Image

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ ടീമില്‍ അഞ്ച് ഒളിംപിക് മെഡല്‍ ജേതാക്കള്‍ (സനില്‍ പി. തോമസ്)

Published on 07 September, 2026
ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ ടീമില്‍ അഞ്ച് ഒളിംപിക് മെഡല്‍  ജേതാക്കള്‍ (സനില്‍ പി. തോമസ്)

ജപ്പാനിലെ ഐച്ചി -നഗോയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഒളിംപിക്‌സ് വ്യക്തിഗത മെഡല്‍ നേടിയ അഞ്ചുപേരുണ്ട്. പി.വി. സിന്ധു(ബാഡ്മിന്റന്‍), മനു ഭാക്കര്‍(ഷൂട്ടിങ്ങ്), ലൗലീന ബൊര്‍ഗോഹെയ്ന്‍(ബോക്‌സിങ്), മീരാബായ് ചാനു (ദാരോദ്വഹനം), അമന്‍ ശെരാവത്(ഗുസ്തി), ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണ്ണവും പാരിസില്‍ വെള്ളിയും നേടിയ ജാവലിന്‍ താരം നീരജ് ചോപ്ര കാലിലെ പരുക്കുമൂലം പിന്‍വാങ്ങിയത് ഇന്ത്യക്കു തിരിച്ചടിയായി. നിലവിലെ ചാമ്പ്യന്‍ കൂടിയാണ് നീരജ് ചോപ്ര.

പുരുഷ ഹോക്കിയില്‍ കഴിഞ്ഞ രണ്ട് ഒളിംപിക്‌സിലും വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ കളിച്ച ഒട്ടേറെ പേരുണ്ട് ഏഷ്യന്‍ ഗെയിംസ് ടീമില്‍. കഴിഞ്ഞ രണ്ട് ഒളിംപിക്‌സിലും ഗോള്‍ കീപ്പര്‍ ആയിരുന്ന മലയാളിതാരം പി.ആര്‍.ശ്രീജേഷ് വിരമിച്ചുകഴിഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയാല്‍ ഹോക്കി ടീമുകള്‍ക്ക് 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ നേരിട്ട് യോഗ്യത ലഭിക്കും. ഇക്കഴിഞ്ഞ ലോകകപ്പിലെ പ്രകടനം കണക്കിലെടുത്താല്‍ വനിതാ ടീമിനാണു കൂടുതല്‍ സാധ്യത. വനിതകള്‍ അഞ്ചാം സ്ഥാനം നേടി. പുരുഷന്‍മാര്‍ ആകട്ടെ എട്ടാമതായിരുന്നു. 2023 ലെ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയത് ഇന്ത്യയായിരുന്നു.
സ്‌ക്വാഷിലും ഒളിംപിക് ക്വോട്ടാ സാധ്യതയുണ്ട്. 2028 ല്‍ ആണ് സ്‌ക്വാഷ് ആദ്യമായി ഒളിംപിക് ഇനമാകുന്നത്. സിംഗിള്‍സില്‍ മാത്രമായിരിക്കും ഒളിംപിക് ക്വോട്ട ഉള്‍പ്പെടുക.
ശ്രേയസ് അയ്യര്‍ നയിക്കുന്ന പുരുഷ ക്രിക്കറ്റ് ടീമില്‍ മലയാളി താരം സഞ്ജു സാംസന്‍ ഉണ്ട്. കൗമാര താരം വൈഭവ് സൂര്യവംശിയായിരിക്കും ശ്രദ്ധിക്കപ്പെടുക. ഹാങ്‌ചോയില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളിതാരം മിന്നുമണി കളിച്ചിരുന്നു. ഇത്തവണ വനിതാടീമില്‍ മലയാളി സാന്നിധ്യമില്ല.

ഫുട്‌ബോളില്‍ ഇന്ത്യ ടീമിനെ അയയ്ക്കുന്നില്ല. വോളിബോളില്‍ പുരുഷ ടീമിനെ മാത്രമാണ് ഇറക്കുന്നത്. അത്‌ലറ്റിക് ടീമിലാണ് ഏറ്റവും അധികം മലയാളികള്‍ ഉള്ളത്. 11 പേര്‍. ബാഡ്മിഡനില്‍ എച്ച്.എസ്. പ്രണോയ് യും എം.ആര്‍.അര്‍ജുനനും ട്രീസാ ജോളിയും മത്സരിക്കും. കനൂയിങ്, കയാക്കിങ്, സര്‍ഫിങ്, റോവിങ് എന്നീ ഇനങ്ങളിലൊക്കെ മലയാളി പ്രാതിനിധ്യമുണ്ട്. നീന്തലില്‍ സാജന്‍ പ്രകാശ് മത്സരിക്കും. വോളിബോള്‍ ടീമില്‍ നാലു കേരള താരങ്ങളുണ്ട്. തമിഴ്‌നാടിന്റെ ജെറോം വിനീത് കേരള ടീമിനാണു കളിച്ചു വരുന്നത്.

ഇ.സ്‌പോര്‍ട്‌സില്‍ ഒരു കേരള താരമുണ്ട്;  അക്ഷയ് ഷേണായി, പുരുഷ, വനിതാ ഹോക്കി, കബഡി, വനിതാ ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളിലൊക്കെ മലയാളി സാന്നിധ്യമില്ല എന്നതു ശ്രദ്ധേയമാണ്. ബാഡ്മിന്റനില്‍ പ്രണോയ്, അര്‍ജുന്‍, നീന്തലില്‍ സാജന്‍ പ്രകാശ് എന്നിവര്‍ക്കൊക്കെ പിന്‍ഗാമികള്‍ ഇല്ല എന്നും ഓര്‍ക്കണം. ഇന്ത്യന്‍ ടീമില്‍ മത്സരിക്കുന്ന മലയാളി താരങ്ങളില്‍ ഭൂരിപക്ഷവും സംസ്ഥാനത്തിന്റെ പിന്തുണയില്‍ വളര്‍ന്നവരല്ല, അതുപോലെ പലരും ജോലി നോക്കുന്നത് കേന്ദ്ര സര്‍വീസിലാണ്. പരിശീലനവും കോര്‍പ്പറേറ്റ് പിന്‍ബല്തതിലും സായ് യുടെ  തണലിലും ആണ്.
സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാലു വരെയാണ് ഏഷ്യന്‍ ഗെയിംസ്. 43 സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ മത്സരമു ണ്ട്  . 45 രാജ്യങ്ങള്‍ പങ്കെടുക്കുന്നു. ഇന്ത്യ ഏതാണ്ട് മൂന്നു ഡസന്‍ ഇനങ്ങളില്‍ മത്സരിക്കും. 503 അത്‌ലറ്റുകളും 265 ഒഫീഷ്യലുകളും ഉള്‍പ്പെടെ 768 അംഗസംഘത്തെ ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും ഏതാനും പേരുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഒഫീഷ്യല്‍ ലിസ്റ്റില്‍ 16 മലയാളികള്‍ ഉണ്ട്. ഏതാനും താരങ്ങള്‍ ഉത്തേക പരിശോധനയില്‍ പരാജയപ്പെട്ടതാണ് ലിസ്റ്റ് പരിഷ്‌ക്കരിക്കാന്‍ കാരണം. അവസാന ചിത്രം ഇനിയും വ്യക്തമല്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക