
സന്ധ്യയുടെ ചുവപ്പുനിറം ആകാശത്ത് പടർന്നിരുന്നു. പള്ളിമുറ്റത്തെ പഴയ ആൽമരത്തിന്റെ ചുവട്ടിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു തോമസ്. വർഷങ്ങൾക്ക് മുമ്പ് അവനോടൊപ്പം ചിരിച്ചും കരഞ്ഞും നടന്ന സുഹൃത്ത് ജോസിന്റെ ഓർമ്മകൾ അവൻ്റെ മനസ്സിലൂടെ കടന്നുപോയി.
"ഒരു തെറ്റിദ്ധാരണ... അത്രയേ ഉണ്ടായിരുന്നുള്ളൂ..." തോമസ് മനസ്സിൽ പറഞ്ഞു.
ഇരുപത് വർഷങ്ങൾക്കു മുമ്പ്ത്തെ ആ സായം സന്ധ്യ തൻ്റെ ഓർമയിൽ നിന്നവൻ തിരഞ്ഞെടുത്തു
"ടോമി, ഞാൻ ഇല്ലാത്തപ്പോൾ എന്റെ കാര്യങ്ങൾ നീ നോക്കുമല്ലോ?" വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ജോസ് ചോദിച്ചു.
"നീ എന്താ ഇങ്ങനെ ചോദിക്കുന്നത്? നിൻ്റെ കാര്യം എൻ്റെ കാര്യമല്ലേ?" തോമസ് ചിരിച്ചുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു.
രണ്ടുപേരുടെയും കണ്ണുകളിൽ വിശ്വാസം മാത്രം.
പക്ഷേ...ഗ്രാമത്തിൽ ഒരാൾ ജോസിനോട് പറഞ്ഞു:
"നീ ഇല്ലാത്തപ്പോൾ തോമസ് നിൻ്റെ കാര്യങ്ങൾ മറന്നുപോയി. നിൻ്റെ കുടുംബത്തെക്കുറിച്ച് അവൻ ഒരിക്കൽ പോലും അന്വേഷിച്ചില്ല."
ജോസ് മിണ്ടിയില്ല. "അങ്ങനെയാണോ? ഞാൻ ഇത്ര വിശ്വസിച്ച ആളാണോ ഇങ്ങനെ ചെയ്തത്?"
അവന്റെ മനസ്സിൽ സംശയത്തിൻറെ ആദ്യ വിത്ത് വീണു.
അതേസമയം, തോമസിൻ്റെ ചെവിയിലും മറ്റൊരു കഥ എത്തി.
"ജോസ് പറഞ്ഞിട്ടുണ്ടത്രേ... 'തോമസിനെ ഇനി എനിക്ക് വേണ്ട' എന്ന്."
ആ രാത്രി മുഴുവൻ തോമസിന് ഉറങ്ങാനായില്ല.
"ജോസ്... നീയോ അങ്ങനെ പറഞ്ഞത്? ഞാൻ നിനക്ക് അങ്ങനെ ആയിരുന്നോ? ആയിരുന്നു?"
അവൻ ഫോൺ എടുത്തു. വിളിക്കാനായി നമ്പർ അമർത്തി. പിന്നെ നിർത്തി.
"അവൻ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽ ഞാൻ എന്തിനാണ് വിശദീകരിക്കുന്നത്?"
ആ ഒരു നിമിഷത്തെ മൗനം... വർഷങ്ങളുടെ അകലമായി.
ഇരുപത് വർഷങ്ങൾക്ക് ശേഷം ഒരു സുഹൃത്തിൻ്റെ മരണാനന്തര ചടങ്ങിൽ അവർ വീണ്ടും കണ്ടുമുട്ടി.
കണ്ണുകൾ തമ്മിൽ ഉടക്കി.മുഖത്ത് ചുളിവുകൾ വന്നിരുന്നു. പക്ഷേ മനസ്സിൽ ഇപ്പോഴും പഴയ മുറിവുകൾ. ആദ്യം സംസാരിച്ചത് തോമസായിരുന്നു.
"ജോസ്... ഒരു ചോദ്യം ചോദിക്കട്ടെ?"
ജോസ് ശാന്തമായി തലകുലുക്കി.
"ഞാൻ നിന്നെ ഒരിക്കലും വഞ്ചിച്ചിട്ടില്ല. പിന്നെ എന്തിനാണ് നീ എന്നെ വിട്ടുപോയത്?"
ജോസിന്റെ കണ്ണുകൾ നിറഞ്ഞു.
"ഞാൻ കേട്ടു... നീ എന്നെ മറന്നുവെന്ന്."
"ആരാ പറഞ്ഞത്?"
"ആരോ..."
"അപ്പോൾ എന്നോട് ഒരിക്കൽ പോലും ചോദിച്ചില്ലേ?"
നിശ്ശബ്ദത തളം ചുറ്റി നിന്നു. രണ്ടു പേർക്കും സംസാരിയ്ക്കാനാവുന്നില്ല.
അൽപസമയം കഴിഞ്ഞ് ജോസ് പതറിയ ശബ്ദത്തിൽ പറഞ്ഞു:
"ഞാനും നിന്നോട് ഒരു ചോദ്യം ചോദിക്കട്ടെ?"
"ചോദിക്ക്."
"ഞാൻ നിന്നെ വേണ്ടെന്ന് പറഞ്ഞെന്ന് നീ വിശ്വസിച്ചോ?"
തോമസ് കണ്ണുനീർ തുടച്ചു.
'അതെ'
"എന്നോട് ചോദിച്ചില്ലേ?"
'ഇല്ല'
രണ്ടുപേരും പരസ്പരം നോക്കി.
ആ നിമിഷം അവർ മനസ്സിലാക്കി
അവരുടെ സൗഹൃദത്തെ തകർത്തത് ആരുടെയും ദ്രോഹമല്ല.
ചോദിക്കാതെ വിശ്വസിച്ച കള്ളങ്ങളും... പറയാതെ സൂക്ഷിച്ച മൗനവുമാണ്.
ജോസ് കരഞ്ഞുകൊണ്ട് പറഞ്ഞു:
"ടോമി... ഒരു ഫോൺ വിളിച്ചിരുന്നെങ്കിൽ മതിയായിരുന്നു."
തോമസ് അവന്റെ കൈ പിടിച്ചു.
"ഒരു ചോദ്യം ചോദിച്ചിരുന്നെങ്കിൽ ഈ ഇരുപത് വർഷം നമുക്ക് നഷ്ടമാകില്ലായിരുന്നു."
രണ്ടുപേരുടെയും കണ്ണുനീർ ഒരുമിച്ച് നിലത്തുവീണു.
അത് നഷ്ടപ്പെട്ട വർഷങ്ങളുടെ വിലയായിരുന്നു..
ജീവിതത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാം. പക്ഷേ അവ പരിഹരിക്കാൻ സംസാരിക്കാതിരിക്കുമ്പോഴാണ് ബന്ധങ്ങൾ തകരുന്നത്. വിശ്വാസത്തെ കൊല്ലുന്നത് കള്ളമല്ല; സത്യം അന്വേഷിക്കാനുള്ള മനസ്സില്ലായ്മയാണ്.
കാരണം... രണ്ടു ഹൃദയങ്ങൾക്കിടയിൽ ഉയരുന്ന ഏറ്റവും ഉയർന്ന മതിൽ കല്ലുകൊണ്ടല്ല പണിയുന്നത്; ചോദിക്കാതെ വിശ്വസിച്ച തെറ്റിദ്ധാരണകളും പറയാതെ സൂക്ഷിച്ച മൗനവുമാണ് അതിന്റെ കല്ലുകൾ.
Read Pdf Also: