
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം സെപ്റ്റംബർ 11 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)

സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും ബൃഹത്തായ നോവലാണ് സുസ്മേഷ് ചന്ദ്രോത്തിന്റെ 'വഴിചെണ്ട'. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലെ കേരളത്തിന്റെ സാമൂഹ്യ ചരിത്രം ഈ നോവലിന്റെ പശ്ചാത്തലത്തിൽ കാണാം. ഒരു കുടുംബജീവിതം ഒഴികെ മറ്റൊന്നും ആഗ്രഹിക്കാത്ത ഒരുവന്റെ ജീവിതാനുഭവങ്ങളെ അയാളുടെ തന്നെ കാഴ്ചപ്പാടിലുള്ള വർണ്ണനയിലൂടെ കേരളത്തിന്റെയും രാജ്യത്തിന്റെയും അതതു കാലത്തെ അവസ്ഥകൾ ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

ഈ നോവലിനെക്കുറിച്ചുള്ള ഒരു പരിചയപ്പെടുത്തൽ ശ്രീ ആർ എസ് കുറുപ്പ് അവതരിപ്പിക്കുന്നതാണ്. നോവലിസ്റ്റ് സുസ്മേഷ് ചന്ദ്രോത്തും ചർച്ചയിൽ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സുസ്മേഷ് ചന്ദ്രോത്തിന് 2011-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളത്തിനുള്ള ആദ്യ യുവ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്മെന്റ് തുടങ്ങി ഒട്ടനവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡി, 9, പേപ്പർ ലോഡ്ജ് എന്നിവ പ്രധാന നോവലുകളാണ്. ചിത്രകാരിയായ ടി കെ പദ്മിനിയുടെ ജീവിതകഥയെ ആസ്‍പദമാക്കി 'പദ്മിനി' എന്ന ചലച്ചിത്രത്തിന് തിരക്കഥയെഴുതി, സംവിധാനം ചെയ്തു. നിരവധി കഥാസമാഹാരങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആർ എസ് കുറുപ്പ് ആനുകാലികങ്ങളിൽ സാഹിത്യ, കലാ സാംസ്കാരിക കാര്യങ്ങളെക്കുറിച്ച് ലേഖനങ്ങൾ എഴുതുന്നു. 'അമ്മ മഹാറാണി' എന്ന നാടക സമാഹാരം, മലയാള നോവൽ പഠനങ്ങളുടെ സമാഹാരമായ 'യുഗാവസാനത്തിന്റെ രണ്ടാമൂഴം', സാഹിത്യ പഠനങ്ങളുടെ സമാഹാരമായ 'വീട് ഒഴിഞ്ഞവരുടെ വേവ്' എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആഗസ്റ്റ് മാസ സാഹിത്യവേദിയിൽ ലക്ഷ്മി നായർ മുൻ ഉറുഗ്വായ് പ്രസിഡന്റ് ഹൊസെ മുഹീകയുടെ ഭവനം സന്ദർശിച്ചതും അദ്ദേഹത്തിന്റെ പത്നി ലുസീയ ടോപൊലാൻസ്കിയുമായുള്ള അഭിമുഖവും വിവരിച്ചു. സാഹിത്യവേദി അംഗങ്ങൾക്ക് ഉറുഗ്വായ് എന്ന രാജ്യത്തെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചും മനസ്സിലാക്കാൻ ഈ വിവരണം വളരെ സഹായിച്ചു.

എല്ലാ സാഹിത്യ സ്നേഹികളേയും സെപ്റ്റംബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ആർ എസ് കുറുപ്പ് rskurup1@gmail.com
പ്രസന്നൻ പിള്ള 630 935 2990
ജോൺ ഇലക്കാട് 773 282 4955