Image

ചിറയിന്‍കീഴില്‍ 'രമ്യ'തയില്ല: കോണ്‍ഗ്രസില്‍ പുതിയ 'ജനാധിപത്യ വ്യായാമം' (എ.എസ് ശ്രീകുമാര്‍)

Published on 07 September, 2026
ചിറയിന്‍കീഴില്‍ 'രമ്യ'തയില്ല: കോണ്‍ഗ്രസില്‍ പുതിയ 'ജനാധിപത്യ വ്യായാമം' (എ.എസ് ശ്രീകുമാര്‍)

കോണ്‍ഗ്രസില്‍ ജനാധിപത്യം ശക്തമാണെന്ന് പറയാറുണ്ട്. പക്ഷേ ചിറയിന്‍കീഴില്‍ ആ ജനാധിപത്യം ഇത്തവണ കുറച്ചുകൂടി 'ശാരീരിക ക്ഷമത'യാണ് തെളിയിച്ചിരിക്കുന്നത്. വാക്കേറ്റത്തില്‍ തുടങ്ങി കയ്യാങ്കളിയിലെത്തി, ആശുപത്രിയില്‍ അവസാനിച്ച് പൊലീസ് കേസിലേക്കും പാര്‍ട്ടി അന്വേഷണത്തിലേക്കും നീണ്ട സംഭവപരമ്പര ഇപ്പോള്‍ പുതിയൊരു രാഷ്ട്രീയ നാടകത്തിന്റെ തിരക്കഥയായി മാറിയിരിക്കുന്നു.

കഥയിലെ പ്രധാന കഥാപാത്രം ചിറയിന്‍കീഴ് എം.എല്‍.എ രമ്യ ഹരിദാസ്. എതിര്‍ കഥാപാത്രങ്ങളായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. പശ്ചാത്തലം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്. ഉപകഥയായി ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ എം.എല്‍.എയുടെ അടുത്തയാളായ പാളയം പ്രദീപിന്റെ ഇടപെടല്‍. ക്ലൈമാക്സില്‍ സജാദിന്റെ വീട്. അവിടെ നിന്ന് പുറത്തുവന്ന വീഡിയോയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര ജനാധിപത്യത്തിന്റെ 'ട്രെയിലര്‍'.

വീഡിയോയില്‍ എം.എല്‍.എയുടെ ശബ്ദം കേള്‍ക്കാം''എന്റെ കൈ വിടടാ...'' മറുവശത്ത് നിന്ന് ''നീയാരാടാ..?'' എന്ന ചോദ്യം. സംഭവത്തിന് ശേഷം ഇരുപക്ഷത്തിനും അവരവരുടെ കഥയുണ്ട്. എം.എല്‍.എ പറയുന്നത് തങ്ങളെ പ്രാദേശിക നേതാക്കള്‍ ആക്രമിച്ചുവെന്നാണ്. മറുവശം പറയുന്നത് ആദ്യം പ്രകോപനം ഉണ്ടായത് എം.എല്‍.എയുടെ ഭാഗത്തുനിന്നാണെന്നാണ്. അതായത്, കോണ്‍ഗ്രസിന്റെ പതിവ് പോലെ ഇവിടെ ആരാണ് അടിച്ചത് എന്നതിനെക്കാള്‍ ആരാണ് ആദ്യം അടിച്ചത് എന്നതാണ് പ്രധാന രാഷ്ട്രീയ ചോദ്യം.

സംഘര്‍ഷത്തിന്റെ വേരുകള്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലേക്കാണ് പോകുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടും മൂന്നും പാനലുകളായി പിരിഞ്ഞു. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ആരും തയ്യാറായില്ല. അതോടെ എം.എല്‍.എ ഒരു വിഭാഗത്തിനൊപ്പം നില്‍ക്കാന്‍ വിസമ്മതിച്ചു. പക്ഷേ കോണ്‍ഗ്രസില്‍ വിഭാഗീയതയ്ക്ക് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് തന്നെ ചിലപ്പോള്‍ പുതിയൊരു വിഭാഗീയതയ്ക്ക് കാരണമാകുമെന്നതാണ് രാഷ്ട്രീയത്തിന്റെ തമാശ. വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റുകള്‍. ഫേസ്ബുക്കില്‍ ആരോപണങ്ങള്‍. മറുപടി പ്രസ്താവനകള്‍. ഒടുവില്‍ സോഷ്യല്‍ മീഡിയയിലെ 'കമന്റ് ബോക്‌സ് രാഷ്ട്രീയം' വീട്ടുമുറ്റത്തെത്തുകയായിരുന്നു.

സജാദ് വീട്ടിലേക്ക് വിളിച്ചു. ക്ഷമ പറഞ്ഞ ശേഷമാണ് വിളിച്ചതെന്നാണ് എം.എല്‍.എയുടെ വിശദീകരണം. പാര്‍ട്ടി പ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ പോകാതിരിക്കാനാകില്ലല്ലോ. അങ്ങനെ രാഷ്ട്രീയ മര്യാദ പാലിച്ച് വീട്ടിലെത്തിയപ്പോള്‍ അവിടെ ആളുകള്‍ കൂടി. പിന്നെ സംസാരവും ചൂടുപിടിച്ചു. രാഷ്ട്രീയത്തിലെ 'ചര്‍ച്ച' എപ്പോഴാണ് 'ചര്‍ച്ചിയില്‍' നിന്ന് 'ഗുസ്തിയിലേയ്ക്ക്'യിലേക്ക് മാറിയതെന്ന് ആരും ശ്രദ്ധിച്ചില്ല. വീട്ടിലെത്തിയപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് രമ്യയുടെ ആരോപണം. ''വന്നപോലെ തിരിച്ചുപോകാന്‍ കാല് ഉണ്ടാകില്ല...'' എന്ന തരത്തിലുള്ള വാക്കുകള്‍ പറഞ്ഞുവെന്നും അവര്‍ പറയുന്നു.

