Image

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

Published on 07 September, 2026
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

മലയാളത്തിന്റെ അഭിനയ വിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് ഇത്തവണ മമ്മൂക്കയുടെ പിറന്നാൾ ആഘോഷം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയസപര്യയിൽ 400-ലേറെ  കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അദ്ദേഹം, ഇന്നും പ്രായത്തെ തോൽപ്പിക്കുന്ന ഊർജ്ജത്തോടും പുതുമയുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള ആവേശത്തോടും കൂടി സിനിമയുടെ അമരത്തുണ്ട്. പകരംവെക്കാനാകാത്ത അഭിനയ മുഹൂർത്തങ്ങളിലൂടെ ജനമനസുകളിൽ ഇടം നേടിയ എത്രയെത്ര കഥാപാത്രങ്ങൾ. കാലം മാറി,സിനിമയും കാഴ്ചക്കാരും മാറി. പക്ഷേ വിസ്മയിപ്പിക്കുന്ന  കഥാപാത്രങ്ങളെ തേടിയുള്ള  മഹാ നടന്റെ യാത്ര 75-ാം വയസ്സിലും തുടരുകയാണ്.  

1971-ൽ 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിൽ ചെറിയ വേഷത്തിലൂടെയായിരുന്നു സിനിമയിലെ  തുടക്കം. 1980-ൽ പുറത്തിറങ്ങിയ 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് 'മമ്മൂട്ടി' എന്ന പേര് ആദ്യമായി വെള്ളിത്തിരയിൽ രേഖപ്പെടുത്തുന്നത്.

 'ഒരു വടക്കൻ വീരഗാഥ'യിലെ ചന്തു, 'വിധേയൻ' ജീവിപ്പിച്ച ഭാസ്കര പട്ടേലർ, 'മൃഗയ'യിലെ വാറുണ്ണി, 'സൂര്യമാനസ'ത്തിലെ പുട്ടുറുമീസ്, 'പൊന്തൻമാട'യിലെ മാട, 'വാത്സല്യ'ത്തിലെ രാഘവൻ തുടങ്ങി എണ്ണമറ്റ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയമികവിന്റെ അടയാളങ്ങളായി.

‘യാത്ര’, ‘തനിയാവർത്തനം’, ‘ഒരു വടക്കൻ വീരഗാഥ’, ‘മതിലുകൾ’, ‘വിധേയൻ’, ‘പാലേരി മാണിക്യം’, ‘പേരൻപ്’  തുടങ്ങി   സമീപകാലത്തിറങ്ങിയ 'നൻപകൽ നേരത്ത് മയക്കം', 'കാതൽ: ദി കോർ', 'ഭ്രമയുഗം' തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ അഭിനയപരിധി അദ്ദേഹം വീണ്ടും വികസിപ്പിച്ചു.

കഥാപാത്രത്തിനനുസരിച്ച് ശരീരഭാഷയും സംഭാഷണശൈലിയും മാറ്റിയെടുക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. കാസർഗോഡൻ ഭാഷ മുതൽ വള്ളുവനാടൻ, തൃശൂർ, കോട്ടയം പ്രാദേശിക രൂപങ്ങൾ വരെ മമ്മൂട്ടിയിൽ അനായാസം വഴങ്ങുന്നു. പ്രണയം, രാഷ്ട്രീയം, കുടുംബബന്ധങ്ങൾ, കുറ്റാന്വേഷണം, ചരിത്രം, സാമൂഹിക യാഥാർഥ്യങ്ങൾ തുടങ്ങി വ്യത്യസ്ത ലോകങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളെ തന്റെ അഭിനയശൈലിയിൽ പൂർണതയിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ലോകത്തെ ഫാഷൻ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് സ്വന്തം ജീവിതശൈലിയിലേക്ക് ആവാഹിക്കുകയും ചെയ്യുന്നതിൽ മമ്മൂട്ടിയെ വെല്ലാൻ മറ്റാരുമില്ല. ഓരോ വർഷം കഴിയുംതോറും പ്രായത്തെയും ചെറുപ്പക്കാരെയും ഒരുപോലെ വെല്ലുന്ന ഡ്രസ്സിംഗ് സെൻസും ലുക്കുമാണ് താരം പുറത്തെടുക്കാറുള്ളത്.

അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തും സജീവമായ അദ്ദേഹം, നിരവധിയായ പുതിയ സംവിധായകർക്കും സാങ്കേതിക പ്രവർത്തകർക്കും അവസരം നൽകാനും ശ്രദ്ധിക്കുന്നു.

സമാന്തര സിനിമകളിലും കൊമേഴ്‌സ്യൽ മാസ് ചിത്രങ്ങളിലും ഒരുപോലെ വിസ്മയം തീർത്ത പ്രതിഭയാണ് മമ്മൂട്ടി.  പത്മശ്രീയും, തന്റെ 75ാം പിറന്നാൾ വർഷത്തിൽ രാജ്യം നൽകിയ പത്മഭൂഷണും, നാല് ദേശീയ പുരസ്‌കാരങ്ങളും, ഒമ്പത് സംസ്ഥാന അവാർഡുകളുമെല്ലാം ആ അഭിനയ പ്രതിഭയുടെ  യശസ്സ് ഉയർത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക