Image

നിശ്ശബ്ദ ദൂരങ്ങൾ (കവിതകൾ) ബിന്ദു ടിജി (പുസ്തക പരിചയം - 35: തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)

Published on 07 September, 2026
 നിശ്ശബ്ദ ദൂരങ്ങൾ (കവിതകൾ) ബിന്ദു ടിജി  (പുസ്തക പരിചയം - 35:  തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)

വാക്കുകളുടെ ഭാരമില്ലാത്ത നനവ് അനുഭവിപ്പിക്കാൻ കഴിയുന്ന കവിതയാണ് ഏറ്റവും ഉത്തമമായ കവിതയെന്നു പറയാം. അത്രയും മൃദുവാകണം, അത്രയും മൗനമാകണം, അത്രയും നിർമ്മലമാകണം കവിതയെന്ന് ഈ കവിയും കരുതുന്നു. ഈ കവിതകളിലൂടെ  മലയാളത്തിലെ പുതുകവിതകളുടെ നിരയിൽ അനിഷേധ്യമായ സ്ഥാനമുറപ്പിക്കാൻ ബിന്ദു ടിജിയെ പ്രാപ്തയാക്കിയിരിക്കുന്നു.
കവിത എനിക്ക് വേനൽമഴയാണ് ; എന്നെ, എൻ്റെ ജീവിതത്തെ, എൻ്റെ കാഴ്ചകളെ നിത്യം ശുദ്ധി ചെയ്ത് സുന്ദരമാക്കുന്ന നീർധാരയാണ് കവിത എന്നു പറഞ്ഞാണ് ബിന്ദു ടിജി കവിതയിലേക്ക് പ്രവേശിക്കുന്നത്. കവിത ഒരു നീറ്റലായിരുന്നു ഒപ്പം ഔഷധവും. ഏകാന്തമായ ബാല്യ, കൗമാര, യൗവ്വന കാലഘട്ടങ്ങൾ അഗ്നി പരീക്ഷകളുടെ നടുവിൽ സ്വാന്തനമേകിയ അക്ഷര സഖികളായിരുന്നു.
കവിതയ്ക്ക് ഒരർത്ഥമല്ല ഉള്ളതെന്നും, ഒരർത്ഥമേ ഉള്ളുവെങ്കിൽ അത് കവിതയല്ലെന്നും റോബർട്ട് ഗ്രേവ്സ് പറഞ്ഞിട്ടുണ്ട്.  ഒരർത്ഥമേയുള്ളുവെങ്കിൽ അത് കവിതയല്ല, ചിത്രമാണെന്ന് നമ്മുടെ ആചാര്യന്മാരിൽ ഒരാളായ ആനന്ദവർദ്ധനനും പറഞ്ഞിട്ടുണ്ട്.

'കവിതകളെ ഞാനിപ്പോൾ
കൂട്ടിലിട്ടു സൂക്ഷിക്കലാണ് പതിവ്
തുറന്നു വിട്ടാൽ ലോകം മുഴുവൻ പറന്നു നടക്കും.
സോഷ്യൽ ഡിസ്റ്റ്ൻസ് പാലിക്കാതെ
കൂട്ട് കൂടും, സകലരോടും
ഫേസ് ഷീൽഡ് ധരിക്കാതെ തുറിച്ചു നോക്കും
സകല വൈറസുകളെയും നേരിടാൻ നേരിട്ടിറങ്ങും'

ഈ ആകുലതകളുടെ കാലത്തെ വക്ക് പൊട്ടാത്ത രൂപകങ്ങൾ കൊണ്ടാണ് 'വളർത്തു കവിത' അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതു പോലെ കാലത്തിൻ്റെ മുഴക്കം കേൾപ്പിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. 

എനിക്കും എൻ്റെ കവിതകൾക്കും ചുറ്റും അരങ്ങേറുന്ന അനീതികളെ കണ്ടില്ലെന്നു നടിക്കാനാവില്ല എന്ന് കവി വ്യക്തമാക്കുന്നു. 

'ഞാനൊരു കവിത തിരയുന്നുണ്ട്
കവിളിൽ അടിമത്തത്തിൻ്റെ മറുകില്ലാത്ത
നെഞ്ചിൽ തിരസ്കാരത്തിൻ്റെ തീയില്ലാത്ത
വീടുവിട്ടിറങ്ങുമ്പോൾ
ഭയത്തിൻ്റെ മുത്തുകൾ കോർത്ത മാലയണിയാത്ത
നിറംകൊണ്ട് നിർവ്വചിക്കാനാവാത്ത
ഹൃദയമിടിപ്പുള്ള കവിത
അതിൽ നിൻ്റെ ആത്മാവ്
കരുത്തിൻ്റെ വാളേന്തി
ചിരിച്ചു നിൽക്കും.'

എന്ന് 'മായാത്ത കറുപ്പ് എന്ന കവിതയിൽ കാണാം. ജോർജ്ജ് ഫ്ളോയിഡ് എന്ന കറുത്തവംശജനെ 2020 ൽ അമേരിക്കയിലെ മിനിയാപോലീസിൽ വച്ച് ഒരു പോലീസ് ഉദ്യോഗസ്ഥർ കാൽമുട്ടിൽ ഞെരിച്ചു കൊലപ്പെടുത്തിയ ദാരുണമായ സംഭവത്തിൻ്റെ കടുത്ത പ്രതിഷേധം കവിതയിലൂടെ  രേഖപ്പെടുത്തുന്നു. 

'ഞങ്ങൾ പഠിക്കുന്നത് 
മരുഭൂമികൾ സൃഷ്ടിക്കാനാണ്..., 
അക്ഷരങ്ങളിൽ നിന്ന് സ്വപ്നങ്ങളെ 
അടർത്തി മാറ്റി 
രചിച്ചതാണി മരുഭൂമിയുടെ 
മണമുള്ള വരികൾ' 

എന്ന് 'രാസമാറ്റം' എന്ന കവിത വരച്ചു കാട്ടുന്നു. തീരവും ജലവും ഈർപ്പവും ആർദ്രതയും മരുഭൂമിയും വരൾച്ചയും ചൂടും വേവും മരുപ്പച്ചയുമൊക്കെയായി ഈ കവിതകളിൽ കടലും മരുഭൂമിയും മുഖാമുഖം നിൽക്കുന്നു. കടലും മരുഭൂമിയും കവിതയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. 

'എന്നിൽ ഉമിക്കനലായി എരിയുന്ന നീ
ശ്വാശ്വത ദീപ്തിയാണെന്നറിയവേ
അത് ഞാൻ ഊതി പെരുപ്പിക്കയാണ്.
എന്തിനിങ്ങനെ
ഒരാളോട് മാത്രം ഇത്രമേൽ കൂറ്
ഒച്ചയനക്കങ്ങൾ ഇല്ലാതെ
ഒളിച്ചും പാത്തും
എത്തുമെന്നോർക്കുവതെന്തിന് '

എന്ന് 'നീയും ഞാനും' എന്ന കവിതയിൽ കാണുന്നു. ഇത്രയ്‌ക്ക് തീവ്രമായ അനുഭവമായി കാവ്യഭാഷയെ മാറ്റുവാൻ നല്ല കവികൾക്കേ കഴിയൂ. വൈയക്തികമായ അനുഭവങ്ങളെ കവിതയുടെ നനവുള്ള മണ്ണിൽ ചാലിച്ചെടുത്ത് ഗാഡമായ - മൃദുലതയുടെ ആന്തരികസത്തയുള്ള ശില്പം മെനഞ്ഞെടുത്തിരിക്കുന്നു.
ബിന്ദു ടിജി ഈ കവിതകളിലൂടെ കാലത്തെയും, സ്ത്രീയേയും, പ്രണയത്തെയും, പ്രവാസത്തെയും ജീവിതത്തെയും തന്നെ ചെറിയ മീറ്ററുകളിൽ പണിതുവെയ്‌ക്കുമ്പോൾ അത് കവിതയുടെ രാസ-ജൈവ മാറ്റങ്ങൾക്കുള്ള വഴിമരുന്നിടലായി മാറുന്നു. 

ഒരു രാസമാറ്റത്തെയും കലികൊണ്ടു പിഴുതെടുക്കാനാവില്ല, പകൽ വെളിച്ചം മോന്തി മോന്തി കിറുക്കു പിടിക്കുന്ന ഒരു കവി സ്വയം മാറ്റങ്ങൾക്കു വിധേയമാകുന്നത് കാവ്യനിർമ്മാണത്തിൻ്റെ രഹസ്യ അറകളിൽ വെച്ചാണ്. കവിതയിലെ ഈ രാസമാറ്റത്തെ അഥവാ അതിൻ്റെ പൂർണ്ണാർത്ഥത്തിൽ ഈ ജൈവമാറ്റത്തെ പരിഭാഷപ്പെടുത്താനായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്.
ഈ കവിതകളിൽ വായനക്കാർക്ക് അത്ര പരിചിതമല്ലാത്ത ഒരു സൗന്ദര്യാന്വേഷണമുണ്ട്. എല്ലാ പ്രതികൂലങ്ങളെയും അതിജീവിച്ച്, ആരും സംരക്ഷിച്ചില്ലെങ്കിലും മുളച്ചുപൊന്തുന്ന വാക്കിൻ്റെ വേരുകളുടെ അതിജീവന ബലതന്ത്രം ബിന്ദുവിൻ്റെ കവിതകളെ ഒറ്റയ്ക്ക് നിൽക്കാൻ പ്രാപ്തിയുള്ളതാക്കിത്തീർക്കുന്നു, എന്ന് അവതാരികയിൽ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞിരിക്കുന്നു.
ബിന്ദുവിനു കാലം ഒരു സൂക്ഷ്മമാപിനിയാണ്. അതുകൊണ്ടാണ് നാം ജീവിക്കുന്ന കാലത്തെ കവിതയിൽ കൊണ്ട് പൂട്ടിയിടാൻ കഴിയുന്നത്. നാം ജീവിക്കുന്ന കാലം പെട്ടെന്ന് കനക്കുമ്പോൾ, വർത്തമാന സാമൂഹ്യ യാഥാർത്ഥ്യം കാഴ്ച വെയ്ക്കുന്ന ബീഭത്സ ദൃശ്യങ്ങൾക്ക് മുൻപിൽ തെല്ലിട പകച്ചു നിൽക്കുന്ന ഒരു കവിയെ ഈ കവിതകളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം. പദങ്ങളുടെ കാന്തസൂചി കവിതയിൽ കൊണ്ട് പ്രതിഷ്ഠിക്കുക വഴി വായനക്കാരെ എല്ലാ ആസ്വാദനസ്ഥലത്തു നിന്നും തിരികെ വിളിക്കാൻ ബിന്ദുവിനാകുന്നു എന്ന് കവിതാപഠനത്തിൽ സുനിൽ സി. ഇ അഭിപ്രായപ്പെട്ടിരിക്കുന്നു.
 ആലങ്കോട് ലീലാകൃഷ്ണൻ 'അനേകം അർത്ഥങ്ങളുള്ള വരികൾ' എന്ന പേരിൽ അവതാരിക എഴുതിയിരിക്കുക്കുന്നു. സുനിൽ സി. ഇ എന്ന സുനിലച്ചൻ്റെ 'കവിതയിലെ കാല മുഴക്കങ്ങൾ' എന്ന കവിതാപഠനവും അനുബന്ധമായി ചേർത്തിട്ടുണ്ട്. ഈ പുസ്തകത്തിൽ 60 കവിതകളാണുള്ളത്. കോഴിക്കോട് ജില്ലയിലുള്ള പുസ്തക പ്രസാധക സംഘമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 96 പേജുകളുള്ള ഈ സമാഹാരത്തിൻ്റെ വില 120 രൂപയാണ്. 


ബിന്ദു ടിജി (ബിയാട്രിസ് ബിന്ദു)

തൃശൂർ ജില്ലയിലെ ചിറക്കൽ കുറുമ്പിലാവിൽ ജനനം. സാഹിത്യകാരൻ ലാസർ മണലൂർ, അച്ചായി ടീച്ചർ എന്നിവരാണ് മാതാപിതാക്കൾ. തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബി. ടെക് & എം. ടെക് നേടി. കെ എസ് ഇ ബി യിൽ അസിറ്റ്ൻ്റ് എഞ്ചിനീയറായും എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപികയായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കാലിഫോർണിയയിൽ ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.  
രാസമാറ്റം, നിശ്ശബ്ദ ദൂരങ്ങൾ എന്നീ കവിതാ സമാഹാരങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലിസ് ഐലൻഡിൽ നിന്ന് (അനുഭവം/ഓർമ്മ) എന്ന പുസ്തകത്തിൻ്റെ എഡിറ്റർ ആയിരുന്നു. നിരവധി നാടകങ്ങളുടെ രചയിതാവാണ്.

ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും കവിതകൾ എഴുതുന്നു. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ സാഹിത്യ സാംസ്‌കാരിക സംഘടനകളിലും ഗാനരചന, അഭിനയം എന്നീ മേഖലകളിലും സജീവമാണ്. വിവിധ നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ അമേരിക്കയിലെ, കാലിഫോർണിയയിൽ താമസിക്കുന്നു. 
ഭർത്താവ് :- അഡ്വ. ടിജി തോമസ്, മക്കൾ :- മാത്യു തോമസ്, അന്നാ മരിയ തോമസ്
email :- beatricebindu@yahoo.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക