഓണം ഇവിടെ KAD അഥവാ കേരള അസോസിയേഷൻ ഓഫ് ഡാലസ് നടത്തുക ഉണ്ടായി . സംഘടനയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കൊപ്പം ഓണവും ഈ വർഷം അതിഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു . മുഖ്യ അതിഥിയായി പ്രശസ്ത ഗായകൻ ശ്രീ .കെ ജെ യേശുദാസ് , ചെണ്ടമേളങ്ങളോടും തലപ്പൊലികളോടും ആനയിപ്പിക്കപ്പെട്ടു.അമേരിക്കൻ സാമൂഹിക രാഷ്ട്രീയ മേഖലയിൽ ഉയർന്നു വരുന്ന മലയാളികളുടെ സാന്നിധ്യം നമുക്ക് അഭിമാനജനകമായി മാറിയിരിക്കുന്നു . കടലുകൾക്ക് അപ്പുറെ ഒരു കൊച്ചു കേരളത്തിന്റെ മാത്രമായ ഈ ഓണം, ടെക്സാസിൽ വിവിധ സാമൂഹ്യ രാഷ്ട്രീയ ബിസിനസ് രംഗത്ത് പ്രശസ്തരായ സിറ്റി മേയേഴ്സ്, കൗൺസിൽ അംഗങ്ങൾ , വ്യവസായ പ്രമുഖർ എന്നിവരുടെയൊക്കെ സാന്നിധ്യം കൊണ്ട് തികച്ചും വ്യത്യസ്തവും സമ്പന്നവും ആയിരുന്നു .ആരോഗ്യ രംഗത്ത് പ്രശസ്തനായ ഓൺകോളിജിസ്റ്റ് ഡോക്ടർ എം വി പിള്ള,മുഖ്യാതിഥിയെ പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് നടന്ന കലാപരിപാടികളിൽ ,ചടങ്ങുകളിൽ , സദ്യയിൽ അതിലുപരി പൊതുജന സാന്നിധ്യത്തിൽ ഒരു പുതിയ സാമൂഹിക ഉണർവും ഒരുമയും നിലനിന്നിരുന്നു . കാണുവാൻ ആഗ്രഹിച്ച ,മനസ്സിനെ സന്തോഷിപ്പിച്ച പല കലാരൂപങ്ങളും ഭംഗിയായി അവതരിപ്പിക്കപ്പെട്ടു . ദൃശ്യ ഭംഗിയോടെ നൃത്ത രൂപങ്ങളും കഥകളിയും പുലികളിയും തിരുവാതിരയും താളമേളങ്ങളോടെ ചെണ്ട മേളവും നാടൻ പാട്ടുകളും ആക്ഷേപഹാസ്യം ഒരുക്കി ഓട്ടംതുള്ളലും ഒക്കെ ആയി വേദി നിറഞ്ഞു . മണ്മറഞ്ഞ കലാരൂപങ്ങൾ ചേർത്തു ഒരുക്കിയ പരിപാടി വളരെ നിലവാരം പുലർത്തി. കലാകാരുടെ വേഷവും ഒരുക്കങ്ങളും വളരെ പ്രൊഫഷണൽ ആയിരുന്നു.മലയാളിയുടെ ഗൃഹാതുരത്വം എന്നും തൊട്ടുണർത്തുന്ന ഗാനഗന്ധർവൻ ശ്രീ യേശുദാസിന്റെ മനോഹര ശബ്ദം നേരിട്ട് കേൾക്കുവാൻ സാധിച്ചത് എല്ലാവരുടെയും മനസ്സ് നിറച്ചു. നാം മറന്നു തുടങ്ങിയ , “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിത് “ എന്ന ശ്രീനാരായണഗുരു വചനം ദാസേട്ടനിലൂടെ കേട്ടത് വളരെ അവസരോചിതമായി . ഒരു മാന്ത്രികൻ എന്നതിൽ ഉപരി വാഗ്മിയും സാമൂഹിക പ്രവർത്തകനും സർവോപരി ഒരു നന്മ നിറഞ്ഞ മനസ്സിന് ഉടമയും ആയ പ്രിയ മുതുകാടിന്റെ മാസ്മര പ്രപഞ്ചത്തിൽ അതും പ്രഗല്ഭ ഗായകരുടെ മധുരമായ ആലാപനത്തോടെ നടന്ന മാജിക് ഷോ തികച്ചും ഒരു പുതിയ അനുഭവം ആയിരുന്നു.

എല്ലാം ചേർത്തിണക്കി നമുക്കുമുൻപിൽ അവതരിപ്പിച്ച അവതാരകരും അവരുടെ ഡെഡിക്കേഷനും അവതരണവും അഭിനന്ദനാർഹമാണ്. ഒരു പൊതു വേദി ഇത്ര മലയാള തനിമയോടെ അണിയിച്ചൊരുക്കിയ കരവിരുത്, ഒരുകൂട്ടം കലാകാരുടെ കൂട്ടായ ഉദ്യമഫലമാണ്.ഒരിക്കൽ എന്നോ നാം ഉപേക്ഷിച്ചു പോന്ന നമ്മുടെ നാടിന്റെ ഭൂപ്രകൃതി , അതിന്റെ പച്ചപ്പ്, പൂക്കളുടെ മനോഹാരിത, പൂക്കളം, തെയ്യം തുടങ്ങിയ കലാരൂപങ്ങളുടെ ആഡ്യത്ത്വം ഒക്കെ പുനരാവിഷ്കരിച്ചു .നമുക്ക് ഒരു ദൃശ്യ വിരുന്നു ഒരുക്കിയ ഡെക്കറേഷൻ ടീം അസാധാരണമായ മികവ് പുലർത്തി. വിവിധ രുചികളുടെ സംഗമവേദിയിൽ പായസത്തിൽ പഴവും പപ്പടവും അച്ചാറും കുഴച്ച് ആസ്വദിച്ചു എഴുന്നേറ്റ കൊച്ചുകുട്ടിമുതൽ മുത്തച്ഛൻ-മുത്തച്ഛി മാർ വരെ സന്തോഷത്തിൽ ആയിരുന്നു.
കലയും സംസ്കാരവും ഒരുമിച്ച് നിന്നപ്പോൾ മതങ്ങൾ മാറിനിന്നു -ഇതവരുടെ തട്ടകമല്ല എന്ന് വ്യക്തമാക്കുന്ന ഒരു ഓണാഘോഷം. പല തലമുറയിലെ നമ്മൾ, ഒരു ഓണക്കാലത്ത് ഒരു കുടക്കീഴിൽ ഒരുമ എന്ന ഒരു വലിയ സന്ദേശം നൽകിക്കൊണ്ട് ആഘോഷിച്ച ആ ദിവസം എല്ലാവരുടെ മനസ്സിലും സുവർണ്ണ ലിപികളിൽ കുറെ ഓർമ്മകൾ കുറിച്ചു എന്നതിൽ സംശയമില്ല . അതിന് വഴിയൊരുക്കിയ KAD യുടെ ഭാരവാഹികൾക്ക് എന്നും അഭിമാനിക്കാം . പ്രസിഡന്റ് ശ്രീ ഷിജു എബ്രഹാം,എന്ന ജനസമ്മതനായ ഒരു നേതാവ് തന്റെ ദർശനാത്മകതയിലൂടെ ഒരു സമൂഹത്തെ എങ്ങനെ ഒരുമിപ്പിക്കാം എന്ന് നമുക്ക്
കാട്ടിത്തന്ന ഒരു അവസരമായിരുന്നു . മറ്റു ഭാരവാഹികളും അണിയറപ്രവർത്തകരും ഒരുമിച്ച് നിന്നതിന്റെ മനോഹാരിത ജനങ്ങൾക്ക് മുന്നിൽ തെളിഞ്ഞു നിന്നു.
വർണ്ണാഭമായ ഒരു ആഘോഷം വിവിധ കലാരൂപങ്ങൾ ഒപ്പം മാജിക് ഷോ ചിട്ടയോടെ ഒരുങ്ങിയ സദ്യ എല്ലാം പ്രകീർത്തിക്ക് വക നൽകി . മഹാബലി യുടെ എഴുന്നള്ളത്ത് ഒരു വേഷം മാത്രമല്ല, മറിച്ച് ഓർമ്മപ്പെടുത്തലാണ്. വ്യത്യസ്തകളിൽ നിന്നും വൈവിധ്യങ്ങളിൽ നിന്നും സന്തോഷം കണ്ടെത്തുന്ന അനശ്വര ഭാവത്തിന്റെ ഓർമ്മപ്പെടുത്തൽ ! ഇതിൽ ഉപരിയായി ഇത്ര വലിയ ഒരു ജന സമൂഹം , ഒരു പൊതുജീവിത തടസ്സവും ഉണ്ടാകാതെ നടത്തുവാൻ തിരഞ്ഞെടുത്ത NTX Arena, എടുത്ത് പറയേണ്ടി ഇരിക്കുന്നു .

ഒരു സംസ്കാരവും അതിന്റെ ഏകത ഭാവത്തിലൂടെയല്ല വളർന്നത് , മറിച്ച് വ്യത്യസ്തതയിലൂടെയാണ് , അവയെ ഉൾക്കൊള്ളുന്ന മനുഷ്യ മനോഭാവത്തിലൂടെയാണ് .
നാം എത്തി നിൽക്കുന്ന ഈ കാലം വളരെ നിർണ്ണായകമാണ് . ഭാവിയുടെ (ആഗോള) മനസാക്ഷി നിർമ്മാണത്തിൽ നമുക്ക് ഒരു വലിയ പങ്കുണ്ട് എന്ന് കരുതുക . ഇന്നലെയിൽ നിന്നും നാം നാളേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നത് എന്താണെന്ന് വളരെ ശ്രദ്ധിക്കണം . അവിടെ മനുഷ്യരാശിയുടെ നന്മക്ക് നാം എന്ത് നൽകുന്നു എന്നത് ഒരു ചെറിയ കാര്യമല്ല . ഉത്സവങ്ങളും ആഘോഷങ്ങളും എന്നും മനുഷ്യരുടെ കൂടിച്ചേരലുകളാണ് . അവിടെ വ്യത്യസ്തതകളെ ഉൾക്കൊള്ളുന്ന മനസ്സുകൾ , അവ നൽകുന്ന സന്ദേശം നാം കാണാതെ പോകരുത് . ആഘോഷങ്ങളും കലകളും എഡിറ്റ് ചെയ്ത് മതങ്ങളും വിശ്വാസങ്ങളും വീതം വെച്ചെടുക്കുന്നത് ഇക്കാലത്തിന്റെ ഒരു വലിയ ശാപമാണ്. എവിടെ നമ്മൾ ഓണം ആഘോഷിക്കുന്നു എന്നതിലല്ല , അതിന്റെ ഉദ്ദേശ ശുദ്ധിയിൽ മായം ചേർക്കപ്പെടുന്നുണ്ടോ എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. അസഹിഷ്ണുത വലിയ സാമൂഹിക വിപത്താണ്. നാം അറിയാതെ അവ തലമുറകളിലേക്ക് വിതക്കുന്നു.ഒരു വലിയ ആഘോഷ കാലം കഴിയുമ്പോൾ ഇവിടെ നടന്ന ഈ ഓണാഘോഷവും അത് നമ്മിലെത്തിക്കുന്ന ഒരുമയുടെ വലിയ സന്ദേശവും നാം ശ്രദ്ധിക്കാതെ പോകരുത്. നാം ഒന്നാണ് -പ്രപഞ്ചം ,പ്രകൃതി , അതിന്റെ ജീവ-അജീവതകൾ, ഇതിൽ ഒരു പൊട്ടുപോലെ നമ്മൾ മലയാളികൾ. അവിടെ മതവികാരങ്ങൾ നമ്മുടെ വിചാരങ്ങളെ കീഴടക്കുമ്പോൾ നിസ്സഹായതയിലേക്ക് നീങ്ങുന്നത് നമ്മുടെ തലമുറയാണ് . എല്ലാവർക്കും ഭാവിയിലേക്ക് നന്മകൾ വിതറുന്ന ഒരു ഓണക്കാലം ആശംസിക്കുന്നു .
ശുഭം
(Hats off to each and every one of you working behind the scenes.It’s almost impossible to mention each of you by name in this short notes, but please know that your hard work ,talents and dedication are truly appreciated by the public.)