സംഭവത്തിന് ശേഷം ഇരുകൂട്ടരും ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലുമെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ ഔദ്യോഗികമായി. എം.എല്‍.എയുടെ പരാതിയില്‍ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്.സി-എസ്.ടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയതോടെ ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് തര്‍ക്കം ഇനി പാര്‍ട്ടി ഓഫീസിലെ ചര്‍ച്ച മാത്രമല്ല, നിയമപുസ്തകത്തിലേക്കും കടന്നിരിക്കുകയാണ്.

കഥയിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് പാളയം പ്രദീപ്. ചിറയിന്‍കീഴിലെ സംഭവത്തില്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കണ്ടെത്തി പ്രദീപിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ രാഷ്ട്രീയത്തിലെ ചില കഥാപാത്രങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ എന്നത് അവസാനമല്ല; അത് ചിലപ്പോള്‍ പുതിയ നിയമനത്തിന്റെ തുടക്കവുമാകാം. സസ്‌പെന്‍ഡ് ചെയ്ത പ്രദീപിനെ തന്റെ അഡീഷണല്‍ പി.എ ആയി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭ സെക്രട്ടറിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത അതുകൊണ്ടുതന്നെ ശ്രദ്ധേയമായി. അതും 2026 മേയ് 21 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ..! എപ്പടി.

അതിനര്‍ത്ഥം, ഒരാള്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടാലും എം.എല്‍.എയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ 'സേവനം' തുടര്‍ന്നേക്കാം. ഇതിനിടെയാണ് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്റെ ചോദ്യംചെയ്യല്‍. രമ്യ ഹരിദാസ് ഡല്‍ഹിയിലാണെന്നാണ് പാര്‍ട്ടിയെ അറിയിച്ചതെന്നും അതിനാല്‍ ഫോണിലൂടെയാണ് മൊഴിയെടുത്തതെന്നും അന്വേഷണ സമിതി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞിരുന്നു. പക്ഷേ രാഷ്ട്രീയത്തില്‍ ഏറ്റവും അപകടകാരിയായ വസ്തു ചിലപ്പോള്‍ സാക്ഷിയല്ല, ക്യാമറയാണ്. രമ്യ പാലക്കാട് ഉണ്ടായിരുന്നു എന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അതോടെ ഡല്‍ഹി എവിടെ, പാലക്കാട് എവിടെ എന്ന ചോദ്യം ഉയര്‍ന്നു.

ഇതിനിടെ രമ്യ കെ.സി വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്തുവന്നു. പിന്നീട് രമ്യയുടെ വിശദീകരണം വന്നു. ''ഡല്‍ഹിയിലേക്ക് ടിക്കറ്റ് എടുത്തിരുന്നു. ശാരീരിക ബുദ്ധിമുട്ട് കാരണം പോയില്ല. പാലക്കാട് എത്തിയത് ഡി.സി.സി അധ്യക്ഷന്‍ എ തങ്കപ്പന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനാണ്...'' അങ്ങനെ ഒരു പുതിയ രാഷ്ട്രീയ യാത്രാവിവരണം പിറന്നു .ടിക്കറ്റ് ഡല്‍ഹിയിലേക്ക്, യാത്ര പാലക്കാട്ടേക്ക്, മൊഴി ഫോണിലൂടെ, കൂടിക്കാഴ്ച കെ.സിയുമായി..!

കോണ്‍ഗ്രസിന് നാണക്കേട് ഉണ്ടായത് കയ്യാങ്കളി കൊണ്ടാണോ, അതോ കയ്യാങ്കളിയുടെ വീഡിയോ പുറത്തുവന്നതുകൊണ്ടാണോ..? എന്ന് പലരും പരതുന്നുണ്ട്. ചില നേതാക്കള്‍ക്ക് രമ്യയ്‌ക്കെതിരെ നടപടി വേണം. മറ്റുചിലര്‍ അവരെ സംരക്ഷിക്കുന്നുവെന്ന വിമര്‍ശനം ഉയരുന്നു. ഒരുവിഭാഗം പറയുന്നു എം.എല്‍.എ പക്വതയില്ലാതെ പെരുമാറി. മറ്റൊരു വിഭാഗം പറയുന്നു പ്രാദേശിക നേതാക്കളാണ് അതിരുവിട്ടത് എന്ന്. അങ്ങനെ ചിറയിന്‍കീഴിലെ വീട്ടില്‍ നടന്ന ചെറിയൊരു തര്‍ക്കം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വലിയൊരു സംഘടനാ ചൊറിച്ചിലായി മാറിയിരിക്കുന്നു.
 

Join WhatsApp News
Josecheripuram 2026-09-08 02:06:58
കോൺഗ്രസിന്റെ ഒരു ഗതികേട് നോക്കണേ, എതിർ പാർട്ടിയുടെ അടി കൊള്ളണം, സ്വന്തം പാർട്ടിക്കാരുടെ അടിയും കൊള്ളണം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക