Image

ഓണത്തിന്റെ ഒരുമ തുടരട്ടെ! (നിരീക്ഷണം: രാജു മൈലപ്രാ)

Published on 07 September, 2026
ഓണത്തിന്റെ ഒരുമ തുടരട്ടെ! (നിരീക്ഷണം: രാജു മൈലപ്രാ)

ലോകത്തിന്റെ ഏതു കോണിലായാലും, മലയാളികള്‍ ഒരു മനസ്സോടെ, ഒരു കുടക്കീഴില്‍ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന ഒരേയൊരു ഉത്സവമേയുള്ളൂ - ഓണം!

അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങള്‍ മാസങ്ങളോളം നീളുന്നു.

ഒരേ നഗരത്തില്‍ തന്നെ, പല പേരുകളില്‍, പല മലയാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, പലവട്ടം ഓണസദ്യ ഉണ്ണുവാനുള്ള ഭാഗ്യം അമേരിക്കന്‍ മലയാളികള്‍ക്കുണ്ട്.

ചെറിയ പടലപിണക്കങ്ങള്‍ മൂലം വഴിപിരിഞ്ഞവര്‍, മനോഹരമായി അലങ്കരിച്ച ഒരു പൂക്കളം പോല്‍, ഒരേ വേദിയില്‍ ഒരുമിക്കുന്നത് കാണുന്നത് സന്തോഷമുളവാക്കുന്ന ഒരു കാഴ്ചയാണ്.

ഭാരവാഹികള്‍ മാറി വന്നാലും, ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്ന സാധാരണ മലയാളികള്‍ക്ക് ഇതൊന്നും ബാധകമല്ല.

പരമ്പരാഗത ഓണക്കോടികള്‍ അണിഞ്ഞ് അവര്‍ ഒരുമിക്കുന്നു.ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വിവേചനമില്ലാതെ ഒരുമിച്ചിരുന്ന് 'ഒരേ ഇലയില്‍' വിളമ്പുന്ന ഓണസദ്യ അവര്‍ ആസ്വദിക്കുന്നു.

ഓണസദ്യ:

ഓണാഘോഷങ്ങള്‍ കഴിഞ്ഞാലും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത് ഓണസദ്യയുടെ രുചിയാണ്. ലഭ്യത അനുസരിച്ച് ഓണസദ്യ വാഴയിലയില്‍ വിളമ്പുന്നതാണ് അഭികാമ്യം. ഉപ്പേരി, പപ്പടം, എരിശേരി, പുളിശേരി, സാമ്പാര്‍, ഇഞ്ചിക്കറി, രസം- വിഭവങ്ങളുടെ പട്ടിക നീളുന്നു. തുടര്‍ന്ന് ചൂടോടെ വിളമ്പുന്ന ചോറിനൊപ്പം, പരിപ്പും, നെയ്യും അവസാനം അടപ്രഥമനും, ശര്‍ക്കര പായസവും കൂടിയാകുമ്പോള്‍ സദ്യ പ്രമാദം.

വിഭവങ്ങളുടെ എണ്ണത്തിനൊപ്പം ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് സദ്യ സമയബന്ധിതമായും ചൂടോടെയും വിളമ്പുക എന്നത്. മണിക്കൂറുകളോളം കാത്തിരുന്നശേഷം, തണുത്ത ചോറും കറികളും ലഭിക്കുന്നത് സദ്യയുടെ ആസ്വാദ്യത കുറയ്ക്കും.

മഹാബലിയുടെ എഴുന്നള്ളത്ത്:

തന്റെ പ്രജകളെ കാണുവാന്‍ ആണ്ടിലൊരിക്കല്‍ എഴുന്നള്ളുന്ന മാവേലി തമ്പുരാന് ഉചിതമായ ഒരു വരവേല്പ് നല്‍കിയില്ലെങ്കില്‍ എന്ത് ഓണാഘോഷം?

താലപ്പൊലി, മുത്തുക്കുട, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന മഹാബലിയുടെ എഴുന്നള്ളത്ത് . ചെണ്ടയുടെ താളവും, താലപ്പൊലിയുടെ വര്‍ണ്ണാഭമായ കാഴ്ചയും, നമ്മുടെ മനസ്സിനെ മലയാളക്കരയിലേക്ക് ഒരിക്കല്‍ക്കൂടി മടക്കിക്കൊണ്ടുപോകുന്നു.

ആഘോഷങ്ങള്‍ നിയമം അനുവദിച്ചിട്ടുള്ള അതിരുകള്‍ക്കുള്ളില്‍ തന്നെയാവട്ടെ! സമീപവാസികള്‍ക്ക് ഇതൊരു അരോചകമായ അനുഭവം ആകാതിരിക്കട്ടെ!

നിലവിളക്ക്:

ഒരു പരിപാടിയുടെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി ആരംഭിക്കുന്നത് നമ്മുടെ പാരമ്പര്യത്തിന്റെ മനോഹരമായ ഒരു ഭാഗമാണ് - എന്നാല്‍ ഏഴു തിരിയുള്ള ഒരു നിലവിളക്കില്‍ എഴുപത് പേര്‍ തിരിതെളിയിക്കണമെന്ന് വാശിപിടിക്കുന്നതു ശരിയല്ല. ക്ഷണിക്കപ്പെട്ട പ്രധാന അതിഥികളും, സംഘാടകരുടെ പ്രതിനിധികളും ചേര്‍ന്ന് ലളിതവും, ഭംഗിയോടെയും ഈ കര്‍മ്മം നിര്‍വ്വഹിക്കുന്നതല്ലേ കൂടുതല്‍ അഭികാമ്യം.?

ഓണസന്ദേശങ്ങള്‍:

ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ നീണ്ട പ്രസംഗങ്ങള്‍ കേള്‍ക്കുവാനല്ല വരുന്നത്. ഓണത്തിന്റെ ചരിത്രം പറഞ്ഞ് ആവര്‍ത്തന വിരസത ഉണ്ടാക്കരുത്- കുട്ടികള്‍ക്കുവേണ്ടി വേണമെങ്കില്‍ ഒരു ചെറിയ documentary തയ്യാറാക്കാം. (അവരത് ശ്രദ്ധിച്ചില്ലെങ്കില്‍ തന്നെയും).

ഓണത്തിന്റെ സന്തോഷവും, സദ്യയുടെ രുചിയും, കലാപരിപാടികളുടെ ആസ്വാദനവുമാണ് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. അതിനിടെ അരോചകമായ പ്രസംഗങ്ങള്‍ ഒരു കല്ലുകടിയാവരുത്. വേദിയിലെ പ്രാസംഗികരുടെ എണ്ണം പരമാവധി ചുരുക്കണം.

പലരും നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ അമേരിക്കയിലെ 'പഞ്ചായത്ത് തലം മുതല്‍, പാര്‍ലമെന്റിലേക്ക് വരെ' തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഒരു പരേഡായി നമ്മുടെ സമ്മേളനങ്ങള്‍ മാറരുത്. ഇവരുടെ 'over expouse' അരോചകമായി മാറുന്നുണ്ട്. ഇവരില്‍ പലരും ഭാരവാഹികളുമായും ബന്ധപ്പെട്ട് ഒരു ' self invitation' നടത്താറുണ്ടെന്ന് അറിയുവാന്‍ കഴിഞ്ഞു. ഇവരോട് എനിക്ക് വിനീതമായ ഒരു അഭ്യര്‍ത്ഥനയുണ്ട്. അമേരിക്കയില്‍ ഓണം ഒരു ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ദയവായി ഒരു ബില്ലും നിയമനിര്‍മാണ സഭകളില്‍ അവതരിപ്പിക്കരുത്. ഇപ്പോള്‍ തന്നെ ഈ അവധിക്കാര്യത്തില്‍ ആവശ്യത്തിലേറെ തലവേദന നമ്മുടെ പ്രതിനിധികള്‍ നല്‍കുന്നുണ്ട്.

നുഴഞ്ഞുകയറ്റക്കാര്‍:

ഒരു ഓണാഘോഷം സംഘടിപ്പിക്കുന്നതില്‍ വലിയ സാമ്പത്തിക ചിലവുണ്ട്. ഓഡിറ്റോറിയം വാടക, ഭക്ഷണം, രംഗ സംവിധാനം തുടങ്ങി നിരവധി ഇനങ്ങള്‍- 
സംഘാടകര്‍ നിശ്ചയിച്ചിരിക്കുന്ന മിതമായ പ്രവേശന ഫീസ് നല്‍കാതെ, അവരുടെ കണ്ണുവെട്ടിച്ച്, അകത്തു കടക്കുന്ന 'നുഴഞ്ഞുകയറ്റക്കാര്‍' ഇക്കാലത്തും ധാരാളമുണ്ടെന്ന് പല ഭാരവാഹികളും വെളിപ്പെടുത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍, സാമ്പത്തിക സഹായഹസ്തം നീട്ടുന്ന സ്‌പോണ്‍സര്‍മാരെ അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യേണ്ടത് ന്യായമായ ഒരു കടമയാണ്. ആദരവ് അതിരുകടന്ന്, പരിപാടിയുടെ സമയക്രമത്തിന്റെ താളം തെറ്റാതിരിക്കുവാന്‍ സംഘാടകര്‍ ശ്രദ്ധിക്കുക.

ശുചിമുറി ഉപയോഗം:

വലിയ ജനപങ്കാളിത്തമുള്ള പരിപാടികളില്‍ ശുചിമുറി സൗകര്യങ്ങള്‍ പലപ്പോഴും പരിമിതമായിരിക്കും. മറ്റുള്ളവരെക്കൂടി പരിഗണിച്ച് ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കണം. ഫോണിലെ മെസേജ് നോക്കുന്നതും, ഫേസ്ബുക്കില്‍ കണ്ണോടിക്കുന്നതും വീട്ടില്‍ ചെന്നിട്ടുപോരെ? ചുരുക്കത്തില്‍ നമുക്കും പിന്നാലെ വരുന്നയാള്‍ക്കും ഇതേ സൗകര്യം ഉപയോഗിക്കാനുണ്ട് എന്ന ബോധത്തോടെ, നമ്മുടെ 'AIR INDIA TOILET' സംസ്‌കാരം ഉപേക്ഷിക്കണം.

ഒരു ചെറിയ കരുതല്‍:

ആഘോഷപരിപാടികള്‍ പലപ്പോഴും മണിക്കൂറുകളോളം നീണ്ടുനില്‍ക്കും. കുട്ടികളും, മുതിര്‍ന്നവരും, ദൂരത്തുനിന്നുള്ള കുടുംബങ്ങളും ഇതില്‍ പങ്കെടുക്കൂമ്പോള്‍ ലഘുഭക്ഷണവും, കുടിവെള്ളവും (കാന്‍ഡി, സോഡാ, കോഫി) ലഭ്യമാക്കേണ്ടത്. പ്രധാനമാണ്. ഇതിനായി outside vendors-ന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

പാര്‍ക്കിംഗ്:

പാര്‍ക്കിംഗ് കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ ശ്ര്ദ്ധ പുലര്‍ത്തേണ്ടതുണ്ട്. ചിലപ്പോള്‍, സൗകര്യപ്രദമായ ഒരു സ്ഥലം കണ്ടാല്‍, മറ്റൊരു വാഹനത്തിന് പുറത്തേക്കു പോകുവാന്‍ തടസ്സം ആകുമെന്ന് ചിന്തിക്കാതെ വാഹനം പാര്‍്ക്ക് ചെയ്യുന്ന ഒരു പ്രവണത കാണാറുണ്ട്.

ഏതു സമയത്തും അടിയന്തര സാഹചര്യം ഉണ്ടാകാം. മറ്റു പൊതു ഇടങ്ങളില്‍ പാര്‍്ക്കിംഗ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്ന മലയാളികള്‍, അവര്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ ഈ നിര്‍ദേശം കൃ്ത്യമായി പാലിക്കാറില്ല.

'കുറച്ചു നേരത്തേക്കല്ലേ!' എന്ന നമ്മുടെ മനോഭാവം, മറ്റുള്ളവര്‍ക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. നമ്മുടെ അശ്രദ്ധ മറ്റുള്ളവരുടെ ദുരിതത്തിന് കാരണം ആവാതിരിക്കട്ടെ!

അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഓണാഘോഷങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റേയും, പാരമ്പര്യത്തിന്റേയും അഭിമാനകരമായ പ്രതീകങ്ങളാണ്. എന്നാല്‍ പാരമ്പര്യം സംരക്ഷിക്കുന്നതിനൊപ്പം, കാലത്തിനും, സാഹചര്യത്തിനും അനുയോജ്യമായ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ നമ്മള്‍ തയാറാകണം.

ഈവര്‍ഷം ഇതിനോടകം അഞ്ച് ഓണസദ്യ ആസ്വദിച്ചു കഴിഞ്ഞു. എല്ലാം ഒന്നിനൊന്ന് മെച്ചം! ചെറുതും വലുതുമായ എല്ലാ ആഘോഷങ്ങളുടേയും സംഘാടകര്‍ക്ക് നന്ദി. അവരുടെ ആത്മാര്‍ത്ഥതയ്ക്കും, അര്‍പ്പണ ബോധത്തിനും. കഠിന പ്രയത്‌നത്തിനും ഒരു ബിഗ് സല്യൂട്ട്!

നമ്മുടെ മനസ്സില്‍, കുടുംബങ്ങളില്‍, സമൂഹത്തില്‍ എന്നുമെന്നും ഓണത്തിന്റെ നന്മകളുടെ വര്‍ണ്ണ പ്രപഞ്ചം പ്രകാശം പരത്തട്ടെ!

ഒരുമയോടുള്ള ആഘോഷങ്ങള്‍ തുടരാം!
ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും ഓണാശംസകള്‍!!

 

Join WhatsApp News
K.G.N. Nair, NY 2026-09-07 17:24:23
കാര്യമാത്ര പ്രസക്തമായ ഒരു ലേഖനം. വസ്തുനിഷ്ഠമായ നല്ല നിരീക്ഷണം. .. നല്ല ചില നിർദ്ദേശങ്ങൾ. നിർദോഷമായ ചില ഒളിയമ്പുകൾ. അതിരുവിടാത്ത പരിഹാസം. അനുഭവ സമ്പത്തുള്ള ശ്രീ മൈലപ്രയിൽ നിന്നും ഇത്തരം ക്രിയാത്‌മകമായ ലേഖങ്ങൾ ഇനിയും പ്രതീഷിക്കുന്നു.
Jacob Joseph, TX 2026-09-07 19:47:29
ചില അമേരിക്കൻ സംസ്ഥാനങ്ങളിൽ ദീപാവലി ഒരു അവധിദിനമായി അംഗീകരിച്ചിടുണ്ട്. Since Onam is a harvest festival like Thanksgiving, there is nothing wrong with convincing the lawmakers to make it as a legal holiday. You will never know until you try it. It is more prestigious than just a Proclamation. Imagine, all Malayalees here observing Onam the same day. No need to discourage the elected officials from trying to achieve this goal.
Varughese Abraham Denver 2026-09-08 02:13:29
Raju, who is that chotta guy on far right... nalla mugha parichayam...!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക