
കൊവിഡ് മഹാമാരി സിനിമാ മേഖലയുടെ പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കിയ കാലത്ത് കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ അനുഭവങ്ങള്‍ പങ്കുവെച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ആ സമയത്ത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആറ് ചിത്രങ്ങളാണ് പൂര്‍ത്തിയാക്കിയതെന്നും, അവയില്‍ ചിലത് പിന്നീട് ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു. ഹെഡ്ജ് പ്ലസിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സിനിമാ സംഘത്തിന് ഏറെക്കാലം ഹോട്ടലില്‍ തന്നെ കഴിയേണ്ടിവന്നു. കാക്കനാട്ടെ ഹോട്ടലില്‍ മോഹന്‍ലാല്‍ ഏകദേശം 150 മുതല്‍ 200 ദിവസം വരെ താമസിച്ചിരുന്നുവെന്നും ആ കാലയളവില്‍ അവിടെനിന്ന് രണ്ടോ മൂന്നോ സിനിമകളുടെ ജോലികള്‍ പൂര്‍ത്തിയാക്കിയെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
'കൊവിഡിന്റെ സമയത്ത് ആറോളം സിനിമകള്‍ ആശീര്‍വാദ് ചെയ്തിട്ടുണ്ടായിരുന്നു. ദൃശ്യം 2 ആണ് ആ സമയത്ത് ആദ്യം ചെയ്തത്. വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങരുത് എന്ന് അറിയിച്ച സമയമാണ്. മീനയൊക്കെ ദേഹം മൊത്തം മൂടിപ്പുതച്ച് എയര്‍പോര്‍ട്ടിലെത്തിയതിന്റെ ഫോട്ടോ അന്ന് വൈറലായിരുന്നു. അന്ന് ക്രൂ മൊത്തം ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. എ,ബി,സി യില്‍ അന്ന് മൂന്ന് ലെവലിലാക്കിയാണ് സ്റ്റേ അറേഞ്ച് ചെയ്തത്. ഹോട്ടലിലെ സ്റ്റാഫുകളെപ്പോലും പുറത്ത് വിടാറില്ലായിരുന്നു.
വല്ലാത്തൊരു കാലഘട്ടമായിരുന്നു അത്. ലാല്‍ സാര്‍ കാക്കനാടുള്ള ആ ഹോട്ടലില്‍ തുടര്‍ച്ചയായി 150- 200 ദിവസം താമസിച്ചിട്ടുണ്ടായിരുന്നു. അവിടെ നിന്നിട്ട് ഞങ്ങള്‍ രണ്ടും മൂന്നും പടങ്ങള്‍ ചെയ്തിട്ടുണ്ടായിരുന്നു. ആറ് പടമാണ് മൊത്തം ആ സമയത്ത് കംപ്ലീറ്റാക്കിയത്. എല്ലാം ഒ.ടി.ടിക്ക് വേണ്ടിയായിരുന്നു. അതില്‍ രണ്ട് പടങ്ങള്‍ ഹിറ്റായി. ഇന്നും ദൃശ്യം 2വും ബ്രോ ഡാഡിയും എന്തുകൊണ്ട് തിയേറ്ററുകളില്‍ ഇറക്കിയില്ല എന്ന് പലരും ചോദിക്കാറുണ്ട്,' ആന്റണി പെരുമ്പാവൂര്‍ പറയുന്നു.